by Midhun HP News | Oct 13, 2025 | Latest News, കേരളം
ഇടക്കാലത്ത് പൊതുവിദ്യാലയങ്ങൾ പൂട്ടുന്ന കഥകളും പൂട്ടാനൊരുങ്ങുന്ന കഥകളും കൊണ്ട് നിറഞ്ഞു നിന്ന കേരളത്തിൽ, ഇന്ന് ആ സ്കൂളുകൾ തേടിയെത്തുന്ന രക്ഷിതാക്കളുടെ എണ്ണം വർദ്ധിച്ചു. ഒന്നാം ക്ലാസിൽ മുതൽ പത്താം ക്ലാസ് വരെയുള്ള ഘട്ടങ്ങളിൽ സ്കൂളുകളിൽ കുട്ടികൾ ചേരുന്നതിൽ പൊതുവിദ്യാലയങ്ങൾ തെരഞ്ഞെടുക്കുന്നതിൽ കുറച്ചുകാലമായി വർദ്ധന കാണിക്കുന്നുണ്ട്.
മൂന്ന് ഘട്ടമായാണ് പൊതുവിദ്യാലയങ്ങളിലേക്ക് കുട്ടികൾ ചേരുന്നത്. ഒന്നാം ക്ലാസിൽ ചേരുന്ന കുട്ടികളുടെ എണ്ണമാണ് കൂടുതൽ. പിന്നെ രണ്ട് ഘട്ടങ്ങൾ വരുന്നത് നാല് വരെ, മറ്റ് സിലബസുകളിൽ പഠിച്ചശേഷം അഞ്ചാം ക്ലാസിൽ സർക്കാർ സ്കൂളിലേക്ക് വരുക. ഏഴ് വരെ മറ്റ് സിലബസുകളിൽ പഠിച്ച ശേഷം എട്ടാം ക്ലാസിൽ സ്റ്റേറ്റ് സിലബസിലേക്ക് മാറുക എന്നതാണ്.
രണ്ടാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ പൊതുവിദ്യാലയങ്ങളിലേക്ക് മാറി ചേരുന്ന കുട്ടികളുടെ എണ്ണം 2024-25ൽ 32,259 ആയിരുന്നു 2025-26ൽ 31,352 കുട്ടികളായി. തിരുവനന്തപുരം, കൊല്ലം എറണാകുളം ഒഴികെയുള്ള ജില്ലകളിലെ കണക്കാണിത്.
2024 ൽ എട്ടാം ക്ലാസിൽ 9,564ഉം അഞ്ചാം ക്ലാസിൽ 6,994 ഉം കുട്ടികളും 2025-2026 എട്ടിൽ 9,066 പേരും അഞ്ചിൽ 6,600 കുട്ടികളുമെത്തി. മറ്റ് ക്ലാസുകളിലും പുതുതായി കുട്ടികൾ മറ്റ് സിലബസുകളിൽ നിന്ന് മാറി ചേർന്നിട്ടുണ്ട്. പക്ഷേ അവരുടെ എണ്ണം പൊതുവിൽ കുറവാണ്.
കേരളത്തിലെ ജനനനിരക്കിൽ വന്നിട്ടുള്ള കുറവ് വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഓരോ വർഷവും കുറവ് രേഖപ്പെടുത്തുന്നുണ്ട്. ഈ കുറവ് സ്കൂളുകളിൽ മാറി ചേരുന്ന വിദ്യാർത്ഥികളുടെ കാര്യത്തിലും വരുന്ന വ്യത്യാസത്തിന് കാരണം.
വളരെ പെട്ടെന്ന് ഉണ്ടായ മാറ്റമായാണ് പലരും ഇതിനെ കാണുന്നത്. നിരവധി ഘടകങ്ങൾ അടിസ്ഥാനമാക്കിയാണ് സർക്കാർ, എയിഡഡ് സ്കൂളുകളിൽ കുട്ടികളുടെ എണ്ണം വർദ്ധിക്കുന്നതിന് പിന്നിലെന്ന് വിദ്യാഭ്യാസവകുപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്. അഞ്ചിലും എട്ടിലും മറ്റ് ക്ലാസുകളിലേതിനേക്കാൾ കൂടുതൽ കുട്ടികൾ മറ്റ് സിലബസുകളിൽ നിന്നും മാറി ചേരാറുണ്ട്.
