‘സ്‌ഫോടനം ഐ20 കാറില്‍; പഴുതടച്ച് പരിശോധിക്കും’; പരിക്കേറ്റവരെ ആശുപത്രിയിലെത്തി കണ്ട് അമിത് ഷാ

‘സ്‌ഫോടനം ഐ20 കാറില്‍; പഴുതടച്ച് പരിശോധിക്കും’; പരിക്കേറ്റവരെ ആശുപത്രിയിലെത്തി കണ്ട് അമിത് ഷാ

ന്യൂഡല്‍ഹി: ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപത്തുണ്ടായ ഉഗ്ര സ്‌ഫോടനത്തില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പരിക്കേറ്റ് എല്‍എന്‍ജെപി ആശുപത്രിയില്‍ കഴിയുന്നവരെ അദ്ദേഹം സന്ദര്‍ശിച്ചു. ചെങ്കോട്ടയ്ക്കു സമീപമുള്ള ലാല്‍കില മെട്രോ സ്റ്റേഷന്റെ ഒന്നാം നമ്പര്‍ ഗേറ്റിന് മുന്നില്‍ ഓടിക്കൊണ്ടിരിക്കുന്ന ഐ20 കാറിലാണ് സ്‌ഫോടനം ഉണ്ടായതെന്ന് അമിത് ഷാ പറഞ്ഞു. സ്‌ഫോടനം ഉണ്ടായി പത്തുമിനിറ്റിനുള്ളില്‍ തന്നെ എല്ലാ അന്വേഷണം ഏജന്‍സികളും സ്ഥലത്തെത്തിയതായും അമിത് ഷാ പറഞ്ഞു. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചുവരികയാണെന്നും അതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ടതായും ആഭ്യന്തരമന്ത്രി പറഞ്ഞു.

എന്‍ഐഎ, എന്‍എസ്ജി, എഫ്എസ്എല്‍ ടീമുകള്‍ അന്വേഷണത്തിന്റെ ഭാഗമായതായും സ്‌ഫോടനത്തിന്റെ കാരണവും സ്വഭാവവും കണ്ടത്തൊന്‍ പരിശോധനകള്‍ നടത്തുകയാണെന്നും അമിത് ഷാ പറഞ്ഞു. എല്ലാ കോണുകളും വിലയിരത്തുന്നു. സമഗ്രമായ അന്വേഷണം നടത്തും. കണ്ടെത്തലുകള്‍ സുതാര്യമായി പൊതുജനങ്ങളെ അറിയിക്കും.’പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുക, ഈ സ്‌ഫോടനത്തിലേക്ക് നയിച്ച കാരണങ്ങളില്‍ പൂര്‍ണ്ണ വ്യക്തത വരുത്തുക എന്നിവയാണ് ഞങ്ങളുടെ മുന്‍ഗണന,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫോറന്‍സിക് വിദഗ്ധര്‍ സാമ്പിളുകള്‍ ശേഖരിക്കുന്നത് തുടരുന്നതിനാല്‍ സുരക്ഷാ ഏജന്‍സികള്‍ പ്രദേശം വളഞ്ഞിരിക്കുകയാണ്. ചാന്ദ്‌നി ചൗക്ക് മാര്‍ക്കറ്റ് പൂര്‍ണമായി അടച്ചതായും അധികൃതര്‍ പറഞ്ഞു.

ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മുന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് മഴമുന്നറിയിപ്പുള്ളത്. തെക്കന്‍ കേരളത്തിന് സമീപം പുതിയ ചക്രവാതച്ചുഴി രൂപപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് കലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇടിമിന്നല്‍ അപകടകാരിയായതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം; മലപ്പുറത്തിന് ഹാട്രിക്ക് കിരീടം

സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം; മലപ്പുറത്തിന് ഹാട്രിക്ക് കിരീടം

പാലക്കാട്: സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ മലപ്പുറം ജില്ല ഓവറോൾ ചാംപ്യൻമാരായി. ആതിഥേയരായ പാലക്കാട് രണ്ടാം സ്ഥാനവും കണ്ണൂർ മൂന്നാം സ്ഥാനവും നേടി. 1548 പോയിന്റും 21 ഒന്നാം സ്ഥാനങ്ങളുമായാണ് മലപ്പുറത്തിന്റെ കിരീടധാരണം. തുടരെ മൂന്നാം തവണയാണ് മലപ്പുറം കിരീടം സ്വന്തമാക്കുന്നത്.

