എസ്‌ഐആര്‍ ജോലി സമ്മര്‍ദ്ദമോ?; കണ്ണൂരില്‍ ബിഎല്‍ഒ തൂങ്ങിമരിച്ച നിലയില്‍

എസ്‌ഐആര്‍ ജോലി സമ്മര്‍ദ്ദമോ?; കണ്ണൂരില്‍ ബിഎല്‍ഒ തൂങ്ങിമരിച്ച നിലയില്‍

കണ്ണൂര്‍: പയ്യന്നൂര്‍ ഏറ്റുകുടുക്കയില്‍ ബിഎല്‍ഒയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അനീഷ് ജോര്‍ജ് (44) ആണ് മരിച്ചത്. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട ജോലി സമ്മര്‍ദ്ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചു.

ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. ഏറ്റുകുടുക്കയിലെ വീട്ടിലെ കിടപ്പുമുറിയിലാണ് അനീഷിനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുന്നരു യുപി സ്‌കൂള്‍ പ്യൂണ്‍ ആണ് അനീഷ്. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് അനീഷ് ജോലി സമ്മര്‍ദ്ദത്തിലായിരുന്നുവെന്നാണ് കുടുംബാംഗങ്ങളില്‍ ചിലര്‍ പറയുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരേണ്ടതുണ്ട്.

കഴിഞ്ഞദിവസവും വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട് തിരക്കിലായിരുന്നു അനീഷ്. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 91,720 രൂപ രേഖപ്പെടുത്തി. 11,465 രൂപയായിരുന്നു ഇന്ന് ഒരു ഗ്രാം സ്വർണത്തിന്റെ നിരക്ക്. ഇന്നലെ മാത്രം ഒരു പവൻ സ്വർണത്തിന് 1440 രൂപയുടെ കുറവാണു രേഖപ്പെടുത്തിയത്. 91,720 രൂപയായിരുന്നു ഇന്നലെയും ഒരു പവന് സ്വർണത്തിന്റെ വില.

വെള്ളിയാഴ്ച ഒരു പവൻ സ്വർണത്തിന് 93160 രൂപയായിരുന്നു വൈകേന്നേരത്തെ വില.അതേസമയം, ചില ദിവസങ്ങളിൽ രാവിലെയും വൈകീട്ടും സ്വർണവിലയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ സ്വർണം വാങ്ങാൻ വരുന്നവരിൽ ആശങ്ക സൃഷ്ട്ടിക്കുന്നുണ്ട്. പതിമൂന്നാം തീയതിയാണ് ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കിൽ സ്വർണം എത്തിയത്. 94,320 രൂപയായിരുന്നു അന്നത്തെ വില.

കുതിച്ചു കയറിയ വില താഴേക്ക് വന്നത് വിവാഹപ്പാർട്ടിക്കാർക്കും ആഭരണം വാങ്ങാൻ കാത്തിരുന്നവർക്കും ആശ്വാസം നൽകുന്നുണ്ട്. നവംബർ 5 ന് 89,080 രൂപയായി വില കുറഞ്ഞിരുന്നു. ഇതായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത, യെല്ലോ അലര്‍ട്ട്

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത, യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. ഇന്ന് ഇടുക്കി ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.

തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കയ്ക്ക് സമീപമാണ് പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്. അറബിക്കടലില്‍ തെക്കന്‍ കേരളത്തീരത്തിന് സമീപമായി ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്റെയെല്ലാം സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്.

നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ചൊവ്വാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

തെക്കന്‍ ആന്ധ്രാപ്രദേശ് തീരം, മധ്യ പടിഞ്ഞാറന്‍- തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനോട് ചേര്‍ന്ന ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

ചരിത്ര വിജയം നേടി പെരുംകുളം എ എം എൽ പി എസ്

ചരിത്ര വിജയം നേടി പെരുംകുളം എ എം എൽ പി എസ്

ആറ്റിങ്ങൽ സബ്ജില്ലാ കലോത്സവത്തിൽ തുടർച്ചയായി ഓവറോൾ ഫസ്റ്റ് നേടി എ എം എൽ പി എസ് പെരുംകുളം. കൂന്തള്ളൂർ സ്കൂളിൽ വെച്ച് നടന്ന ആറ്റിങ്ങൽ സബ്ജില്ല കലോത്സവത്തിൽ ജനറൽ, അറബിക്, വിഭാഗത്തിലും ഒന്നാം സ്ഥാനം നിലനിർത്തി.

