by Midhun HP News | Nov 22, 2025 | Latest News, കേരളം
പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളായ വൃദ്ധ ദമ്പതിമാര്‍ക്ക് ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ 1.4 കോടി രൂപയാണ് നഷ്ടമായത്.
ഇക്കഴിഞ്ഞ ദിവസങ്ങളിലാണ് സംഭവം. മുംബൈ ക്രൈംബ്രാഞ്ചില്‍ നിന്നാണെന്ന് പരിചയപ്പെടുത്തി ഒരു ഫോണ്‍കോള്‍ വന്നതാണ് തട്ടിപ്പിന്റെ തുടക്കം. ദമ്പതിമാരില്‍ ഭാര്യയുടെ ഫോണ്‍ നമ്പറിലേക്കാണ് കോള്‍ വന്നത്. കുട്ടികളുമായി ബന്ധപ്പെട്ട ഒരു കുറ്റകൃത്യത്തില്‍ ഇവരുടെ മൊബൈല്‍ നമ്പര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് മുംബൈ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനെന്ന് സ്വയം പരിചയപ്പെടുത്തിയ തട്ടിപ്പുകാരന്‍ പറഞ്ഞത്.
ഇതിന്റെ ഭാഗമായി അക്കൗണ്ടിലെ പണം പരിശോധിക്കണമെന്നും നിര്‍ദേശിക്കുന്ന അക്കൗണ്ടിലേക്ക് ഇത് കൈമാറണമെന്നും ആവശ്യപ്പെട്ടു. റിസര്‍വ് ബാങ്കിന്റെ പരിശോധനയ്ക്കായാണ് ഇത് കൈമാറുന്നതെന്നും പരിശോധന പൂര്‍ത്തിയായാല്‍ പണം തിരികെ നല്‍കുമെന്നും പറഞ്ഞു വിശ്വസിപ്പിച്ചു. ഇതോടെ വയോധിക തന്റെ ബാങ്ക് അക്കൗണ്ടില്‍ ഉണ്ടായിരുന്ന 90 ലക്ഷം രൂപ കൈമാറി. ഭര്‍ത്താവിന്റെ അക്കൗണ്ടിലെ പണവും സമാനരീതിയില്‍ നല്‍കി. ആകെ 1.40 കോടി രൂപയാണ് ഇരുവരും കൈമാറിയത്.
എന്നാല്‍ പണം തിരികെ ലഭിച്ചില്ല. ഇതോടെയാണ് സംഭവം തട്ടിപ്പാണെന്ന് ഇവര്‍ക്ക് ബോധ്യപ്പെട്ടത്. തുടര്‍ന്ന് ബന്ധു മുഖേന ഇവര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


by Midhun HP News | Nov 22, 2025 | Latest News, കേരളം
കൊച്ചി: കേരളം തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണ ചൂടിലേക്ക് കടന്നുകഴിഞ്ഞു. വ്യത്യസ്തരായ സ്ഥാനാര്‍ഥികളാണ് ഇപ്പോള്‍ വാര്‍ത്താ താരങ്ങള്‍. ഈ പട്ടികയില്‍ പേരുകൊണ്ട് ഇടം നേടിയിരിക്കുകയാണ് കൂത്താട്ടുകുളം മുനിസിപ്പാലിറ്റിയിലെ 26-ാം ഡിവിഷനായ ഇടയാര്‍ വെസ്റ്റിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. പേര് മായ (35), പേരിനൊപ്പം ഇനീഷ്യല്‍ കൂടി ചേര്‍ന്നാല്‍ മായ .. മായാ വി ആയി.
ബാലരമയിലെ മായാവി ചിത്രകഥ മുതല്‍ മമ്മൂട്ടി ചിത്രം മായാവി വരെ ട്രോളായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞപ്പോള്‍ കൂത്താട്ടുകുളത്തെ ഇടത് സ്ഥാനാര്‍ഥി കേരളത്തിലാകെ വൈലറായി. മായാവി സിനിമയിലെ സലിംകുമാറിന്റെ ഡയലോഗുകള്‍ ഉള്‍പ്പെടെയാണ് ട്രോളിലുള്ളത്. രാഷ്ട്രീയത്തില്‍ ഇത്തവണ ഭാഗ്യപരീക്ഷത്തിന് ഇറങ്ങുന്ന മായ ചാനലുകളില്‍ ഉള്‍പ്പെടെ മികവ് തെളിയിച്ച സ്റ്റാന്‍ഡ്അപ്പ് കൊമേഡിയന്‍ കൂടിയാണ്.
