by Midhun HP News | Nov 10, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചു. രണ്ടു ഘട്ടമായിട്ടാണ് വോട്ടെടുപ്പ് നടത്തുക. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള 7 ജില്ലകളില്‍ ഡിസംബര്‍ 9 ന് വോട്ടെടുപ്പ്. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള 7 ജില്ലകളില്‍ ഡിസംബര്‍ 11 ന് ആയിരിക്കും വോട്ടെടുപ്പ്. വോട്ടെണ്ണല്‍ ഡിസംബര്‍ 13 ശനിയാഴ്ചയാണ്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ ആണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. തീയതി പ്രഖ്യാപിച്ചതോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.
സംസ്ഥാനത്ത് 1200 തദ്ദേശ സ്ഥാപനങ്ങളാണ് ഉള്ളത്. അതില്‍ മട്ടന്നൂര്‍ നഗരസഭയിലെ കാലാവധി കഴിഞ്ഞിട്ടില്ല. അതിനാല്‍ അതൊഴികെ, 1199 തദ്ദേശ സ്ഥാപനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 941 ഗ്രാമപഞ്ചായത്തുകളിലെ 17,337 വാര്‍ഡുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകളിലെ 2267 വാര്‍ഡുകള്‍, 14 ജില്ലാ പഞ്ചായത്തുകളിലെ 346 വാര്‍ഡുകള്‍, 86 മുനിസിപ്പാലിറ്റിയിലെ 3205 വാര്‍ഡുകള്‍, 6 കോര്‍പ്പറേഷനുകളിലെ 421 വാര്‍ഡുകള്‍ എന്നിവിടങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
ആകെ 23,576 വാര്‍ഡുകളിലേക്കാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഓരോ വാര്‍ഡും ഓരോ നിയോജകമണ്ഡലമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു. സംസ്ഥാത്താകെ, 2, 84,30,761 ലേറെ വോട്ടര്‍മാരാണുള്ളത്. ഇതില്‍ 1, 34,12,470 പുരുഷക 1,50,180,10 പേര്‍ സ്ത്രീകളുമാണ്. 281 ട്രാന്‍സ് ജെന്‍ഡറുകളും വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുന്നു. പ്രവാസി വോട്ടര്‍മാരായി 2841 പേരും ഉള്ളതായി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.
വോട്ടെടുപ്പ് രാവിലെ 7 മണിക്ക് ആരംഭിക്കും. ഇതിനു മുമ്പ് 6 മണിക്ക് മോക് പോള്‍ നടത്തും. വൈകീട്ട് 6 മണിവരെയാണ് വോട്ടെടുപ്പ് നടക്കുക. പോളിങ് ബൂത്തില്‍ വോട്ടർമാർക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കും. തിരിച്ചറിയല്‍ കാര്‍ഡ്, പാന്‍കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, ബാങ്ക് പാസ് ബുക്ക്, ആധാര്‍ കാര്‍ഡ്, തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിച്ചിട്ടുള്ള മറ്റ് രേഖകളും തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാം. വോട്ടെടുപ്പ് ദിവസം നൊഗേഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് പ്രകാരം അവധിയായിരിക്കും. സ്വകാര്യ കമ്പനികള്‍ വോട്ടുചെയ്യാന്‍ അനുവാദം നല്‍കേണ്ടതാണ്. വോട്ടെടുപ്പു ദിവസം മദ്യശാലകള്‍ക്ക് അവധിയായിരിക്കും.
by Midhun HP News | Nov 10, 2025 | Latest News, കേരളം
കൊച്ചി: പരിഷ്‌കരിച്ച ലേണേഴ്‌സ് ലൈസന്‍സ് പരീക്ഷയില്‍ ജയിക്കുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞതോടെ ചെറിയ മാറ്റം വരുത്തി. ചോദ്യാവലിയില്‍ പുതിയ പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയത് കൂട്ടത്തോല്‍വിക്കു കാരണമായിരുന്നു. പരിഷ്‌കാരത്തിനെതിരേ വലിയ പരാതി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് മാറ്റം വരുത്തിയത്. കാപ്ചയുടെ എണ്ണം കുറച്ചാണ് പരാതിക്കു പരിഹാരം കാണാന്‍ ശ്രമിച്ചത്.
