പണം വാഗ്ദാനം ചെയ്ത് ഇരകളെ വലയില്‍ വീഴ്ത്തും; കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്

പണം വാഗ്ദാനം ചെയ്ത് ഇരകളെ വലയില്‍ വീഴ്ത്തും; കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്

കൊച്ചി: സാമൂഹ്യമാധ്യമങ്ങള്‍ വഴി വാടക ഗര്‍ഭധാരണത്തിന് ദാതാക്കളെ ആവശ്യമുണ്ടെന്ന പരസ്യം നല്‍കി സ്ത്രീകളെ കബളിപ്പിക്കുന്ന സംഘം കേരളത്തിലും. പണം നല്‍കാമെന്ന വാഗ്ദാനത്തില്‍ ഇത്തരത്തില്‍ അണ്ഡദാതാക്കളാക്കാന്‍ എത്തുന്ന സ്ത്രീകള്‍ പലരും കബളിക്കപ്പെടുന്നുവെന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

ഇത്തരത്തില്‍ നിയമ വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന കൊച്ചി, ഇടപ്പള്ളിയിലെ ക്ലിനിക്കില്‍ നടത്തിയ പരിശോധന സംസ്ഥാനത്ത് തഴച്ചുവളരുന്ന നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്‌നോളജി (ആര്‍ടി) റാക്കറ്റിലേക്കാണ് എത്തിയത്.

കൊച്ചിയിലെ മമാമിയ ലൈഫ് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ നടന്ന റെയ്ഡില്‍ പശ്ചിമ ബംഗാള്‍ സ്വദേശികളായ അഞ്ച് സ്ത്രീകളെയും തമിഴ്നാട്ടില്‍ നിന്നുള്ള ഒരു അമ്മയെയും കുട്ടിയെയുമാണ് രക്ഷപ്പെടുത്തി സുരക്ഷിത കേന്ദ്രത്തിലേക്ക് എത്തിച്ചത്. ഏകദേശം 25 വയസ്സ് പ്രായമുള്ള സ്ത്രീകളെ പണ വാഗ്ദാനം ചെയ്ത് എത്തിച്ച് ‘വാടക അമ്മമാരോ’ അണ്ഡദാതാക്കളോ ആകാന്‍ പ്രേരിപ്പിപ്പിക്കുന്നു. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന അനധികൃത ക്ലിനിക്കുകള്‍ സ്ത്രീകള്‍ക്ക് 30,000 മുതല്‍ 40,000 രൂപ വരെ വാഗ്ദാനം ചെയ്താണ് എത്തിക്കുന്നത്. എന്നാല്‍ ക്ലിനിക്കല്‍ എത്തിയ ഇവര്‍ക്ക് വളരെ തുച്ഛമായ തുക മാത്രമെ നല്‍കൂവെന്നുമാണ് കളമശ്ശേരി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

പരാതികള്‍ ഉണ്ടായിനെ തുടര്‍ന്ന് കാരണം കാണിക്കല്‍ നോട്ടീസിന് പിന്നാലെ കൊച്ചിയിലെ മമാമിയ ലൈഫ് എന്ന സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കിയിരുന്നു. സ്ത്രീകളെ പ്രതിഫലം വാഗ്ദാനം ചെയ്ത് കേരളത്തില്‍ എത്തിച്ചതായും നിയമവിരുദ്ധമായി തടവിലാക്കുകയും വാടക ഗര്‍ഭധാരണം നടത്തിതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് റെയ്ഡ്. ആരോഗ്യ-കുടുംബക്ഷേമ വകുപ്പ്, അഡീഷണല്‍ സെക്രട്ടറി നല്‍കിയ പരാതിയെ തുടര്‍ന്നയിരുന്നു പൊലീസ് റെയ്ഡ്.

തട്ടിപ്പ് സംഘത്തെ കുറിച്ച് വിശദ വിവരങ്ങള്‍ അറിയുന്നതിന് ഇരകളെ വിശദമായി ചോദ്യം ചെയ്യണമെന്നാണ് പൊലീസ് കോടതിയില്‍ നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത്തരത്തില്‍ തട്ടിപ്പ് നടത്തുന്ന മറ്റ് ആശുപത്രികളും നിരീക്ഷണത്തിലാണെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറഞ്ഞു.

