സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് ശമനം: കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് ശമനം: കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്ന് മുതൽ ശക്തമായ മഴയ്ക്ക് ശമനം. കേന്ദ്ര കാലാവസ്ഥ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത അഞ്ച് ദിവസത്തേയ്ക്ക് ഒരു ജില്ലയിലും പ്രത്യേക മ‍ഴ മുന്നറിയിപ്പുകള്‍ നൽകിയിട്ടില്ല. കള്ളക്കടൽ പ്രതിഭാസത്തിൻ്റെ ഭാഗമായി വിവിധ തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.

അടുത്ത മൂന്ന് മണിക്കൂറിൽ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. കള്ളക്കടൽ പ്രതിഭാസത്തിൻ്റെ ഭാഗമായി ഇന്ന് (31/10/2025) ഉച്ചയ്ക്ക് 02.30 വരെ കേരളത്തിലെ തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ) തീരത്ത് 0.9 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. കർണാടക തീരത്ത് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.കർണാടക, ഗുജറാത്ത്, കൊങ്കൺ, ഗോവ തീരങ്ങൾ, അതിനോട് ചേർന്ന സമുദ്ര ഭാഗങ്ങൾ, മധ്യ കിഴക്കൻ അറബിക്കടൽ, അതിനോട് ചേർന്ന സമുദ്ര ഭാഗങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവര്‍ക്ക് പ്രത്യേക ജാഗ്രത നിർദേശം നല്‍കിയിട്ടുണ്ട്. മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്ന മുന്നറിയിപ്പുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്ന് അറിയിച്ചിട്ടുണ്ട്.

കാര്‍ തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

കാര്‍ തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

കോട്ടയം: വൈക്കം തോട്ടുവക്കത്തിന് സമീപം കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. പാലക്കാട് ഒറ്റപ്പാലം രജിസ്ട്രേഷന്‍ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഒറ്റപ്പാലം സ്വദേശിയായ അമല്‍ സൂരജാണ് മരിച്ചത്. കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു അപകടം.

ഇന്ന് പുലര്‍ച്ചെ നാട്ടുകാരാണ് കാര്‍ കനാലില്‍ മറിഞ്ഞു കിടക്കുന്നത് കണ്ടത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വൈക്കം അഗ്‌നിരക്ഷാ സേനയെത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു. ആദ്യം മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിരുന്നില്ല. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് ഒറ്റപ്പാലം സ്വദേശിയായ അമല്‍ സൂരജാണെന്ന് വ്യക്തമായത്.

ആറ്റിങ്ങലിൽ ഹരിതകർമ സേന പ്രവർത്തകരെ മർദ്ദിച്ച പ്രതി അറസ്റ്റിൽ

ആറ്റിങ്ങലിൽ ഹരിതകർമ സേന പ്രവർത്തകരെ മർദ്ദിച്ച പ്രതി അറസ്റ്റിൽ

ആറ്റിങ്ങൽ : ആറ്റിങ്ങലിൽ ഹരിതകർമ സേനാംഗങ്ങളെ ആക്രമിച്ചു വസ്തുക്കൾ തട്ടിയെടുക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. ചിറയിൻകീഴ് ശാർക്കര റെയിൽവേ ഗേറ്റിന് സമീപം മണ്ണാർക്കുടിയിൽ രാജു (65) വിനെയാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്.

ഒക്ടോബർ 30ന് രാവിലെ 9 മണിയോടെ ആറ്റിങ്ങൽ പാലസ് റോഡിൽ ഒരു ജുവല്ലറിക്ക് സമീപം ഹരിതകർമ സേനാംഗങ്ങൾ ചാക്കിൽ സൂക്ഷിച്ചു വച്ചിരുന്ന വസ്തു‌ക്കൾ തട്ടിയെടുക്കാൻ നോക്കവേ തടയാൻ ശ്രമിച്ച ഹരിതകർമ സേനാംഗങ്ങളായ യുവതികളെ പ്രതി ആക്രമിക്കുകയായിരുന്നു. തുടർന്ന് സ്റ്റേഷനിൽ പരാതിപ്പെടുകയും ഉടൻ തന്നെ ആറ്റിങ്ങൽ എസ് എച്ച് ഒ അജയൻ ജെ യുടെ നിർദേശപ്രകാരം എസ്.ഐമാരായ ജിഷ്ണു എം എസ്, സിതാര മോഹൻ, സലിം എ, എ എസ് ഐ ശ്യം ലാൽ എന്നിവർ ചേർന്ന് പ്രതിയെ അറസ്റ്റ് ചെയ്‌തു കോടതിയിൽ ഹാജരാക്കി, കോടതി പ്രതിയെ റിമാൻഡ് ചെയ്തു

