വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ ഹനിക്കാന്‍ ഒരു സ്‌കൂളിനെയും അനുവദിക്കില്ല; വി ശിവന്‍കുട്ടി

വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ ഹനിക്കാന്‍ ഒരു സ്‌കൂളിനെയും അനുവദിക്കില്ല; വി ശിവന്‍കുട്ടി

കൊച്ചി:സംസ്ഥാനത്ത് വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ ഹനിക്കാന്‍ ഒരു സ്‌കൂളിനെയും അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കൊച്ചി സെന്റ് റീത്താസ് സ്‌കൂളില്‍ ശിരോവസ്ത്രം ധരിച്ചതിന്റെ പേരില്‍ വിദ്യാര്‍ത്ഥിനിയെ ക്ലാസില്‍ നിന്ന് മാറ്റി നിര്‍ത്തിയ സംഭവം അങ്ങേയറ്റം പ്രതിഷേധാര്‍ഹവും കേരളത്തിന്റെ വിദ്യാഭ്യാസ പാരമ്പര്യത്തിന് ചേരാത്തതുമാണ്. ഒരു കുട്ടിയെ വിദ്യാലയത്തില്‍ നിന്ന് അകറ്റി നിര്‍ത്തുക എന്നത് സംസ്ഥാനം നേടിയെടുത്ത വിദ്യാഭ്യാസ നേട്ടങ്ങളോട് പുറംതിരിഞ്ഞ് നില്‍ക്കലാണ്. സര്‍ക്കാര്‍ ഈ വിഷയത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

വിദ്യാഭ്യാസം ഓരോ കുട്ടിയുടെയും അവകാശമാണ്. ഏതെങ്കിലും പ്രത്യേക വസ്ത്രത്തിന്റെ പേരിലോ വ്യക്തിപരമായ ഇഷ്ടങ്ങളുടെ പേരിലോ ഒരു കുട്ടിക്കും ആ അവകാശം നിഷേധിക്കപ്പെടാന്‍ പാടില്ല. ക്ലാസില്‍ നിന്ന് പുറത്താക്കപ്പെട്ട ആ കുഞ്ഞ് അനുഭവിച്ച മാനസിക സമ്മര്‍ദ്ദം വളരെ വലുതായിരിക്കും. സ്‌കൂളിന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റായ നിലപാടാണ് ആ കുഞ്ഞിനെ സമ്മര്‍ദ്ദത്തിലാക്കിയത്. ഇത് ഒരു തരത്തിലും അംഗീകരിക്കാനാവില്ല.

വിദ്യാഭ്യാസം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തുല്യ ഉത്തരവാദിത്വമുള്ള വിഷയമാണ്. കേരളത്തിലെ വിദ്യാലയങ്ങള്‍ രാജ്യത്തും സംസ്ഥാനത്തും നിലവിലുള്ള നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസൃതമായി വേണം പ്രവര്‍ത്തിക്കാന്‍. ഭരണഘടന ഉറപ്പുനല്‍കുന്ന വിദ്യാര്‍ഥികളുടെ മൗലിക അവകാശങ്ങളില്‍ കടന്നുകയറാനോ അതിനെതിരായി സ്വന്തം ചട്ടങ്ങള്‍ ഉണ്ടാക്കാനോ ഒരു സ്‌കൂള്‍ മാനേജ്‌മെന്റിനും അധികാരമില്ല. എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതുമായ വിദ്യാഭ്യാസ അന്തരീക്ഷമാണ് കേരളത്തിലുള്ളത്. അതിന് വിഘാതം സൃഷ്ടിക്കുന്ന ഒരു നടപടിയും സര്‍ക്കാര്‍ വെച്ചുപൊറുപ്പിക്കില്ല’- ശിവന്‍കുട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ദ്വാരപാലക ശില്‍പപാളികള്‍ പുനസ്ഥാപിച്ചു; തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു

ദ്വാരപാലക ശില്‍പപാളികള്‍ പുനസ്ഥാപിച്ചു; തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു

ശബരിമല: തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണ്ണം പൂശിയ പാളികള്‍ നട തുറന്ന ശേഷം പുനഃസ്ഥാപിച്ചു. ചെന്നൈയില്‍ എത്തിച്ചു കേടുപാടുകള്‍ പരിഹരിച്ച ശേഷമാണ് സ്വര്‍ണം പൂശിയ പാളികള്‍ പുനഃസ്ഥാപിച്ചത്.

