മന്ത്രവാദത്തിന് തയ്യാറായില്ല; ഭാര്യയുടെ മുഖത്ത് തിളച്ച മീൻകറിയൊഴിച്ചു

മന്ത്രവാദത്തിന് തയ്യാറായില്ല; ഭാര്യയുടെ മുഖത്ത് തിളച്ച മീൻകറിയൊഴിച്ചു

കൊല്ലം: മന്ത്രവാദത്തിന് തയ്യാറാവാത്തതിന്‍റെ വൈരാഗ്യത്തിൽ ഭാര്യയുടെ മുഖത്ത് തിളച്ച മീൻകറി ഒഴിച്ചു. കൊല്ലം ആയൂർ സ്വദേശിനി റെജില ഗഫൂറി(36)നാണ് പൊള്ളലേറ്റത്. ഇവരുടെ ഭർത്താവ് സജീറീനെതിരെ ചടയമംഗലം പൊലീസ് കേസെടുത്തിട്ടുണ്ട്.

ഇന്നലെ രാവിലെയാണ്‌ സംഭവം. റെജിലയുടെ ദേഹത്ത് ബാധ കൂടിയിരിക്കുന്നു എന്നു പറഞ്ഞുകൊണ്ട് അഞ്ചലുള്ള മന്ത്രവാദിയുടെ അടുത്ത് റെജിലയെ സജീർ കൊണ്ടുപോയിരുന്നു. ഇന്നലെ രാവിലെ മന്ത്രവാദിയുടെ അടുത്ത് നിന്ന് ഭസ്മവും തകിടും കൊണ്ട് വന്നു. എന്നാല്‍ ഇവയൊന്നും തനിക്ക് വേണ്ടെന്ന് പറഞ്ഞ് റജില എതിര്‍ത്തു. പിന്നാലെ രണ്ടുപേരും തമ്മില്‍ വഴക്കുണ്ടാവുകയും അടുപ്പിലുണ്ടായിരുന്ന മീൻ കറിയെടുത്ത് സജീർ റെജിലയുടെ മുഖത്തേക്ക് എറിയുകയുമായായിരുന്നു. മുഖത്തും ദേഹത്തും പൊള്ളലേറ്റ യുവതിയെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സന്ധ്യയുടെ ചികിത്സാചെലവ് ഏറ്റെടുത്ത് മമ്മൂട്ടി

സന്ധ്യയുടെ ചികിത്സാചെലവ് ഏറ്റെടുത്ത് മമ്മൂട്ടി

തൊടുപുഴ: അടിമാലി കൂമ്പന്‍പാറയില്‍ മണ്ണിടിച്ചിലില്‍ ഗുരുതരമായി പരിക്കേറ്റ നെടുമ്പിള്ളിക്കുടി വീട്ടില്‍ സന്ധ്യ ബിജു (41)വിന്റെ ചികിത്സാച്ചെലവുകള്‍ ഏറ്റെടുത്ത് നടന്‍ മമ്മൂട്ടി. ആലുവ രാജഗിരി ആശുപത്രിയിലെ തുടര്‍ചികിത്സ മമ്മൂട്ടിയുടെ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടക്കും. അപകടത്തില്‍ ഭര്‍ത്താവ് ബിജു മരിച്ചിരുന്നു.