പാലക്കാടിനും കണ്ണൂരിനും 1487 പോയിന്റുകളാണ്. എന്നാൽ ഒന്നാം സ്ഥാനങ്ങളുടെ എണ്ണത്തിൽ കണ്ണൂരിനെ പിന്തള്ളിയാണ് പാലക്കാട് രണ്ടാം സ്ഥാനം ഉറപ്പിച്ചത്. 17 ഓന്നാം സ്ഥാനങ്ങളാണ് പാലക്കാടിന്. കണ്ണൂരിന് 16 ഒന്നാം സ്ഥാനങ്ങൾ.

സബ്ജില്ലകളിൽ മാനന്തവാടിയാണ് ഓവറോൾ കിരീടം സ്വന്തമാക്കിയത്. 580 പോയിന്റുകളാണ് അവർക്ക്. സുൽത്താൻ ബത്തേരി 471 പോയിന്റുമായി രണ്ടാമതും 410 പോയിന്റുമായി കട്ടപ്പന മൂന്നാമതും എത്തി.

സ്കൂളുകളിൽ വയനാട് ദ്വാരക സേക്രഡ് ഹാർട്ട് എച്എസ്എസിനാണ് കിരീടം. കാഞ്ഞങ്ങാട് ​ദുർ​ഗ എച്എസ്എസ് രണ്ടാം സ്ഥാനവും ഇടുക്കി കൂമ്പൻപാറ എഫ്എംജിഎച്എസ്എസ് മൂന്നാം സ്ഥാനവും നേടി. പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻഎസ്കെ ഉമേഷ് ഐഎഎസ് ട്രോഫികൾ സമ്മാനിച്ചു.

കേരളത്തിലും അതീവ ജാ​ഗ്രത; ആൾക്കൂട്ടമുള്ള ഇടങ്ങളിൽ സുരക്ഷ കൂട്ടി

കേരളത്തിലും അതീവ ജാ​ഗ്രത; ആൾക്കൂട്ടമുള്ള ഇടങ്ങളിൽ സുരക്ഷ കൂട്ടി

തിരുവനന്തപുരം: രാജ്യ തലസ്ഥാനത്തെ ഉ​ഗ്ര സ്ഫോടനത്തിനു പിന്നാലെ കേരളത്തിലും ജാ​ഗ്രതാ നിർദ്ദേശമെന്നു ഡിജിപി റവാഡ ചന്ദ്രശേഖർ. പ്രധാന കേന്ദ്രങ്ങളിലെല്ലാം പൊലീസ് സുരക്ഷ വർധിപ്പിച്ചു. സംസ്ഥാനത്തെ വിവിധ റെയിൽവേ സ്റ്റേഷനുകളിൽ പരിശോധന നടക്കുന്നുണ്ട്. ബസ് സ്റ്റാൻഡുകളിലും പരിശോധനയുണ്ട്. റെയിൽവേ സ്റ്റേഷനുകളിൽ നിന്നു ദൃശ്യങ്ങൾ പകർത്തരുതെന്നു ആർപിഎഫ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

ആൾക്കൂട്ടമുള്ള ഇടങ്ങളിലെല്ലാം വലിയ രീതിയിൽ പരിശോധിക്കുന്നുണ്ട്. ആശങ്ക വേണ്ടെന്നും സുരക്ഷയുടെ ഭാ​ഗമായാണ് നടപടികളെന്നും ഡിജിപി കൂട്ടിച്ചേർത്തു. കേരളം- കർണാടക അതിർത്തി പ്രദേശങ്ങളിലും സുരക്ഷ കൂട്ടിയിട്ടുണ്ട്.