അതേസമയം സ്ത്രീകള്‍ സോഷ്യല്‍ മീഡിയ പരസ്യങ്ങള്‍ കണ്ട് എത്തിയതാണെന്ന കൊച്ചിയിലെ സ്ഥാപനത്തിന്റെ വാദം സംശയകരമാണെന്ന് അഡീഷണല്‍ സെക്രട്ടറി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ഥാപനം പരസ്യങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും ഇംഗ്ലീഷിലാണ് നല്‍കിയത്. ഇരകളായ സ്ത്രീകള്‍ക്ക് അവരുടെ മാതൃഭാഷ മാത്രമേ അറിയൂ. ഇതര സംസ്ഥാനക്കാരായ സ്ത്രീകള്‍ എങ്ങനെയാണ് കൊച്ചിയിലെ സ്ഥാപനത്തിലെത്തിയതെന്നടക്കമുള്ളവ വിശദമായ അന്വേഷണത്തിലെ വ്യക്തമാക്കുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കുട്ടികളില്ലാത്ത ദമ്പതികളെ സഹായിക്കുന്ന വാടക ഗര്‍ഭധാരണം ഇന്ത്യയില്‍ വളരെക്കാലമായി നടന്നുവരുന്നുവെന്ന് അങ്കമാലിയിലെ രാജഗിരി മെഡിക്കല്‍ സെന്ററിലെ ഗൈനക്കോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. സ്മിതി ജോര്‍ജ് പറഞ്ഞു. എന്നാല്‍ നിയന്ത്രണങ്ങളുടെ അഭാവം കാലക്രമേണ അഴിമതിക്കും ചൂഷണത്തിലേക്കും എത്തിക്കുന്നു.

ഇത് പരിഹരിക്കുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ വാടക ഗര്‍ഭധാരണ (നിയന്ത്രണ) ബില്‍ അവതരിപ്പിച്ചത്. വാണിജ്യ വാടക ഗര്‍ഭധാരണം നിരോധിക്കുകയും നിസ്വാര്‍ത്ഥമായ വാടക ഗര്‍ഭധാരണത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഇവിടെ വാടക ഗര്‍ഭധാരണം ഉദ്ദേശിക്കുന്ന മാതാപിതാക്കളുടെ അടുത്ത ബന്ധുവാണ് ദാതാവാണെന്നും ഇവര്‍ക്ക് പണം ലഭിക്കുന്നില്ല. ഒരു സ്ത്രീക്ക് ഒരിക്കല്‍ മാത്രമേ വാടക ഗര്‍ഭധാരണം നടത്താന്‍ കഴിയൂ,’ ഡോ.സ്മിതി ജോര്‍ജ് എന്നും പറഞ്ഞു.

