പട്ടാപ്പകല്‍ വീട്ടുമുറ്റത്ത് പുലി, രണ്ടു വയസുകാരന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; സംഭവം ഇങ്ങനെ

പട്ടാപ്പകല്‍ വീട്ടുമുറ്റത്ത് പുലി, രണ്ടു വയസുകാരന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; സംഭവം ഇങ്ങനെ

കാസര്‍കോട്: പട്ടാപ്പകല്‍ വീട്ടുമുറ്റത്ത് എത്തിയ പുലിയുടെ ആക്രമണത്തില്‍ നിന്ന് രണ്ടു വയസുകാരന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പുലി കോഴിയെ പിടിച്ചുകൊണ്ടുപ്പോകുമ്പോള്‍ തൊട്ടടുത്ത് കളിക്കുകയായിരുന്നു കുട്ടി. കുട്ടിയുടെ അഞ്ചു മീറ്റര്‍ അടുത്തുവരെ പുലിയെത്തി.

ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം. കുട്ടിയാനത്തെ എം ശിവപ്രസാദിന്റെ വീട്ടുമുറ്റത്താണ് പുലി എത്തിയത്. ഇദ്ദേഹത്തിന്റെ തോട്ടത്തിലെ തൊഴിലാളി കുംബഡാജെ മൗവ്വാറിലെ അശോകനും കുടുംബവുമാണ് ഇവിടെ താമസിക്കുന്നത്. അശോകന്‍ പണിക്കു പോയിരുന്നു. ഭാര്യ കാവ്യയും മകന്‍ ആയുഷുമാണു വീട്ടിലുണ്ടായിരുന്നത്.

വീട്ടുമുറ്റത്തു കളിക്കുകയായിരുന്ന ആയുഷ് പേടിച്ചു കരയുന്നതുകേട്ട കാവ്യ പുറത്തേക്കു നോക്കിയപ്പോഴാണു പുലിയെ കണ്ടത്. ആദ്യം പേടിച്ചു നിന്നുപോയ കാവ്യ ഉടന്‍ മുറ്റത്തിറങ്ങി കുട്ടിയെ എടുത്തു വീടിനുള്ളില്‍ കയറി. അവിടെയുണ്ടായിരുന്ന കോഴിയെയും പിടിച്ചു പുലി കാട്ടിലേക്കു മറഞ്ഞു. സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചെളിയില്‍ പതിഞ്ഞ കാല്‍പാടുകള്‍ കണ്ടു പുലിയാണെന്നു സ്ഥിരീകരിച്ചു. പുലിയുടെ രോമങ്ങളും ഇവിടെനിന്നു കണ്ടെത്തി. മുളിയാര്‍ പഞ്ചായത്തില്‍ 2 വര്‍ഷത്തോളമായി പുലിശല്യം തുടര്‍ക്കഥയാണെങ്കിലും ആദ്യമായാണു പട്ടാപ്പകല്‍ വീട്ടുമുറ്റത്തു പുലിയിറങ്ങുന്നത്.

പാലിയേക്കര ടോള്‍ പിരിവ്; ഹൈക്കോടതി തീരുമാനം ഇന്ന്, കലക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും

പാലിയേക്കര ടോള്‍ പിരിവ്; ഹൈക്കോടതി തീരുമാനം ഇന്ന്, കലക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും

കൊച്ചി: പാലിയേക്കരയിലെ ടോള്‍ പിരിവ് പുനരാരംഭിക്കുന്നതില്‍ ഹൈക്കോടതി തീരുമാനം ഇന്ന്. മുരിങ്ങൂരില്‍ സര്‍വീസ് റോഡ് ഇടിഞ്ഞതില്‍ ജില്ലാ കലക്ടര്‍ ഇന്ന് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കും. കലക്ടറുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചശേഷമായിരിക്കും ഡിവിഷന്‍ ബെഞ്ച് തീരുമാനം.

