by Midhun HP News | Dec 21, 2024 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഇന്ന് പവന് 480 രൂപയാണ് കൂടിയത്. 56,800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 60 രൂപ കൂടി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7100 രൂപ.
ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പിന്നീട് വില കൂടിയും കുറഞ്ഞും നിന്നു.
യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറച്ചത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.20 ന് 56,320 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയിരുന്നു.
by Midhun HP News | Dec 21, 2024 | Latest News, കേരളം
ഇടുക്കി: കട്ടപ്പനയില്‍ ആത്മഹത്യ ചെയ്ത നിക്ഷേപകന്‍ സാബുവിനെ സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ് വി ആര്‍ സജി ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സന്ദേശം പുറത്ത്. സിപിഎം മുന്‍ കട്ടപ്പന ഏരിയ സെക്രട്ടറിയാണ് വി ആര്‍ സജി. താന്‍ ബാങ്കില്‍ പണം ചോദിച്ച് എത്തിയപ്പോള്‍ ബാങ്ക് ജീവനക്കാരന്‍ ബിനോയ് പിടിച്ചു തള്ളിയെന്ന് ആത്മഹത്യ ചെയ്ത സാബു ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു. പക്ഷേ, താന്‍ തിരിച്ച് ആക്രമിച്ചെന്ന് പറഞ്ഞ് പ്രശ്‌നം ഉണ്ടാക്കുകയാണെന്നും സാബു പറയുന്നുണ്ട്. അടി വാങ്ങിക്കേണ്ട സമയം കഴിഞ്ഞെന്നും പണി മനസിലാക്കി തരാമെന്നും സജി ഫോണിലൂടെ ഭീഷണിപ്പെടുത്തുന്ന സംഭാഷണം ആണ് പുറത്ത് വന്നിരിക്കുന്നത്.
കേസില്‍ കട്ടപ്പന റൂറല്‍ ഡെവലപ്പ്‌മെന്റ്് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഭരണ സമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തും. സാബു ബാങ്കില്‍ എത്തിയ സമയത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇത് വിശദമായി പരിശോധിക്കും.
പ്രാഥമിക പരിശോധനയില്‍ സാബുവും ജീവനക്കാരും തമ്മില്‍ കയ്യേറ്റം ഉണ്ടായതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ആത്മഹത്യാക്കുറിപ്പില്‍ പേരുള്ള ബാങ്ക് സെക്രട്ടറി റെജി, ജീവനക്കാരായ ബിനോയ്, സുജമോള്‍ എന്നിവരുടെ മൊഴികളാണ് ആദ്യഘട്ടത്തില്‍ രേഖപ്പെടുത്തുക. ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. വിദേശത്തുള്ള ബന്ധുക്കള്‍ എത്തിയ ശേഷമായിരിക്കും സംസ്‌കാരം.
സിപിഎം നിയന്ത്രണത്തിലുള്ള കട്ടപ്പന റൂറല്‍ ഡെവലപ്‌മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നിലാണ് സാബുവിനെ മരിച്ച നിലയില്‍ കണ്ടത്. നിക്ഷേപ തുക തിരികെ ആവശ്യപ്പെട്ട് സാബു വ്യാഴാഴ്ച ബാങ്കില്‍ എത്തിയിരുന്നു. സാബുവിന് 25 ലക്ഷത്തോളം രൂപ നിക്ഷേപമുണ്ടെന്നാണ് വിവരം. ഭാര്യയുടെ ചികില്‍സാര്‍ത്ഥം പണം ആവശ്യപ്പെട്ടെത്തിയ സാബുവിനെ ജീവനക്കാര്‍ അപമാനിച്ചിറക്കി വിട്ടെന്ന പരാമര്‍ശം ആത്മഹത്യാക്കുറിപ്പിലുമുണ്ട്. സംഭവത്തിന് പിന്നാലെ പ്രതിഷേധവുമായി ബിജെപി- കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും നിക്ഷേപകര്‍ക്ക് ഘട്ടം ഘട്ടമായി പണം നല്‍കുന്നുണ്ടെന്നുമാണ് ബാങ്ക് അധികൃതരുടെ വിശദീകരണം.
