by Midhun HP News | Oct 24, 2025 | Latest News, കേരളം
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ ഒരു തരി സ്വര്‍ണമോ വിലപ്പെട്ട മറ്റ് വസ്തുക്കളോ നഷ്ടപ്പെട്ടിട്ടില്ലെന്ന് ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍. ദേവസ്വത്തിന്റെ ശേഖരത്തിലുള്ള സ്വര്‍ണം, വെള്ളി, വിലപിടിപ്പുള്ള വസ്തുക്കള്‍ എന്നിവയുടെയെല്ലാം കൃത്യമായ കണക്ക് സ്റ്റോക്ക് രജിസ്റ്ററില്‍ സൂക്ഷിച്ചിട്ടുണ്ട്. ദേവസ്വത്തിനെതിരായി ആരോപണങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് ദേവസ്വം ചെയര്‍മാന്‍ വി.കെ. വിജയന്‍ അറിയിച്ചു.
സത്യവിരുദ്ധമായ പ്രചരണത്തിലൂടെ ഭക്തസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കത്തില്‍ ദേവസ്വം ഭരണസമിതി ശക്തമായ പ്രതിഷേധിക്കുന്നതായും അദ്ദേഹം പറഞ്ഞു. ക്ഷേത്രത്തില്‍ നിന്നും ഒരു തരി സ്വര്‍ണ്ണം പോലും നഷ്ടപ്പെട്ടിട്ടില്ല. നിത്യ ഉപയോഗത്തിനുള്ളവ മേല്‍ശാന്തിയുടെ സ്റ്റോക്കിലും ബാക്കിയുള്ളവ ഡബിള്‍ ലോക്കറിലുമാണ് സൂക്ഷിച്ചിരിക്കുന്നത്. ഭണ്ഡാരത്തില്‍ നിന്നും സ്വര്‍ണ്ണമടക്കമുള്ളവ ലോക്കറിലേക്ക് മാറ്റുന്നത് ഹൈക്കോടതി പ്രതിനിധികളടക്കമുള്ള ഉദ്യോഗസ്ഥരുടെയും ഭക്തജന പ്രതിനിധികളുടെയും സാന്നിധ്യത്തിലും നിരീക്ഷണത്തിലുമാണ്.
സ്വര്‍ണ്ണ ബാറുകള്‍ ക്ഷേത്രത്തിലില്ല, ക്ഷേത്രാവശ്യങ്ങള്‍ക്ക് ശേഷമുള്ള സ്വര്‍ണം കേന്ദ്ര ഗവണ്‍മെന്റ് ഉടമസ്ഥതയിലുള്ള മിന്റില്‍ ഉരുക്കി ബാറുകളാക്കി മുംബൈയിലെ എസ്ബിഐയുടെ ബുള്ള്യന്‍ ബ്രാഞ്ചിലെ സ്വര്‍ണ്ണ നിക്ഷേപ പദ്ധതിയില്‍ നിക്ഷേപിച്ച് പലിശ വരുമാനം നേടുന്നുണ്ട്. സ്വകാര്യ സ്ഥാപനങ്ങളെ ശുദ്ധീകരണത്തിനായി ഏല്‍പ്പിക്കാറില്ലെന്നും ദേവസ്വം വ്യക്തമാക്കി.
ആനക്കൊമ്പ് സ്റ്റോക്കില്‍ ഇല്ലെന്ന വാര്‍ത്ത തീര്‍ത്തും അപഹാസ്യകരമാണ്. ആനക്കൊമ്പ് മുറിക്കുന്നത് ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ മുന്‍കൂര്‍ അനുമതിയോടെയും ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലുമാണ്. മുറിച്ച കഷ്ണങ്ങളും പൊടിയടക്കം വനംവകുപ്പ് ഏറ്റെടുക്കുകയും അവരുടെ കസ്റ്റഡിയില്‍ സൂക്ഷിക്കുകയും ചെയ്യുന്നു. ചെലവ് മാത്രമാണ് ദേവസ്വം വഹിക്കുന്നത്. എല്ലാ മാസവും ആദ്യ ആഴ്ചയില്‍ നടക്കുന്ന ഭണ്ഡാരം എണ്ണല്‍ ഹൈക്കോടതി നിയോഗിച്ച പ്രതിനിധികള്‍, തന്ത്രി, സാമൂതിരിയുടെ പ്രതിനിധി, എ.ജി. ഓഫീസ് പ്രതിനിധി, ദേവസ്വം അംഗങ്ങള്‍ എന്നിവരുടെ സാന്നിധ്യത്തിലും നിരീക്ഷണത്തിലുമാണ്. പണത്തിന്റെയും സ്വര്‍ണ്ണം, വെള്ളി ഉള്‍പ്പെടെയുള്ളവയുടെ മുഴുവന്‍ വിവരങ്ങളും മാധ്യമങ്ങളെ അറിയിക്കാറുണ്ട്.