സതീശനിസം അവസാനിച്ചു; എന്തുനഷ്ടം സഹിച്ചും യുഡിഎഫിനൊപ്പം നില്‍ക്കും; പിവി അന്‍വര്‍

സതീശനിസം അവസാനിച്ചു; എന്തുനഷ്ടം സഹിച്ചും യുഡിഎഫിനൊപ്പം നില്‍ക്കും; പിവി അന്‍വര്‍

കണ്ണൂര്‍: എന്തു ത്യാഗം സഹിച്ചും യുഡിഎഫിന് ഒപ്പം നില്‍ക്കുമെന്ന മുന്‍ എംഎല്‍എയും ടിഎംസി നേതാവുമായ പിവി അന്‍വര്‍. കണ്ണൂര്‍ ബ്രോഡ് ബീന്‍ ഹാളില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം ‘പിന്തുണയ്ക്കാന്‍ ഒരു കണ്ടീഷനും തൃണമൂല്‍ കോണ്‍ഗ്രസിനില്ല. പിണറായിസത്തെ തടയാന്‍ എന്തു ചെയ്യും. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ സമയത്തുണ്ടായ നിലപാടല്ല. സതീശനത്തെക്കാള്‍ കേരളത്തിന് ഭീഷണി പിണറായിസമാണ്. പി.എം ശ്രീ സംസ്ഥാന സര്‍ക്കാര്‍ ഒപ്പിട്ടത് പിണറായി വിജയന്‍ കുടുംബത്തെ കേസുകളില്‍ നിന്ന് രക്ഷിക്കാനെന്നും പി. വി അന്‍വര്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ബന്ധത്തിലാണ് പിഎം ശ്രീയില്‍ ഒപ്പിട്ടത്. ദേശീയ വിദ്യാഭ്യാസ നയത്തിന് (എന്‍ഇപി) എന്താണ് കുഴപ്പമെന്നാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ചോദിക്കുന്നത്. കുഴപ്പമുണ്ടെന്ന് പറഞ്ഞത് ഇവര്‍ തന്നെയല്ലേയെന്നും അദ്ദേഹം ചോദിച്ചു. ‘മുമ്പ് ഞങ്ങള്‍ പറഞ്ഞ ഓരോ കാര്യങ്ങളും ഇപ്പോള്‍ ശരിയായി മാറി. ബഡ്ജറ്റിന്റെ ഒരു ശതമാനം പോലും വരാത്ത പണം നേടാനാണോ ഒപ്പിട്ടത്. മതേതരത്വത്തെ പിണറായി സര്‍ക്കാര്‍ തൂക്കി വിറ്റു. പിണറായിയുടെ വ്യക്തപരമായ ആവശ്യത്തിനാണിതെന്നും’, പി വി അന്‍വര്‍ പറഞ്ഞു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സത്കാരം സ്വീകരിക്കാനാണ് പിണറായി അദ്ദേഹത്തിന്റെ വസതിയില്‍ പോയതെന്നും അന്‍വര്‍ ആരോപിച്ചു. ബിജെപി പിണറായി ബന്ധം അടിവരയിടുന്നതാണ് പിഎം ശ്രീയിലിട്ട ഒപ്പെന്നും പി വി അന്‍വര്‍ പറഞ്ഞു.വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും യു.ഡി എഫിന് അനുകൂലമായ നിലപാടാണ് പാര്‍ട്ടി സ്വീകരിക്കുക. പിഎംശ്രീയില്‍ സിപിഐഎന്തു നിലപാട് സ്വീകരിക്കുമെന്ന കാര്യം27 ന് അറിയാം. അതിനു ശേഷം അക്കാര്യത്തില്‍ പ്രതികരിക്കാമെന്നും അന്‍വര്‍ പറഞ്ഞു.

മദ്യലഹരിയിൽ പൊലീസുകാരന്റെ ഡ്രൈവിങ്; കാറിലും 2 ബൈക്കിലും ഇടിച്ചു; കാൽനട യാത്രക്കാരനും പരിക്ക്

മദ്യലഹരിയിൽ പൊലീസുകാരന്റെ ഡ്രൈവിങ്; കാറിലും 2 ബൈക്കിലും ഇടിച്ചു; കാൽനട യാത്രക്കാരനും പരിക്ക്

തൊടുപുഴ: മദ്യലഹരിയിൽ പൊലീസുകാരൻ ഓടിച്ച വാഹനം ഇടിച്ച് അപകടം. കട്ടപ്പന കാഞ്ചിയാറിന് സമീപം വൈകീട്ട് ഏഴരയോടെയാണ് സംഭവം. ഡിസ്ട്രിക്ട് ക്രൈം റെക്കോർഡ്സ് ബ്യൂറോയിലെ ഗ്രേഡ് എസ് ഐ ബിജുമോൻ ഓടിച്ച കാറാണ് മറ്റൊരു കാറിലും രണ്ട് ബൈക്കുകളിലും ഇടിച്ച് അപകടമുണ്ടാക്കിയത്.

