സിനിമാ പ്രേക്ഷകരുടെ സ്വന്തം ‘വൈപ്പർ’; പ്രശസ്ത ഹോളിവുഡ് താരം ടോം സ്കെറിറ്റ് അന്തരിച്ചു

സിനിമാ പ്രേക്ഷകരുടെ സ്വന്തം ‘വൈപ്പർ’; പ്രശസ്ത ഹോളിവുഡ് താരം ടോം സ്കെറിറ്റ് അന്തരിച്ചു

ന്യൂയോർക്ക്: പ്രശസ്ത ഹോളിവുഡ് നടൻ ടോം സ്കെറിറ്റ് (93) അന്തരിച്ചു. ‘ടോപ്പ് ​ഗൺ’ (1986), ഏലിയൻ തുടങ്ങിയ സിനിമകളിലൂടെയും ‘പിക്കറ്റ് ഫെൻസസ്’ എന്ന ടെലിവിഷൻ പരമ്പരയിലൂടെയും ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറി. ബുധനാഴ്ചയായിരുന്നു അന്ത്യം. 1960 കൾ മുതൽ 2020 വരെയുള്ള ആറ് പതിറ്റാണ്ടുകളോളം അഭിനയരം​ഗത്ത് സജീവമായിരുന്നു.

സയൻസ് ഫിക്ഷൻ, യുദ്ധം പ്രമേയമായുള്ള ആക്ഷേപ ഹാസ്യ ചിത്രങ്ങൾ തുടങ്ങി വിവിധ ജോണറുകളിലായി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കഥ പറച്ചിലിനെയും കലയെയും അഗാധമായി സ്നേഹിച്ച അദ്ദേഹം, മറ്റുള്ളവരെ സഹായിക്കുന്നതിലും മുൻ സൈനികരുടെ ക്ഷേമപ്രവർത്തനങ്ങളിലും സജീവമായിരുന്നു.

‘ടോപ്പ് ഗൺ’ സിനിമയിലെ ഫ്ലൈറ്റ് ഇൻസ്ട്രക്ടർ ‘വൈപ്പർ’, ‘ഏലിയൻ’ ചിത്രത്തിലെ ദുരന്തം നേരിടുന്ന കപ്പൽ ക്യാപ്റ്റൻ, ‘പിക്കറ്റ് ഫെൻസസ്’ പരമ്പരയിലെ കർക്കശക്കാരനെങ്കിലും നീതിമാനായ ഷെരീഫ് എന്നിവ ടോം സ്കെറിറ്റിന്റെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ വേഷങ്ങളാണ്.

‘പിക്കറ്റ് ഫെൻസസ്’ എന്ന പരമ്പരയിലെ പ്രകടനത്തിന് 1993-ൽ അദ്ദേഹത്തിന് മികച്ച നടനുള്ള ‘എമ്മി അവാർഡ്’ ലഭിച്ചു. ടേണിങ് പോയിന്റ്, സ്റ്റീൽ മഗ്നോളിയാസ്, കോൺടാക്ട് എന്നിവയിലും അദ്ദേഹം മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തു. സിനിമകൾക്ക് പുറമേ നാടകവേദികളിലും ടോം സ്കെറിറ്റ് തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

സ്വര്‍ണവില ഒരു ലക്ഷത്തില്‍ താഴെ എത്തുമോ?, ഒറ്റയടിക്ക് 1400 രൂപ കുറഞ്ഞു; രണ്ടാഴ്ചക്കിടെ 7000 രൂപയുടെ ഇടിവ്

സ്വര്‍ണവില ഒരു ലക്ഷത്തില്‍ താഴെ എത്തുമോ?, ഒറ്റയടിക്ക് 1400 രൂപ കുറഞ്ഞു; രണ്ടാഴ്ചക്കിടെ 7000 രൂപയുടെ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഇടിവ് തുടരുന്നു. ഇന്ന് പവന് ഒറ്റയടിക്ക് 1400 രൂപയാണ് കുറഞ്ഞത്. 1,04,480 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 175 രൂപയാണ് കുറഞ്ഞത്. 13,060 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. രണ്ടാഴ്ചയക്കിടെ പവന് ഏകദേശം 7000 രൂപയാണ് കുറഞ്ഞത്.

