by Midhun HP News | Oct 18, 2025 | Latest News, കേരളം
പാലക്കാട്: ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന യാത്രക്കാരന് അടിയന്തര വൈദ്യ സഹായം നൽകി റെയിൽവേ ഡിവിഷണൽ മെഡിക്കൽ ഓഫീസർ. ടി.എം.ജെ ഡിസ് ലോക്കേഷൻ
(താടിയെല്ലുകൾ സ്തംഭിക്കുക) എന്ന അവസ്ഥ വന്ന യാത്രക്കാരനാണ് അടിയന്തര വൈദ്യ സഹായം നൽകിയത്.
കന്യാകുമാരി- തിബ്രുഗഡ് വിവേക് എക്സ്പ്രസിലാണ് സംഭവം. ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന യുവാവിന് കോട്ടുവായ ഇട്ടതിനുശേഷം വായ അടക്കാൻ കഴിഞ്ഞില്ല. വായ തുറന്ന നിലയിൽ ബുദ്ധിമുട്ടിയ യാത്രക്കാരൻ റെയില്‍വെ അധികൃതരുടെ സഹായം തേടുകയായിരുന്നു.
തുടര്‍ന്ന് ട്രെയിൻ പാലക്കാട് ജംഗ്ഷൻ റെയില്‍വെ സ്റ്റേഷനിലെത്തിയപ്പോഴാണ് അടിയന്തര ചികിത്സ നൽകിയത്. പാലക്കാട് റെയില്‍വേ ആശുപത്രിയിലെ ഡിവിഷണൽ മെഡിക്കൽ ഓഫീസര്‍ പിഎസ് ജിതൻ സ്റ്റേഷനിലെത്തുകയായിരുന്നു. തുടര്‍ന്ന് പ്ലാറ്റ്ഫോമിൽ വെച്ച് തന്നെ യുവാവിന് ചികിത്സ നൽകി. മെഡിക്കൽ ഓഫീസര്‍ക്ക് നന്ദി പറഞ്ഞാണ് യുവാവ് മടങ്ങിയത്. യുവാവ് അതേ ട്രെയിനിൽ തന്നെ യാത്ര തുടരുകയായിരുന്നു.


by Midhun HP News | Oct 18, 2025 | Latest News, കേരളം
പാലക്കാട്: നെന്മാറ സജിത വധക്കേസില്‍ പ്രതി ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ. പാലക്കാട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ചെന്താമര നാലേകാല്‍ ലക്ഷം രൂപ പിഴയും ഒടുക്കണം. കേസില്‍ പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
കൊലപാതകം, തെളിവ് നശിപ്പിക്കല്‍, അതിക്രമിച്ച് കടക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളാണ് തെളിഞ്ഞിരിക്കുന്നത്. കൊല ചെയ്യണം എന്ന് ഉദ്ദേശത്തോടുകൂടി മുന്‍വൈരാഗ്യത്തോടുകൂടിയാണ് പ്രതി കുറ്റകൃത്യം നടത്തിയതെന്ന് കോടതി നിരീക്ഷിച്ചിരുന്നു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസല്ലെന്നായിരുന്നു വിധി പ്രസ്താവിക്കുമ്പോള്‍ കോടതി പറഞ്ഞത്. മുമ്പ് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും അതുകൊണ്ടാണ് അങ്ങനെ കണക്കാക്കാന്‍ കഴിയാത്തതെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം.
രണ്ട് വകുപ്പുകളിലായി ഇരട്ട ജീവപര്യന്തമാണ് വിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. 302ാം വകുപ്പ് പ്രകാരം ജീവപര്യന്തം, 201ാം വകുപ്പ് പ്രകാരം അഞ്ച് വര്‍ഷം, 449ാം വകുപ്പ് പ്രകാരം ജീവപര്യന്തം എന്നിങ്ങനെയാണ് ശിക്ഷ വിധിച്ചത്. നാല് ലക്ഷത്തി ഇരുപത്തിയയ്യായിരം രൂപയാണ് പിഴയായി ഒടുക്കേണ്ടത.് സജിതയുടെ മക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും കോടതി.
പ്രതി നന്നാകുമെന്ന പ്രതീക്ഷയില്ലെന്നും പരോള്‍ നല്‍കേണ്ട സാഹചര്യമുണ്ടായാല്‍ സജിതയുടെ കുടുംബത്തിന് സുരക്ഷ ഉറപ്പാക്കണമെന്നും കോടതി വ്യക്തമാക്കി. സജിതയുടെ മക്കളുടെ പുനരധിവാസം ഉറപ്പാക്കണമെന്നും കോടതി വിധി പ്രസ്താവിക്കുമ്പോള്‍ പറഞ്ഞു.
2019 ഓഗസ്റ്റ് 31-നാണ് അയല്‍വാസിയായിരുന്ന പോത്തുണ്ടി തിരുത്തംപാടം ബോയന്‍ കോളനിയില്‍ സുധാകരന്റെ ഭാര്യ സജിതയെ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. ഭാര്യ പിണങ്ങിപ്പോകാന്‍ കരണക്കാരിയാണ് എന്നാരോപിച്ചാണ് സജിതയെ പ്രതി വീട്ടില്‍ക്കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയത്.
കുടുംബപ്രശ്നം മൂലം ചെന്താമരയുടെ ഭാര്യയും മകളും അകന്നുകഴിയുകയായിരുന്നു. ഇതിനുകാരണം സജിതയും കുടുംബവും ദുര്‍മന്ത്രവാദം നടത്തുകയാണെന്ന് ചെന്താമര വിശ്വസിച്ചിരുന്നു. സജിത കൊലക്കേസില്‍ ജാമ്യത്തിലിറങ്ങിയ ചെന്താമര പിന്നീട് സജിതയുടെ ഭര്‍ത്താവ് സുധാകരനെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തിയിരുന്നു.