ദേശീയ പാതയിലെ ഗതാഗതക്കുരുക്കിനെത്തുടര്‍ന്ന് ടോള്‍ പിരിവ് ഹൈക്കോടതി തടഞ്ഞത് ഒരു മാസം മുമ്പാണ്. ടോള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച് ഇടക്കാല ഉത്തരവ് സെപ്റ്റംബര്‍ 22 ന് ഉണ്ടാകും എന്നാണ് കരുതിയിരുന്നത്. എന്നാല്‍ ഉത്തരവ് പുറപ്പെടുവിക്കുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കുകയായിരുന്നു. ടോള്‍ പിരിവ് പുനരാരംഭിക്കുന്നതിലെ ഉത്തരവ് ഹൈക്കോടതി ഇന്നത്തേക്ക് മാറ്റിവെക്കുകയും ചെയ്തു.

ചില വ്യവസ്ഥകളോടെ ടോള്‍ പുനരാരംഭിക്കുന്നത് അനുവദിക്കാമെന്ന് കോടതി കഴിഞ്ഞ ദിവസം പരാമര്‍ശിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം മുരിങ്ങൂരില്‍ സര്‍വീസ് റോഡ് ഇടിഞ്ഞ് ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ടോള്‍ പിരിവ് പുനരാരംഭിക്കുന്നതില്‍ തീരുമാനം ഇന്നത്തേയ്ക്ക് മാറ്റുകയായിരുന്നു. ഗതാഗതക്കുരുക്ക് രൂക്ഷമായതിനെത്തുടര്‍ന്ന് ഒരു മാസം മുമ്പാണ് പാലിയേക്കരയിലെ ടോള്‍ പിരിവ് കോടതി താല്‍ക്കാലികമായി തടഞ്ഞത്. ടോള്‍ പിരിവ് പുനരാരംഭിക്കാന്‍ ദേശീയ പാത അതോറിറ്റി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവുണ്ടായില്ല. സര്‍വീസ് റോഡുകളിലടക്കം അറ്റകുറ്റപ്പണി അവസാനഘട്ടത്തിലാണെന്ന് തൃശൂര്‍ ജില്ലാ കലക്ടര്‍ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു.

ഓപ്പറേഷന്‍ നുംഖോറില്‍ ഇടുക്കിയിലും പരിശോധന; സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുടെ കാര്‍ പിടിച്ചെടുത്തു

ഓപ്പറേഷന്‍ നുംഖോറില്‍ ഇടുക്കിയിലും പരിശോധന; സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുടെ കാര്‍ പിടിച്ചെടുത്തു

ഇടുക്കി: ഓപ്പറേഷന്‍ നുംഖോറില്‍ ഇടുക്കിയിലെ പരിശോധനയില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുടെ കാര്‍ പിടിച്ചെടുത്തു. തിരുവനന്തപുരം സ്വദേശിനി ചിപ്പു എന്ന് അറിയപ്പെടുന്ന ശില്‍പ്പ സുരേന്ദ്രന്റെ ലാന്‍ഡ് ക്രൂസറാണ് കസ്റ്റംസ് പിടിച്ചെടുത്തത്.

മലപ്പുറം തിരൂര്‍ സ്വദേശികളില്‍ നിന്നാണ് ഇവര്‍ വാഹനം വാങ്ങിയത്. വാഹനത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കായാണ് അടിമാലിയില്‍ കാര്‍ എത്തിച്ചത്. ഇതിനിടെയാണ് കസ്റ്റംസ് കാര്‍ അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്തത്. രാജ്യത്താകമാനം ആയിരത്തിലേറെ വാഹനങ്ങള്‍ കള്ളക്കടത്തിലൂടെ എത്തിച്ചിട്ടുണ്ടെന്നാണ് വിവരം. അതില്‍ ഇരുന്നൂറോളം വാഹനങ്ങള്‍ കേരളത്തില്‍ തന്നെയുണ്ട്. 36 കാറുകള്‍ മാത്രമാണ് ഇതുവരെ കണ്ടെത്താനായത്.