ആഗോള വിപണിയിലെ എണ്ണവില അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില കുതിച്ചു ഉയരുകയാണ്. ബാരലിന് 113 ഡോളര്‍ കടന്നിരിക്കുകയാണ്. ഇതിന്റെ ഫലമായി പണപ്പെരുപ്പ നിരക്ക് കൂടുമെന്നതിനാല്‍ വീണ്ടും പലിശനിരക്ക് വര്‍ധിപ്പിക്കാന്‍ യുഎസ് ഫെഡറല്‍ റിസര്‍വ് തയ്യാറായേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. പലിശനിരക്ക് കൂട്ടിയാല്‍ സ്വര്‍ണത്തിന്റെ ആകര്‍ഷണം കുറയുമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

ഒന്‍പത് ജില്ലകളില്‍ തീവ്രമഴ മുന്നറിയിപ്പ്; അഞ്ചിടത്ത് യെല്ലോ അലര്‍ട്ട്

ഒന്‍പത് ജില്ലകളില്‍ തീവ്രമഴ മുന്നറിയിപ്പ്; അഞ്ചിടത്ത് യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്, തീവ്ര മഴ കണക്കിലെടുത്ത് ഇന്ന് ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റെല്ലാം ജില്ലകളിലും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. തിങ്കളാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരും.

വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണുര്‍, കാസര്‍കോട് ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6mm മുതല്‍ 204.4mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

വെള്ളിയാഴ്ച ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലും തിങ്കളാഴ്ച എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരള – ലക്ഷദ്വീപ് തീരങ്ങളിൽ 25/10/2026 വരെയും കർണാടക തീരത്ത് 23/10/2026 മുതൽ 25/10/2026 വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

25/10/2026 വരെ കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

23/10/20206 മുതൽ 25/10/2026 വരെ: കർണാടക തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

കള്ളക്കടൽ ജാഗ്രത നിർദേശം- പുതുക്കിയത്

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ) ജില്ലയിലെ തീരങ്ങളിൽ ഇന്ന് (23/10/2026) രാവിലെ 11.30 മുതൽ 24/10/2026 രാത്രി 11.30 വരെ 0.8 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം (INCOIS) അറിയിച്ചു.

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കന്യാകുമാരി തീരത്ത് 24/10/2026 വൈകുന്നേരം 05.30 വരെ 0.9 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം (INCOIS) അറിയിച്ചു.

കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

പ്രധാനമന്ത്രിയുടെ ചിത്രം നിലത്തിട്ട് ചവിട്ടി; പത്ത് വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് കേസ്

പ്രധാനമന്ത്രിയുടെ ചിത്രം നിലത്തിട്ട് ചവിട്ടി; പത്ത് വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് കേസ്

പാലക്കാട്: മണ്ണാര്‍ക്കാട് പ്രധാനമന്ത്രിയെ അധിക്ഷേപിച്ചെന്ന പരാതിയില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്. കല്ലടി എംഇഎസ് കോളജിലെ കണ്ടാലറിയാവുന്ന പതിനഞ്ച് വിദ്യാര്‍ഥികള്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. 15-ഓളം എംഎസ്എഫ്, എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെയാണ് നടപടി.

വിദ്യാര്‍ത്ഥികള്‍ മോദിയുടെ ഫോട്ടോയില്‍ ചവിട്ടി മുദ്രാവാക്യം വിളിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. മണ്ണാര്‍ക്കാട്ടെ ബിജെപി നേതാവ് ബിജു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.