by Midhun HP News | Oct 18, 2025 | Latest News, കേരളം
നിയുക്ത ശബരിമല മേൽശാന്തിയായി പ്രസാദ് ഇ.ഡി. തിരഞ്ഞെടുക്കപ്പെട്ടു. തൃശൂർ ചാലക്കുടി മറ്റത്തൂർകുന്ന് ഏറന്നൂർ മനയിലെ പ്രസാദ് ഇ.ഡി ശബരിമലയിലെ അടുത്ത മണ്ഡലകാലം മുതൽ ഒരു വർഷത്തേയ്ക്കുള്ള പുറപ്പെടാ മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ടു. മാളികപ്പുറം മേൽശാന്തിയായി മനു നമ്പൂതിരിയും തിരഞ്ഞെടുക്കപ്പെട്ടു.


by Midhun HP News | Oct 18, 2025 | Latest News, കേരളം
കട്ടപ്പന: കട്ടപ്പന: തുലാവര്‍ഷം ആരംഭിച്ചതിന് പിന്നാലെ ഇടുക്കി ജില്ലയില്‍ ശക്തായ മഴയാണ് പെയ്തിറങ്ങുന്നത്. നെടുങ്കണ്ടത്തും കട്ടപ്പനയിലും നൂറുകണക്കിന് വീടുകളില്‍ വെള്ളം കയറി. കൂട്ടാര്‍, തേര്‍ഡ് ക്യാമ്പ്, സന്യാസിയോട, മുണ്ടിയെരുമ, തൂക്കുപാലം, താന്നിമൂട്, കല്ലാര്‍ തുടങ്ങിയ ടൗണുകള്‍ വെള്ളത്തിനടിയിലായി. കുമളിയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് വീടുകളില്‍ നിന്നും ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
നെടുങ്കണ്ടം തൂക്കുപാലം മേഖലയില്‍ വാഹനങ്ങള്‍ ഒലിച്ചുപോയതായും റിപ്പോര്‍ട്ടുകളുണ്ട്. നിര്‍ത്തിയിട്ടിരുന്ന കാറും സ്‌കൂട്ടറുകളും ഉള്‍പ്പെടെയാണ് ഒലിച്ചുപോയത്. കുമളിയില്‍ തോട് കരകവില്‍ ഒഴുകിയതിനെ തുടര്‍ന്ന് വീട്ടില്‍ കുടുങ്ങിയ അഞ്ച് പേരെ രക്ഷപ്പെടുത്തി. 42 കുടുംബങ്ങളെയാണ് പ്രദേശത്ത് മാറ്റിപ്പാര്‍പ്പിച്ചത്.
അതേസമയം, വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു. ജലനിരപ്പ് പരമാവധിയില്‍ എത്തുന്നതോടെ അണക്കെട്ടിലെ ഷട്ടറുകള്‍ തുറന്ന് ജലം പുറത്തേക്ക് ഒഴുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. രാവിലെ 8.00 മണിയോടെ ഷട്ടറുകള്‍ തുറക്കാനാണ് തീരുമാനം. പരമാവധി 5,000 ക്യുസെക്സ് വരെ അധികജലം പുറത്തേക്ക് ഒഴുക്കി വിട്ടേക്കും. പെരിയാര്‍ നദിയുടെ ഇരുകരകളിലും അധിവസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു.
ശനിയാഴ്ച പുലര്‍ച്ചെ മുന്ന് മണിക്ക് ഡാമിലെ ജലനിരപ്പ് 136.00 അടിയില്‍ എത്തി. നിലവില്‍ ജലനിരപ്പ് 137.8 അടി പിന്നിട്ട സാഹചര്യത്തിലാണ് മുല്ലപെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഘട്ടം ഘട്ടമായി തുറന്ന് പരമാവധി 5,000 ക്യൂസെക്സ് വരെ ജലം അണക്കെട്ടില്‍ നിന്നും പുറത്തേക്കൊഴുക്കാന്‍ തീരുമാനിച്ചത്. ജല നിരപ്പ് ക്രമീകരിക്കുന്നതിനുള്ള ആവശ്യമായ മുന്‍കരുതല്‍ നടപടികളും ജില്ലാ ഭരണകൂടം സ്വീകരിച്ചിട്ടുണ്ടെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
അതേസമയം, ഇടുക്കി ഡാമിലേക്ക് വെള്ളം എത്തിക്കുന്നതിനുള്ള ഡൈവേര്‍ഷന്‍ അണക്കെട്ടായ കല്ലാര്‍ ഡാമില്‍ നിന്നും ജലം പുറത്തേക്ക് ഒഴുക്കി തുടങ്ങി. ഡാമിലെ ജലനിരപ്പ് 824.5 മീറ്റര്‍ പിന്നിട്ട സാഹചര്യത്തിലാണ് നടപടി. നാല് ഷട്ടറുകള്‍ 60 സെന്റിമീറ്റര്‍ തുറന്ന് 160 ക്യൂമെക്‌സ് ജലമാണ് ഒഴുക്കിവിടുന്നത്.