പൊതു വിദ്യാലയങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി ആ വിഭാഗത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി. ആർട്സ് ക്ലബ്‌ അംഗങ്ങൾ ആയ ഷെമീറ, രാജലക്ഷ്മി, റീന ഇവരുടെ നേതൃത്വത്തിൽ പ്രഥമാധ്യാപകന്റെയും മറ്റ് അധ്യാപകരുടെയും രക്ഷിതാക്കളുടെയും മാനേജ്മെന്റിന്റെയും കൂട്ടായ പ്രവർത്തനത്തിലൂടെയാണ് ഈ അഭിമാനകരമായ നേട്ടം നേടിയെടുത്തത് അവധി ദിവസങ്ങളിലും ക്ലാസ് സമയം കഴിഞ്ഞുമാണ് കുട്ടികൾക്ക് പരിശീലനം നൽകിയിരുന്നത്.

ശബരിമല നട ഇന്ന് തുറക്കും, പുതിയ മേല്‍ശാന്തി സ്ഥാനമേൽക്കും; ഡിസംബര്‍ രണ്ടുവരെ വിര്‍ച്വല്‍ ക്യൂ ബുക്കിങ്ങില്‍ ഒഴിവില്ല

ശബരിമല നട ഇന്ന് തുറക്കും, പുതിയ മേല്‍ശാന്തി സ്ഥാനമേൽക്കും; ഡിസംബര്‍ രണ്ടുവരെ വിര്‍ച്വല്‍ ക്യൂ ബുക്കിങ്ങില്‍ ഒഴിവില്ല

പത്തനംതിട്ട: മണ്ഡല- മകര വിളക്ക് തീര്‍ഥാടനത്തിനായി ശബരിമല നട ഇന്ന് വൈകീട്ട് തുറക്കും. വൈകീട്ട് 5ന് കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരിയാണ് നട തുറക്കുന്നത്. തുടര്‍ന്ന് മേല്‍ശാന്തി പതിനെട്ടാം പടിയിറങ്ങി ശ്രീകോവിലില്‍ നിന്നുള്ള ദീപംകൊണ്ട് ആഴി ജ്വലിപ്പിക്കും. പതിനെട്ടാം പടിക്കു താഴെ ഇരുമുടിക്കെട്ടേന്തി കാത്തുനില്‍ക്കുന്ന നിയുക്ത മേല്‍ശാന്തിമാരെ അദ്ദേഹം കൈപിടിച്ച് സന്നിധാനത്തേക്ക് ആനയിക്കും.

6.30ന് ശബരിമല സോപാനത്ത് നിയുക്ത ശബരിമല മേല്‍ശാന്തി പ്രസാദ് നമ്പൂതിരിയെ തന്ത്രി അഭിഷേകം ചെയ്ത് അവരോധിക്കും. തുടര്‍ന്ന് മാളികപ്പുറം ക്ഷേത്രനടയില്‍ നിയുക്ത മേല്‍ശാന്തി മനു നമ്പൂതിരിയുടെ അവരോധിക്കല്‍ ചടങ്ങും നടക്കും. ഞായറാഴ്ച പൂജകള്‍ ഇല്ല. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നിന് വൃശ്ചിക പുലരിയില്‍ പുതിയ മേല്‍ശാന്തിമാര്‍ ശബരിമല, മാളികപ്പുറം നടകള്‍ തുറക്കുന്നതോടെ തീര്‍ഥാടനം തുടങ്ങും. ദിവസവും പുലര്‍ച്ചെ മൂന്നുമുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയും ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ രാത്രി 11 വരെയുമാണ് ദര്‍ശനം.