ഒക്ടോബര്‍ 13-ന് മണ്ണാര്‍ക്കാട് കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശ ആഘോഷങ്ങള്‍ക്കിടെ ആയിരുന്നു സംഭവമെന്ന് പൊലീസ് പറഞ്ഞു. കലാപ ആഹ്വാനം ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ പ്രതികള്‍ പ്രധാനമന്ത്രിയുടെ ചിത്രം കീറുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തതായി എഫ്‌ഐആറില്‍ പറയുന്നു. ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 192 പ്രകാരമാണ് മണ്ണാര്‍ക്കാട് പൊലീസ് സ്റ്റേഷനില്‍ കേസെടുത്തിരിക്കുന്നത്.

’50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം’; കേസിന് പിന്നാലെ ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് വക്കീല്‍ നോട്ടീസ്

’50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം’; കേസിന് പിന്നാലെ ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് വക്കീല്‍ നോട്ടീസ്

പത്തനംതിട്ട: കോണ്‍ഗ്രസ് നേതാവും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് സിപിഎം മുന്‍ ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു മാനനഷ്ടത്തിന് വക്കീല്‍ നോട്ടീസ് അയച്ചു. ഫെയ്‌സ്ബുക്കിലൂടെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ചാണ് വക്കീല്‍ നോട്ടീസ്. 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ഉദയഭാനു നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നപ്പോള്‍ കെ പി ഉദയഭാനു വനിതാ ജീവനക്കാരിയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയിരുന്നതായി ശ്രീനാദേവി കുഞ്ഞമ്മ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ആരോപണം ഉന്നയിച്ചിരുന്നു. ഉദയഭാനു ഉപയോഗിക്കുന്ന വാഹനം സംബന്ധിച്ചും ശ്രീനാദേവി കുഞ്ഞമ്മ പോസ്റ്റില്‍ ആക്ഷേപം ഉന്നയിച്ചിരുന്നു. ഇതിനെതിരെയാണ് ഉദയഭാനു നിയമനടപടിയുമായി മുന്നോട്ടു പോയിരിക്കുന്നത്.

ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റ് എത്രയും പെട്ടെന്ന് നീക്കം ചെയ്യണമെന്നും, തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിന് ശ്രീനാദേവി കുഞ്ഞമ്മ പരസ്യമായി മാപ്പ് എഴുതി നല്‍കണമെന്നും വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ 15 ദിവസത്തിനകം നോട്ടീസിന് മറുപടി നല്‍കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിലിനെ കെ പി ഉദയഭാനു വിമര്‍ശിച്ചതിന് പിന്നാലെയാണ് ശ്രീനാദേവി കുഞ്ഞമ്മ ഉദയഭാനുവിനെതിരെ വിവാദ കുറിപ്പിട്ടത്.

സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തി എന്ന സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായ ഉദയഭാനുവിന്റെ പരാതിയില്‍ നേരത്തെ അടൂര്‍ പൊലീസ് ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ കേസ് എടുത്തിരുന്നു. പൊതുപ്രവര്‍ത്തന ജീവിതത്തെ അപകീര്‍ത്തിപ്പെടുത്തി, ലൈംഗിക അരാജകത്വത്തോടെ ജീവിക്കുന്ന ആളാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചു എന്നിങ്ങനെയാണ് എഫ്‌ഐആറില്‍ പറയുന്നത്. 2025 നവംബറിലാണ് ശ്രീനാദേവി സിപിഐ വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