കൊല്ലം പത്തനാപുരം പുത്തൂര്‍ സ്വദേശിയാണ് മായ. ഭര്‍ത്താവ് സിജി ദാമോദരന്റെ നാടാണ് കൂത്താട്ടുകുളം.
ഹോട്ടല്‍ ഷെഫായ സിജി സജീവ പാര്‍ട്ടി പ്രവര്‍ത്തകനുമാണ്. അമ്മയുടെ പേരായ വാസന്തിയിലെ ആദ്യ ഇംഗ്ലിഷ് അക്ഷരം ഒപ്പം ചേര്‍ത്തതോടെയാണു മായ, മായാ വി ആയത്. പഠനകാലത്ത് തന്നെ കൂട്ടുകാര്‍ക്കിടയില്‍ പേര് ഹിറ്റായിരുന്നു. സ്ഥാനാര്‍ഥിയായതോടെ സോഷ്യല്‍ മീഡിയയിലും ട്രെന്‍ഡ് ആയതിന്റെ സന്തോഷവും മായയ്ക്കുണ്ട്.
ട്രോളുകള്‍ നിറയുമ്പോള്‍ താന്‍ അത് ആസ്വദിക്കുന്നു എന്നാണ് മായയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പറയുന്നത്. അതിലും ഹാസ്യത്തിന്റെ മേമ്പൊടിയും മായ ചേര്‍ക്കുന്നു. ‘ട്രോളുകളെ ചിരിച്ചുകൊണ്ട് രണ്ടു കൈയും നീട്ടി സ്വീകരിക്കുന്നു… എന്നാലും കൊന്നിട്ട് പോടെയ്’ എന്നാണ് മായയുടെ പോസ്റ്റ്. കോണ്‍ഗ്രസിന്റെ സിറ്റിങ് ഡിവിഷനിലാണ് മായ രാഷ്ട്രീയ പോരാട്ടത്തിന് ഇറങ്ങുന്നത്. യുഡിഎഫിലെ പി.സി. ഭാസ്‌കരനാണ് എതിര്‍ സ്ഥാനാര്‍ത്ഥി.


by Midhun HP News | Nov 22, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിക്കുന്നു. ഇന്ന് പവന് 1360 രൂപ വര്‍ധിച്ചതോടെ 92,000 രൂപ കടന്നിരിക്കുകയാണ് സ്വര്‍ണവില. 92,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ പുതിയ വില. ഗ്രാമിന് ആനുപാതികമായി 170 രൂപയാണ് ഉയര്‍ന്നത്. 11,535 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഈ മാസത്തിന്റെ തുടക്കത്തില്‍ 90,200 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. അഞ്ചിന് 89,080 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. പിന്നീട് പടിപടിയായി വില ഉയര്‍ന്ന് 13ന് 94,000ന് മുകളില്‍ എത്തി. 13ന് രേഖപ്പെടുത്തിയ 94,320 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരം. തുടര്‍ന്ന് വില കുറയുന്നതാണ് ദൃശ്യമായത്.
യുഎസ് സമ്പദ് വ്യവസ്ഥ സജീവമായതോടെ ഓഹരി വിപണിയിലേക്ക് നിക്ഷേപകര്‍ തിരിച്ചെത്തിത്തുടങ്ങിയിട്ടുണ്ട്. ഇതാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്. ഡോളര്‍ ശക്തിയാര്‍ജിച്ചത് അടക്കമുള്ള ഘടകങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.