അതിന് പ്രധാന കാരണം ഒരു സെഗ്മെന്റ് കഴിഞ്ഞ് മാറാം എന്ന വിചാരമാണ്. ഒന്ന് മുതൽ നാല് വരെ പ്രൈമറി സെക്ഷൻ കഴിയും. അപ്പോൾ അഞ്ചിൽ പുതുതായി ചേരാം. എട്ടിലും അതു തന്നെയാണ് കാര്യം. യുപി സെക്ഷൻ ഏഴാം ക്ലാസിൽ അവസാനിക്കും അതിന് ശേഷം ഹൈസ്കൂൾ ക്ലാസിൽ പുതിയ സിലബസിലേക്ക് മാറാം എന്ന് കരുതുന്നു.
പൊതുവിദ്യാലയങ്ങളിലേക്ക് കൂടുതൽ കുട്ടികൾ മാറുന്ന പ്രവണത കഴിഞ്ഞ കുറച്ച് കാലമായി വർദ്ധിച്ച് തുടങ്ങിയിരുന്നു. പ്രധാനമായും സർക്കാർ, പൊതുവിദ്യാലയങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾ നടപ്പിലാക്കിയിരുന്നു. സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങളും പഠനസൗകര്യങ്ങളും വർദ്ധിപ്പിച്ചു.
അദ്ധ്യാപക പരിശീലനം ശക്തമാക്കി. ഓരോ വിഷയവും പഠിപ്പിക്കുന്നതിന്, പ്രത്യേകിച്ച് ഇംഗ്ലീഷ് ഉൾപ്പടെയുള്ള ഭാഷാ വിഷയങ്ങൾ പഠിപ്പിക്കുന്നതിന് അതേ വിഷയത്തിൽ യോഗ്യതയുള്ളവരെ നിയമിക്കാൻ തീരുമാനിച്ചു. ഇംഗ്ലീഷ് അദ്ധ്യാപകർക്ക് പ്രത്യേക ഇംഗ്ലീഷ് ഭാഷാ പരിശീലനം നൽകി, സർക്കാർ സ്കൂളുകളിൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ വർദ്ധിപ്പിച്ചു. എന്നിവയൊക്കെ ഇതിന് സഹായകമായി.
ഇതിനെല്ലാം പുറമെ പ്രധാന ഘടകമായി മാറിയത് സ്കൂളുകളിലെ സാമ്പത്തിക ചെലവാണ്. സ്വകാര്യ സ്കൂളുകളിൽ, പ്രത്യേകിച്ച് മറ്റ് സിലബസുകളിൽ പഠിപ്പിക്കുന്ന കുട്ടികൾ ചെലവാകുന്ന ഫീസിനേക്കൾ തുലോം കുറവാണ് പൊതുവിദ്യാലയങ്ങളിലെ ഫീസ് ഘടന.
സ്കൂൾ വിദ്യാഭ്യാസത്തിനായി ദക്ഷിണേന്ത്യയിൽ ഏറ്റവും കുറവ് ചെലവുള്ള സംസ്ഥാനം കേരളമാണെന്ന് കേന്ദ്ര സർക്കാർ നടത്തിയ പുതിയ സർവേ റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു. അങ്ങനെ ചെലവ് കുറഞ്ഞതിന് കാരണം, പൊതുവിദ്യാലയങ്ങളിലെ ഫീസ് നിരക്കിലെ വൻകുറവാണെന്ന് വിദ്യാഭ്യാസമേഖലയിലുള്ളവർ പറയുന്നു.