പൂട്ടിപ്പോയെന്ന് ആര് പറഞ്ഞു…? ശ്രീധര്‍ വരും; പുത്തന്‍ സ്റ്റൈലില്‍

പൂട്ടിപ്പോയെന്ന് ആര് പറഞ്ഞു…? ശ്രീധര്‍ വരും; പുത്തന്‍ സ്റ്റൈലില്‍

കൊച്ചി: ഹോളിവുഡ് സിനിമകളുടെ ആസ്ഥാനമായ കൊച്ചി മേനകയിലെ ശ്രീധര്‍ തിയേറ്റര്‍ അടച്ചുപൂട്ടി എന്ന പ്രചാരണം തള്ളി തിയേറ്റര്‍ ഉടമ സുരേഷ് ഷേണായി രംഗത്തെത്തി. തിങ്കളാഴ്ച മുതല്‍ ശ്രീധര്‍ അടച്ചു എന്നത് ശരിയാണ്. അതുപക്ഷേ, നവീകരണത്തിനു വേണ്ടിയാണെന്ന് അദ്ദേഹം പറഞ്ഞു. ആധുനിക സാങ്കേതികവിദ്യയും പാര്‍ക്കിങ് സൗകര്യങ്ങളുമായി ശ്രീധര്‍ പുതിയ സ്റ്റൈലില്‍ തിരിച്ചുവരും. നവീകരണത്തിന്റെ അന്തിമരൂപമായിട്ടില്ല. കൂടുതല്‍ സ്‌ക്രീനുകളുള്ള മള്‍ട്ടിപ്ലക്‌സ് സംവിധാനത്തിലായിരിക്കും ശ്രീധര്‍ തിരിച്ചെത്തുക.

1964ല്‍ പ്രവര്‍ത്തനമാരംഭിച്ച ശ്രീധര്‍, കേരളത്തിലെ ആദ്യത്തെ എയര്‍ കണ്ടീഷന്‍ഡ് തിയേറ്റര്‍ ആണ്. ഡോള്‍ബി സൗണ്ട് സിസ്റ്റവും 3D ഡിജിറ്റല്‍ പ്രൊജക്ടറും കേരളത്തില്‍ ആദ്യമായി അവതരിപ്പിച്ചതും ശ്രീധറിലായിരുന്നു. ഹോളിവുഡ് നിര്‍മ്മാണ കമ്പനിയായ കൊളംബിയ പിക്‌ചേഴുമായുള്ള ദീര്‍ഘകാല കരാര്‍ പ്രകാരം ലോകോത്തര ഇംഗ്ലീഷ് സിനിമകള്‍ ഹോളിവുഡിനൊപ്പംതന്നെ ശ്രീധറിലും റിലീസ് ചെയ്തിരുന്നു. ടൈറ്റാനിക്, ജുറാസിക് പാര്‍ക്ക്, ദ ഗോഡ്ഫാദര്‍ തുടങ്ങിയ ചിത്രങ്ങള്‍ റെക്കോര്‍ഡ് കലക്ഷനാണ് നേടിയത്.

മള്‍ട്ടിപ്ലക്‌സുകള്‍ സജീവമായതോടെ ശ്രീധറിന്റെ പൊലിമ മങ്ങി. പാര്‍ക്കിങ് സൗകര്യം ഇല്ലാത്തതും തിയേറ്ററില്‍ ആളുകുറഞ്ഞതും തിരിച്ചടിയായി. എന്നിട്ടും ഹിന്ദി, ഇംഗ്ലീഷ്, തമിഴ് ചിത്രങ്ങളായി തിയേറ്റര്‍ നിലനിര്‍ത്തിയെങ്കിലും നവീകരണം എന്ന തീരുമാനത്തിലേക്ക് ഉടമകള്‍ എത്തുകയായിരുന്നു. എംജി റോഡിലെ പത്മ, ഷേണായീസ് തിയേറ്ററുകളുടെ ഉടമകളായ ഷേണായി കുടുംബത്തിന്റെതാണ് ശ്രീധര്‍. ലക്ഷ്മണന്‍ ഷേണായിയുടെ മകന്‍ ശ്രീധര്‍ ഷേണായിയുടെ ഓര്‍മ്മയ്ക്കായാണ് ശ്രീധര്‍ എന്ന പേര് നല്‍കിയത്.