മുന്‍പ് പരീക്ഷയ്ക്ക് 20 ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്. പരീക്ഷ പരിഷ്‌കരിച്ചപ്പോള്‍ ചോദ്യങ്ങളുടെ എണ്ണം 30 ആയി. ഇതില്‍ 18 എണ്ണത്തിന് ഉത്തരം നല്‍കിയാല്‍ മാത്രമേ ജയിക്കുകയുള്ളൂ. കാപ്ച രൂപത്തില്‍ നല്‍കേണ്ട ഉത്തരമാണ് അപേക്ഷകരെ വട്ടം കറക്കുന്നത്. ചോദ്യാവലിയില്‍ മൂന്ന് സാധാരണ ചോദ്യങ്ങള്‍ക്കുശേഷം വരുന്ന ചോദ്യത്തിന്റെ ഉത്തരം നല്‍കേണ്ടത് കാപ്ച അടിച്ചുനല്‍കിയാണ്. ഓരോ മൂന്നു ചോദ്യത്തിനുശേഷവും കാപ്ച നല്‍കേണ്ട ഉത്തരം വരും.
അതിനാല്‍ കംപ്യൂട്ടര്‍ ടൈപ്പിങ്ങില്‍ വലിയ വേഗത ഇല്ലാത്തവര്‍ക്കും പരിജ്ഞാനം ഇല്ലാത്തവര്‍ക്കും ധാരാളം സമയം വേണ്ടിവരും. ഒരു സാധാരണ ചോദ്യത്തിന് 30 സെക്കന്‍ഡും കാപ്ച ഉത്തരമായി വരുന്ന ചോദ്യത്തിന് 45 സെക്കന്‍ഡുമാണ് അനുവദിച്ചിരിക്കുന്ന സമയം. അതിനാല്‍ പരീക്ഷ എഴുതുന്ന 80 ശതമാനം പേര്‍ക്കും അനുവദിച്ചിരിക്കുന്ന സമയത്തിനുള്ളില്‍ പരീക്ഷ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നില്ല. ഇംഗ്ലീഷ് ചെറിയ അക്ഷരങ്ങളും വലിയ അക്ഷരങ്ങളും കൂടാതെ നമ്പരുകളും അടങ്ങുന്നതാണ് കാപ്ച.
30 ചോദ്യത്തിനും ഉത്തരം നല്‍കുന്നവര്‍ക്ക് ഒന്‍പത് കാപ്ച ഉത്തരം നല്‍കേണ്ടിവരും. ആദ്യ കാപ്ച ചോദ്യത്തിന് ഉത്തരം നല്‍കുമ്പോള്‍ത്തന്നെ പരീക്ഷയില്‍നിന്നു സമയം പൂര്‍ത്തിയായി പുറത്താകുന്ന അവസ്ഥയാണ്. പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് മൊത്തം കാപ്ച ചോദ്യം മൂന്നായി ചുരുക്കി. ഇതോടെ പരീക്ഷ എഴുന്നവര്‍ക്ക് ആശ്വാസമായെങ്കിലും പരീക്ഷയെ പേടിച്ച് പലരും എഴുതാന്‍ മടിക്കുന്നുണ്ട്.


by Midhun HP News | Nov 10, 2025 | Latest News, കേരളം
പാലക്കാട്: സംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സവത്തില്‍ ഹാട്രിക് കിരീടത്തിനരികെ മലപ്പുറം. ഇതുവരെ 1124 പോയിന്റുമായി മലപ്പുറം മുന്നിട്ട് നില്‍ക്കുകയാണ്. കണ്ണൂര്‍ (1095) രണ്ടും കോഴിക്കോട് (1066) മൂന്നും സ്ഥാനത്തുണ്ട്. മേള ഇന്ന് സമാപിക്കും.
സ്‌കൂളുകളില്‍ 108 പോയിന്റ് നേടിയ കോന്നി ഗവ. എച്ച്എസ്എസാണ് മുന്നില്‍. വയനാട് ദ്വാരക എസ്എച്ച്എച്ച്എസ്എസ് രണ്ടും (99) കണ്ണൂര്‍ മൊകേരി രാജീവ്ഗാന്ധി മെമ്മോറിയല്‍ എച്ച്എസ് (97) മൂന്നും സ്ഥാനത്തുണ്ട്. നവംബര്‍ ഏഴിാണ് ശാസ്ത്രോത്സവം ആരംഭിച്ചത്. നാലുദിവസം നീണ്ട മേളയില്‍ കുട്ടികള്‍ക്ക് അവരുടെ ശാസ്ത്ര ലോകത്തെ അറിവും മികവും പ്രകടിപ്പിക്കാന്‍ സാധിച്ചു. കുട്ടികളുടെ നിരവധി പുതിയ കണ്ടുപിടിത്തങ്ങള്‍ക്കാണ് ശാസ്ത്രോത്സവം വേദിയായത്.


