പ്രിയ സുഹൃത്തിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ വേദനയോടെ മുഖ്യമന്ത്രി

പ്രിയ സുഹൃത്തിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ വേദനയോടെ മുഖ്യമന്ത്രി

കണ്ണൂര്‍: ആത്മാര്‍ഥ സുഹൃത്തിന്റെ മരണവാര്‍ത്തയറിഞ്ഞ് അവസാനമായി ഒരുനോക്കു കാണാന്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. കീഴ്ത്തള്ളിയിലെ എന്‍എം രതീന്ദ്രനാണ് ഇന്നലെ കുഴഞ്ഞുവീണ് മരിച്ചത്. സിപിഎം മുതിര്‍ന്ന നേതാവ് ഇപി ജയരാജന്റെ പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി ഇന്നലെ കണ്ണൂരില്‍ ഉണ്ടായിരുന്നു.

മുഖ്യമന്ത്രിയുടെ വരവറിഞ്ഞ് അദ്ദേഹത്തെ കാണാനായി രതീന്ദ്രന്‍ കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ എത്തിയിരുന്നു. മുഖ്യമന്ത്രിയെ കണ്ട് മടങ്ങുന്നതിനിടെ രതീന്ദ്രന്‍ കുഴഞ്ഞുവീഴുകയും ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിക്കുകയുമായിരുന്നു. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു മുഖ്യമന്ത്രിയും രതീന്ദ്രനും പരസ്പരം കണ്ടത്. കൂടിക്കാഴ്ചക്കു ശേഷം മുഖ്യമന്ത്രി ഇപി ജയരാജന്റെ പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുക്കുന്നതിന് ഇറങ്ങി. തൊട്ടുപിന്നാലെ രതീന്ദ്രന്‍ വീട്ടിലേയ്ക്കും ഇറങ്ങി.

ഗസ്റ്റ് ഹൗസില്‍ നിന്ന് കുറച്ചുദൂരം പിന്നിട്ടപ്പോള്‍ രതീന്ദ്രന്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ രതീന്ദ്രനെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സ നല്‍കി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വൈകിട്ടോടെയായിരുന്നു അന്ത്യം. പുസ്തക പ്രകാശന ചടങ്ങിനിടെ സുഹൃത്തിന്റെ മരണവിവരമറിഞ്ഞ മുഖ്യമന്ത്രി ആശുപത്രിയിലെത്തി തന്റെ സുഹൃത്തിനെ അവസാനമായി ഒരുനോക്കു കണ്ടു. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

ചെറുപ്പം മുതല്‍ പിണറായി വിജയനുമായും കുടുംബവുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആളാണ് രതീന്ദ്രന്‍. പിണറായി കണ്ണൂരിലെത്തുമ്പോഴെല്ലാം രതീന്ദ്രന്‍ അദ്ദേഹത്തെ കാണാനും സൗഹൃദം പങ്കിടാനും എത്താറുണ്ട്. ചൊവ്വ സഹകരണ സ്പിന്നിങ് മില്‍ ജീവനക്കാരനായിരുന്ന രതീന്ദ്രന്‍ വിരമിച്ചതിന് പിന്നാലെ വിശ്രമജീവിതം നയിക്കുകയായിരുന്നു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് പയ്യാമ്പലത്ത് നടന്നു.

സ്വകാര്യ ഡിറ്റക്ടീവ്, പണം നല്‍കിയാല്‍ ആരുടെയും വിവരങ്ങള്‍ ചോര്‍ത്തി നല്‍കാം, പരസ്യം നല്‍കിയ ഹാക്കര്‍ അറസ്റ്റിൽ

സ്വകാര്യ ഡിറ്റക്ടീവ്, പണം നല്‍കിയാല്‍ ആരുടെയും വിവരങ്ങള്‍ ചോര്‍ത്തി നല്‍കാം, പരസ്യം നല്‍കിയ ഹാക്കര്‍ അറസ്റ്റിൽ

പത്തനംതിട്ട: പണം നൽകിയാൽ ആരുടെയും വിവരങ്ങള്‍ ചോര്‍ത്തി നല്‍കാമെന്ന് പരസ്യം നല്‍കിയ ഹാക്കർ അറസ്റ്റിൽ. അടൂര്‍ കോട്ടമുകള്‍ സ്വദേശിയായ 23 കാരൻ ജോയല്‍ ആണ് അറസ്റ്റിലായത്. കേന്ദ്ര ഏജന്‍സികളുടെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പത്തനംതിട്ട സൈബർ പൊലീസാണ് ജോയലിനെ അറസ്റ്റ് ചെയ്തത്.