സംഭവത്തിൽ കാൽനട യാത്രക്കാരൻ കാഞ്ചിയാർ സ്വദേശി സണ്ണിക്കും പരിക്കേറ്റു. സണ്ണിയെ കട്ടപ്പന താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം പരിക്ക് ഗുരുതരമല്ല.

നാട്ടുകാരന് പരിക്കേറ്റത് നേരിയ സംഘർഷത്തിന് ഇടയാക്കി. സംഭവത്തിൽ പ്രതിഷേധിച്ച് പൊലീസ് ഉദ്യോഗസ്ഥനെയും വാഹനവും നാട്ടുകാർ തടഞ്ഞുവച്ചു. കട്ടപ്പന പൊലീസ് എത്തി ഇയാളെ പിന്നീട് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. മദ്യപിച്ച് അപകടകരമായി വാഹനം ഓടിച്ചതിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

ദിലീപിന്റെ ആലുവയിലെ വീട്ടില്‍ അതിക്രമിച്ച് കയറിയ ആള്‍ പിടിയില്‍

ദിലീപിന്റെ ആലുവയിലെ വീട്ടില്‍ അതിക്രമിച്ച് കയറിയ ആള്‍ പിടിയില്‍

കൊച്ചി: നടന്‍ ദിലീപിന്റെ ആലുവയിലെ വീട്ടില്‍ അതിക്രമിച്ച് കയറിയ ആള്‍ പിടിയില്‍. മലപ്പുറം സ്വദേശി അഭിജിത് ആണ് പൊലീസിന്റെ പിടിയിലായത്. ഇന്നലെ രാത്രി 12 മണിയോടെയാണ് ദിലീപിന്റെ ആലുവ കൊട്ടാരക്കടവിലെ വീട്ടില്‍ ഇയാള്‍ അതിക്രമിച്ച് കയറിയത്.

വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതിനിടെ തുടര്‍ന്ന് വീട്ടുകാരും സുരക്ഷാ ജീവനക്കാരും ചേര്‍ന്ന് ഇയാളെ തടഞ്ഞ് വെച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. കുടുംബം നല്‍കിയ പരാതിയില്‍ ആലുവ പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

രാത്രി വീടിന്റെ പ്രധാന ഗേറ്റ് തള്ളി തുറന്ന് അകത്തേക്ക് കയറാന്‍ ശ്രമിച്ച ഇയാളെ സെക്യൂരിറ്റി ജീവനക്കാര്‍ തടഞ്ഞു നിര്‍ത്തുകയും ആലുവ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മോഷണം ആയിരുന്നില്ല ഉദ്ദേശമെന്നും പൊലീസ് പറയുന്നു.

സ്വര്‍ണവിലയില്‍ വര്‍ധന; പവന് ഒറ്റയടിക്ക് 920 രൂപ കൂടി

സ്വര്‍ണവിലയില്‍ വര്‍ധന; പവന് ഒറ്റയടിക്ക് 920 രൂപ കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് ഒറ്റയടിക്ക് 920 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 92,120 രൂപയാണ്. ഗ്രാമിന് 115 രൂപയാണ് കൂടിയത്. 11,510 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില.

ഇന്നലെ രണ്ട് തവണയാണ് വിലയില്‍ മാറ്റമുണ്ടായത്. രാവിലെ 92,000 ത്തിലെത്തിയ പവന്‍ വില വൈകിട്ടോടെ 800 രൂപ കുറഞ്ഞ് 91,200 രൂപയില്‍ എത്തിയിരുന്നു. ചൊവ്വാഴ്ച രാവിലെ സ്വര്‍ണവില 17ന് രേഖപ്പെടുത്തിയ റെക്കോര്‍ഡ് ഉയരമായ 97,360 രൂപയ്ക്കൊപ്പമെത്തിയിരുന്നു. തുടര്‍ന്ന് വില ഇടിയുന്നതാണ് ദൃശ്യമായത്. ഈ മാസം സ്വര്‍ണവിലയില്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ഒക്ടോബര്‍ മൂന്നിനായിരുന്നു. അന്ന് 86,560 രൂപയായിരുന്നു വില.