ഇടതുകാല്‍ മുറിച്ചുമാറ്റേണ്ടി വന്നതോടെ സന്ധ്യയുടെ തുടര്‍ജീവിതം പ്രതിസന്ധിയിലായിരുന്നു. മകന്‍ അര്‍ബുദം ബാധിച്ച് കഴിഞ്ഞവര്‍ഷം മരിച്ചിരുന്നു. നഴ്‌സിങ് വിദ്യാര്‍ഥിനിയായ മകള്‍ മാത്രമാണ് തുണ. ബന്ധുക്കള്‍ സഹായം തേടി മമ്മൂട്ടിയുടെ കെയര്‍ ആന്‍ഡ് ഷെയര്‍ ഫൗണ്ടേഷനെ സമീപിക്കുകയായിരുന്നു. മമ്മൂട്ടി നേരിട്ട് സംസാരിച്ചതായും ചികിത്സാച്ചെലവുകള്‍ ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ചതായും ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഞായര്‍ പുലര്‍ച്ച 5.16ന് ആണ് സന്ധ്യയെ ഇരുകാലുകള്‍ക്കും ഗുരുതര പരിക്കേറ്റ അവസ്ഥയില്‍ ആശുപത്രിയില്‍ എത്തിച്ചത്. മൂന്ന് മണിക്കൂറോളം മണ്ണിനടിയില്‍ അകപ്പെട്ട സന്ധ്യയെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ ഏകദേശം ഏഴ് മണിക്കൂര്‍ പിന്നിട്ടിരുന്നു. എട്ടുമണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയയില്‍ ഇടത്തേ കാലിലേക്കുള്ള രക്തയോട്ടം പൂര്‍വസ്ഥിതിയിലാക്കുകയും ഒടിഞ്ഞ അസ്ഥികള്‍ ഏകദേശം പൂര്‍വരൂപത്തിലാക്കുകയും ചെയ്തെങ്കിലും ചതഞ്ഞരഞ്ഞ മസിലുകളും കോശങ്ങളും പുറപ്പെടുവിക്കുന്ന വിഷാംശങ്ങള്‍ കൂടിവരികയും അവ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്ന അവസ്ഥയിലായി. ഇതോടെ ജീവന്‍ രക്ഷിക്കുന്നതിനായി ഇടതുകാല്‍ മുട്ടിന് മുകളില്‍വച്ച് നീക്കംചെയ്യേണ്ടി വന്നു. ഇടതുകാലിന്റെ പ്രവര്‍ത്തനം സുഗമമാക്കാന്‍ പ്ലാസ്റ്റിക് സര്‍ജറി ഉള്‍പ്പെടെ തുടര്‍ചികിത്സ ആവശ്യമാണ്.

ഒറ്റയടിക്ക് കുറഞ്ഞത് 1400 രൂപ; സ്വര്‍ണവില 89,000ല്‍ താഴെ

ഒറ്റയടിക്ക് കുറഞ്ഞത് 1400 രൂപ; സ്വര്‍ണവില 89,000ല്‍ താഴെ

കൊച്ചി: ഇന്നലെ രണ്ടു തവണകളായി 1400 രൂപ വര്‍ധിച്ച് വീണ്ടും 90,000 കടന്ന് കുതിക്കുമെന്ന് തോന്നിപ്പിച്ച സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. ഇന്നലെ വര്‍ധിച്ച പോലെ തന്നെ ഇന്ന് സ്വര്‍ണവില തിരിച്ചിറങ്ങുകയായിരുന്നു. ഇന്ന് പവന് 1400 രൂപയാണ് കുറഞ്ഞത്. 88,360 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.

ഗ്രാമിന് 175 രൂപയാണ് കുറഞ്ഞത്. 11,045 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഒരിടവേളയ്ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് സ്വര്‍ണവില ആദ്യമായി 90,000ല്‍ താഴെയെത്തിയത്. എന്നാല്‍ ഇന്നലെ രണ്ടു തവണകളായി 1400 രൂപ വര്‍ധിച്ചപ്പോള്‍ സ്വര്‍ണവില വീണ്ടും 90000 കടന്ന് കുതിക്കുമെന്ന് തോന്നിപ്പിച്ചിരുന്നു. എന്നാല്‍ ഇന്ന് കൂടിയത് പോലെ തന്നെ തിരിച്ചിറങ്ങുകയായിരുന്നു.

