by Midhun HP News | Oct 13, 2025 | Latest News, കേരളം
കൊല്ലം മയ്യനാട് സ്വകാര്യബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. താന്നി സ്വദേശികളായ അലന്‍ ജോസഫ് (20), വിനു രാജ് (20) എന്നിവരാണ് മരിച്ചത്.
യുവാക്കളുടെ ബൈക്ക് നിയന്ത്രണം വിട്ട് ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇന്നലെ മയ്യനാട്താന്നി റോഡില്‍ ശാസ്താംകോവില്‍ സ്‌കൂളിന് സമീപമായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


by Midhun HP News | Oct 13, 2025 | Latest News, കേരളം
കൊച്ചി: ശബരിമലയിലെ സ്വർണപ്പാളി കവർച്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കുന്നു. കൊച്ചി മേഖലാ ഓഫീസിലെ ഉദ്യോഗസ്ഥർ പ്രാഥമിക വിവരശേഖരണം തുടങ്ങി. ക്രൈംബ്രാഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് ഇഡിയുടെ നീക്കം. ക്രൈംബ്രാഞ്ച് എഫ്ഐആറും ദേവസ്വം വിജിലൻസ് റിപ്പോർട്ടും ഇഡി സംഘം പരിശോധിക്കും. ഇതിനായി എഫ്ഐആർ അടക്കമുള്ള വിശദാംശങ്ങൾ തേടി ഉടൻ ക്രൈംബ്രാഞ്ചിന് കത്തു നൽകും.
എഫ്ഐആർ വിശദാംശങ്ങൾ പരിശോധിച്ചശേഷമാകും എൻഫോഴ്സ്മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇസിഐആർ) രജിസ്റ്റർ ചെയ്യുക. സംഭവത്തിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോയെന്നത് അടക്കമാണ് പരിശോധിക്കുന്നത്. ക്രൈംബ്രാഞ്ച് അന്വേഷണ സംഘം രണ്ട് എഫ്ഐആറുകളാണ് കേസുമായി ബന്ധപ്പെട്ട് രജിസറ്റർ ചെയ്തിട്ടുള്ളത്. ദേവസ്വം വിജിലൻസിന് ലഭിച്ച മൊഴികളും ഇഡി പരിശോധിക്കും. ക്രൈബ്രാഞ്ച് പ്രതിപ്പട്ടികയിലുള്ള ഉണ്ണികൃഷ്ണൻ പോറ്റി അടക്കം 10 പേരും ഇഡി കേസിൽ പ്രതികളാകും.
സ്വർണപ്പാളി വേർതിരിച്ചുവെന്ന് കരുതപ്പെടുന്ന സ്മാർട്ട് ക്രിയേഷന്റെ ചെന്നൈ ഓഫീസിൽ ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം പരിശോധന പുരോഗമിക്കുകയാണ്. ശബരിമല സ്വർണക്കൊള്ളയിൽ സ്പോൺസറായ ഉണ്ണികൃഷ്ണൻ പോറ്റിയെ ഉടൻ ചോദ്യം ചെയ്യും. മുൻകൂർ ജാമ്യാപേക്ഷ നൽകുന്നതിന് മുമ്പ് നോട്ടീസ് നൽകി വിളിച്ചുവരുത്താനാണ് ആലോചിക്കുന്നത്. സ്വർണം പൂശി നൽകിയ ഗോവർദ്ധനിൽ നിന്ന് എസ്ഐടി വിവരങ്ങൾ തേടും. സ്വർണ്ണ കൊള്ളയിൽ ഹൈദരബാദിലും പ്രത്യേക സംഘം അന്വേഷണം നടത്തും. അതിനിടെ സന്നിധാനത്തെ പരിശോധന പൂർത്തിയാക്കിയ ഹൈക്കോടതി കമ്മീഷൻ റിട്ട ജസ്റ്റിസ് കെ ടി ശങ്കരൻ ഇന്ന് ആറന്മുളയിലെത്തും.