ഡൽഹി ചെങ്കോട്ട മെട്രോ സ്റ്റേഷനു സമീപം വൈകീട്ട് 6.52 ഓടെയാണ് സ്ഫോടനമുണ്ടായത്. ട്രാഫിക്ക് സി​ഗ്നലിൽ നിർത്തിയ കാറിലാണ് ആദ്യമായി പൊട്ടിത്തെറിയുണ്ടായത്. രണ്ട് വാഹനങ്ങളിൽ ഒരേസമയം സ്ഫോടനം ഉണ്ടായെന്നും വിവരങ്ങളുണ്ട്. സ്ഫോടനത്തിനു പിന്നാലെ സമീപത്തെ വാഹനങ്ങളിലേക്ക് തീ പടരുകയായിരുന്നു.

സ്ഫോടനത്തിന്റെ ശബ്ദം രണ്ടര കിലോമീറ്ററോളം അകലെ വരെ ഉയർന്നു. പ്രകമ്പനത്തിൽ സമീപത്തെ തെരുവു വിളക്കുകൾ തകർന്നു. സ്ഫോടനമുണ്ടായപ്പോൾ സമീപത്തെ വാ​ഹനങ്ങൾ 150 മീറ്റർ അകലേയ്ക്ക് തെറിച്ചു പോയതായി ദൃക്സാക്ഷികൾ പറയുന്നു. കുറച്ച് അകലെ നിർത്തിയിട്ടിരുന്ന പല വാഹനങ്ങളുടെയും ​ഗ്ലാസുകളടക്കവും തകർന്നിട്ടുണ്ട്. 20 ഫയർ എഞ്ചിനുകൾ എത്തിച്ചാണ് തീ കെടുത്തിയത്.

കേരളത്തിലും അതീവ ജാ​ഗ്രത; ആൾക്കൂട്ടമുള്ള ഇടങ്ങളിൽ സുരക്ഷ കൂട്ടി

ഡല്‍ഹിയില്‍ വന്‍ സ്‌ഫോടനം; ഒന്‍പത് മരണം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ചെങ്കൊട്ടയ്ക്ക് സമീപം വന്‍ സ്‌ഫോടനം. ചെങ്കോട്ട മെട്രോ സ്റ്റേഷന്റെ ഗേറ്റ് നമ്പർ 1 ന് സമീപം നിർത്തിയിട്ട രണ്ടു കാറുകൾ പൊട്ടിത്തെറിയ്ക്കുകയായിരുന്നു. സ്ഫോടനത്തിൽ 9 മരണം. എട്ടോളം വാഹനങ്ങൾ കത്തിനശിച്ചതായാണ് വിവരം. പ്രദേശത്ത് അതീവജാഗ്രതാ നിര്‍ദേശം നല്‍കി.

സ്‌ഫോടനം ഉണ്ടായ ഉടനെ ആളുകള്‍ ചിതറിയോടുന്നത് പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാം. റോഡിനു നടുവിലാണ് സ്ഫോടനം നടന്നത്. പ്രദേശത്ത് ഒരാളുടെ മൃതശരീരം ചിതറികിടക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. തീ പൂർണമായും അണച്ചുവെന്ന് ഫയർഫോഴ്സ് അറിയിച്ചു. കാറിനു സമീപമുണ്ടായിരുന്ന പലർക്കും പരിക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ എൽഎൻജിപി ആശുപത്രിയിലേക്കാണ് മാറ്റിയത്.

പൊലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശത്ത് പരിശോധന ആരംഭിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഡൽഹി പൊലീസ് കമ്മിഷണറുമായി ഫോണിൽ സംസാരിച്ചു. സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തുന്ന ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനം അതീവ ഗൗരവത്തോടെയാണ് സുരക്ഷ സേനകൾ നോക്കിക്കാണുന്നത്.

പ്രദേശത്ത് ഗതാഗതം പൂര്‍ണമായും നിരോധിച്ചു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജമ്മു കശ്മീർ സ്വദേശികളായ ഡോക്ടർമാരെ പൊലീസ് ഇന്ന് രാവിലെ അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്ന് ആയുധങ്ങൾ അടക്കം പിടിച്ചെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് സ്ഫോടനം നടക്കുന്നത്.