ഹൈദരാബാദിലെ സ്വകാര്യ ഡിക്റ്റക്ടീവ് ഏജന്‍സിക്ക് വേണ്ടി ജോലിചെയ്യുകയായിരുന്നു ഇയാളെന്നാണ് വിവരം. പണം മുടക്കാന്‍ തയ്യാറാണെങ്കില്‍ ആര്‍ക്കു വേണെമെങ്കിലും ആരുടെയും ലൈവ് ലൊക്കേഷന്‍, കോള്‍ വിവരങ്ങള്‍ ഉള്‍പ്പെടെ ലഭ്യമാക്കാമെന്ന് ഇയാള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പരസ്യം ചെയ്തിരുന്നു. ഇക്കാര്യം വ്യക്തമാക്കുന്ന വീഡിയോയും ഇയാള്‍ പങ്കുവെച്ചിരുന്നു. ഈ വീഡിയോ സൈബര്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ചില യുവാക്കള്‍ തങ്ങളുടെ കമിതാക്കളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ഇയാളുടെ സേവനം ഉപയോഗപ്പെടുത്തിയിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ഇയാളുടെ സേവനം തേടിയവര്‍ ആരൊക്കെയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

വിദ്യാര്‍ഥികളുടെ ബസ് കണ്‍സെഷന്‍ ഇനി ആപ്പ് വഴി, എംവിഡി ലീഡ്സ് വിപുലീകരിക്കുന്നു, സ്‌കാന്‍ ചെയ്ത് യാത്ര

വിദ്യാര്‍ഥികളുടെ ബസ് കണ്‍സെഷന്‍ ഇനി ആപ്പ് വഴി, എംവിഡി ലീഡ്സ് വിപുലീകരിക്കുന്നു, സ്‌കാന്‍ ചെയ്ത് യാത്ര

കൊച്ചി: സംസ്ഥാനത്ത് പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്ന വിദ്യാര്‍ഥികളുടെ യാത്രാ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. സ്വകാര്യ, കെഎസ്ആര്‍ടിസി സ്റ്റേജ് ക്യാരേജുകളില്‍ വിദ്യാര്‍ഥികളുടെ യാത്രാ കണ്‍സെഷന്‍ ഓണ്‍ലൈനാക്കുന്നതിന് ഏകീകൃത ഡിജിറ്റല്‍ പ്ലാറ്റ്ഫോമായി എംവിഡി ലീഡ്സ് മൊബൈല്‍ ആപ്ലിക്കേഷനെ വിപൂലീകരിക്കുന്നതിനാണ് കേരള സര്‍ക്കാര്‍ ഒരുങ്ങുന്നത്. കണ്‍സെഷനെ ചൊല്ലി വിദ്യാര്‍ഥികളും ബസ് ഓപ്പറേറ്റര്‍മാരും തമ്മിലുള്ള തര്‍ക്കം പരിഹരിക്കുകയാണ് ലക്ഷ്യം.

ലീഡ്സ് മൊബൈല്‍ ആപ്ലിക്കേഷന്റെ സേവനം വിപുലീകരിക്കുന്നതിന് അന്തിമ അംഗീകാരം നല്‍കുന്നതിന് സംസ്ഥാന ഗതാഗത അതോറിറ്റി (എസ്ടിഎ) ഈ ആഴ്ച അവസാനം യോഗം ചേരും. വിദ്യാര്‍ഥി കണ്‍സെഷനുമായി ബന്ധപ്പെട്ടുള്ള ദീര്‍ഘകാല പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ലക്ഷ്യമിട്ടാണ് ആപ്പിന്റെ സേവനം വിപുലീകരിക്കുന്നത്. നിലവില്‍ കണ്‍സെഷന്‍ പേപ്പര്‍ അധിഷ്ഠിതമാണ്. ഈ സേവനം ഓണ്‍ലൈന്‍ ആക്കുന്നതോടെ തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടുമെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് കരുതുന്നത്.

മോട്ടോര്‍ വാഹന വകുപ്പ് (എംവിഡി) വികസിപ്പിച്ചെടുത്ത ലീഡ്സ് ആപ്പ് നിലവില്‍ വിദ്യാര്‍ഥികളുടെ ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്നതിനാണ് ഉപയോഗിക്കുന്നത്. ഇത് സമഗ്രവും വിവിധോദ്ദേശ്യപരവുമായി വിപുലീകരിക്കുക എന്നതാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ ലക്ഷ്യം.

നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡ്, വിദ്യാര്‍ഥി കണ്‍സെഷനുകള്‍ എന്നിവയെ സംയോജിപ്പിക്കാന്‍ കഴിയുന്ന വിശാലമായ ഒരു പ്ലാറ്റ്ഫോമാണ് ലക്ഷ്യമിടുന്നത്. ഇതിനായി ഓപ്പണ്‍ ടെന്‍ഡറുകള്‍ ക്ഷണിക്കുന്നതിനുള്ള സാധ്യതയെക്കുറിച്ച് വകുപ്പ് ആലോചിക്കുന്നുണ്ട്. ‘ആപ്പിനെ ഒരു മള്‍ട്ടിപര്‍പ്പസ് ആയി ഉപയോഗിക്കാന്‍ കഴിയുന്ന ഒന്നായി വികസിപ്പിക്കുക എന്നതാണ് ലക്ഷ്യം. വിദ്യാര്‍ഥികളുടെ കണ്‍സെഷനുമായി ബന്ധപ്പെട്ട് സാധ്യതയുള്ള എല്ലാ പ്രശ്നങ്ങളും ഇത് പരിഹരിക്കും, ഭാവിയില്‍, ഇത് ഒരു പൊതു മൊബിലിറ്റി കാര്‍ഡായി വികസിപ്പിക്കാന്‍ കഴിയും’- സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

പലപ്പോഴും തര്‍ക്കങ്ങള്‍ക്ക് കാരണമാകുന്ന പേപ്പര്‍ അധിഷ്ഠിത സിസ്റ്റത്തില്‍ നിന്ന് ഡിജിറ്റല്‍ പ്രാമാണീകരണത്തിലേക്കുള്ള പരിവര്‍ത്തനമാണ് പ്രധാന നേട്ടം. ഹൈസ്‌കൂള്‍ പ്രായവും അതിനുമുകളിലും പ്രായമുള്ള വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ നല്‍കുന്നതിനുള്ള യോഗ്യത തല്‍ക്ഷണം പരിശോധിക്കാന്‍ ബസ് കണ്ടക്ടര്‍മാര്‍ക്ക് സാധിക്കുന്ന തരത്തിലാണ് ആപ്പിന്റെ സേവനം വിപുലീകരിക്കുക. കണ്‍സെഷന്‍ ആവശ്യമുള്ള വിദ്യാര്‍ഥികള്‍ മൊബൈല്‍ ആപ്പില്‍ രജിസ്റ്റര്‍ചെയ്യുകയും അതിലൂടെ അപേക്ഷിക്കുകയും വേണം. യാത്ര ചെയ്യേണ്ട പാതസഹിതം വിദ്യാലയ അധികൃതര്‍ കണ്‍സെഷന് ശുപാര്‍ശ നല്‍കണം. ഇതു പരിശോധിച്ച് അതത് പ്രദേശത്തെ മോട്ടോര്‍വാഹന വകുപ്പ് ഓഫീസുകള്‍ കണ്‍സെഷന്‍ അനുവദിക്കും.

ക്യുആര്‍ കോഡുള്ള കണ്‍സെഷന്‍ കാര്‍ഡാണ് ഓണ്‍ലൈനില്‍ ലഭിക്കുക. ഇതിന്റെ പ്രിന്റെടുക്കാം. കണ്ടക്ടറുടെ മൊബൈല്‍ഫോണില്‍ ഇത് സ്‌കാന്‍ ചെയ്യുമ്പോള്‍ ഏതുപാതയിലാണ് ടിക്കറ്റ് അനുവദിക്കേണ്ടതെന്ന് അറിയാനാകും. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആപ്പിലെ ക്യുആര്‍ കോഡ് കണ്ടക്ടറെ കാണിക്കാം.

സ്വകാര്യബസുകളിലെ യാത്രാസൗജന്യം സംബന്ധിച്ച വിശദവിവരങ്ങള്‍ ഇതിലൂടെ സര്‍ക്കാരിന് ലഭ്യമാകും.സര്‍ക്കാര്‍ അംഗീകൃത വിദ്യാലയങ്ങള്‍ക്കേ കണ്‍സെഷന് ശുപാര്‍ശചെയ്യാന്‍ കഴിയുകയുള്ളൂ. വിദ്യാലയങ്ങളും ബസ് ജീവനക്കാരും വിദ്യാര്‍ഥികളും ആപ്പില്‍ രജിസ്റ്റര്‍ചെയ്യണം.

‘നിലവില്‍, വിവിധ ജില്ലകളില്‍ കണ്‍സെഷന്‍ കാര്‍ഡുകള്‍ മാനുവലായും വ്യത്യസ്ത ഫോര്‍മാറ്റുകളിലുമാണ് നല്‍കുന്നത്. കണ്‍സെഷന്‍ കാര്‍ഡുകള്‍ ലഭിക്കുന്നതിന് വിദ്യാര്‍ഥികള്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്.