ഡിസംബര്‍ 2 വരെ വെര്‍ച്യുല്‍ ക്യൂ ബുക്കിങ്ങില്‍ ഒഴിവില്ല. 70,000 പേര്‍ ഡിസംബര്‍ രണ്ട് വരെ വെര്‍ച്യുല്‍ ക്യൂ വഴി ദര്‍ശനം ബുക്ക് ചെയ്തിട്ടുണ്ട്. 20,000 പേര്‍ക്ക് സ്‌പോട്ട് ബുക്കിങ് വഴി ദര്‍ശനം നടത്താം. തത്സമയ ബുക്കിങ് കൗണ്ടറുകള്‍ പമ്പ, നിലക്കല്‍, എരുമേലി, വണ്ടിപ്പെരിയാര്‍, ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലാണ്. ഒരു ദിവസം 90,000 പേര്‍ക്കാണ് ദര്‍ശനത്തിന് അനുമതിയുള്ളത്. പമ്പയില്‍ ഒരേസമയം 10,000 പേര്‍ക്ക് വിശ്രമിക്കാന്‍ കഴിയുന്ന പത്ത് നടപ്പന്തലുകളും ജര്‍മന്‍ പന്തലും ഉണ്ട്.

മണ്ഡല- മകരവിളക്കുമായി ബന്ധപ്പെട്ട വിവരങ്ങളും പൂജാവിശേഷങ്ങളും ചുവടെ:

വൃശ്ചികമാസം ഒന്നുമുതല്‍ (നവംബര്‍ 17-തിങ്കളാഴ്ച) രാവിലെ മൂന്ന് മണി മുതല്‍ ഉച്ചക്ക് ഒരു മണിവരെയും ഉച്ചക്കഴിഞ്ഞ് മൂന്ന് മണിമുതല്‍ രാത്രി 11 മണിക്കുള്ള ഹരിവരാസനം വരെയും തിരുനട തുറന്നിരിക്കും.

സമയക്രമം:

രാവിലെ നട തുറക്കുന്നത്- 3 മണിക്ക്

നിര്‍മ്മാല്യം

അഭിഷേകം 3 മുതല്‍ 3.30 വരെ

ഗണപതി ഹോമം 3.20 മുതല്‍

നെയ്യഭിഷേകം 3.30 മുതല്‍ 7 വരെ

ഉഷ പൂജ 7.30 മുതല്‍ 8 വരെ

നെയ്യഭിഷേകം 8 മുതല്‍ 11 വരെ

25 കലശം, കളഭം 11.30 മുതല്‍ 12 വരെ

ഉച്ചപൂജ 12.00 ന്

തിരുനട അടക്കല്‍ 1.00ന്

തിരുനട തുറക്കല്‍ വൈകീട്ട് മൂന്നിന്

ദീപാരാധന 6.30-6.45

പുഷ്പാഭിഷേകം 6.45 മുതല്‍ 9 വരെ

അത്താഴ പൂജ 9.15 മുതല്‍ 9.30 വരെ

ഹരിവരാസനം 10.45

തിരുനട അടക്കല്‍ 11ന്

ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചു

ഗണപതിഹോമം, അഷ്ടാഭിഷേകം, നെയ്യഭിഷേകം, ഉഷപൂജ, ഉച്ചപൂജ, നിത്യപൂജ, പുഷ്പാഭിഷേകം എന്നീ വഴിപാടുകള്‍ക്കുള്ള ഓണ്‍ലൈന്‍ ബുക്കിങ്ങുകള്‍ ആരംഭിച്ചു. കൂടാതെ നേരിട്ട് ടിക്കറ്റെടുത്ത് വഴിപാടുകള്‍ നടത്തുന്നതിനും സൗകര്യമുണ്ടാകും. ദര്‍ശനത്തിനായി ക്യൂ നില്‍ക്കുന്ന അയ്യപ്പ ഭക്തര്‍ക്ക് മുഴുവന്‍ സമയവും ബിസ്‌കറ്റും ഔഷധ കുടിവെള്ളവും ലഭ്യമാക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പതിനെട്ടാം പടിക്കു മുമ്പായി നട പന്തല്‍ മുതല്‍ പ്രത്യേക ക്യൂ സംവിധാനവും പെട്ടെന്നു ദര്‍ശനം ലഭിക്കുന്നതിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡോളിക്കാര്‍ ഭക്തരെ ചൂഷണം ചെയ്യാതിരിക്കാന്‍ ദേവസ്വം വിജിലന്‍സിന്റെ പ്രത്യേക മോണിട്ടറിങ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭക്തര്‍ക്ക് സ്വാദിഷ്ടമായ ഭക്ഷണം യഥേഷ്ടം ലഭിക്കുന്നതിന് മാളികപ്പുറത്തെ അന്നദാന മണ്ഡപത്തില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മലകയറി എത്തുന്ന ഭക്തര്‍ക്ക് കൈകാല്‍ വേദനകള്‍ക്ക് പരിഹാരമായി സന്നിധാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സൗജന്യ ഫിസിയോ തൊറാപ്പി സെന്റര്‍ ബോര്‍ഡിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കും.

