വിവാഹ ചടങ്ങിൽ വിളമ്പിയ ബിരിയാണിയിൽ നിന്ന് ഭക്ഷ്യവിഷബാധ; ബ്രാൻഡ് അംബാസഡർ ദുൽഖർ സൽമാൻ ഉൾപ്പെടെ മൂന്നു പേർക്ക് നോട്ടീസ്

വിവാഹ ചടങ്ങിൽ വിളമ്പിയ ബിരിയാണിയിൽ നിന്ന് ഭക്ഷ്യവിഷബാധ; ബ്രാൻഡ് അംബാസഡർ ദുൽഖർ സൽമാൻ ഉൾപ്പെടെ മൂന്നു പേർക്ക് നോട്ടീസ്

ഒരു വിവാഹ ചടങ്ങിനായി ഉപയോഗിച്ച ബിരിയാണി അരിയിൽ നിന്ന് ഭക്ഷ്യവിഷബാധയുണ്ടായി എന്ന പരാതിയിൽ, അരി ബ്രാൻഡിന്റെ ഉടമയ്ക്കും അതിന്റെ ബ്രാൻഡ് അംബാസഡറായ നടൻ ദുൽഖർ സൽമാനും ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ നോട്ടീസ് അയച്ചു.

പത്തനംതിട്ട ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനാണ് ഈ നിർദ്ദേശം നൽകിയിരിക്കുന്നത്. നടൻ ദുൽഖർ സൽമാൻ, റൈസ് ബ്രാൻഡ് കമ്പനി ഉടമ എന്നിവരോട് ഡിസംബർ 12-ന് കമ്മീഷനു മുമ്പാകെ നേരിട്ട് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പത്തനംതിട്ട സ്വദേശിയായ പി.എൻ. ജയരാജൻ സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നോട്ടീസ് അയച്ചതെന്ന് കമ്മീഷൻ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. കാറ്ററിങ് സ്ഥാപനം നടത്തുന്ന പരാതിക്കാരൻ വിവാഹത്തിന് ബിരിയാണി തയ്യാറാക്കാനായി ഈ ബ്രാൻഡ് അരി വാങ്ങിയിരുന്നു. എന്നാൽ, അരി പാക്ക് ചെയ്ത ചാക്കുകളിൽ ഡേറ്റും എക്‌സ്‌പൈറി ഡേറ്റും രേഖപ്പെടുത്തിയിരുന്നില്ലെന്നാണ് പ്രധാന ആരോപണം.

ഈ അരി ഉപയോഗിച്ച് ഉണ്ടാക്കിയ ബിരിയാണി കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റു എന്നാണ് പരാതി. അരി വിറ്റ മലബാർ ബിരിയാണി ആൻഡ് സ്പൈസസ് പത്തനംതിട്ട എന്ന സ്ഥാപനത്തിന്റെ മാനേജർക്കെതിരെയും ആരോപണമുണ്ട്. ഏറ്റവും പ്രധാനം, ബ്രാൻഡിന്റെ അംബാസഡറായ ദുൽഖർ സൽമാനെ മുഖ്യ എതിർകക്ഷിയാക്കിയാണ് പരാതി നൽകിയിട്ടുള്ളത്. ദുൽഖർ സൽമാൻ അഭിനയിച്ച പരസ്യം കണ്ടാണ് താൻ ഈ അരി വാങ്ങാൻ തീരുമാനിച്ചതെന്ന് പരാതിക്കാരൻ കമ്മീഷനെ അറിയിച്ചു.

തന്റെ കാറ്ററിങ് ബിസിനസിന്റെ നല്ല പേരിന് സത്കീർത്തിക്ക് കളങ്കം വന്നതിന് ഉത്തരവാദികൾ ഇവരാണെന്ന് പരാതിക്കാരൻ ആരോപിക്കുന്നു. അരിക്ക് ചെലവായ 10,250 രൂപക്ക് പുറമെ, അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു. DE 606067 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ DG 258220 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.DF 539824 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചു ലക്ഷം രൂപ.

ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില.ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

Consolation Prize Rs.5,000/-

DA 606067

DB 606067

DC 606067

DD 606067

DF 606067

DG 606067

DH 606067

DJ 606067

DK 606067

DL 606067

DM 606067

4th Prize Rs.5,000/-

1522 2429 2561 3004 3318 3426 3698 3795 3835 5927 5938 6307 6924 6947 7062 8274 8381 8585 9100

5th Prize Rs.2,000/-

5680 6060 6377 6946 8222 9815

6th Prize Rs.1,000/-

0196 0287 0547 0805 1442 1504 1701 2697 3488 3623 3953 4054 6115 6193 6700 7093 7175 7317 7517 7597 8660 8982 9161 9180 9714

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടതുമുണ്ട്.

അഞ്ചുവര്‍ഷം കൊണ്ട് ലഭിക്കുന്നത് 12.30 ലക്ഷം, ഇതാ ഒരു വരുമാന പദ്ധതി

അഞ്ചുവര്‍ഷം കൊണ്ട് ലഭിക്കുന്നത് 12.30 ലക്ഷം, ഇതാ ഒരു വരുമാന പദ്ധതി

ജോലിയില്‍ നിന്നും വിരമിക്കാന്‍ ഏതാനും മാസങ്ങളോ ആഴ്ചകളോ മാത്രം ശേഷിക്കുന്നവരെ സംബന്ധിച്ച് റിട്ടയര്‍ ലൈഫിലും വരുമാനം നിലനിര്‍ത്താന്‍ എന്തുചെയ്യണമെന്ന ചിന്ത സാധാരണയായി ഉണ്ടാവാറുണ്ട്. ജോലിയില്‍ നിന്നും വിരമിക്കുമ്പോഴും സ്ഥിരമായ വരുമാനം എല്ലാവരുടെയും സ്വപ്‌നമാണ്. ഇതിന് യോജിച്ച പ്ലാനാണ് പോസ്റ്റ് ഓഫീസിന്റെ സീനിയര്‍ സിറ്റിസണ്‍സ് സേവിങ്‌സ് സ്‌കീം.

സര്‍ക്കാര്‍ പിന്തുണയുള്ള ഈ പദ്ധതി മുതിര്‍ന്ന പൗരന്മാര്‍ക്കായി മാത്രം നിക്ഷേപിക്കാവുന്നതാണ്. ഈ സ്‌കീം പ്രകാരം ഒറ്റത്തവണ നിക്ഷേപിക്കുന്ന തുകക്ക് ഓരോ മൂന്നു മാസത്തിലും പലിശ ക്രെഡിറ്റ് ചെയ്യപ്പെടുന്നു. 5 വര്‍ഷത്തെ കാലാവധിയിലാണ് സീനിയര്‍ സിറ്റിസണ്‍ സേവിങ്‌സ് സ്‌കീമില്‍ നിക്ഷേപിക്കുന്നത്.

ഈ സ്‌കീമില്‍ നിക്ഷേപിക്കാവുന്ന ഏറ്റവും കുറഞ്ഞ നിക്ഷേപം 1,000 രൂപയാണ്. എന്നാല്‍ പരമാവധി 30 ലക്ഷം വരെ നിക്ഷേപിക്കാം. ഈ സേവിങ്‌സ് സ്‌കീമില്‍ സിംഗിള്‍ അക്കൗണ്ടും ജോയിന്റ് അക്കൗണ്ടും തുറക്കാം. നിലവില്‍ സീനിയര്‍ സിറ്റിസണ്‍സ് സേവിങ്‌സ്് സ്‌കീം വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് 8.2 ശതമാനമാണ്. അടുത്തുള്ള പോസ്റ്റ് ഓഫീസ് സന്ദര്‍ശിച്ചാല്‍ സീനിയര്‍ സിറ്റിസണ്‍ സേവിങ്‌സ് സ്‌കീമിന്റെ അപേക്ഷാ ഫോം ലഭിക്കും. നേരിട്ട് പോവാന്‍ സാധിക്കാത്തവര്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും ഈ ഫോം ഡൗണ്‍ലോഡ് ചെയ്യാവുന്നതുമാണ്.