by Midhun HP News | Nov 10, 2025 | Latest News, കേരളം
കൊച്ചി: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 90,000ന് മുകളില്‍. ഇന്ന് പവന് ഒറ്റയടിക്ക് 880 രൂപയാണ് വര്‍ധിച്ചത്. 90,360 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയിരിക്കുകയാണ് സ്വര്‍ണവില. ഗ്രാമിന് ആനുപാതികമായി 110 രൂപയാണ് വര്‍ധിച്ചത്. 11,295 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഈ മാസത്തിന്റെ തുടക്കത്തില്‍ 90,200 രൂപയായിരുന്നു സ്വര്‍ണവില. അഞ്ചിന് 89,080 രൂപയായി താഴ്ന്നു. പിന്നീട് 89,000നും 90,000നും ഇടയില്‍ ചാഞ്ചാടി നില്‍ക്കുകയായിരുന്നു സ്വര്‍ണവില. ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില ഇടിഞ്ഞ് പവന് ഏകദേശം 9000 രൂപ കുറഞ്ഞ ശേഷമാണ് ഉയരാന്‍ തുടങ്ങിയത്. അമേരിക്കയില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വം അടക്കമുള്ള വിഷയങ്ങളാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഇതാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിക്കുന്നത്.


by Midhun HP News | Nov 9, 2025 | Latest News, കേരളം
തൃശൂര്‍: ഗുരുവായൂരപ്പനെ കണ്ടു തൊഴുത് കാണിക്കയര്‍പ്പിച്ച്, ദര്‍ശന പുണ്യം നേടി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. ദേവസ്വം മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിക്കായി ആദ്യ ഗഡു സംഭാവനയായി പതിനഞ്ച് കോടി രൂപയുടെ ചെക്ക് അദ്ദേഹം ദേവസ്വത്തിന് കൈമാറി.
ഇന്ന് രാവിലെ 7.30 നാണ് മുകേഷ് അംബാനി ഗുരുവായൂരിലെത്തിയത്. ശ്രീകൃഷ്ണ കോളേജ് മൈതാനത്ത് ഹെലികോപ്റ്ററില്‍ വന്നിറങ്ങിയ അദ്ദേഹം റോഡ് മാര്‍ഗം തെക്കേ നടയില്‍ ശ്രീവത്സം അതിഥി മന്ദിരത്തിന് മുന്നിലെത്തി. ദേവസ്വം ചെയര്‍മാന്‍ ഡോ.വി കെ വിജയന്‍ ,ഭരണ സമിതി അംഗം സി മനോജ്, അഡ്മിനിസ്‌ട്രേറ്റര്‍ ഒ ബി അരുണ്‍കുമാര്‍ എന്നിവര്‍ ചേര്‍ന്ന് മുകേഷ് അംബാനിയെ സ്വീകരിച്ചു. ദേവസ്വം ചെയര്‍മാന്‍ അദ്ദേഹത്തെ പൊന്നാടയണിയിച്ചു. തുടര്‍ന്ന് തെക്കേ നടപ്പന്തലിലൂടെ കിഴക്കേ ഗോപുര കവാടത്തിലെത്തി. പൊതു അവധി ദിനത്തില്‍ സ്‌പെഷ്യല്‍ ദര്‍ശന നിയന്ത്രണം ഉള്ളതിനാല്‍ 25 പേര്‍ക്കായി നെയ്യ് വിളക്ക് വഴിപാട് ശീട്ടാക്കിയാണ് മുകേഷ് അംബാനി ക്ഷേത്രത്തില്‍ പ്രവേശിച്ചത്.
ഗുരുവായൂരപ്പനെ കണ്ട് തൊഴുത് പ്രാര്‍ത്ഥിച്ച മുകേഷ് അംബാനി സോപാനപടിയില്‍ കാണിക്കയര്‍പ്പിച്ചു. മേല്‍ശാന്തിയില്‍ നിന്ന് അദ്ദേഹം പ്രസാദവും ഏറ്റുവാങ്ങി. തുടര്‍ന്ന് ഉപദേവന്മാരെയും തൊഴുത് പ്രാര്‍ത്ഥിച്ചു കൊടിമര ചുവട്ടിലെത്തിയ അദ്ദേഹത്തിന് കളഭവും തിരുമുടി മാലയും പഴവും പഞ്ചസാരയുമടങ്ങുന്ന ഗുരുവായൂരപ്പന്റെ പ്രസാദങ്ങള്‍ ഡോ.വി കെ വിജയന്‍ നല്‍കി. ദേവസ്വത്തിന്റെ ഉപഹാരമായി ചുവര്‍ചിത്രവും സമ്മാനിച്ചു.