by Midhun HP News | Nov 22, 2025 | Latest News, കേരളം
തിരുവനന്തപുരം: പൂജാ ബംപര്‍ ലോട്ടറി നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് രണ്ടിന് നടക്കും. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടമുള്ളതിനാല്‍ ഔദ്യോഗിക ചടങ്ങുകളില്ല. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം ഓരോ പരമ്പരയ്ക്കും ലഭിക്കും. മൂന്നാം സമ്മാനം 5 ലക്ഷം വീതം 10 പേര്‍ക്ക് (ഓരോ പരമ്പരയിലും രണ്ട് വീതം). നാലാം സമ്മാനം 3 ലക്ഷം വീതം 5 പരമ്പരകള്‍ക്കും അഞ്ചാം സമ്മാനമായി 2 ലക്ഷം വീതം 5 പരമ്പരകള്‍ക്കും ലഭിക്കും. കൂടാതെ 5000, 1000, 500, 300 വീതം രൂപയുടെ ഉള്‍പ്പെടെ ആകെ 3.32 ലക്ഷം സമ്മാനങ്ങളാണ് നല്‍കുന്നത്.
അടിച്ചാല്‍ എത്ര കിട്ടും
ലോട്ടറി വകുപ്പില്‍ നിന്ന് പല നികുതി കിഴിച്ചാണ് സമ്മാനര്‍ഹന്റെ അക്കൗണ്ടിലേക്ക് തുക കൈമാറുക. തുക അക്കൗണ്ടിലെത്തിയാല്‍ ആദായ നികുതി നല്‍കേണ്ടത് സമ്മാനം അടിച്ചയാളുടെ ഉത്തരവാദിതമാണ്. 12 കോടി രൂപ പൂജ ബംപറടിച്ചാല്‍, സമ്മാനാര്‍ഹന് ഏജന്‍സി കമ്മീഷന്‍ കുറച്ച ശേഷമെ പണം ലഭിക്കുകയുള്ളൂ. 10 ശതമാനമാണ് ഏജന്‍സി കമ്മീഷന്‍. അതായത് 1.2 കോടി രൂപ ലോട്ടറി വകുപ്പ് ഈടാക്കും.
ബാക്കി 10.8 കോടി രൂപയ്ക്ക് മുകളിലാണ് സമ്മാന നികുതി. 30 ശതമാനം സ്രോതസില്‍ നിന്നുള്ള നികുതിയും ലോട്ടറി വകുപ്പ് ഈടാക്കും. 3.24 കോടി രൂപയാണിത്. ഇതിന് ശേഷം 7.56 കോടി രൂപ സമ്മാനാര്‍ഹന്റെ അക്കൗണ്ടിലെത്തും. ഇതിന് ശേഷം സമ്മാനാര്‍ഹന്‍ നേരിട്ട് അടയ്‌ക്കേണ്ടതാണ് ബാക്കി നികുതി.
50 ലക്ഷത്തിന് മുകളില്‍ വരുമാനുള്ളവര്‍ നികുതിക്ക് മുകളില്‍ സര്‍ചാര്‍ജ് നല്‍കണം. 50 ലക്ഷം മുതല്‍ 1 കോടി രൂപ വരെ 10 ശതമാനവും ഒരു കോടി മുതല്‍ 2 കോടി വരെ 15%, തുടര്‍ന്ന് 5 കോടി വരെ 25 ശതമാനവും അതിന് ശേഷം 37 ശതമാനവുമാണ് സര്‍ചാര്‍ജ്. ഈ തുക ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന സമയത്ത് സമ്മാനാര്‍ഹനാണ് നല്‍കേണ്ടത്.


by Midhun HP News | Nov 22, 2025 | Latest News, കേരളം
കൊച്ചി: കോന്തുരുത്തി പള്ളിക്കു സമീപത്തെ വീട്ടുവളപ്പില്‍ സ്ത്രീയുടെ ജഡം ചാക്കുകൊണ്ട് മൂടിയ നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. കസ്റ്റഡിയിലെടുത്ത സ്ഥലം ഉടമ ജോര്‍ജ് കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട സ്ത്രീ ലൈംഗിക തൊഴിലാളിയാണെന്നും പണത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പൊലിസ് പറഞ്ഞു.