സീനിയര്‍ സിറ്റിസണ്‍ സേവിങ്‌സ്് സ്‌കീം അക്കൗണ്ട് കാലാവധി നീട്ടാനും സാധിക്കും. 5 വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാകുന്ന തീയതി മുതല്‍ ഒരു വര്‍ഷത്തിനുള്ളില്‍ കാലാവധി നീട്ടാം. 3 വര്‍ഷം നീട്ടാം. കാലാവധി നീട്ടുന്നതിനും പോസ്റ്റ് ഓഫീസില്‍ ഒരു ഫോം പൂരിപ്പിച്ച് നല്‍കണം. കൂടുതല്‍ വര്‍ഷത്തേക്ക് സ്ഥിരമായ വരുമാനം ഉറപ്പാക്കാന്‍ ഇതിലൂടെ സാധിക്കും.

അഞ്ച് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാവുന്നതിനു മുന്നേ ആവശ്യമെങ്കില്‍ അക്കൗണ്ട് ക്ലോസ് ചെയ്യാം. നിക്ഷേപം ആരംഭിച്ച് ഒരു വര്‍ഷത്തിനു മുന്നേ ക്ലോസ് ചെയ്താല്‍ പലിശ കിട്ടില്ല. ക്ലോസ് ചെയ്യുന്നതിനു മുന്നേ ഏതെങ്കിലും തവണ പലിശ ക്രെഡിറ്റ് ചെയ്തിട്ടുണ്ടെങ്കില്‍, അത് മുതലില്‍ നിന്ന് കുറയ്ക്കും. ബാക്കി തുകയായിരിക്കും നിക്ഷേപകന് ലഭിക്കുന്നത്. ഒരു വര്‍ഷത്തിനു ശേഷം 2 വര്‍ഷത്തിനു മുമ്പ് അക്കൗണ്ട് ക്ലോസ് ചെയ്താല്‍, മൊത്തം നിക്ഷേപത്തിന്റെ 1.5% കുറയ്ക്കും. ബാക്കി തുകയാണ് നിക്ഷേപകന് ലഭിക്കുന്നത്. രണ്ട് വര്‍ഷത്തിന് ശേഷം അക്കൗണ്ട് ക്ലോസ് ചെയ്താല്‍, മൊത്തം നിക്ഷേപത്തിന്റെ ഒരു ശതമാനം കുറയ്ക്കും. കാലാവധി ഒരു തവണ നീട്ടിയിട്ടുണ്ടെങ്കില്‍ ആ നീട്ടിയ കാലാവധിയുടെ ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുമ്പ് അക്കൗണ്ട് ക്ലോസ് ചെയ്താല്‍, നിക്ഷേപത്തിന്റെ ഒരു കുറയ്ക്കും.

5 വര്‍ഷത്തെ കാലാവധിയില്‍ 30 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ ഓരോ മൂന്നു മാസത്തിലും ലഭിക്കുന്ന പലിശ വരുമാനം 61,500 രൂപയാണ്. അതായത് മൊത്തം 5 വര്‍ഷം കൊണ്ട് ലഭിക്കുന്ന പലിശ വരുമാനം 12,30,000 രൂപയാണ്. അങ്ങനെയെങ്കില്‍ ലഭിക്കുന്ന മൊത്തം മെച്യൂരിറ്റി തുക 42,30,000 രൂപയായിരിക്കും.

ടിടിഇയെ തള്ളിയിടാന്‍ ശ്രമം; പ്രതിയെ പെറ്റിക്കേസെടുത്ത് വിട്ടയച്ചു

തൃശ്ശൂര്‍: ഇരിങ്ങാലക്കുട സ്റ്റേഷനു സമീപം ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്ന് ടിടിഇയെ തള്ളിയിടാന്‍ ശ്രമിച്ച സംഭവത്തില്‍ അക്രമിക്കെതിരെ പെറ്റിക്കേസ് മാത്രം ചുമത്തി വിട്ടയച്ചു. കസ്റ്റഡിയിലുണ്ടായിരുന്ന പ്രതിയെ പരാതി ലഭിക്കാത്തതിനാലാണ് പൊലീസ് വിട്ടയച്ചത്. മദ്യപിച്ച് ശല്യം ചെയ്‌തെന്ന നിലയില്‍ പെറ്റിക്കേസ് മാത്രമാണ് പ്രതിയായ പാലക്കാട് സ്വദേശിക്കെതിരെ ചുമത്തിയത്.