ഭൂട്ടാനില്‍ നിന്നുള്ള ആഡംബര കാറുകള്‍ നികുതി വെട്ടിച്ച് ഇന്ത്യയില്‍ എത്തിയെന്ന ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് രാജ്യവ്യാപകമായി റെയ്ഡ് നടത്തിയത്. നികുതിവെട്ടിച്ച് ആഢംബര വാഹനങ്ങള്‍ എത്തിച്ചതില്‍ കസ്റ്റംസിന് പുറമെ മറ്റ് കേന്ദ്ര ഏജന്‍സികളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഇഡി വിവരങ്ങള്‍ തേടി. അനധികൃതമായി സമ്പാദിച്ച പണം വെളുപ്പിക്കാന്‍ പല പ്രമുഖരും വാഹനങ്ങള്‍ വാങ്ങിക്കൂട്ടിയെന്നാണ് സംശയം.കസ്റ്റംസില്‍ നിന്ന് ഇഡി വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങി. വാഹനക്കടത്തിലൂടെ കോടികളുടെ ജി എസ് ടി വെട്ടിപ്പ് നടന്നതായി കസ്റ്റംസ് കമ്മീഷര്‍ വെളിപ്പെടുത്തിയിരുന്നു. ജിഎസ്ടി വെട്ടിപ്പില്‍ കേന്ദ്ര ജി.എസ്.ടി വകുപ്പും അന്വേഷണം തുടങ്ങി. വാഹന രജിസ്‌ട്രേഷന് എംബസികളുടെയും മറ്റും വ്യാജരേഖകള്‍ ചമച്ചതില്‍ വിദേശകാര്യമന്താലയത്തിനും വിവരങ്ങള്‍ കൈമാറാനുള്ള നീക്കത്തിലാണ് കസ്റ്റംസ്.

വീട്ടുവരാന്തയിലിരുന്ന കുട്ടിയെ കുറുനരി ആക്രമിച്ചു, ഞെട്ടിക്കുന്ന സംഭവം കണ്ണൂരില്‍

വീട്ടുവരാന്തയിലിരുന്ന കുട്ടിയെ കുറുനരി ആക്രമിച്ചു, ഞെട്ടിക്കുന്ന സംഭവം കണ്ണൂരില്‍

കണ്ണൂര്‍: കണ്ണൂരില്‍ കുറുനരിയുടെ ആക്രമണത്തില്‍ കുട്ടികളടക്കം നിരവധി പേര്‍ക്ക് പരിക്ക്. മാട്ടൂലിലും ചേലേരിയിലുമാണ് കുറുനരി ആക്രമണമുണ്ടായത്. രണ്ട് കുട്ടികള്‍ ഉള്‍പ്പടെ ആറുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ അഞ്ചുപേരെ ജില്ലാ ആശുപത്രിയിലും ഒരാളെ പരിയാരം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു.

മാട്ടൂരില്‍ വീട്ടുവരാന്തയിലിരുന്ന കുട്ടിക്കു നേരെയാണ് കുറുനരിയുടെ ആക്രമണമുണ്ടായത്. കുട്ടിയുടെ കാലിലാണ് കുറുനരി കടിച്ചത്. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. കുറുനരി കുട്ടിയെ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പ്രദേശത്ത് കുറുനരിയുടെ ശല്യം വ്യാപകമാണ്.

1000 കോടി ചെലവ്, കളമശ്ശേരിയില്‍ ജുഡീഷ്യല്‍ സിറ്റി പദ്ധതിക്ക് മന്ത്രിസഭാ അംഗീകാരം

1000 കോടി ചെലവ്, കളമശ്ശേരിയില്‍ ജുഡീഷ്യല്‍ സിറ്റി പദ്ധതിക്ക് മന്ത്രിസഭാ അംഗീകാരം

തിരുവനന്തപുരം: കൊച്ചി കളമശ്ശേരിയില്‍ ജുഡീഷ്യല്‍ സിറ്റി സ്ഥാപിക്കുന്നതിന് മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം. എച്ച്എംടി യുടെ കൈവശമുള്ള 27 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് ജുഡീഷ്യല്‍ സിറ്റി സ്ഥാപിക്കാനാണ് തീരുമാനം. പദ്ധതി നടപ്പാക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ സ്വീകരിക്കാന്‍ ആഭ്യന്തര വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പി രാജീവ് അറിയിച്ചു.

