സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; മൂന്ന് ദിവസത്തിനിടെ കുറഞ്ഞത് 5640 രൂപ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; മൂന്ന് ദിവസത്തിനിടെ കുറഞ്ഞത് 5640 രൂപ

കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ചിരുന്ന സ്വര്‍ണവിലയില്‍ ഇന്നും ഇടിവ് രേഖപ്പെടുത്തിയതോടെ, വില 92,000ല്‍ താഴെയെത്തി. ഇന്ന് പവന് 600 രൂപയാണ് കുറഞ്ഞത്. 91,720 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 75 രൂപയാണ് കുറഞ്ഞത്. 11,465 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ രണ്ടു തവണയായി 3440 രൂപയാണ് കുറഞ്ഞത്.

ചൊവ്വാഴ്ച രാവിലെ സ്വര്‍ണവില 17ന് രേഖപ്പെടുത്തിയ റെക്കോര്‍ഡ് ഉയരമായ 97,360 രൂപയ്‌ക്കൊപ്പമെത്തിയിരുന്നു. തുടര്‍ന്ന് വില ഇടിയുന്നതാണ് ദൃശ്യമായത്. മൂന്ന് ദിവസത്തിനിടെ 5640 രൂപയാണ് കുറഞ്ഞത്. ഈ മാസം സ്വര്‍ണവിലയില്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ഒക്ടോബര്‍ മൂന്നിനായിരുന്നു. അന്ന് 86,560 രൂപയായിരുന്നു വില.അമേരിക്കയില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വം അടക്കമുള്ള വിഷയങ്ങളാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന ചലനങ്ങള്‍ ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുന്നതാണ് വില വര്‍ധനയ്ക്ക് കാരണമെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

ശബരിമല സ്വര്‍ണക്കൊള്ള: മുരാരി ബാബു അറസ്റ്റില്‍

ശബരിമല സ്വര്‍ണക്കൊള്ള: മുരാരി ബാബു അറസ്റ്റില്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ വീണ്ടും അറസ്റ്റ്. ശബരിമല ദേവസ്വം മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവാണ് അറസ്റ്റിലായത്. ചോദ്യം ചെയ്യലിനു ശേഷമാണ് മുരാരി ബാബുവിന്റെ അറസ്റ്റ് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയത്. പെരുന്നയിലെ വീട്ടില്‍ നിന്നും ഇന്നലെ രാത്രി 10 മണിയോടെയാണ് എസ്ഐടി സംഘം മുരാരി ബാബുവിനെ കസ്റ്റഡിയിലെടുത്തത്. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ശബരിമല സ്വര്‍ണക്കൊള്ളിയിലെ രണ്ടാമത്തെ പ്രതിയാണ് മുരാരി ബാബു. സ്വര്‍ണപ്പാളികള്‍ ചെമ്പുപാളികള്‍ എന്ന് രേഖപ്പെടുത്തിയത് മുരാരി ബാബുവാണെന്നാണ് കണ്ടെത്തിയിരുന്നു. ഗൂഢാലോചനയുടെ പ്രധാന കണ്ണിയാണ് മുരാരി ബാബുവെന്നാണ് എസ്‌ഐടി നിഗമനം. 2019 ല്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്നു. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ശബരിമല മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിന് അറിവും പങ്കാളിത്തവും ഉണ്ടെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.