by Midhun HP News | Oct 18, 2025 | Latest News, കേരളം
കോട്ടയം: ആര്‍എസ്എസ് ശാഖയില്‍ ലൈംഗികാതിക്രമം നേരിട്ടുവെന്നാരോപിച്ചു ജീവനൊടുക്കിയ കാഞ്ഞിരപ്പള്ളി വഞ്ചിമല ചാമക്കാലായില്‍ അനന്തു അജിയുടെ ആത്മഹത്യയില്‍ ആരോപണ വിധേയനെതിരെ തമ്പാനൂര്‍ പൊലീസ് പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിനു കേസെടുത്തു. കേസ് പൊന്‍കുന്നം പൊലീസിനു കൈമാറിയതായി തമ്പാനൂര്‍ സിഐ അറിയിച്ചു. അനന്തു അജി മരണമൊഴിയായി സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത വിഡിയോയുടെ അടിസ്ഥാനത്തില്‍ ഐപിസി 377 പ്രകാരം പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിനു കേസെടുക്കാമെന്ന് അഡീ.പബ്ലിക് പ്രോസിക്യൂട്ടര്‍ മനു കല്ലമ്പള്ളി നിയമോപദേശം നല്‍കിയിരുന്നു.
പീഡിപ്പിച്ചയാള്‍ നീതീഷ് മുരളിധരനാണെന്ന് അനന്തു വിഡിയോയില്‍ പറഞ്ഞിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് അനന്തുവിനെ തമ്പാനൂരിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്‍സ്റ്റഗ്രാമില്‍നിന്ന് ആത്മഹത്യാക്കുറിപ്പ് കിട്ടിയതോടെ അസ്വഭാവിക മരണത്തിന് തമ്പാനൂര്‍ പൊലീസ് കേസെടുത്തിരുന്നു. ആരെയും പ്രതി ചേര്‍ത്തിട്ടില്ല.


by Midhun HP News | Oct 18, 2025 | Latest News, കേരളം
കൊല്ലം: മരുതിമലയില്‍നിന്ന് വീണ് 9-ാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. കൂടെയുണ്ടായിരുന്ന പെണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. അടൂര്‍ പെരിങ്ങാട് സ്വദേശി മീനു ആണ് മരിച്ചത്. പരിക്കേറ്റ പെണ്‍കുട്ടിയെ കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും ഒരേ ക്ലാസില്‍ പഠിക്കുന്നവരാണ്.
വെള്ളിയാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. അപകടകരമായ സ്ഥലത്തേക്ക് കുട്ടികള്‍ പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. പിന്നീട് ഇരുവരും താഴെ വീണുകിടക്കുന്നതാണ് കണ്ടത്. പെണ്‍കുട്ടികള്‍ താഴേയ്ക്ക് ചാടിയതാണ് എന്നാണ് സംശയിക്കുന്നത്. കൊല്ലത്തെ ഇക്കോ ടൂറിസ്റ്റ് കേന്ദ്രമാണ് മരുതിമല.സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.


Recent Comments