കോവിഡ് കാലം മുതൽ രക്ഷിതാക്കൾക്കും കുട്ടികൾക്കും കൂടുതൽ ആശ്വാസം പകരുന്നത് സർക്കാർ സ്കൂളുകളായി മാറി. പഠനരീതിയിലായാലും അതിന് വരുന്ന ചെലവിലായാലും അവർക്ക് താങ്ങാനാകുന്ന നിലയിൽ കാര്യങ്ങൾ പുനർ നിർവചിക്കാൻ സർക്കാർ സംവിധാനങ്ങൾ സാധ്യമായി. ഫീസിലെ കുറവ് മാത്രമല്ല, കുട്ടികളെ പഠന കാര്യത്തിൽ പിന്തുണയ്ക്കുന്നതിൽ മിക്ക സ്കൂളുകളിലും തദ്ദേശ സ്ഥാപനങ്ങളും അദ്ധ്യാപക-രക്ഷാകതൃ സംവിധാനങ്ങളും സജീവമായി ഇടപെടുന്നു എന്നതും ഇതിന് കാരണമായിട്ടുണ്ട്.


by Midhun HP News | Oct 13, 2025 | Latest News, കേരളം
തൊടുപുഴ: മുല്ലപ്പെരിയാര്‍ ഡാമിന് ബോംബ് ഭീഷണി. ഇമെയില്‍ വഴിയാണ് സന്ദേശം എത്തിയത്. തൃശൂര്‍ ജില്ലാ കലക്ടര്‍ക്കാണ് ഇമെയില്‍ വഴി ഇത്തരമൊരു സന്ദേശം ലഭിച്ചത്. തുടര്‍ന്ന് ഇക്കാര്യം ഇടുക്കി ജില്ലാ കലക്ടറെ അറിയിക്കുകയായിരുന്നു.
മുല്ലപ്പെരിയാര്‍ ഡാം ബോംബ് വച്ച് തകര്‍ക്കുമെന്നായിരുന്നു സന്ദേശത്തില്‍ പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പൊലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. എങ്കിലും പ്രദേശത്ത് പരിശോധന തുടരുകയാണ്. ഇതൊരു വ്യാജസന്ദേശമാകാമെന്ന വിലയിരത്തിലിലാണ് അധികൃതര്‍. ബോംബ് ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ ഇക്കാര്യം ഇടുക്കി ജില്ലാ ഭരണകൂടം സംസ്ഥാന പൊലീസ് മേധാവിയെയും വനംവകുപ്പ് മേധാവിയെയും തമിഴ്‌നാട് ഡിജിപിയെയും തേനി ജില്ലാ കലക്ടറയും അറിയിച്ചു.
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി പരിഗണിക്കുന്ന ദിവസം തന്നെയാണ് ബോംബുവച്ച് തകര്‍ക്കുമെന്ന ഭീഷണി സന്ദേശം ലഭിച്ചത്.


by Midhun HP News | Oct 13, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. രാവിലത്തെ മുന്നറിയിപ്പ് അനുസരിച്ച് ഇന്ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ മാത്രമായിരുന്നു ജാഗ്രതാനിര്‍ദേശം ഉണ്ടായിരുന്നത്. എന്നാല്‍ പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് ഈ ജില്ലകള്‍ക്ക് പുറമേ പാലക്കാട്, മലപ്പുറം ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ആറു ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ലഭിക്കുന്നത്. തെക്കുകിഴക്കന്‍ അറബിക്കടലിനും അതിനോട് ചേര്‍ന്ന വടക്കന്‍ കേരളതീരത്തിനും മുകളിലായാണ് ചക്രവാതച്ചുഴി നിലനില്‍ക്കുന്നത്. വരും ദിവസങ്ങളിലും മഴ മുന്നറിയിപ്പില്‍ വ്യത്യാസമുണ്ട്.
പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് വ്യാഴാഴ്ച മുതല്‍ പരക്കെ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലും ബുധനാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും വ്യാഴാഴ്ചയും വെള്ളിയാഴ്ചയും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.


by Midhun HP News | Oct 13, 2025 | Latest News, കേരളം
കൊച്ചി: കൊച്ചിയിലെ സ്‌കൂളില്‍ ഹിജാബ് വിവാദം. ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിയെ സ്‌കൂള്‍ മാനേജ്‌മെന്റ് സ്‌കൂളില്‍ കയറുന്നതിന് വിലക്കേര്‍പ്പെടുത്തിയതായി പരാതി. കൊച്ചി പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലാണ് സംഭവം. യൂണിഫോം ധരിക്കുന്നത് സംബന്ധിച്ച് സ്‌കൂളിന്റെ ബൈലോ പാലിച്ചില്ലെന്ന് ആരോപിച്ചായിരുന്നു നടപടി.