ദ്വാരപാലക ശില്‍പ പാളികളും കട്ടിളയും കടത്തിയ കേസുകളില്‍ ഇയാളും പ്രതിയാണ്. നിലവില്‍ മുരാരി ബാബു സസ്‌പെന്‍ഷനിലാണ്. ആരോപണം ഉയര്‍ന്നപ്പോള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആദ്യം നടപടിയെടുത്ത ഉദ്യോഗസ്ഥനും മുരാരി ബാബുവാണ്. 2019 മുതല്‍ 2024 വരെയുള്ള ഗൂഢാലോചനയിലെ പ്രധാന കണ്ണി മുരാരി ബാബുവാണെന്നാണ് എസ്ഐടിയുടെ വിലയിരുത്തല്‍. നിലവില്‍ ഹരിപ്പാട് ദേവസ്വം ഡെപ്യൂട്ടി കമ്മീഷണറായി ജോലി ചെയ്തു വരികയായിരുന്നു.2019 ല്‍ മുരാരി ബാബു ശബരിമല അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ ആയിരിക്കെ, ശ്രീകോവിലിന് ഇരുവശത്തുമുള്ള സ്വര്‍ണം പൂശിയ ദ്വാരപാലക ശില്‍പ്പങ്ങള്‍ ചെമ്പ് തകിട് എന്ന് തെറ്റായി രേഖപ്പെടുത്തി ഗുരുതര വീഴ്ച വരുത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. വ്യാജ രേഖ ചമച്ചതിന്റെ തുടക്കം മുരാരി ബാബുവിന്റെ കാലത്താണ് എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ സ്വര്‍ണപ്പാളി വിവാദത്തിലെ വീഴ്ചയില്‍ തനിക്ക് പങ്കില്ലെന്നാണ് മുരാരി ബാബു ആവര്‍ത്തിച്ചിരുന്നത്.

‘സിസ്റ്ററേ, കണ്‍ഗ്രാച്സ്’; തിരുവസ്ത്രത്തില്‍ പാദരക്ഷകളിടാതെ ഹര്‍ഡില്‍സില്‍ സ്വര്‍ണം, അഭിനന്ദന പ്രവാഹം

‘സിസ്റ്ററേ, കണ്‍ഗ്രാച്സ്’; തിരുവസ്ത്രത്തില്‍ പാദരക്ഷകളിടാതെ ഹര്‍ഡില്‍സില്‍ സ്വര്‍ണം, അഭിനന്ദന പ്രവാഹം

കല്‍പ്പറ്റ: പ്രായത്തെയും വേഷത്തെയും വെല്ലുന്ന അമ്പരപ്പിക്കുന്ന പ്രകടനവുമായി സംസ്ഥാന മാസ്റ്റേഴ്സ് മീറ്റില്‍ സ്വര്‍ണം നേടി സിസ്റ്റര്‍ സബീന. കന്യാസ്ത്രീ വേഷത്തിലെത്തി ഹര്‍ഡില്‍സ് മത്സരത്തില്‍ മുന്‍ കായിക താരമായ സിസ്റ്റര്‍ സബീന നേടിയ വിജയം കാണികളെ ആവേശം കൊള്ളിച്ചു. സ്പോര്‍ട്സ് വേഷത്തില്‍ മത്സരിച്ചവരെ പിന്തള്ളിക്കൊണ്ടാണ് സിസ്റ്റര്‍ അതിവേഗത്തില്‍ ട്രാക്കിലൂടെ കുതിച്ചത്.

പഴയ കായികതാരമാണെങ്കിലും വര്‍ഷങ്ങള്‍ക്കുശേഷമാണ് സിസ്റ്റര്‍ മത്സരത്തിനായി ട്രാക്കിലിറങ്ങുന്നത്. 55-നു മുകളില്‍ പ്രായമുള്ളവരുടെ വിഭാഗത്തിലാണ് സിസ്റ്റര്‍ സബീന മത്സരിച്ചത്. ദ്വാരക എയുപി സ്‌കൂളിലെ കായികാധ്യാപികയാണ്. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഹര്‍ഡില്‍സില്‍ ദേശീയ മത്സരത്തില്‍ പങ്കെടുത്തിട്ടുള്ള സിസ്റ്റര്‍, കോളജ് പഠന കാലത്ത് ഇന്റര്‍വേഴ്സിറ്റി മത്സരങ്ങളിലടക്കം മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ചിട്ടുണ്ട്. എന്നാല്‍ അധ്യാപികയായ ശേഷം മത്സരങ്ങളില്‍ പങ്കെടുത്തിരുന്നില്ല.

വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാന മാസ്റ്റേഴ്സ് മീറ്റില്‍ സിസ്റ്റര്‍ സബീന വീണ്ടും ട്രാക്കിലെത്തിയത്. അടുത്ത വര്‍ഷം മാര്‍ച്ചില്‍ കായികാധ്യാപികയുടെ ജോലിയില്‍നിന്ന് വിരമിക്കുകയാണ്. വിരമിക്കുന്നതിനുമുന്‍പ് മത്സരത്തില്‍ പങ്കെടുക്കണമെന്നുതോന്നി, ആ ആഗ്രഹമാണ് സബീനയെ ഹര്‍ഡില്‍സ് ട്രാക്കില്‍ വീണ്ടുമെത്തിച്ചത്.

കൊള്ള പലിശക്കാരുടെ ഭീഷണിയില്‍ വ്യാപാരി ജീവനൊടുക്കി

കൊള്ള പലിശക്കാരുടെ ഭീഷണിയില്‍ വ്യാപാരി ജീവനൊടുക്കി

തൃശൂര്‍: തൃശൂരില്‍ കൊള്ള പലിശക്കാരുടെ ഭീഷണിയില്‍ വ്യാപാരി ആത്മഹത്യ ചെയ്തു. ഗുരുവായൂര്‍ സ്വദേശി മുസ്തഫയാണ് ജീവനൊടുക്കിയത്. കൊള്ളപ്പലിശക്കാരുടെ ഭീഷണി നേരിട്ടിരുന്നുവെന്ന് കുറിപ്പ് എഴുതിവച്ചായിരുന്നു ആത്മഹത്യ.

ഗുരുവായൂരില്‍ ഫാന്‍സി കടയും ചായക്കടയും നടത്തുകയായിരുന്നു മുസ്തഫ. കട നടത്താന്‍ വേണ്ടിയാണ് മുസ്തഫ കടം വാങ്ങിയത്. ആറ് ലക്ഷം രൂപ കടം വാങ്ങിയതിന് 40 ലക്ഷത്തോളം രൂപ മുസ്തഫയില്‍ നിന്ന് വാങ്ങിയെന്നാണ് കുറിപ്പില്‍ പറയുന്നത്. ഒന്നരവര്‍ഷത്തിനിടെയാണ് 40 ലക്ഷം രൂപ മുസ്തഫ തിരികെ നല്‍കിയത്. പലിശ കൊടുക്കാന്‍ വേണ്ടി പലരില്‍ നിന്ന് മുസ്തഫക്ക് കടം വാങ്ങേണ്ടി വന്നിരുന്നു. മുസ്തഫയുടെ സ്ഥലവും കൊള്ളാപലിശക്കാരന്‍ ഭീഷണിപ്പെടുത്തി എഴുതി വാങ്ങിയെന്നും കുറിപ്പില്‍ പറയുന്നു.

പൊലീസില്‍ പരാതി നല്‍കിയിട്ടും കൊള്ള പലിശക്കാര്‍ക്ക് എതിരെ നടപടിയെടുത്തില്ലെന്നും കുടുംബം ആരോപിച്ചു. പലിശക്ക് പണം നല്‍കിയ പ്രഹ്‌ളേഷ്,വിവേക് എന്നിവര്‍ മുസ്തഫയെ ഭാര്യയുടെയും മക്കളുടെയും മുന്നിലിട്ട് മര്‍ദിച്ചെന്നും ബന്ധുക്കള്‍ പറയുന്നു.

20 ലക്ഷം രൂപയുടെ സ്ഥലം എഴുതി വാങ്ങിയത് അഞ്ചു ലക്ഷം രൂപയുടെ മതിപ്പുകാട്ടിയാണെന്നും കുടുംബം പറയുന്നു. ഭാര്യയുടെ പേരിലുള്ള ചെക്ക് മറ്റ് സംസ്ഥാനങ്ങളില്‍ കൊണ്ടുപോയി സമര്‍പ്പിക്കുമെന്നും അവിടെ കേസ് കൊടുക്കുമെന്നും കൊള്ളപ്പലിശക്കാര്‍ ഭീഷണിപ്പെടുത്തിയതായും കുടുംബം പറയുന്നു.