ട്രെയിനില്‍ ഇത്തരം സംഭവങ്ങളുണ്ടായാല്‍ പതിവുള്ള മെമ്മോ നല്‍കിയിട്ടില്ലെന്നും അതിനാലാണ് പെറ്റിക്കേസില്‍ ഒതുങ്ങാന്‍ കാരണമെന്നുമാണ് റെയില്‍വേ പൊലീസിന്റെ വിശദീകരണം. സംഭവത്തില്‍ മൊഴിയെടുപ്പ് ബുധനാഴ്ച നടന്നേക്കും. എന്നാല്‍ ഓടുന്ന ട്രെയിനില്‍നിന്നു തള്ളിയിടാനുള്ള ശ്രമത്തെത്തുടര്‍ന്ന് കടുത്ത മാനസികാഘാതത്തിലായിരുന്നെന്നും ഇതുമൂലമാണ് രേഖാമൂലം പരാതി നല്‍കാതെ വീട്ടിലേക്ക് മടങ്ങിയതെന്നുമാണ് എറണാകുളത്തെ സ്‌ക്വാഡ് ഇന്‍സ്‌പെക്ടറായ എ സനൂപ് പറയുന്നത്. കൂടുതല്‍ ആരോഗ്യപ്രശ്നങ്ങളില്ലെങ്കില്‍ അടുത്തദിവസം തന്നെ നേരിട്ടെത്തി മൊഴി നല്‍കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും സനൂപ് വ്യക്തമാക്കി.

വര്‍ക്കലയില്‍ മദ്യലഹരിയില്‍ സഹയാത്രികന്‍ യുവതിയെ ട്രെയിനില്‍ നിന്ന് പുറത്തേയ്ക്ക് തള്ളിയിട്ട സംഭവത്തിന്റെ ഞെട്ടല്‍ വിട്ടുമാറും മുന്‍പ് ഞായറാഴ്ചയാണ് ഈ സംഭവം നടന്നത്. സംഭവത്തില്‍ എ സനൂപിന് കൈയ്ക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രി തിരുവനന്തപുരത്തുനിന്ന് ഷാലിമാറിലേക്ക് പുറപ്പെട്ട ഗുരുദേവ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസിലാണ് സംഭവം നടന്നത്. റിസര്‍വേഷന്‍ കമ്പാര്‍ട്ട്മെന്റില്‍ മദ്യപിച്ച് ബഹളം വയ്ക്കുന്നതുകണ്ട് പിടികൂടിയപ്പോള്‍ അക്രമി ജനറല്‍ ടിക്കറ്റിലാണ് യാത്രയെന്ന് മനസ്സിലായി. തുടര്‍ന്ന് ജനറല്‍ കമ്പാര്‍ട്ട്മെന്റിലേക്ക് മാറണമെന്നാവശ്യപ്പെട്ടപ്പോഴാണ് ഇയാള്‍ ടിടിഇയുടെ കൈയില്‍ പിടിച്ചുവലിച്ച് പുറത്തേക്ക് ചാടാന്‍ ശ്രമിച്ചത്. തൃശ്ശൂര്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ സനൂപ് റെയില്‍വേ പൊലീസില്‍ വിവരമറിയിച്ച് സ്വയം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. പ്രാഥമിക ചികിത്സ നേടിയശേഷം എറണാകുളത്തേക്ക് പോയി.

സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ ഇടിവ്

സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് ഒറ്റയടിക്ക് 720 രൂപയാണ് കുറഞ്ഞത്. 89,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 90 രൂപയാണ് കുറഞ്ഞത്. 11,135 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഇന്നലെ പവന് 520 രൂപ കുറഞ്ഞതോടെയാണ് സ്വര്‍ണവില 90,000ല്‍ താഴെയെത്തിയത്. പത്തുദിവസത്തിനിടെ 9000 രൂപ കുറഞ്ഞ ശേഷം ഒക്ടോബര്‍ 30 മുതല്‍ വീണ്ടും വില ഉയര്‍ന്ന് 90,000ന് മുകളില്‍ എത്തിയിരുന്നു. തുടര്‍ച്ചയായ ദിവസങ്ങളില്‍ വില കൂടി 90,000 കടന്ന് കുതിച്ച സ്വര്‍ണവില ഇന്നലെ ഒറ്റയടിക്ക് താഴ്ന്നതോടെയാണ് 90,000ല്‍ താഴെയെത്തിയത്. ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്. അമേരിക്കയില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വം അടക്കമുള്ള വിഷയങ്ങളാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന ചലനങ്ങള്‍ ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുന്നതാണ് വില വര്‍ധനയ്ക്ക് കാരണം.

പിക്കപ്പ് വാഹനത്തില്‍ വള്ളവുമായി അപകടയാത്ര; പിഴ നൽകി മോട്ടോര്‍ വാഹനവകുപ്പ്

പിക്കപ്പ് വാഹനത്തില്‍ വള്ളവുമായി അപകടയാത്ര; പിഴ നൽകി മോട്ടോര്‍ വാഹനവകുപ്പ്

തൃശൂര്‍: ഫൈബര്‍ വള്ളം പിക്കപ്പ് വാന് മുകളില്‍വെച്ചുകെട്ടി അപകടകരമായ യാത്ര. തിരുനെല്‍വേലിയില്‍ നിന്നും ബേപ്പൂരിലേക്കായിരുന്നു ഫൈബര്‍ വള്ളവുമായുള്ള യാത്ര. തൃശൂരില്‍ വച്ച് ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റ് വാഹനവും വളളവും പിടികൂടി. ഇതോടെ മോട്ടോര്‍ വാഹനവകുപ്പ് 27,500 രൂപ പിഴയിട്ടു.

പിക്കപ്പ് വാഹനത്തിന് ഫിറ്റ്നസും പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റും ഇന്‍ഷുറന്‍സും ഇല്ലാതെയാണ് ഈ ബോട്ട് തിരുനല്‍വേലിയില്‍ നിന്നും ബേപ്പൂരിലേക്ക് കൊണ്ടുപോയിരുന്നത്. തിരുനെല്‍വേലി സ്വദേശിയുടേതാണ് വാഹനം. ബേപ്പൂര്‍ സ്വദേശി സി പി മുഹമ്മദ് നിസാമിന്റേതാണ് ബോട്ട്. ചെറിയ വാഹനത്തില്‍ മുന്നിലേക്കും പുറകിലേക്കും വശങ്ങളിലേക്കും തള്ളി നില്‍ക്കുന്ന രീതിയിലാണ് ബോട്ട് ഉണ്ടായിരുന്നത്. മാത്രമല്ല വാഹനം വളവുകള്‍ തിരിയുമ്പോള്‍ മറിയാനുള്ള സാധ്യതയും ഉണ്ടായിരുന്നു. അപകടകരമായ യാത്ര ശ്രദ്ധയില്‍പ്പെട്ട തൃശൂര്‍ ആര്‍ടിഒ എന്‍ഫോഴ്സ്മെന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പി വി ബിജുവാണ് വാഹനം പിടിച്ചെടുത്തത്.

പുറത്തേക്ക് തള്ളി നില്‍ക്കുന്ന ലോഡ് കയറ്റിയതിന് 20000 രൂപയും ഫിറ്റ്‌നസിന് 3000 രൂപയും ഇന്‍ഷുറന്‍സ് ഇല്ലാത്തതിന് 2000 രൂപയും പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിന് 2000 രൂപയും ചേര്‍ത്ത് ആകെ 27500 രൂപ പിഴചുമത്തി. ബോട്ട് വലിയ ലോറിയില്‍ മാറ്റി കയറ്റി കൊണ്ടുപോകുവാനും നിര്‍ദേശം നല്‍കി.