by Midhun HP News | Dec 21, 2024 | Latest News, കേരളം
കോഴിക്കോട്: എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായരുടെ ആരോഗ്യ നില ഗുരുതരാവസ്ഥയില്‍ തുടരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച എംടിക്ക് ഹൃദയസ്തംഭനം ഉണ്ടായതായി ഇന്നലെ മെഡിക്കല്‍ ബുള്ളറ്റിനില്‍ അധികൃതര്‍ അറിയിക്കുകയായിരുന്നു. ഇന്ന് രാവിലെ 11 മണിക്ക് പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്ത് വിടുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ഐസിയുവില്‍ ചികിത്സയില്‍ കഴിയുന്ന എംടിയുടെ ഓക്സിജന്‍ ലെവല്‍ താഴെയാണെന്നായിരുന്നു ഇന്നലെ ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നത്. ഓക്സിജന്‍ സപ്പോര്‍ട്ടിലാണ് എംടി ചികിത്സയില്‍ കഴിയുന്നതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. എംടിയെ വിദഗ്ധ സംഘം നിരീക്ഷിച്ച് വരികയാണ്. എല്ലാവിധ ചികിത്സയും ഉറപ്പാക്കിയിട്ടുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഈ മാസം 15നാണ് ശ്വാസതടസ്സത്തെ തുടര്‍ന്ന് എംടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ കുറെ നാളുകളായി വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അദ്ദേഹം വിശ്രമത്തിലാണ്. ഒരുമാസം മുന്‍പ് ശ്വാസതടസ്സവും ന്യൂമോണിയയും മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ദിവസങ്ങള്‍ നീണ്ട ചികിത്സയെ തുടര്‍ന്ന് ന്യൂമോണിയ മാറി ആശുപത്രി വിട്ട എംടി വീട്ടില്‍ വിശ്രമജീവിതം നയിച്ച് വരികയായിരുന്നു. അതിനിടെയാണ് വീണ്ടും ശ്വാസംതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
by Midhun HP News | Dec 21, 2024 | Latest News, കേരളം
കൊച്ചി: മിസ് കേരള മത്സര വിജയികളെ പ്രഖ്യാപിച്ചു. എറണാകുളം വൈറ്റില സ്വദേശിനി മേഘ ആന്റണി 2024 ലെ മിസ് കേരള കിരീടം ചൂടി. കോട്ടയം സ്വദേശിനി എൻ അരുന്ധതി ഫസ്റ്റ് റണ്ണറപ്പും തൃശൂർ കൊരട്ടി സ്വദേശിനി ഏയ്ഞ്ചൽ ബെന്നി സെക്കന്റ് റണ്ണറപ്പുമായി. എറണാകുളം സെന്റ് തെരേസാസ് കോളജിലെ ബിരുദ വിദ്യാർഥിനിയാണ് മേഘ ആന്റണി.
വിവിധ ഘട്ടങ്ങളിലെ മത്സരങ്ങളിൽ വിജയികളായെത്തിയ 19 പേരാണ് മിസ് കേരള 24-ാമത് പതിപ്പിന്റെ അവസാനഘട്ട മത്സരത്തിലുണ്ടായിരുന്നത്. വെള്ളിയാഴ്ച രാത്രി കൊച്ചി ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ വച്ചായിരുന്നു ഫൈനൽ മത്സരം. മിസ് ഫിറ്റ്നസ്, മിസ് ബ്യൂട്ടിബുൾ സ്മൈൽ എന്നീ സ്ഥാനങ്ങളിലേക്ക് റോസ്മി ഷാജിയും മിസ് ബ്യൂട്ടിഫുൾ ഐസ് ആയി ഏയ്ഞ്ചൽ ബെന്നിയെയും തിരഞ്ഞെടുത്തു.
അദ്രിക സഞ്ജീവ് ആണ് മിസ് ടാലന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത്. ഗ്രാൻഡ് കേരള കൺസ്യൂമർ ഫെസ്റ്റിവലിന്റെ ഭാഗമായാണു ‘മിസ് കേരള 2024’ ഫൈനൽ. മിസ് ബ്യൂട്ടിഫുൾ സ്കിനായി അമ്മു ഇന്ദു അരുൺ, മിസ് ഫോട്ടോജെനിക്, മിസ് ബ്യൂട്ടിഫുൾ ഹെയർ എന്നിവയിൽ സാനിയ ഫാത്തിമ എന്നിവരെയും തിരഞ്ഞെടുത്തു. ഡിസംബർ ആദ്യ വാരം തുടങ്ങിയ വിവിധ ഓഡിഷനുകളിൽ 300ലധികം മത്സരാർഥികൾ പങ്കെടുത്തിരുന്നു.
by Midhun HP News | Dec 21, 2024 | Latest News, കേരളം
പത്തനംതിട്ട: ശബരിമലയില്‍ തീര്‍ഥാടകരുടെ വലിയ തിരക്ക് കണക്കിലെടുത്ത് മണ്ഡല പൂജയുടെ പ്രധാന ദിവസങ്ങളായ 25നും 26നും വെര്‍ച്വല്‍ ക്യൂവിന്റെ എണ്ണം കുറച്ചു. ഈ ദിവസങ്ങളില്‍ സ്‌പോട് ബുക്കിങും ഒഴിവാക്കിയേക്കും.തങ്ക അങ്കി ഘോഷയാത്ര സന്നിധാനത്ത് എത്തി ദീപാരാധന നടക്കുന്ന 25ന് വെര്‍ച്വല്‍ ക്യൂ 54,444 പേര്‍ക്കു മാത്രമായാണ് കുറച്ചത്. മണ്ഡല പൂജ നടക്കുന്ന 26ന് 60,000 പേര്‍ക്കാണ് ദര്‍ശനത്തിന് അവസരം ഉള്ളത്.