കുട്ടിയെ സ്‌കൂള്‍ അധികൃതര്‍ മാനസികമായി പീഡിപ്പിക്കുകയാണെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു. സംഭവത്തില്‍ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും രക്ഷിതാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. ജൂണ്‍-ജൂലൈ മാസത്തില്‍ രണ്ടു മൂന്നു ദിവസം കുട്ടി ഹിജാബ് ധരിച്ചെത്തിയിരുന്നുവെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് പറയുന്നു.
എന്നാല്‍ സ്‌കൂള്‍ യൂണിഫോം സംബന്ധിച്ച് മാനേജ്‌മെന്റ് തീരുമാനം പാലിക്കാന്‍ എല്ലാവരും മാധ്യസ്ഥരാണെന്നും, ഒരു കുട്ടി മാത്രം നിര്‍ദേശം പാലിക്കാത്തത് മറ്റുള്ളവര്‍ക്ക് സമ്മര്‍ദ്ദം ഉണ്ടാക്കുന്നുവെന്നും സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് നാലു മാസത്തോളം കുട്ടി ഹിജാബ് ധരിക്കാതെ സ്‌കൂളിലെത്തി. കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് കുട്ടി വീണ്ടും ഹിജാബ് ധരിച്ചെത്തുന്നത്. തുടര്‍ന്നാണ് സ്‌കൂള്‍ മാനേജ്‌മെന്റ് കുട്ടിയെ വിലക്കിയത്.

ആരുടെയൊക്കെയോ പ്രേരണയാലാണ് കുട്ടി വീണ്ടും ഹിജാബ് ധരിച്ചെത്തുന്നതെന്നാണ് സ്‌കൂള്‍ മാനേജ്‌മെന്റ് ആരോപിക്കുന്നത്. ചിലര്‍ സ്‌കൂളിലെത്തി മനഃപൂർവം സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. ഇതേത്തുടര്‍ന്ന് മറ്റ് കുട്ടികള്‍ ഭീതിയാണെന്നും മാനേജ്‌മെന്റ് വ്യക്തമാക്കുന്നു. സംഭവത്തെത്തുടര്‍ന്ന് സ്‌കൂളിന് ഇന്നും നാളെയും അവധി പ്രഖ്യാപിച്ചിരിക്കുകയാണെന്ന് പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.

by Midhun HP News | Oct 13, 2025 | Latest News, കേരളം
കൊല്ലം മയ്യനാട് സ്വകാര്യബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. താന്നി സ്വദേശികളായ അലന്‍ ജോസഫ് (20), വിനു രാജ് (20) എന്നിവരാണ് മരിച്ചത്.
യുവാക്കളുടെ ബൈക്ക് നിയന്ത്രണം വിട്ട് ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇന്നലെ മയ്യനാട്താന്നി റോഡില്‍ ശാസ്താംകോവില്‍ സ്‌കൂളിന് സമീപമായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


by Midhun HP News | Oct 13, 2025 | Latest News, കേരളം
കൊച്ചി: ശബരിമലയിലെ സ്വർണപ്പാളി കവർച്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കുന്നു. കൊച്ചി മേഖലാ ഓഫീസിലെ ഉദ്യോഗസ്ഥർ പ്രാഥമിക വിവരശേഖരണം തുടങ്ങി. ക്രൈംബ്രാഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് ഇഡിയുടെ നീക്കം. ക്രൈംബ്രാഞ്ച് എഫ്ഐആറും ദേവസ്വം വിജിലൻസ് റിപ്പോർട്ടും ഇഡി സംഘം പരിശോധിക്കും. ഇതിനായി എഫ്ഐആർ അടക്കമുള്ള വിശദാംശങ്ങൾ തേടി ഉടൻ ക്രൈംബ്രാഞ്ചിന് കത്തു നൽകും.