സംസ്ഥാനത്തുടനീളം കണ്‍സെഷന്‍ കാര്‍ഡുകള്‍ അനുവദിക്കുന്നതിന് ഏകീകൃത രജിസ്‌ട്രേഷന്‍ പ്രക്രിയ ഈ ആപ്പ് അവതരിപ്പിക്കും. ഒരു പ്രത്യേക റൂട്ടില്‍ കണ്‍സെഷന് അര്‍ഹതയുണ്ടെന്ന വിദ്യാര്‍ഥിയുടെ അവകാശവാദം ക്രോസ്-ചെക്ക് ചെയ്യുന്നതിനുള്ള ഒരു സംവിധാനം ഇത് ഉറപ്പാക്കും. വിദ്യാര്‍ഥികളും ബസ് ഓപ്പറേറ്റര്‍മാരും തമ്മിലുള്ള ഒരു പ്രധാന പ്രശ്‌നമായ നിര്‍ദിഷ്ട റൂട്ടില്‍ നിന്ന് വ്യത്യസ്തമായി മറ്റു പ്രദേശത്തേക്കുള്ള യാത്രയും ഇത് ഇല്ലാതാക്കും,’- നഗര ഗതാഗത വിദഗ്ധനും ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലപ്മെന്റ് വാച്ച് (ജിസിഡിഡബ്ല്യു) അംഗവുമായ എബനേസര്‍ ചുള്ളിക്കാട് ചൂണ്ടിക്കാട്ടി. ആപ്പ് ഒരു കണ്‍സെഷന്‍ ഉപകരണം മാ്ര്രതമായിട്ടായിരിക്കില്ല പ്രവര്‍ത്തിക്കുക. മോട്ടോര്‍ വാഹന വകുപ്പിന്റെ വിശാലമായ പൊതു സുരക്ഷാ സംവിധാനത്തിന്റെ ഭാഗമായി കൂടി ഇത് പ്രവര്‍ത്തിക്കും.

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരന്‍ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരന്‍ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു

തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരന്‍ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. തെങ്കാശി സ്വദേശിയായ ബാലമുരുകനാണ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടത്. തിങ്കളാഴ്ച രാത്രി 9.45-ഓടെയാണ് സംഭവം. ഇയാള്‍ക്കായി പൊലീസ് തൃശൂര്‍ നഗരത്തില്‍ വ്യാപക പരിശോധന നടത്തുന്നു. കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെടുമ്പോള്‍ കറുത്ത ഷര്‍ട്ടും വെളുത്ത മുണ്ടുമായിരുന്നു പ്രതിയുടെ വേഷം. കൊലപാതകം, കവര്‍ച്ച തുടങ്ങി 50ഓളം കേസുകളിലെ പ്രതിയാണ് ബാലമുരുകന്‍.

ഇന്നലെ രാത്രിയാണ് ഇയാള്‍ പൊലീസിന്റെ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടത്. പൊലീസ് നടപടികളുടെ ഭാഗമായി തമിഴ്‌നാട്ടിലെ കോടതിയില്‍ ഹാജരാക്കിയ ശേഷം തിരിച്ച് വിയ്യൂരിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് പ്രതി രക്ഷപ്പെട്ടത്. ഭക്ഷണം കഴിക്കാനായി വിലങ്ങ് അഴിച്ചപ്പോള്‍ പൊലീസ് വാനിന്റെ വിന്‍ഡോയിലൂടെ ചാടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് വിവരം. മാസങ്ങള്‍ക്ക് മുന്‍പും ഇയാള്‍ ജയില്‍ ചാടിയിരുന്നു. പിന്നീട് പൊലീസ് പിടികൂടുകയായിരുന്നു.

വര്‍ഷങ്ങളോളം തമിഴ്‌നാട്ടില്‍ ഗുണ്ടാ സംഘത്തലവനായി പ്രവര്‍ത്തിച്ചു. ഇയാള്‍ക്കായി തമിഴ്‌നാട്ടില്‍ പൊലീസ് അന്വേഷണം ശക്തമാക്കിയതോടെയാണ് ബാലമുരുകന്‍ കേരളത്തിലേക്കു കടന്നത്. മറയൂരിലെ മോഷണത്തിനിടെയാണ് പിടിയിലായത്. തനിക്കെതിരെ സാക്ഷി പറഞ്ഞ സ്ത്രീയെ ക്രൂരമായി വകവരുത്തിയ കേസുമുണ്ട്.