ഏകദേശം പത്തുദിവസത്തിനിടെ പവന്‍ വിലയില്‍ 9000 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഈ മാസം സ്വര്‍ണവിലയില്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ഒക്ടോബര്‍ മൂന്നിനായിരുന്നു. അന്ന് 86,560 രൂപയായിരുന്നു വില.17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്.

അമേരിക്കയില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വം അടക്കമുള്ള വിഷയങ്ങളാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന ചലനങ്ങള്‍ ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുന്നതാണ് വില വര്‍ധനയ്ക്ക് കാരണം.

ചിറയിൻകീഴ് അഴൂരിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വീട്ടമ്മ മരണപ്പെട്ടു

ചിറയിൻകീഴ് അഴൂരിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വീട്ടമ്മ മരണപ്പെട്ടു

അഴൂർ പഞ്ചായത്തിൽ താമസിക്കുന്ന വസന്ത 77 ആണ് ഇന്ന് ഉച്ചകഴിഞ്ഞ് മരണപ്പെട്ടത്. ഇവർ കഴിഞ്ഞ ഒരു മാസമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. സോഡിയം കുറഞ്ഞതിന് തുടർന്നായിരുന്നു മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. 10 ദിവസം മുമ്പാണ് രക്ത പരിശോധനയിൽ മസ്തിഷ്കജ്വരം സ്ഥിരീകരിച്ചത്.

എസ്‌ഐആര്‍: നിയമ പോരാട്ടത്തിന് കളമൊരുങ്ങുന്നു, കോടതിയെ സമീപിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍

എസ്‌ഐആര്‍: നിയമ പോരാട്ടത്തിന് കളമൊരുങ്ങുന്നു, കോടതിയെ സമീപിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍

തിരുവനന്തപുരം: വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കകരണവുമായി (എസ്ഐആര്‍) മുന്നോട്ട് പോകാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയെ നിയമ പരമായി നേരിടാന്‍ ഒരുങ്ങി രാഷ്ട്രീയ പാര്‍ട്ടികള്‍. തദ്ദേശ തെരഞ്ഞെടുപ്പും എസ്.ഐ.ആര്‍ നടപടികളും സമാന്തരമായി നടക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടികള്‍ ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാനാണ് പാര്‍ട്ടികളുടെ തീരുമാനം. ബുധനാഴ്ച ചേര്‍ന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ ബിജെപി ഒഴികെ മറ്റ് പ്രതിനിധികളെല്ലാം എസ്.ഐ.ആര്‍ നടപടികള്‍ മാറ്റിവെക്കണമെന്ന ആവശ്യപ്പെട്ടെങ്കിലും മുന്നോട്ട് പോകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കിയതോടെയാണ് വിഷയം കോടതിയിലേക്ക് നീങ്ങുന്നത്.

യോഗത്തില്‍ പങ്കെടുത്ത സിപിഎം പ്രതിനിധി എംവി ജയരാജന്‍ ഇന്നലെ തന്നെ ഇതുസംബന്ധിച്ച് നിലപാട് വ്യക്തമാക്കിയിരുന്നു. എസ്‌ഐആറുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ പരിഗണനയിലുള്ള കേസില്‍ സിപിഎം കക്ഷി ചേര്‍ന്നിട്ടുണ്ടെന്നും കേരളത്തിലെ സാഹചര്യം കോടതിയെ അറിയിക്കും എന്നുമായിരുന്നു എം വി ജയരാജന്റെ പ്രതികരണം. വിഷയം അഭിഭാഷകരുമായി ചര്‍ച്ച ചെയ്യുമെന്നും എംവി ജയരാജന്‍ വ്യക്തമാക്കിയിരുന്നു.