by Midhun HP News | Oct 24, 2025 | Latest News, കേരളം
കൊച്ചി: ആനക്കൊമ്പ് സൂക്ഷിക്കുന്നതിന് മോഹന്‍ലാലിന് അനുമതി നല്‍കിയ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ആനക്കൊമ്പ് കേസ് പിന്‍വലിച്ച് ഉടമസ്ഥാവകാശം നല്‍കിയ നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയത്. സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കിയാണ് കോടതി നടപടി. സര്‍ക്കാരിനും മോഹന്‍ലാലിനും തിരിച്ചടിയാണ് കോടതി ഉത്തരവ്.
ആനക്കൊമ്പിന്റെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റുകള്‍ അസാധുവാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, നടപടി നിയമ വിരുദ്ധമാണെന്നും പ്രഖ്യാപിച്ചു. ഉടമസ്ഥാവകാശം നല്‍കിക്കൊണ്ട് വിജ്ഞാപനം ചെയ്യാതെ ഉത്തരവ് മാത്രം പുറത്തിറക്കിയാല്‍ അതിന് നിയമ സാധുത ഉണ്ടാകില്ല. ആവശ്യമെങ്കില്‍ സര്‍ക്കാരിന് വിജ്ഞാപനം പുറപ്പെടുവിക്കാമെന്നും ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
കേസില്‍ മോഹന്‍ലാലിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍ നിലനില്‍ക്കുന്നതിനാല്‍ കേസിന്റെ മെറിറ്റിലേക്ക് കോടതി കടന്നില്ല. നേരത്തെ സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിയ പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതി, മോഹന്‍ലാല്‍ വിചാരണ നേരിടണമെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനെതിരായ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. മോഹന്‍ലാലിന്റെ എറണാകുളത്തെ വീട്ടില്‍ അനധികൃതമായി ആനക്കൊമ്പ് സൂക്ഷിച്ചത് സംബന്ധിച്ച് 2011-ല്‍ ആദായനികുതി വകുപ്പാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസ് പിന്നീട് വനം വകുപ്പിന് കൈമാറുകയായിരുന്നു. ആനക്കൊമ്പ് കേസില്‍ മോഹന്‍ലാല്‍ ഒന്നാംപ്രതിയാണെന്ന് വ്യക്തമാക്കി പെരുമ്പാവൂര്‍ കോടതിയില്‍ വനംവകുപ്പ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. പിന്നീട് പ്രത്യേക ഉത്തരവിലൂടെ ആനക്കൊമ്പിന്റെ ഉടമസ്ഥാവകാശം മോഹന്‍ലാലിന് പതിച്ചുനല്‍കുകയും കേസ് പിന്‍വലിക്കുകയുമായിരുന്നു.


by Midhun HP News | Oct 24, 2025 | Latest News, കേരളം
ശബരിമലയിലെ ദ്വാരപാലകരുടെ മേൽ സ്ഥാപിച്ചിരുന്ന സ്വർണ്ണ പാളികൾ ഇളക്കി കൊണ്ട് പോയി വിറ്റതിനെതിരെ വ്യാപകമായി ബിജെപി സംഘടിപ്പിച്ചിട്ടുള്ള പ്രതിഷേധ ധർണ്ണ ഇന്നലെ ചിറയിൻകീഴിലും നടന്നു. സന്ധ്യയ്ക്ക് 6.30 ന് വലിയകടയിൽ നിന്നാരംഭിച്ച പന്തം കൊളുത്തി പ്രകടനം 7.00 മണിയോടെ ശാർക്കര ജംഗ്ഷനിലെത്തി ദേവസ്വം മന്ത്രിയുടെ കോലം കത്തിച്ചു കൊണ്ട് അവസാനിപ്പിച്ചു. മണ്ഡലം സെക്രട്ടറി കോട്ടറക്കരി സുരേഷ് പ്രതിഷേധ ധർണ്ണ ഉത്ഘടം ചെയ്ത് സംസാരിച്ചു. മണ്ഡലം സെക്രട്ടറി സുനിൽ ശങ്കർ, മണ്ഡലം വൈസ് വൈസ് പ്രസിഡൻ്റ് മഞ്ചു, ചിറയിൻകീഴ് ഏര്യാ പ്രസിഡൻ്റ് റിജു, ജനറൽ സെക്രട്ടറി രാഖി, ആനത്തലവട്ടം ഏര്യാ പ്രസിഡൻ്റ് ശ്രീകുമാർ, വാർഡ് ഇൻചാർജ്മാർ തുടങ്ങി അനേകം പ്രവർത്തകർ പങ്കെടുത്തു.