പമ്പയിലും സന്നിധാനത്തും ബോര്‍ഡിന്റെ ഓഫ് റോഡ് ആംബുലന്‍സ് സംവിധാനം 24 മണിക്കൂറും പ്രവര്‍ത്തിക്കും. കൂടാതെ ഫയര്‍ഫോഴ്സിന്റെ നേതൃത്വത്തില്‍ സ്ട്രച്ചര്‍ സര്‍വ്വീസും ഉണ്ടാകും. പൊലീസ്, റവന്യൂ തുടങ്ങി എല്ലാ വകുപ്പുകളുമായുള്ള ഏകോപനത്തിന് മുതിര്‍ന്ന പരിചയ സമ്പന്നരായ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.

മണ്ഡലപൂജ

ഡിസംബര്‍ 27നാണ് മണ്ഡല പൂജ. അന്നേ ദിവസം രാത്രി 10 നു നട അടച്ച ശേഷം ഡിസംബര്‍ 30 വൈകുന്നേരം 5 ന് നട തുറക്കും.

മകരവിളക്ക്

ജനുവരി 14നാണ് മകരവിളക്ക്. 14 മുതല്‍ 18 വരെ രാത്രി മാളികപ്പുറത്ത് എഴുന്നള്ളിപ്പ് ഉണ്ടായിരിക്കും. ജനുവരി15 മുതല്‍ പടി പൂജ ഉണ്ടായിരിക്കും. ജനുവരി 18 ന് രാവിലെ കൊട്ടാരം വക കളഭാഭിഷേകം. അതിനു ശേഷം നെയ്യഭിഷേകം ഉണ്ടാവില്ല. 19ന് രാത്രിയാണ് മാളികപ്പുറത്ത് ഗുരുതി. അന്ന് മറ്റു വഴിപാടുകള്‍ ഇല്ല. 20 നു രാവിലെ കൊട്ടാരം പ്രതിനിധിക്കു മാത്രം ദര്‍ശനം നല്‍കി തിരു നട അടക്കും.

മരം വീണു, ഗതാഗതം തടസ്സപ്പെട്ടു; അഗ്നിശമന സേന മരം മുറിച്ചു മാറ്റി

മരം വീണു, ഗതാഗതം തടസ്സപ്പെട്ടു; അഗ്നിശമന സേന മരം മുറിച്ചു മാറ്റി

ആറ്റിങ്ങൽ: കടയ്ക്കാവൂർ പോലീസ് സ്റ്റേഷൻ വളപ്പിൽ നിന്ന കുറ്റൻ മരം കഴിഞ്ഞ ദിവസം വൈകീട്ടത്തെ കാറ്റിലും മഴയിലും കടപുഴകി റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു. ആറ്റിങ്ങൽ അഗ്നിശമനരക്ഷാ സേന ഗ്രേഡ്അസ്സി. സ്റ്റേഷൻഓഫീസർ സി.ആർ.ചന്ദ്രമോഹൻ്റെ നേതൃത്വത്തിൽ ഫയർഓഫീസർമാരായ വൈശാഖൻ, സുജിത്,സാൻ, ഫയർഓഫീസർ ഡ്രൈവർ പ്രശാന്ത് വിജയ്, ഹോംഗാഡ് ബിജു എന്നിവർ ചേർന്ന് മരം മുറിച്ച് മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.