ശ്രീകോവിലിന് മുന്നിലെ ദ്വാരപാലക ശില്പങ്ങളിലാണ് പാളികള്‍ സ്ഥാപിച്ചത്. ശ്രീകോവിലിന് മുന്നിലെത്തിച്ച് ആചാരപ്രകാരം ദ്വാരപാലകശില്പങ്ങളില്‍ സ്ഥാപിക്കുകയായിരുന്നു. ആദ്യം സ്വര്‍ണം പൂശിയ പീഠവും പിന്നാലെ പാളികളും ദ്വാരപാലകശില്പങ്ങളില്‍ സ്ഥാപിച്ചു. സ്‌ട്രോങ് റൂമിലെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ഇവ പുനസ്ഥാപിക്കാനായി എത്തിച്ചത്. ഒരുമണിക്കൂറിലേറെ സമയമെടുത്താണ് അറ്റകുറ്റപ്പണി കഴിഞ്ഞെത്തിച്ച സ്വര്‍ണപ്പാളികള്‍ വീണ്ടും സ്ഥാപിച്ചത്.

ശബരിമലയിലെ സ്വര്‍ണപ്പാളി വിഷയം ഏറെ വിവാദമായതിനാല്‍ കോടതിയുടെ കര്‍ശന നിരീക്ഷണമുണ്ടായിരുന്നു. തന്ത്രിയും മേല്‍ശാന്തിയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തും സന്നിഹിതരായിരുന്നു.

നാളെ തുലാമാസ പുലരിയില്‍ ഉഷഃപൂജയ്ക്കു ശേഷം മേല്‍ശാന്തി നറുക്കെടുപ്പ് നടക്കും.ശബരിമല മേല്‍ശാന്തി പട്ടികയില്‍ 13 പേരും മാളികപ്പുറം മേല്‍ശാന്തി പട്ടികയില്‍ 14 പേരുമാണ് ഉള്‍പ്പെട്ടിട്ടുള്ളത്. നാളെ മുതല്‍ 22 വരെ ദിവസവും ഉദയാസ്തമനപൂജ, കളഭാഭിഷേകം, പടിപൂജ എന്നിവ ഉണ്ടാകും. ചിത്തിര ആട്ടത്തിരുനാള്‍ പ്രമാണിച്ച് 21ന് വിശേഷാല്‍ പൂജകള്‍ ഉണ്ടാകും. 22ന് രാത്രി 10ന് നട അടയ്ക്കും.

തുലാമാസ പൂജയുടെ അവസാന ദിവസമായ ഒക്ടോബര്‍ 22ന് രാഷ്ട്രപതി ദൗപദി മുര്‍മു ശബരിമലയില്‍ ദര്‍ശനം നടത്തും.രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ സന്ദര്‍ശനത്തിനു മുന്നോടിയായി ഉന്നത പൊലീസ് സംഘം ശബരിമലയില്‍ സുരക്ഷാ പരിശോധന തുടങ്ങി. സന്നിധാനം, പമ്പ, സ്വാമി അയ്യപ്പന്‍ റോഡ്, നിലയ്ക്കല്‍ ഹെലിപാഡ് എന്നിവിടങ്ങളില്‍ കലക്ടര്‍ എസ്.പ്രേം കൃഷ്ണന്‍, ജില്ലാ പൊലീസ് മേധാവി ആര്‍.ആനന്ദ്, ഇന്റലിജന്‍സ് എസ്പി, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പരിശോധന നടത്തി. വനമേഖലയിലും കുണ്ടാര്‍ ഡാമിന്റെ സമീപത്തും അധികൃതര്‍ പരിശോധന നടത്തി.