by Midhun HP News | Oct 24, 2025 | Latest News, കേരളം
പത്തനംതിട്ട: ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ ഔദ്യോഗിക രേഖയില്‍ ചെമ്പെന്ന് ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു എഴുതിയത് മനഃപൂര്‍വമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പം മുരാരി ബാബു ഗൂഢാലോചന നടത്തി. ബോധപൂര്‍വം തട്ടിപ്പുകള്‍ക്ക് കൂട്ടുനിന്നുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
1998ൽ തന്നെ പാളികൾ സ്വർണം പൂശിയതായി മുരാരി ബാബുവിന് വ്യക്തതയുണ്ടായിരുന്നു. സ്വർണ്ണപ്പാളികൾ, രേഖയിൽ ചെമ്പെന്ന് എന്ന് രേഖപ്പെടുത്തിയത് മനപ്പൂർവ്വമാണ്. തട്ടിപ്പിലൂടെ ശബരിമല ക്ഷേത്ര വിശ്വാസികളുടെ വികാരത്തെ വൃണപ്പെടുത്തി. മുരാരി ബാബു ക്ഷേത്ര ശ്രീകോവിൽ കട്ടളയിലെ സ്വർണ്ണം കൊള്ള ചെയ്ത കേസിലും പ്രതിയാണെന്നും എസ്ഐടി കോടതിയിൽ പറഞ്ഞു. കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ എസ്ഐടി ചോദ്യം ചെയ്തു വരികയാണ്. പോറ്റിയിൽനിന്ന് കൂടുതൽ വിവരങ്ങൾ അറിയാനുണ്ടെന്നും അതിനുശേഷം മുരാരിയെ കസ്റ്റഡിയിൽ മതിയെന്നും എസ്ഐടി കോടതിയെ അറിയിച്ചു. ഇതേത്തുടർന്ന് രണ്ട് ആഴ്ചത്തേക്ക് കോടതി മുരാരി ബാബുവിനെ റിമാൻഡ് ചെയ്തു. ഉണ്ണികൃഷ്ണൻ പോറ്റിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായശേഷം മുരാരി ബാബുവിനെ വിട്ടുകിട്ടാൻ കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.


by Midhun HP News | Oct 24, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 280 രൂപ കൂടിയതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ 92,000 രൂപയിലെത്തി. ഗ്രാമിന് ആനുപാതികമായി 35 രൂപയാണ് കൂടിയത്. 11,500 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില.
ചൊവ്വാഴ്ച രാവിലെ സ്വര്‍ണവില 17ന് രേഖപ്പെടുത്തിയ റെക്കോര്‍ഡ് ഉയരമായ 97,360 രൂപയ്‌ക്കൊപ്പമെത്തിയിരുന്നു. തുടര്‍ന്ന് വില ഇടിയുന്നതാണ് ദൃശ്യമായത്.
by Midhun HP News | Oct 23, 2025 | Latest News, കേരളം
കൊച്ചി: രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് കൊച്ചി നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം. നേവല്‍ ബേസ്, തേവര, എംജി റോഡ്, ജോസ് ജംഗ്ഷന്‍, ബിടിഎച്ച്, പാര്‍ക്ക് അവന്യു റോഡ്, മേനക, ഷണ്‍മുഖം റോഡ് എന്നിവിടങ്ങളിലാണ് ഗതാഗത നിയന്ത്രണം ഉണ്ടാകുക. രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെയാണ് ഗതാഗത നിയന്ത്രണം പൊലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.
കോട്ടയം പാലാ സെന്റ് തോമസ് കോളേജില്‍ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത ശേഷം വൈകീട്ട് രാഷ്ട്രപതി ഹെലികോപ്റ്റര്‍ മാര്‍ഗം പാലയില്‍ എത്തും. തുടര്‍ന്ന് ഹെലികോപ്റ്ററില്‍ കോട്ടയം പൊലീസ് ഗ്രൗണ്ടില്‍ ഇറങ്ങി റോഡ് മാര്‍ഗം കുമരകത്തേക്ക് പോകും. കുമരകത്താണ് ഇന്ന് തങ്ങുക. നാളെ രാവിലെ കുമകരകത്ത് നിന്ന് റോഡ് മാര്‍ഗം കോട്ടയം പൊലീസ് ഗ്രൗണ്ടില്‍ എത്തിയ ശേഷം കൊച്ചിയിലേക്ക് പോകും. രാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കനത്ത സുരക്ഷയിലാണ് ജില്ല. നാളെ കൊച്ചിയിലാണ് രാഷ്ട്രപതിയുടെ പരിപാടികള്‍.


Recent Comments