ശബരിമലയിലെ സ്വര്‍ണം നഷ്ടമായതില്‍ 2019 ലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെയും ക്രൈംബ്രാഞ്ച് പ്രതിയാക്കിയിട്ടുണ്ട്. സിപിഎം നേതാവ് എ പത്മകുമാര്‍ പ്രസിഡന്റായ ദേവസ്വം ബോര്‍ഡാണ് പ്രതിക്കൂട്ടിലായത്. കെ പി ശങ്കരദാസ്, പാറവിള എന്‍ വിജയകുമാര്‍ എന്നിവരായിരുന്നു ബോര്‍ഡ് അംഗങ്ങള്‍. എട്ടാം പ്രതിസ്ഥാനത്താണ് ദേവസ്വം ബോര്‍ഡുള്ളത്. സ്വര്‍ണ കട്ടിളപ്പാളി ചെമ്പെന്ന് വിശേഷിപ്പിച്ച് വീണ്ടും സ്വര്‍ണം പൂശാന്‍ ദേവസ്വം ബോര്‍ഡ് അനുമതി നല്‍കിയെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ക്രൈംബ്രാഞ്ചിന്റെ രണ്ടു കേസുകളിലും ഉണ്ണികൃഷ്ണന്‍ പോറ്റിയാണ് ഒന്നാം പ്രതി. കട്ടിളപ്പാളി കേസില്‍ പോറ്റിയുടെ കൂട്ടാളി കല്‌പേഷ് ആണ് രണ്ടാം പ്രതി. ആദ്യ കേസിലെ പ്രതികളായ ദേവസ്വം ഉദ്യോഗസ്ഥര്‍ രണ്ടാമത്തെ കേസിലും പ്രതികളാണ്.


by Midhun HP News | Oct 13, 2025 | Latest News, കേരളം
കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. സ്വര്‍ണവില 92,000ലേക്ക് അടുക്കുകയാണ്. ഇന്ന് പവന് 240 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. 91,960 രൂപയാണ് ഇന്നത്തെ പവന്‍ വില. ഗ്രാമിന് ആനുപാതികമായി 30 രൂപയാണ് വര്‍ധിച്ചത്. 11,495 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
എട്ടിനാണ് സ്വര്‍ണവില 90,000 ആദ്യമായി കടന്നത്. തൊട്ടടുത്ത ദിവസം 91,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് കണ്ടത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ ഒഴുകിയെത്തുന്നതാണ് സ്വര്‍ണവില ഉയരാന്‍ പ്രധാന കാരണം. അമേരിക്കയില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വം അടക്കമുള്ള വിഷയങ്ങളാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന ചലനങ്ങള്‍ ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുന്നതാണ് വില വര്‍ധനയ്ക്ക് കാരണമെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.


by Midhun HP News | Oct 13, 2025 | Latest News, കേരളം
കോഴിക്കോട്: ഷാഫി പറമ്പിൽ എംപിയെ മർദ്ദിച്ച പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി. കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയാണ് പരാതി നൽകിയത്. പേരാമ്പ്ര ഡിവൈഎസ്‌പി സുനിൽ, വടകര ഡിവൈഎസ്‌പി ഹരിപ്രസാദ്, ഷാഫിയെ തല്ലിയ പൊലീസുകാരൻ എന്നിവരുടെ പേരിൽ നടപടി വേണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിട്ടുള്ളതെന്ന് പ്രവീൺകുമാർ അറിയിച്ചു.
എൽഡിഎഫ് കൺവീനറുടെ സന്തതസഹചാരിയായ ആറോളം പൊലീസുകാരുണ്ട്. ഇവരിലൊരാളാണ് എംപിയെ ആക്രമിച്ചതെന്ന് ഡിസിസി പ്രസിഡന്റ് പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളിൽ നടപടിയുണ്ടായില്ലെങ്കിൽ കോഴിക്കോട് റൂറൽ എസ്‍പി കെ ഇ ബൈജുവിന്റെ വീടിനു മുന്നിൽ കോൺഗ്രസ് ഉപരോധമിരിക്കുമെന്നും ഡിസിസി പ്രസിഡന്റ് കെ. പ്രവീൺ കുമാർ പറഞ്ഞു.
പൊലീസ് മർദ്ദനത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഷാഫി പറമ്പിൽ എംപി രണ്ടുദിവസത്തിനകം ആശുപത്രി വിടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആശുപത്രി അധികൃതർ സൂചിപ്പിച്ചു. കോഴിക്കോട് സ്വകാര്യാശുപത്രിയിലാണ് ഷാഫി ചികിത്സയിലുള്ളത്. മൂക്കിന് പരിക്കേറ്റ ഷാഫിയെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു.


by Midhun HP News | Oct 13, 2025 | Latest News, കേരളം
കൊല്ലം: കിണറ്റില്‍ ചാടിയ യുവതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ കൊല്ലം നെടുവത്തൂരില്‍ മൂന്ന് പേര്‍ മരിച്ചു. കിണറിന്റെ കൈവരി ഇടിഞ്ഞാണ് അപകടം. മരിച്ചവരില്‍ ഒരാള്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനാണ്.