എഫ്ഐആർ വിശദാംശങ്ങൾ പരിശോധിച്ചശേഷമാകും എൻഫോഴ്സ്മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇസിഐആർ) രജിസ്റ്റർ ചെയ്യുക. സംഭവത്തിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോയെന്നത് അടക്കമാണ് പരിശോധിക്കുന്നത്. ക്രൈംബ്രാഞ്ച് അന്വേഷണ സംഘം രണ്ട് എഫ്ഐആറുകളാണ് കേസുമായി ബന്ധപ്പെട്ട് രജിസറ്റർ ചെയ്തിട്ടുള്ളത്. ദേവസ്വം വിജിലൻസിന് ലഭിച്ച മൊഴികളും ഇഡി പരിശോധിക്കും. ക്രൈബ്രാഞ്ച് പ്രതിപ്പട്ടികയിലുള്ള ഉണ്ണികൃഷ്ണൻ പോറ്റി അടക്കം 10 പേരും ഇഡി കേസിൽ പ്രതികളാകും.
സ്വർണപ്പാളി വേർതിരിച്ചുവെന്ന് കരുതപ്പെടുന്ന സ്മാർട്ട് ക്രിയേഷന്റെ ചെന്നൈ ഓഫീസിൽ ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം പരിശോധന പുരോഗമിക്കുകയാണ്. ശബരിമല സ്വർണക്കൊള്ളയിൽ സ്പോൺസറായ ഉണ്ണികൃഷ്ണൻ പോറ്റിയെ ഉടൻ ചോദ്യം ചെയ്യും. മുൻകൂർ ജാമ്യാപേക്ഷ നൽകുന്നതിന് മുമ്പ് നോട്ടീസ് നൽകി വിളിച്ചുവരുത്താനാണ് ആലോചിക്കുന്നത്. സ്വർണം പൂശി നൽകിയ ഗോവർദ്ധനിൽ നിന്ന് എസ്ഐടി വിവരങ്ങൾ തേടും. സ്വർണ്ണ കൊള്ളയിൽ ഹൈദരബാദിലും പ്രത്യേക സംഘം അന്വേഷണം നടത്തും. അതിനിടെ സന്നിധാനത്തെ പരിശോധന പൂർത്തിയാക്കിയ ഹൈക്കോടതി കമ്മീഷൻ റിട്ട ജസ്റ്റിസ് കെ ടി ശങ്കരൻ ഇന്ന് ആറന്മുളയിലെത്തും.
ശബരിമലയിലെ സ്വര്‍ണം നഷ്ടമായതില്‍ 2019 ലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെയും ക്രൈംബ്രാഞ്ച് പ്രതിയാക്കിയിട്ടുണ്ട്. സിപിഎം നേതാവ് എ പത്മകുമാര്‍ പ്രസിഡന്റായ ദേവസ്വം ബോര്‍ഡാണ് പ്രതിക്കൂട്ടിലായത്. കെ പി ശങ്കരദാസ്, പാറവിള എന്‍ വിജയകുമാര്‍ എന്നിവരായിരുന്നു ബോര്‍ഡ് അംഗങ്ങള്‍. എട്ടാം പ്രതിസ്ഥാനത്താണ് ദേവസ്വം ബോര്‍ഡുള്ളത്. സ്വര്‍ണ കട്ടിളപ്പാളി ചെമ്പെന്ന് വിശേഷിപ്പിച്ച് വീണ്ടും സ്വര്‍ണം പൂശാന്‍ ദേവസ്വം ബോര്‍ഡ് അനുമതി നല്‍കിയെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ക്രൈംബ്രാഞ്ചിന്റെ രണ്ടു കേസുകളിലും ഉണ്ണികൃഷ്ണന്‍ പോറ്റിയാണ് ഒന്നാം പ്രതി. കട്ടിളപ്പാളി കേസില്‍ പോറ്റിയുടെ കൂട്ടാളി കല്‌പേഷ് ആണ് രണ്ടാം പ്രതി. ആദ്യ കേസിലെ പ്രതികളായ ദേവസ്വം ഉദ്യോഗസ്ഥര്‍ രണ്ടാമത്തെ കേസിലും പ്രതികളാണ്.


Recent Comments