അമേരിക്കയില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വം അടക്കമുള്ള വിഷയങ്ങളാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന ചലനങ്ങള്‍ ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുന്നതാണ് വില വര്‍ധനയ്ക്ക് കാരണം.

ശബരിമലയിലെ സ്വർണം ബെല്ലാരിയിൽ; കണ്ടെത്തിയത് സ്വർണക്കട്ടികൾ

ശബരിമലയിലെ സ്വർണം ബെല്ലാരിയിൽ; കണ്ടെത്തിയത് സ്വർണക്കട്ടികൾ

തിരുവനന്തപുരം: ശബരിമലയിൽ നിന്നു ഉണ്ണികൃഷ്ണൻ പോറ്റി കടത്തിയ സ്വർണം കണ്ടെത്തിയതായി പ്രത്യേക അന്വേഷണം സംഘം. ഉണ്ണികൃഷ്ണൻ പോറ്റി വ്യാപരിയായ ​ഗോവർധനു കൈമാറിയ സ്വർണമാണ് കർണാടകയിലെ ബെല്ലാരിയിൽ നിന്നാണ് കണ്ടെത്തിയത്. ​ഗോവർധന്റെ ജ്വല്ലറിയിൽ നിന്നാണ് സ്വർണം കണ്ടെത്തിയത് എന്നാണ് വിവരം.

400​ ​ഗ്രാമിനു മുകളിൽ തൂക്കം വരുന്ന സ്വർണക്കട്ടികളാണ് കണ്ടെത്തിയത്. ഉണ്ണികൃഷ്ണൻ പോറ്റി 476 ​ഗ്രാം സ്വർണം തനിക്കു നൽകിയെന്നാണ് ​ഗോവർധന്റെ മൊഴി. പോറ്റി നൽകിയ സ്വർണം മുഴുവനായി കണ്ടെത്താനായോ എന്നു വ്യക്തമല്ല.

ശബരിമലയിൽ നിന്നു കൊള്ളയടിച്ച സ്വർണം കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം ഇന്നലെയാണ് ബെല്ലാരിയിൽ എത്തിയത്. ഉണ്ണികൃഷ്ണൻ‌ പോറ്റി കടത്തിയ സ്വർണം ബെല്ലാരിയിലെ സ്വർണ വ്യാപരിയായ ​ഗോവർധന്റെ കൈയിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ബം​ഗളൂരുവിലും ബെല്ലാരിയിലുമായി തെളിെവെടുപ്പു നടത്തിയിരുന്നു. സ്വർണം വീണ്ടെടുത്തതോടെ ​ഗോവർധനെ കേസിൽ സാക്ഷിയാക്കാനാണ് എസ്ഐടി നീക്കം.

സ്വർണം വിറ്റെന്നു ഉണ്ണികൃഷ്ണൻ പോറ്റിയും വാങ്ങിയെന്നു ​ഗോവർധനും സമ്മതിച്ചതോടെയാണു ഇതു വീണ്ടെടുക്കാൻ വഴിയൊരുങ്ങിയത്. തൊണ്ടി മുതൽ കണ്ടെത്തിയതോടെ ​ഗൂഢാലോചനയ്ക്കൊപ്പം പൊതുമുതൽ മോഷ്ടിച്ചു വിറ്റുവെന്ന കേസും ചുമത്തും. സ്വർണം കൊടുത്തുവിട്ടവരും തീരുമാനെടുത്തവരുമെല്ലാം പ്രതികളാകും.

അതിനിടെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നിന്നു സ്വർണ നാണയങ്ങളും കണ്ടെത്തിയിട്ടുണ്ട്. പുളിമാത്ത് വീട്ടിൽ നിന്നാണ് സ്വർണ നാണയങ്ങൾ കണ്ടെത്തിയത്. രണ്ട് ലക്ഷത്തോളം രൂപയും ഇയാളുടെ വിട്ടിൽ നിന്നു പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണൻ പോറ്റിയുമായി തെളിവെടുപ്പ് ഇന്നും തുടരും.