സാധാരണ ദിവസങ്ങളില്‍ വെര്‍ച്വല്‍ ക്യൂ 70,000 ആയിരുന്നു. 25നും 26നും സ്‌പോട് ബുക്കിങ് നടത്തി ദര്‍ശനത്തിന് കടത്തിവിടില്ല. 26ന് ഉച്ചയ്ക്ക് 12നും 12.30യ്ക്കും മധ്യേയാണ് മണ്ഡലപൂജ. രണ്ടു ദിവസമായി 20,000 ത്തിനു മുകളിലാണ് സ്‌പോട് ബുക്കിങ്. ജനുവരി 12ന് 60,000ഉം 13ന് 50,000ഉം 14ന് 40,000ഉം പേര്‍ക്ക് മാത്രമായിരിക്കും ദര്‍ശനം. സന്നിധാനത്ത് ഈ സീസണില്‍ ഏറ്റവും കൂടുതല്‍ ഭക്തരെത്തിയത് ഇന്നലെയാണ്. 96,007 പേരാണ് ഇന്നലെ ദര്‍ശനം നടത്തിയത്. ഈ സീസണിലാകെ വന്‍ തിരക്കാണ് ശബരിമലയില്‍ അനുഭവപ്പെട്ടത്. ഇത് പരിഗണിച്ച് മണ്ഡല പൂജയ്ക്കും മകര വിളക്കിനും കൂടുതല്‍ ഭക്തരെത്താനുള്ള സാധ്യത മുന്നില്‍ കണ്ടുമാണ് നിയന്ത്രണം.
by Midhun HP News | Dec 21, 2024 | Latest News, കേരളം
കൊച്ചി: ആശുപത്രികൾക്ക് നേർക്കുള്ള ആക്രമണങ്ങളെ ഉരുക്കുമുഷ്ടി കൊണ്ട് നേരിടണമെന്ന് ഹൈക്കോടതി. ആശുപത്രികൾ ആധുനിക കാലത്തെ ക്ഷേത്രങ്ങളാണെന്നും ആരോഗ്യത്തിന്റെ ദൈവങ്ങളെ ആരാധിക്കാനാണ് അവിടേക്ക് ജനങ്ങൾ പോകുന്നതെന്നും ജസ്റ്റിസ് പിവി കുഞ്ഞി കൃഷ്ണൻ പറഞ്ഞു. ആക്രമണം നടത്തുന്ന പ്രതികൾക്ക് ജാമ്യമനുവദിക്കുമ്പോൾ നാശനഷ്ടത്തിന്റെ തുകയീടാക്കാനുള്ള വ്യവസ്ഥ ആരോഗ്യപ്രവർത്തകർക്കും ആശുപത്രികൾക്കും സംരക്ഷണം നൽകുന്ന 2012 ലെ നിയമത്തിൽ ഉൾപ്പെടുത്തുന്നത് സർക്കാർ പരിഗണിക്കണമെന്നും കോടതി നിർദേശിച്ചു.
തിരുവനന്തപുരത്തെ ആയുർവേദ ആശുപത്രിക്കു നേരെ ആക്രമണം നടത്തിയ കേസിലെ പ്രതി നിതിൻ ഗോപിയോട് ആശുപത്രിക്കുണ്ടായ നഷ്ടം 10000 രൂപ കെട്ടിവയ്ക്കാൻ ഉത്തരവിട്ടു കൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ആശുപത്രികൾക്ക് നേരെ ആക്രമണം നടത്തുന്നത് വലിയ പ്രശ്നമാണ്. ഡോക്ടർ, നഴ്സ്, ജീവനക്കാർ തുടങ്ങിയവരുടെ മോശം പ്രവൃത്തികൾ ഇതിനു കാരണമായേക്കാം.
എന്നാൽ അതിന്റെ പേരിൽ അതിക്രമം നടത്താനാകില്ലെന്നും കോടതി പറഞ്ഞു. പ്രതി കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയാൽ കോടതിയിൽ കെട്ടിവയ്ക്കുന്ന തുക തിരികെ നൽകാമെന്നും ഉത്തരവ് വ്യക്തമാക്കുന്നു. പ്രതിക്ക് 50,000 രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആൾ ജാമ്യവും വ്യവസ്ഥ ചെയ്ത് ജാമ്യമനുവദിക്കുകയും ചെയ്തു. പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ പിഴയായി ഈടാക്കുന്ന തുക ആശുപത്രിക്ക് കൈമാറാനും നിർദേശിച്ചു.
Recent Comments