ഡോ.വി കെ വിജയന്‍, ഭരണ സമിതി അംഗം സി മനോജ് എന്നിവര്‍ ദേവസ്വത്തിന്റെ നിര്‍ദ്ദിഷ്ട മള്‍ട്ടിസ് പെഷ്യാലിറ്റി ആശുപത്രിയുടെ രൂപരേഖയും ആനകളുടെ പരിചരണത്തിനായി ദേവസ്വം തുടങ്ങാന്‍ ലക്ഷ്യമിടുന്ന ആധുനിക മൃഗാശുപത്രിയുടെ പദ്ധതി രേഖയും മുകേഷ് അംബാനിക്ക് സമര്‍പ്പിച്ചു. എന്ത് സഹായവും നല്‍കാമെന്ന് മുകേഷ് അംബാനി ദേവസ്വം ചെയര്‍മാന് ഉറപ്പ് നല്‍കി.
ആശുപത്രി നിര്‍മ്മാണത്തിനായി പതിനഞ്ച് കോടിയുടെ ചെക്ക് അദ്ദേഹം കൈമാറി. ഗുജറാത്തില്‍ റിലയന്‍സ് ഉടമസ്ഥതയിലുള്ള വന്‍താര വന്യജീവി പരിപാലന കേന്ദ്രത്തിന്റെ പ്രവര്‍ത്തന മാതൃകയില്‍ ദേവസ്വത്തിലെ ആനകള്‍ക്ക് മികച്ച പരിപാലനം നല്‍കാന്‍ അവസരം ഒരുക്കാമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. ഗുരുവായൂരപ്പ ദര്‍ശനപുണ്യം നേടിയതിന്റെ സംതൃപ്തി നിറവില്‍ രാവിലെ എട്ടു മണിയോടെയാണ് അദ്ദേഹം ഗുരുവായൂരില്‍ നിന്ന് മടങ്ങിയത്.


by Midhun HP News | Nov 9, 2025 | Latest News, കേരളം
കൊച്ചി: വന്ദേഭാരത് എക്‌സ്പ്രസിന്റെ ഉദ്ഘാടനച്ചടങ്ങില്‍ ഗണഗീതം പാടിയതിനെ ന്യായീകരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കുട്ടികള്‍ പാടിയത് തീവ്രവാദ ഗാനം ഒന്നും അല്ലല്ലോയെന്ന് സുരേഷ് ഗോപി ചോദിച്ചു. ഇതുമായി ബന്ധപ്പെട്ട വിവാദമൊന്നും കണക്കിലെടുക്കേണ്ടതില്ല. അത് കുട്ടികളുടെ ആഘോഷമായിരുന്നു. ആ കുഞ്ഞുങ്ങള്‍ നിഷ്‌കളങ്കമായി പാടിയതാണ്. അവര്‍ക്ക് തോന്നിയ ഗാനം ആലപിക്കുകയാണ് ചെയ്തതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു.
കുട്ടികളെ പഠിപ്പിച്ചു എന്നൊക്കെയുള്ള ആരോപണങ്ങള്‍ അവര്‍ കയ്യില്‍ വെച്ചേക്കുക. സംഗീതത്തിന് ജാതിയില്ല, മതമില്ല, ഭാഷയില്ല, ഒരു പുണ്ണാക്കുമില്ല. സംഗീതമെന്നത് ആസ്വദിക്കാന്‍ പറ്റണം. അങ്ങനെയുള്ള സംഗീതത്തിന് നിങ്ങള്‍ അവാര്‍ഡ് വരെ കൊടുക്കുന്നില്ലേ. അതൊന്നും ചെയ്തില്ലല്ലോ. സംഗീതം ആസ്വദിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കാത് തിരിക്കൂ, ഹൃദയം തിരിക്കൂ, മുഖം തിരിക്കൂ, എന്തു വേണമെങ്കിലും തിരിക്കൂ. അത്രയേയുള്ളൂ. കുഞ്ഞുങ്ങള്‍ അവരുടെ സന്തോഷം ആഘോഷിക്കുകയാണ് ചെയ്തത്.