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 90,000ല്‍ താഴെ

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 90,000ല്‍ താഴെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 90,000ല്‍ താഴെ. ഇന്ന് പവന് 520 രൂപ കുറഞ്ഞതോടെയാണ് സ്വര്‍ണവില 90,000ല്‍ താഴെയെത്തിയത്. 89,800 രൂപയാണ് ഇന്നത്തെ പവന്‍ വില. ഗ്രാമിന് 65 രൂപയാണ് കുറഞ്ഞത്. 11,225 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഒരിടവേളയ്ക്ക് ശേഷം ഒക്ടോബര്‍ 28നാണ് സ്വര്‍ണവില ആദ്യമായി 90,000ല്‍ താഴെയെത്തിയത്. എന്നാല്‍ വെള്ളിയാഴ്ച ആയിരത്തിലധികം രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില വീണ്ടും 90,000 കടക്കുകയായിരുന്നു. കഴിഞ്ഞ പത്തുദിവസത്തിനിടെ പവന്‍ വിലയില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്. 9000 രൂപ കുറഞ്ഞ ശേഷം ഒക്ടോബര്‍ 30 മുതലാണ് വില കൂടാന്‍ തുടങ്ങിയത്. എന്നാല്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ വില കൂടി 90,0000 കടന്ന് കുതിച്ച സ്വര്‍ണവില ഇന്ന് കുറയുകയായിരുന്നു.ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്. അമേരിക്കയില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വം അടക്കമുള്ള വിഷയങ്ങളാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന ചലനങ്ങള്‍ ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുന്നതാണ് വില വര്‍ധനയ്ക്ക് കാരണം.

ലോലനെ സൃഷ്ടിച്ച പ്രതിഭ; കാര്‍ട്ടൂണിസ്റ്റ് ചെല്ലന്‍ അന്തരിച്ചു

ലോലനെ സൃഷ്ടിച്ച പ്രതിഭ; കാര്‍ട്ടൂണിസ്റ്റ് ചെല്ലന്‍ അന്തരിച്ചു

കോട്ടയം: ലോലന്‍ എന്ന ഒറ്റ കഥാപാത്രം കൊണ്ട് മലയാള കാര്‍ട്ടൂണ്‍ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച കാര്‍ട്ടൂണിസ്റ്റ് ചെല്ലന്‍ (ടി.പി.ഫിലിപ്പ്) കോട്ടയത്ത് അന്തരിച്ചു. 77 വയസായിരുന്നു. സംസ്‌കാരചടങ്ങുകള്‍ നവംബര്‍ 3 ന് തിങ്കളാഴ്ച്ച വൈകീട്ട് മൂന്നുമണിക്ക് വടവാതൂരില്‍ നടക്കും.ലോലന്റെ ബെല്‍ബോട്ടം പാന്റും വ്യത്യസ്തമായ ഹെയര്‍ സ്‌റ്റൈലും അന്ന് കോളജ് കുമാരന്മാര്‍ അനുകരിച്ചിരുന്നു. അക്കാലത്താണ് കോളജുകളിലെ പ്രണയ നായകന്മാര്‍ക്ക് ലോലന്‍ എന്ന വിളിപ്പേരും വീണത്.

ലോലന്‍ എന്ന കാര്‍ട്ടൂണ്‍ കഥാപാത്രത്തെ കൊച്ചിയിലെ നെവര്‍ എന്‍ഡിംഗ് സര്‍ക്കിള്‍ എന്ന അനിമേഷന്‍ സ്ഥാപനം അനിമേറ്റ് ചെയ്തുകൊണ്ടിരിക്കെയാണ് അതിന്റെ സ്രഷ്ടാവായ ചെല്ലന്റെ മരണം. 1948-ല്‍ പൗലോസിന്റെയും മാര്‍ത്തയുടെയും മകനായി ജനിച്ച ചെല്ലന്‍ 2002-ല്‍ കെഎസ്ആര്‍ടിസിയില്‍ നിന്ന് പെയിന്ററായാണ് വിരമിച്ചത്.

കാര്‍ട്ടൂണ്‍ രംഗത്തെ സമഗ്ര സംഭാവനകള്‍ക്ക് കാര്‍ട്ടൂണിസ്റ്റ് ചെല്ലന് കേരള കാര്‍ട്ടൂണ്‍ അക്കാദമി വിശിഷ്ടാംഗത്വം നല്‍കി ആദരിച്ചിട്ടുണ്ട്. കോട്ടയത്ത് വിശ്രമജീവിതത്തിലായിരുന്നു. മറിയാമ്മ ഫിലിപ്പാണ് ഭാര്യ. മകന്‍ സുരേഷ്.