നെടുവത്തൂര്‍ സ്വദേശി അര്‍ച്ചനയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. അര്‍ച്ചനയ്ക്ക് പുറമെ കൊട്ടാരക്കരയിലെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായ ആറ്റിങ്ങല്‍ സ്വദേശി സോണി, അര്‍ച്ചനയുടെ സുഹൃത്ത് ശിവകൃഷ്ണന്‍ എന്നിവരാണ് മരിച്ചത്. മൂന്ന് കൂട്ടികളുടെ അമ്മയാണ് മരിച്ച അര്‍ച്ചന. രാത്രി പന്ത്രണ്ടരയോടെ ആയിരുന്നു സംഭവം. യുവതി കിണറ്റില്‍ ചാടിയെന്ന സന്ദേശം അനുസരിച്ചായിരുന്നു ഫയര്‍ഫോഴ്‌സ് സ്ഥലത്ത് എത്തിയത്. 80 അടിയോളം താഴ്ചയുള്ള കിണറില്‍ ഈ സമയത്ത് യുവതി കിടക്കുകയായിരുന്നു.
ഇതിനിടെ, അര്‍ച്ചനയെ രക്ഷിക്കാന്‍ സോണി കിണറിലേക്കിറങ്ങുകയായിരുന്നു. ഇതിനിടെയാണ് കിണറിന്റെ കൈവരി തകര്‍ന്ന് താഴേക്ക് പതിച്ചത്. സോണിയുടെയും അര്‍ച്ചനയുടെയും ശരീരത്തിലേക്ക് കല്ലുള്‍പ്പെടെ പതിക്കുകയായിരുന്നു. കിണറിന്റെ കൈവരിക്ക് സമീപം നില്‍ക്കുകയായിരുന്ന ശിവകൃഷ്ണനും കിണറിലേക്ക് വീഴുകയായിരുന്നു.
by Midhun HP News | Oct 13, 2025 | Latest News, കേരളം
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി സംവരണ വാർഡുകളുടെ നറുക്കെടുപ്പ് ഇന്ന് ആരംഭിക്കും. ഗ്രാമപഞ്ചായത്തുകളിലെ സംവരണ നറുക്കെടുപ്പാണ് ഇന്നാരംഭിക്കുന്നത്. 941 പഞ്ചായത്തുകളിലേക്ക് 13 മുതൽ 16 വരെയാണ് നറുക്കെടുപ്പ്. സ്ത്രീ, പട്ടികജാതി സ്ത്രീ, പട്ടികവർഗ സ്ത്രീ, പട്ടികജാതി, പട്ടികവർഗം എന്നീ സംവരണങ്ങളാണ് നറുക്കെടുപ്പിലൂടെ നിശ്ചയിക്കുക.
152 ബ്‌ളോക്ക് പഞ്ചായത്തുകളിലെ നിയോജകമണ്ഡലങ്ങളുടെ സംവരണം നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്ടോബര്‍ 18 ന് രാവിലെ 10നാണ്. അതത് ജില്ലകളിലെ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് നറുക്കെടുപ്പ് നടക്കുക. 14 ജില്ലാപഞ്ചായത്തുകളിലേയ്ക്കുള്ള സംവരണം നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്ടോബര്‍ 21 ന് രാവിലെ 10ന് നടക്കും.
ഒക്ടോബര്‍ 17ന് തിരുവനന്തപുരം സ്വരാജ് ഭവന്‍ കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10ന് തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പ്പറേഷനിലെയും, ഉച്ചയ്ക്ക് 2ന് കൊല്ലം മുനിസിപ്പല്‍ കോര്‍പ്പറേഷനിലെയും വാര്‍ഡ് സംവരണത്തിനുള്ള നറുക്കെടുപ്പ് നടത്തും. ഒക്ടോബര്‍ 18ന് കൊച്ചി കോര്‍പ്പറേഷന്‍ ടൗണ്‍ഹാളില്‍ രാവിലെ 10ന് കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെയും, 11.30ന് തൃശൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെയും നറുക്കെടുപ്പ് നടത്തും.
ഒക്ടോബര്‍ 21 ന് കോഴിക്കോട് മാനാഞ്ചിറ ടൗണ്‍ഹാളില്‍ രാവിലെ 10ന് കോഴിക്കോട് മുനിസിപ്പല്‍ കോര്‍പ്പറേഷനിലെയും, 11.30ന് കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെയും നറുക്കെടുപ്പ് നടത്തും. മട്ടന്നൂര്‍ ഒഴികെയുള്ള 86 മുനിസിപ്പല്‍ കൗണ്‍സിലുകളിലേയ്ക്കുള്ള വാര്‍ഡ് സംവരണത്തിനുള്ള നറുക്കെടുപ്പ് ഒക്ടോബര്‍ 16ന് അതാത് ജില്ലകളിലെ വിജ്ഞാപനം ചെയ്തിട്ടുള്ള സ്ഥലങ്ങളില്‍ രാവിലെ 10ന് നടക്കും.
Recent Comments