അറബിക്കടലിനും ലക്ഷദ്വീപിന് മുകളിലും ചക്രവാതച്ചുഴി; ശക്തമായ മഴ, 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അറബിക്കടലിനും ലക്ഷദ്വീപിന് മുകളിലും ചക്രവാതച്ചുഴി; ശക്തമായ മഴ, 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: തെക്ക് കിഴക്കന്‍ അറബിക്കടലിനും, അതിനോട് ചേര്‍ന്നുള്ള ലക്ഷദ്വീപ് പ്രദേശങ്ങള്‍ക്കും മുകളില്‍ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാളെയോടെ ഇത് തെക്ക് കിഴക്കന്‍ അറബിക്കടലിലും അതിനോട് ചേര്‍ന്നുള്ള കേരള-കര്‍ണാടക തീരങ്ങള്‍ക്ക് സമീപമുള്ള ലക്ഷദ്വീപ് മേഖലക്ക് മുകളിലായും ന്യൂന മര്‍ദ്ദമായി ശക്തി പ്രാപിക്കുമെന്നാണ് മുന്നറിയിപ്പ്.

48 മണിക്കൂറില്‍ ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി വീണ്ടും ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്. കേരളത്തില്‍ ചിലയിടങ്ങളില്‍ അടുത്ത 7 ദിവസം നേരിയ/ ഇടത്തരം മഴയ്ക്കോ / ഇടിയോടുകൂടിയ മഴയ്‌ക്കോ സാധ്യതയുണ്ട്. കേരളത്തില്‍ ഇന്ന് മുതല്‍ 23 വരെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. അടുത്ത 5 ദിവസം ഇടി മിന്നലിനും 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട്

17/10/2025 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്

18/10/2025 : പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

19/10/2025: പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്

20/10/2025 : മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്

21/10/2025 : പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ്

ശബരിമല സ്വർണ്ണക്കവർച്ച: ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിൽ വിട്ടു

ശബരിമല സ്വർണ്ണക്കവർച്ച: ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിൽ വിട്ടു

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കവർച്ച കേസിൽ അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിയെ റാന്നി കോടതി 30 വരെ എസ്ഐടി കസ്റ്റഡിയിൽ വിട്ടു. ഇതിനിടെ, അറസ്റ്റ് റിപ്പോര്‍ട്ടിലെ കൂട്ടുതൽ വിവരങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. രണ്ടു കിലോ സ്വര്‍ണം ഉണ്ണികൃഷ്ണൻ പോറ്റി കൈവശപ്പെടുത്തിയെന്നാണ് എസ്ഐടി റിപ്പോര്‍ട്ടിൽ പറയുന്നത്. കൈവശപ്പെടുത്തിയ സ്വര്‍ണം വീണ്ടെടുക്കാൻ കസ്റ്റഡി അനിവാര്യമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ നടപടി ആചാര ലംഘനമാണെന്നും കൂട്ടു പ്രതികളുടെ പങ്ക് അടക്കം വ്യക്തമാകേണ്ടതുണ്ടെന്നുമാണ് അറസ്റ്റ് റിപ്പോര്‍ട്ടിലുള്ളത്. സ്വർണ കൊള്ളയിൽ സ്മാർട്ട് ക്രിയേഷന് പങ്കെന്നും അറസ്റ്റ് റിപ്പോര്‍ട്ടിലുണ്ട്. സ്മാർട്ട് ക്രിയേഷന്‍റെ സഹായത്തോടെയാണ് സ്വർണം വേർതിരിച്ചതെന്നും എസ്ഐടി റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നു.

ശബരിമല സ്വർണ്ണക്കവർച്ച കേസിലെ ആദ്യ അറസ്റ്റാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടേത്. ഇന്ന് പുലർച്ചെയാണ് കേസിലെ ഒന്നാം പ്രതിയായ പോറ്റിയുടെ അറസ്റ്റ് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയത്. ഉണ്ണികൃഷ്ണൻ പോറ്റിയെ തെളിവെടുപ്പിനായി ബെംഗളൂരുവിലടക്കം അന്വേഷണ സംഘം കൊണ്ടുപോകും. തന്നെ കുടുക്കിയവര്‍ നിയമത്തിന് മുന്നിൽ വരുമെന്ന് കോടതിയിൽ ഹാജരാക്കവെ ഉണ്ണികൃഷ്ണൻ പോറ്റി മാധ്യമങ്ങളോട് പറഞ്ഞു.