ഇരുമുടിക്കെട്ടുമായി പതിനെട്ടാം പടി കയറി രാഷ്ട്രപതി സന്നിധാനത്ത്: പൂര്‍ണകുംഭം നല്‍കി സ്വീകരിച്ചു

ഇരുമുടിക്കെട്ടുമായി പതിനെട്ടാം പടി കയറി രാഷ്ട്രപതി സന്നിധാനത്ത്: പൂര്‍ണകുംഭം നല്‍കി സ്വീകരിച്ചു

പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപദി മുര്‍മു ശബരിമലയിലെത്തി അയ്യപ്പനെ തൊഴുതു. രാഷ്ട്രപതി പതിനെട്ടാം പടി കയറി കൊടിമരച്ചുവട്ടില്‍ എത്തിയപ്പോൾ തന്ത്രി കണ്ഠര് മഹേഷ് മോഹനര് ആണ് പൂര്‍ണകുംഭം നല്‍കി സ്വീകരിച്ചത്. രാഷ്ട്രപതിക്കൊപ്പം അംഗരക്ഷകരും ഇരുമുടി കെട്ടേന്തിയാണ് മല കയറിയത്.

ഇന്ന് രാവിലെ പമ്പയിലെത്തിയ രാഷ്ട്രപതി 11.45നാണ് പതിനെട്ടാം പടി കയറിയത്. പ്രത്യേക വാഹനത്തില്‍ 15 മിനിറ്റ് കൊണ്ടാണ് രാഷ്ട്രപതി ശബരിമലയില്‍ എത്തിയത്. രാഷ്ട്രപതി അയ്യപ്പനെ തൊഴുന്ന സമയത്ത് രാഷ്ട്രപതിക്കൊപ്പം ദേവസ്വം മന്ത്രി വി എന്‍ വാസവനും ഉണ്ടായിരുന്നു. പമ്പയിലെത്തിയ രാഷ്ട്രപതി പമ്പാ സ്‌നാനത്തിന് ശേഷം പമ്പയില്‍ വച്ച് തന്നെയാണ് കെട്ടുനിറച്ചത്. തുടര്‍ന്ന് പമ്പാ ഗണപതിയെ തൊഴുത് വണങ്ങിയ ശേഷമാണ് സന്നിധാനത്തേയ്ക്ക് പുറപ്പെട്ടത്. ഉപദേവതകളെയും വാവരു സ്വാമി നടയിലും തൊഴുത ശേഷം വൈകീട്ട് വരെ സന്നിധാനത്ത് വിശ്രമിച്ച ശേഷമാണ് രാഷ്ട്രപതി മല ഇറങ്ങുക.

ദര്‍ശനത്തിനു ശേഷം ദേവസ്വം ഗസ്റ്റ് ഹൗസിലാണു ഭക്ഷണവും വിശ്രമവും. 3 വരെ അവിടെ ഉണ്ടാകും. രാഷ്ട്രപതിക്ക് ദേവസ്വം ബോര്‍ഡിന്റെ ഉപഹാരമായി കുമ്പിളിന്റെ തടിയില്‍ കൊത്തിയെടുത്ത അയ്യപ്പ രൂപം സമ്മാനിക്കും. –

അമിത വേഗതയില്‍ ബസ് ഓടിച്ച സ്വകാര്യ ബസ് ഡ്രൈവറുടെ ഡ്രൈവിങ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹനവകുപ്പ്

അമിത വേഗതയില്‍ ബസ് ഓടിച്ച സ്വകാര്യ ബസ് ഡ്രൈവറുടെ ഡ്രൈവിങ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹനവകുപ്പ്