മഞ്ഞില്‍ പുതഞ്ഞ് വയനാട്, തണുപ്പ് ഇക്കുറി നേരത്തേ; സഞ്ചാരികളെ കാത്തിരിക്കുന്നത് മനംകുളിര്‍ക്കും കാഴ്ചകള്‍

മഞ്ഞില്‍ പുതഞ്ഞ് വയനാട്, തണുപ്പ് ഇക്കുറി നേരത്തേ; സഞ്ചാരികളെ കാത്തിരിക്കുന്നത് മനംകുളിര്‍ക്കും കാഴ്ചകള്‍

മാനന്തവാടി: കണ്ണിനും മനസ്സിനും കുളിര്‍മ നല്‍കി വയനാട്ടിലെ കോടമഞ്ഞ്. എതിര്‍വശത്തുനിന്നെത്തുന്നവര്‍ക്ക് പരസ്പരം കാണാന്‍ സാധിക്കാത്ത രീതിയില്‍ മഞ്ഞുപുതച്ചിരിക്കുകയാണ് വയനാടന്‍ പുലരി. കോടമഞ്ഞണിഞ്ഞ വയനാടന്‍ കാഴ്ചകള്‍ സഞ്ചാരികള്‍ക്കു സമ്മാനിക്കുന്നതും പുതിയ അനുഭൂതിയാണ്.

മഞ്ഞണിഞ്ഞ പ്രഭാതവും രാത്രിയിലെ തണുപ്പും വയനാടിന്റെ പോയകാല ഓര്‍മകള്‍കൂടിയാണ് അടയാളപ്പെടുത്തുന്നത്. നവംബര്‍ അവസാനത്തോടെയാണ് വയനാടന്‍ പുലരികള്‍ മഞ്ഞണിയാറുള്ളതെങ്കിലും ഇത്തവണ നവംബര്‍ ആദ്യവാരത്തോടെ മഞ്ഞ് എത്തി. കഴിഞ്ഞദിവസങ്ങളില്‍ ജില്ലയിലെ കുറഞ്ഞ താപനില 19 മുതല്‍ 22 ഡിഗ്രി സെല്‍ഷ്യസ് വരെയായിരുന്നു. 26 മുതല്‍ 27 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് കൂടിയ താപനില രേഖപ്പെടുത്തിയത്. കഴിഞ്ഞ നവംബറില്‍ കുറഞ്ഞ താപനില യഥാക്രമം 17 മുതല്‍ 19 വരെയായിരുന്നെങ്കില്‍ കൂടിയ താപനില 22 മുതല്‍ 29 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് രേഖപ്പെടുത്തിയത്. സന്ധ്യയാവുമ്പോഴേക്കും നല്ല തണുപ്പും അനുഭവപ്പെടുന്നുണ്ട്.

മഞ്ഞില്‍ കുളിച്ച് തലയുയര്‍ത്തി നില്‍ക്കുന്ന മരങ്ങളും മഞ്ഞണിഞ്ഞ പാതയോരങ്ങളും ജലാശയങ്ങളുമെല്ലാം ജില്ലയിലെത്തുന്നവര്‍ക്കു വേറിട്ട കാഴ്ചാനുഭവമാണ് പകരുന്നത്. ബെംഗളൂരു, മൈസൂരു പോലുള്ള നഗരങ്ങളിലെ തിരക്കുകളില്‍നിന്നൊഴിഞ്ഞ് വയനാട്ടില്‍ അവധി ദിനങ്ങള്‍ ചെലവഴിക്കാനെത്തുന്നവര്‍ ഇപ്പോള്‍ ഏറെയാണ്. ഐടി മേഖലയില്‍ ജോലിചെയ്യുന്നവരാണ് ഇങ്ങനെയെത്തുന്നവരില്‍ കൂടുതലും.

മഴനീങ്ങിയതിന്റെ സൂചനയായാണ് മഞ്ഞുവീഴ്ചയെ പഴമക്കാര്‍ കണ്ടിരുന്നത്. ചാറ്റല്‍മഴപോലെ മഞ്ഞുപെയ്തിറങ്ങുന്ന കാഴ്ച ഇപ്പോള്‍ മിക്കയിടത്തും കാണാം. ഇപ്പോഴത്തെ കാലാവസ്ഥ കൃഷിക്കും അനുയോജ്യമാണെന്നാണ് കര്‍ഷകര്‍ പറയുന്നത്.