പാലിയേക്കരയിൽ ടോൾ പിരിക്കാം; നിർണായക ഉത്തരവുമായി ഹൈക്കോടതി

പാലിയേക്കരയിൽ ടോൾ പിരിക്കാം; നിർണായക ഉത്തരവുമായി ഹൈക്കോടതി

പാലിയേക്കരയിൽ ടോൾ പിരിക്കാൻ അനുമതി. ടോൾ വിലക്ക് നീക്കി ഹൈക്കോടതി. 71 ദിവസത്തിന് ശേഷമാണു അനുമതി നൽകിയത്. ആഗസ്റ്റ് ആറിനാണ് ടോൾ വിലക്ക് ഏർപ്പെടുത്തിയത്. ഉപാധികളോടെയാണ് ടോൾ പിരിക്കാൻ അനുമതി നൽകിയത്. പുതിയ നിരക്കിൽ പിരിക്കരുത്. പഴയ നിരക്ക് തുടരണം. ജനങ്ങളെയും – ദേശീയപാത അതോറിറ്റിയെയും പരിഗണിച്ചുള്ള ഉത്തരവ് എന്ന് കോടതി അറിയിച്ചു.

ചേര്‍ത്തല ഐഷ തിരോധാനത്തിലും സെബാസ്റ്റ്യനെതിരെ കൊലക്കുറ്റം, മൂന്നാമത്തെ കേസ്

ചേര്‍ത്തല ഐഷ തിരോധാനത്തിലും സെബാസ്റ്റ്യനെതിരെ കൊലക്കുറ്റം, മൂന്നാമത്തെ കേസ്

ആലപ്പുഴ: ചേര്‍ത്തല ഐഷ തിരോധാന കേസിലും പ്രതി സെബാസ്റ്റ്യനെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി. ഇതോടെ മൂന്നു കൊലക്കേസുകളില്‍ സെബാസ്റ്റ്യന്‍ പ്രതിയായി. സെബാസ്റ്റ്യന്റെ അറസ്റ്റ് രേഖപ്പെടുത്തി, കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

ഏറ്റുമാനൂര്‍ ജൈനമ്മ തിരോധാന കേസും ബിന്ദു പത്മനാഭന്‍ തിരോധാനവും ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. ഐഷയുടെ തിരോധാനം ചേര്‍ത്ത പൊലീസും അന്വേഷിച്ചു വരികയായിരുന്നു. ഇതിനിടെ, റിമാന്‍ഡിലായിരുന്ന സെബാസ്റ്റ്യന്‍ ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലില്‍ ഐഷയേയും കൊലപ്പെടുത്തി എന്ന് സമ്മതിച്ചതായാണ് വിവരം.

ഇതിന്റെ അടിസ്ഥാനത്തിലാണ് ഐഷയുടെ തിരോധാനക്കേസ് കൊലപാതകക്കേസാക്കി മാറ്റി, സെബാസ്റ്റ്യനെ പ്രതി ചേര്‍ത്ത് അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കിയത്. ഈ കേസില്‍ സെബാസ്റ്റ്യന്റെ അറസ്റ്റ് രേഖപ്പെടുത്തും. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലേ ഐഷയെ എന്തിന്, എങ്ങനെ കൊലപ്പെടുത്തി എന്നതടക്കമുള്ള കാര്യങ്ങള്‍ വ്യക്തമാകൂ എന്ന് പൊലീസ് സൂചിപ്പിച്ചു. 2012 ലാണ് ചേര്‍ത്തല സ്വദേശിനി ഐഷയെ കാണാതാകുന്നത്. നേരത്തെ ബിന്ദുവിനെ കൊലപ്പെടുത്തിയതാണെന്ന് സെബാസ്റ്റ്യന്‍ ക്രൈംബ്രാഞ്ചിനോട് സമ്മതിച്ചിരുന്നു. ജൈനമ്മയുടെ തിരോധാനവുമായി ബന്ധപ്പെട്ട് സെബാസ്റ്റ്യന്റെ പുരയിടത്തില്‍ നടത്തിയ പരിശോധനയില്‍ ചില അസ്ഥികൂട അവശിഷ്ടങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ഇത് ആരുടേതാണെന്ന ഡിഎന്‍എ പരിശോധനാ ഫലം ലഭിച്ചിട്ടില്ല. ഈ റിപ്പോര്‍ട്ട് കേസില്‍ നിര്‍ണായകമാണ്.