ഏഴു വയസ്സുകാരി അദിതിയുടെ കൊലപാതകം: അച്ഛനും രണ്ടാനമ്മയ്ക്കും ജീവപര്യന്തം, രണ്ടു ലക്ഷം രൂപ പിഴ

ഏഴു വയസ്സുകാരി അദിതിയുടെ കൊലപാതകം: അച്ഛനും രണ്ടാനമ്മയ്ക്കും ജീവപര്യന്തം, രണ്ടു ലക്ഷം രൂപ പിഴ

കൊച്ചി: കോഴിക്കോട് ഏഴു വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസില്‍ പിതാവിനും രണ്ടാനമ്മയ്ക്കും ജീവപര്യന്തം തടവുശിക്ഷ. അച്ഛന്‍ സുബ്രഹ്മണ്യന്‍ നമ്പൂതിരി, രണ്ടാനമ്മ റംല ബീവി (ദേവിക അന്തര്‍ജനം) എന്നിവരെയാണ് ഹൈക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. 2013 ലാണ് ആദിതി എസ് നമ്പൂതിരി എന്ന ഏഴു വയസ്സുകാരിയെ രക്ഷിതാക്കള്‍ ചേര്‍ന്ന് മൃഗീയമായി ഉപദ്രവിച്ച് കൊലപ്പെടുത്തിയത്.

പ്രതികള്‍ക്ക് രണ്ടു ലക്ഷം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. വിചാരണക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലിലാണ് ഹൈക്കോടതി ഉത്തരവ്. അതിക്രൂരമായ മര്‍ദ്ദനവും, ഭക്ഷണം അടക്കം നിഷേധിച്ചുകൊണ്ടുമുള്ള പീഡനമാണ് ഏഴു വയസ്സുകാരി ഏറ്റിരുന്നത്. 2013ലാണ് അതിദി ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കേ മരിക്കുന്നത്.

കുട്ടിയുടെ ദേഹത്ത് പൊള്ളലും മര്‍ദ്ദനമേറ്റ പാടുകളും ഉണ്ടായിരുന്നു. അച്ഛനും രണ്ടാനമ്മയും ചേര്‍ന്ന് മര്‍ദിച്ചതാണ് മരണത്തിലേക്ക് നയിച്ചതെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. വിചാരണക്കോടതിയില്‍ കൊലക്കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. തുടര്‍ന്ന് പ്രതികള്‍ക്ക് മൂന്നു വര്‍ഷം കഠിന തടവ് മാത്രമാണ് കോടതി ശിക്ഷ വിധിച്ചത്. ഇതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു.

കൊലക്കുറ്റം നിലനില്‍ക്കില്ലെന്ന വിചാരണ കോടതി വിധി ജസ്റ്റിസ് രാജ വിജയരാഘവന്റെ അധ്യക്ഷതയിലുള്ള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. തുടര്‍ന്നാണ് കൊലക്കുറ്റത്തിന് ജീവപര്യന്തം തടവുശിക്ഷ ഇരുപ്രതികള്‍ക്കും വിധിച്ചത്. ഹൈക്കോടതി നിര്‍ദേശപ്രകാരം പ്രതികളായ സുബ്രഹ്മണ്യന്‍ നമ്പൂതിരി, റംല ബീവി എന്നിവരെ ഇന്നലെ നടക്കാവ് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.

യുവജനങ്ങൾക്കായി പ്രതിമാസം ആയിരം രൂപയുടെ കണക്ട് ടു വർക്ക് സ്കോളർഷിപ്പ് പദ്ധതി

യുവജനങ്ങൾക്കായി പ്രതിമാസം ആയിരം രൂപയുടെ കണക്ട് ടു വർക്ക് സ്കോളർഷിപ്പ് പദ്ധതി

കേരളത്തിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ കേന്ദ്രീകരിച്ചുകൊണ്ട് ആരംഭിച്ചിരിക്കുന്ന നൈപുണ്യ പരിശീലന തൊഴിൽ പരിപാടിയുടെ വിജയം സുനിശ്ചിതമാക്കുന്ന പ്രഖ്യാപനമാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ച കണക്ട് ടു വർക്ക് സ്കോളർഷിപ്പ്.

ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവും, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയും പഠനം പൂർത്തിയാക്കിയ ശേഷം ഇതുവരെ ജോലി ലഭിക്കാത്തവർക്കും, അതത് പോളിടെക്നിക്കുകളിലും, ഐടിഐ കളിലും നൈപുണി പരിശീലനം നൽകുന്നകാര്യം പ്രഖ്യാപിച്ചുകഴിഞ്ഞു. ഇവർക്കായി 1,50,000 തൊഴിലുകൾ വിജ്ഞാനകേരളം ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. യുവതയ്ക്ക് അവർക്ക് താല്പര്യമുള്ള ജോലികൾ തിരഞ്ഞെടുക്കാം അതിനുവേണ്ടി പരിശീലനം നേടാം.

പരിശീലനം പൂർണ്ണമായും സൗജന്യമാണ്. RTD പരിപാടികളിൽ (റിക്രൂട്ട്, ട്രെയിൻ ആൻഡ് ഡിപ്ലോയീ) മാത്രം പരിശീലന ഏജൻസിക്ക് ഫീസ് നൽകേണ്ടിവരും. ഇതിനുള്ള പലിശ രഹിത വായ്പ ലഭ്യമാക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇവരിൽ പാവപ്പെട്ട വിദ്യാർഥികൾക്ക് കണക്ട് ടു വർക്ക് സ്കോളർഷിപ്പ് പ്രകാരം 1000 രൂപ പ്രതിമാസം ലഭിക്കുകയും ചെയ്യും.

പ്രതിവർഷ കുടുംബ വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയുള്ള പ്ലസ് ടു/ഐ.ടി.ഐ / ഡിപ്ലോമ / ഡിഗ്രി പഠനത്തിനു ശേഷം വിവിധ നൈപുണ്യ കോഴ്സുകളിൽ പഠിക്കുന്നവരോ വിവിധ ജോലി / മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവരോ ആയ 18 മുതൽ 30 വയസ്സ് വരെയുള്ള യുവതി/യുവാക്കൾക്ക് പ്രതിമാസം 1,000 രൂപ വീതം ധനസഹായം നൽകുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയത്. കണക്ട് ടു വർക്ക് സ്കോളർഷിപ്പ് എന്ന പേരിലുള്ള ഈ പദ്ധതിയിൽ 5 ലക്ഷം യുവതീ യുവാക്കൾ ഗുണഭോക്താക്കൾ ആകും എന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിവർഷം 600 കോടി രൂപ ഈ പദ്ധതിക്കായി സർക്കാർ നീക്കിവെക്കുന്നതെന്നും മുഖ്യമന്ത്രി അറിയിക്കുകയുണ്ടായി.

രാസലഹരിയുമായി സിനിമാ പ്രവര്‍ത്തകര്‍ പിടിയില്‍; എംഡിഎംഎയും കഞ്ചാവും കണ്ടെടുത്തു

രാസലഹരിയുമായി സിനിമാ പ്രവര്‍ത്തകര്‍ പിടിയില്‍; എംഡിഎംഎയും കഞ്ചാവും കണ്ടെടുത്തു

കൊച്ചി: രാസലഹരിയുമായി കൊച്ചിയില്‍ സിനിമാ പ്രവര്‍ത്തകര്‍ എക്‌സൈസിന്റെ പിടിയിലായി. കണ്ണൂര്‍ സ്വദേശികളായ രതീഷ്, നിഖില്‍ എന്നിവരാണ് പിടിയിലായത്. മെറി ബോയ്‌സ് എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകരാണ് പിടിയിലായത്. സിനിമയിലെ ആര്‍ട്ട് വര്‍ക്കര്‍മാരാണ് പിടിയിലായവരെന്ന് എക്‌സൈസ് അറിയിച്ചു. രഹസ്യ വിവരത്തെത്തുടര്‍ന്ന് കുന്നത്തുനാടിന് സമീപം ലോഡ്ജില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ കുടുങ്ങിയത്.

ഇവരില്‍ നിന്നും രണ്ടു ഗ്രാമിലധികം എംഡിഎംഎ കണ്ടെടുത്തു. ആറു ഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. ഇവര്‍ ലഹരി ഉപയോഗിക്കുന്നവരാണോ, ആരാണ് ഇവര്‍ക്ക് ലഹരി കൈമാറിയത്, വില്‍പ്പനയ്ക്കായി കൈവശം സൂക്ഷിച്ചതാണോ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കുന്നതായി എക്‌സൈസ് സംഘം സൂചിപ്പിച്ചു.