രാവിലെ ഏഴ് മണിയോടെയാണ് ചാക്കില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയതായി സ്്‌റ്റേഷനില്‍ വിവരം ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു. അതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയപ്പോള്‍ ശരീരത്തിന്റെ പകുതി ഭാഗം ചാക്കില്‍ പൊതിഞ്ഞ നിലയില്‍ സത്രീയുടെ മൃതദേഹവും അതിന് അടുത്ത് മതിലിനോട് ചാരിക്കിടക്കുന്ന നിലയില്‍ ജോര്‍ജിനെയും കണ്ടെത്തുകയായിരുന്നു.
ജോര്‍ജിനെയും കൊണ്ട് വീട് പരിശോധിച്ചപ്പോള്‍ വീടിനകത്ത് രക്തക്കറയും, കൊല്ലപ്പെട്ട യുവതിയുടെ ശരീരത്തിലെ പരിക്കും കണ്ടപ്പോള്‍ കൊലപാതകമാണെന്ന് ബോധ്യമായെന്നും പൊലീസ് പറഞ്ഞു.
പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്. കൊല്ലപ്പെട്ടത് ലൈംഗിക തൊഴിലാളിയായ സ്ത്രീയാണെന്ന് ജോര്‍ജ് പറഞ്ഞതായും പൊലീസ് പറഞ്ഞു. സൗത്ത് റെയില്‍വേ സ്റ്റേഷന്റെ ഭാഗത്തുനിന്നുമാണ് ഇയാള്‍ ലൈംഗിക തൊഴിലാളിയെ കൂട്ടി വീട്ടില്‍ എത്തിയത്. വീട്ടിലെത്തിയ ശേഷം പണത്തെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും കൈയില്‍ കിട്ടിയ ഇരുമ്പുവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
കൊലപാതകം പുറത്തറിയാതിരിക്കാന്‍ വേണ്ടി മൃതദേഹം ചാക്കിലാക്കി റോഡില്‍ കൊണ്ടിടാനായിരുന്നു ജോര്‍ജ് പ്ലാന്‍ ചെയ്തത്. കയര്‍ കെട്ടി മൃതദേഹം വലിച്ചുകൊണ്ടുപോകുന്നതിനിടെ മദ്യലഹരിയിലായ ജോര്‍ജ് കുഴഞ്ഞുവീഴുകയായിരുന്നു. രാവിലെ ഹരിതകര്‍മ സേനക്കാര്‍ എത്തിയപ്പോള്‍ മൃതദേഹത്തിന് സമീപം മതിലില്‍ ചാരി ഉറങ്ങുന്ന നിലയില്‍ ജോര്‍ജിനെ കണ്ടെത്തുകയുമായിരുന്നു. മരിച്ച സ്ത്രീ ആരാണെന്ന് കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.


by Midhun HP News | Nov 22, 2025 | Latest News, കേരളം
കൊച്ചി: തേവര കോന്തുരുത്തിയിൽ ചാക്കിൽ കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. ഒരു വീട്ടിലേക്കുള്ള വഴിയിലാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടുടമ ജോർജ്ജ് പൊലീസ് കസ്റ്റഡിയിലാണ്. ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. വീടിനുള്ളിൽ വച്ച് കൊല നടത്തിയ ശേഷം മൃതദേഹം ഉപേക്ഷിക്കാൻ പോകുന്നതിനിടെ ജോർജ് തളർന്നു വീഴുകയായിരുന്നു.
ഇന്ന് രാവിലെയാണ് ചാക്കിൽ കെട്ടിയ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. ഹരിത കര്‍മ സേനാംഗങ്ങളാണ് വഴിയിൽ മൃതദേഹവും അതിനരികിൽ അബോധാവസ്ഥയിൽ ജോര്‍ജിനെയും കണ്ടത്. പ്രദേശവാസികള്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പുലർച്ചെ ജോർജ് ചാക്ക് തിരക്കി നടന്നിരുന്നതായി നാട്ടുകാർ പറയുന്നു. ചാക്കിൽ മൃതദേഹം കെട്ടി പുറത്തേക്ക് കൊണ്ടുവരുന്ന വഴി ജോര്‍ജ് തളര്‍ന്നുവീണതാകാമെന്ന് പൊലീസ് പറയുന്നു. മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല. ചോദ്യം ചെയ്യൽ തുടരുകയാണ്.


Recent Comments