പുതുക്കിയ വോട്ടര്‍ പട്ടിക പ്രകാരമാണ് 2026ലെ നിയമസഭ തെരഞ്ഞെടുപ്പ് നടക്കേണ്ടതെന്ന് വ്യക്തമാക്കിയായിരുന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍ എസ്‌ഐആര്‍ നീട്ടാനാകില്ലെന്ന നിലപാട് എടുത്തത്. തിയതി മാറ്റാനാകില്ലെന്ന തെരഞ്ഞെടുപ്പ് കമീഷന്റെ നിര്‍ദേശവും അദ്ദേഹം രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. ഇനി ചര്‍ച്ചകള്‍ക്കിടയില്ലെന്ന കമ്മീഷന്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ കൂടിയാണ് പാര്‍ട്ടികള്‍ നിയമ നടപടി ആലോചിക്കുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പ് ജോലിയിലുള്ള ഉദ്യോഗസ്ഥര്‍ തന്നെയാണ് തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവും നടപ്പാക്കേണ്ടതെന്നതാണ് രാഷ്ട്രീയപാര്‍ട്ടികള്‍ മുന്നോട്ട് വച്ച പ്രധാന വിഷയം. ഇത് ആശക്കുഴപ്പം സൃഷ്ടിക്കുമെന്നും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടിയിരുന്നു. എം.വി ജയരാജന് പുറമെ സണ്ണി ജോസഫ് (കോണ്‍ഗ്രസ്) സി.പി. ചെറിയ മുഹമ്മദ് (മുസ്‌ലിം ലീഗ്), സ്റ്റീഫന്‍ ജോര്‍ജ് (കേരള കോണ്‍ഗ്രസ്- എം), ജോയി ഏബ്രാഹാം (കേരള കോണ്‍ഗ്രസ്) പി.ജി. പ്രസന്നകുമാര്‍ (ആര്‍.എസ്.പി) എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.

ന്യൂനമര്‍ദ്ദം; ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത, ‘കള്ളക്കടലില്‍’ ജാഗ്രത

ന്യൂനമര്‍ദ്ദം; ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത, ‘കള്ളക്കടലില്‍’ ജാഗ്രത

തിരുവനന്തപുരം: ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് വരുന്ന നാലുദിവസം നേരിയ/ ഇടത്തരം മഴയ്‌ക്കോ ഇടിയോടുകൂടിയ മഴയ്‌ക്കോ സാധ്യത. ആന്ധ്രാപ്രദേശില്‍ കര കയറിയ മോന്‍താ തീവ്ര ചുഴലിക്കാറ്റ് വരും മണിക്കൂറുകളില്‍ തീവ്ര ന്യൂനമര്‍ദ്ദമായി വീണ്ടും ശക്തി കുറയാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം അറബിക്കടലില്‍ തീവ്രന്യൂനമര്‍ദ്ദം തുടരുകയാണ്. വരും മണിക്കൂറുകളില്‍ മധ്യ കിഴക്കന്‍ അറബിക്കടലിലൂടെ വടക്ക് – വടക്കു കിഴക്കന്‍ ദിശയില്‍ നീങ്ങാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചുഴലിക്കാറ്റ് കര തൊട്ടതോടെ ഇനിയുള്ള ദിവസങ്ങളില്‍ കേരളത്തീരത്ത് കാറ്റ് വീണ്ടും ദുര്‍ബലമാകും. ഇതോടൊപ്പം ഈര്‍പ്പവും കുറയും. വരും ദിവസങ്ങളില്‍ പൊതുവെ മഴ ദുര്‍ബലമായിരിക്കും. ഒറ്റപെട്ട മഴയ്ക്ക് മാത്രമാണ് സാധ്യത ഉള്ളത്. എന്നാല്‍ പകല്‍ താപനില ഉയരാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി വെള്ളിയാഴ്ച രാവിലെ 2.30 വരെ കേരളത്തിലെ തിരുവനന്തപുരം (കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ) തീരത്ത് 0.9 മുതല്‍ 1.0 മീറ്റര്‍ വരെ തിരമാലകള്‍ ഉയരാന്‍ സാധ്യത. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.