ആ കുട്ടികളുടെ മനസ്സിലേക്ക് വിമര്‍ശിക്കുന്നവരാണ് വിഷം കുത്തിവെക്കുന്നത്. മറ്റു ചിന്തകള്‍ കുത്തിക്കയറ്റുന്നത്. അതു നിര്‍ത്തണം. വിമര്‍ശനം ഉന്നയിക്കുന്നവര്‍ ധൈര്യമുണ്ടെങ്കില്‍ തന്റെയൊപ്പം രണ്ടു കോളനികളിലേക്ക് വരണമെന്ന് സുരേഷ് ഗോപി വെല്ലുവിളിച്ചു. മോഡേണ്‍ കോളനി, പാടൂക്കാട് കോളനി. എന്താണ് നിങ്ങള്‍ പട്ടിക വിഭാഗക്കാരോടും കുമ്പാരികളോടും ചെയ്തുകൊണ്ടിരിക്കുന്ന വഞ്ചന അല്ലെങ്കില്‍ തരം എന്നു കാണാം. അതാണ് അഡ്രസ് ചെയ്യേണ്ടത്, അല്ലാതെ ഗണഗീതമല്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു.
ബംഗളൂരിലേക്ക് പോകാന്‍ മുമ്പ് ബസിനെയാണ് നാമെല്ലാം ആശ്രയിച്ചിരുന്നത്. ബസിലെ അമിതമായ കൂലി അടക്കം പല പ്രശ്‌നങ്ങളുണ്ടായിരുന്നു. അതേസമയം അവരുടെ സര്‍വീസിനെ വിലമതിക്കുന്നു. അവരുടെ ചില്ല് അടിച്ചുപൊട്ടിക്കാതെ പ്രതിസംവിധാനം ആശ്രയിക്കാന്‍ സാധിക്കണം. റെയില്‍വേ ആണ് ഏക പരിഹാരം. 2001 മുതല്‍ ബംഗളൂരുവിലെ മലയാളി സമൂഹവുമായുള്ള അടുപ്പത്തിന്റെ ഭാഗമായി ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ അടക്കമുള്ളവരുമായി സംസാരിച്ചിട്ടുണ്ട്. എന്നാല്‍ ഒന്നും സാധ്യമായിരുന്നില്ല.
പഠിക്കാന്‍ പോകുന്നവരും ജോലി ചെയ്യുന്നവരും അടക്കം ബംഗളൂരിവിലേക്ക് പോകുന്ന വനിതകള്‍ക്ക് വന്ദേഭാരത് ട്രെയിന്‍ മികച്ച അനുഗ്രഹമാണ്. പ്രത്യേകിച്ചും ടോയ്‌ലറ്റ് സംവിധാനം ഉപയോഗിക്കുന്നതില്‍. ആണുങ്ങള്‍ക്ക് എവിടെ പോയി നിന്നെങ്കിലും കാര്യം സാധിക്കാം. പക്ഷെ സ്ത്രീകള്‍ക്ക് അതിനു കഴിയില്ല. അവിടെയാണ് വലിയൊരു ആശ്വാസമാകുന്നത്. ഇതാണ് താന്‍ വലിയ മാറ്റമായി കാണുന്നത്. അല്ലാതെ ട്രെയിന്‍ നിറഞ്ഞ് ഓടുന്നു എന്നതല്ല. കേരളത്തിലെ നാരീശക്തിക്ക് ഏറ്റവും വലിയ പിന്തുണ നല്‍കിയ ട്രെയിന്‍ സര്‍വീസാണ് ഇത്. റോഡ് ശീലത്തില്‍ ഉണ്ടാകുന്ന എല്ലാ ന്യൂനതകളും പരിഹരിക്കുന്ന ഒരു റെയില്‍ശീലമാണ് ഇതിലൂടെ ഉണ്ടാക്കുന്നതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരത്ത് മെട്രോ ആരംഭിക്കുന്നതിനെ കേന്ദ്രമന്ത്രി സുരേഷ് ഗോപി അഭിനന്ദിച്ചു. വളരെ നല്ല കാര്യമാണിത്. തിരുവനന്തപുരത്ത് മെട്രോ വരുന്നതുകൊണ്ട് ഉറപ്പായിട്ടും അവിടുത്തെ ജനങ്ങള്‍ക്ക്, റോഡുകളിലെ പ്രശ്‌നങ്ങള്‍ക്ക് വലിയ പരിഹാരമാകും. തിരുവനന്തപുരത്തെ സംബന്ധിച്ചിടത്തോളം വലിയ മുന്നേറ്റമാണ്. വലിയൊരു നീക്കമാണ്. കേരളസര്‍ക്കാര്‍ വളരെ നല്ല കാര്യമാണ് ചെയ്തിരിക്കുന്നതെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.


Recent Comments