കാക്കനാട്: അമിത വേഗതയില്‍ ബസ് ഓടിച്ച സ്വകാര്യ ബസ് ഡ്രൈവറുടെ ഡ്രൈവിങ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹനവകുപ്പ്. ഇന്നലെ രാവിലെ എട്ടരയോടെ ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍ കൊച്ചി നഗരത്തിലൂടെ സ്വകാര്യ കാറില്‍ സഞ്ചരിച്ചപ്പോഴാണ് ബസിന്റെ അമിത വേഗം ശ്രദ്ധയില്‍പ്പെട്ടത്. അമിത വേഗം, ഇടതുവശത്തുകൂടി ഓവര്‍ടേക്കിങ് തുടങ്ങി അപകടകരമായ രീതിയില്‍ ബസ് ഓടിച്ചതിന് മന്ത്രിയുടെ നിര്‍ദേശപ്രകാരം മോട്ടോര്‍വാഹന വകുപ്പ് നടപടിയെടുക്കുകയായിരുന്നു.

മന്ത്രിയുടെ നിര്‍ദേശപ്രകാരം കാറിലുണ്ടായിരുന്നയാള്‍ ഈ രംഗങ്ങളൊക്കെ ഫോണില്‍ പകര്‍ത്തി എറണാകുളം ആര്‍ടിഒ കെ.ആര്‍. സുരേഷിന് വാട്‌സാപ്പില്‍ അയച്ചു നല്‍കി. ഉടനടി കങ്ങരപ്പടി സ്വദേശിയായ ബസ് ഡ്രൈവറും ഉടമയുമായ റഹീമിന്റെ ഡ്രൈവിങ് ലൈസന്‍സ് ആര്‍ടിഒ സസ്പെന്‍ഡ് ചെയ്തു. ബസ് പെര്‍മിറ്റ് സസ്പെന്‍ഡ് ചെയ്യാന്‍ ആര്‍ടിഎ ബോര്‍ഡിലേക്ക് ശുപാര്‍ശയും ചെയ്തു. എറണാകുളം ഭാഗത്തുനിന്ന് ഫോര്‍ട്ട്‌കൊച്ചിയിലേക്ക് സ്വകാര്യ കാറില്‍ യാത്രയിലായിരുന്നു മന്ത്രി. വാഹനത്തില്‍ കേരള സ്റ്റേറ്റ് ബോര്‍ഡോ പൊലീസ് അകമ്പടിയോ ഇല്ലാതെയായിരുന്നു മന്ത്രിയുടെ യാത്ര. ഈ കാറിനുപിന്നാലെയെത്തിയ ബസ് ഇടതുവശത്തു കൂടി ഓവര്‍ടേക്ക് ചെയ്തു. ശബ്ദം ഇരപ്പിച്ച് മുന്നിലുള്ള മറ്റ് ചെറുവാഹനങ്ങളെയും മാറ്റിച്ച് അമിതവേഗത്തില്‍ പാഞ്ഞു. ഈ ബസിന്റെ പിന്നാലെ മന്ത്രിയുടെ വണ്ടിയും പോയി. ഒന്നര കിലോമീറ്റര്‍ ദൂരം പിന്നിട്ട് ബസ് സ്റ്റോപ്പില്‍ ഒതുക്കിയപ്പോള്‍ കാറിന്റെ ഗ്ലാസ് താഴ്ത്തി ഡ്രൈവറോട് ‘തന്റെ ഡ്രൈവിങ് ലൈസന്‍സ് പോയിട്ടോ’യെന്ന് വിളിച്ചുപറഞ്ഞ് മന്ത്രി പോകുകയായിരുന്നു. ബസ് ഡ്രൈവറെ ഓഫീസിലേക്ക് വിളിച്ചു വരുത്തിയാണ് ലൈസന്‍സ് രണ്ടുമാസത്തേക്ക് ആര്‍ടിഒ സസ്‌പെന്‍ഡ് ചെയ്തത്.