2023 ലെ മുഖ്യമന്ത്രി – ചീഫ് ജസ്റ്റിസ് വാര്‍ഷികയോഗത്തിന്റെ തീരുമാനപ്രകാരമുള്ള നടപടികളുടെ തുടര്‍ച്ചയായാണ് മന്ത്രിസഭാ തീരുമാനം. ഇതിന്റെ ഭാഗമായി ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ്, ജസ്റ്റിസ് രാജ വിജയരാഘവന്‍, ജസ്റ്റിസ് സതീഷ് നൈനാന്‍ എന്നിവര്‍ക്കൊപ്പം കളമശ്ശേരിയിലെ സ്ഥലം സന്ദര്‍ശിച്ച ശേഷമാണ് പദ്ധതിയുടെ വിശദാംശങ്ങള്‍ തയ്യാറാക്കിയത്. കേരള ഹൈക്കോടതി ഉള്‍പ്പെടുന്ന ജുഡീഷ്യല്‍ സിറ്റിയുടെ പ്രാഥമിക രൂപരേഖ പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. 27 ഏക്കര്‍ ഭൂമിയിലായി 12 ലക്ഷത്തിലധികം ചതുരശ്ര അടി കെട്ടിട സൗകര്യമുള്‍പ്പെടെ രാജ്യാന്തര തലത്തിലുള്ള ആധുനിക സംവിധാനങ്ങളും സൗകര്യങ്ങളും ഉള്ള ജുഡീഷ്യല്‍ സിറ്റിയാണ് വിഭാവനം ചെയ്യുന്നത്.

ഭരണഘടനയിലെ പ്രധാന തത്വങ്ങളായ തുല്യതക്കും, സ്വാതന്ത്ര്യത്തിനും, ജീവനുമുള്ള മൗലികാവകാശങ്ങള്‍ ഉറപ്പുവരുത്തുന്ന 14, 19, 21 ആര്‍ട്ടിക്കിളുകള്‍ സങ്കല്‍പ്പിച്ച് മൂന്ന് ടവറുകളിലായാണ് ജൂഡീഷ്യല്‍ സിറ്റിയുടെ രൂപകല്‍പന.

പ്രധാന ടവറില്‍ 7 നിലകളും മറ്റ് രണ്ട് ടവറുകളില്‍ 6 നിലകള്‍ വീതവും ഉണ്ടാകും. ചീഫ് ജസ്റ്റിസിന്റേതുള്‍പ്പെടെ 61 കോടതി ഹാളുകള്‍, രജിസ്ട്രാര്‍ ഓഫീസ്. ഓഡിറ്റോറിയം, വിവിധ കമ്മിറ്റികള്‍ക്കുള്ള മുറികള്‍, ഭരണ വിഭാഗത്തിനുള്ള സൗകര്യങ്ങള്‍, ലൈബ്രറി ബ്ലോക്ക്, ആര്‍ബിട്രേഷന്‍ സെന്റര്‍, റിക്രൂട്ട്‌മെന്റ് സെല്‍, ഐ.ടി വിഭാഗം, ഇന്‍ഫര്‍മേഷന്‍ സെന്റര്‍ തുടങ്ങി അതിവിപുലമായ സൗകര്യങ്ങള്‍ ഉണ്ടാകും. ഇതിനു പുറമേ അഡ്വക്കേറ്റ് ജനറല്‍ ഓഫീസ്, അഭിഭാഷകരുടെ ചേംബറുകള്‍, പാര്‍ക്കിംഗ് സൗകര്യം, മഴവെള്ള സംഭരണി എന്നിവയും രൂപകല്‍പന ചെയ്തിട്ടുണ്ട്.

ഭൂമി ഏറ്റെടുക്കലും കെട്ടിട നിര്‍മ്മാണവുമുള്‍പ്പെടെ 1000 കോടിയില്‍പരം രൂപ ചെലവ് കണക്കാക്കുന്ന പദ്ധതിയാണിത്. പ്രാരംഭ നടപടികള്‍ക്കും കേന്ദ്ര സഹായം ലഭ്യമാക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കുന്നതിനുമായി ആഭ്യന്തര വകുപ്പിനെ ചുമതലപ്പെടുത്തി. എല്ലാ വിഭാഗം ജനങ്ങള്‍ക്കുമുള്ള പ്രാപ്യത, യാത്രാസൗകര്യം, പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രാധാന്യം എന്നിവ കണക്കിലെടുത്ത് ജുഡീഷ്യല്‍ സിറ്റിക്ക് ഏറ്റവും അനുയോജ്യമായ സ്ഥലം കളമശ്ശേരിയാണെന്ന് ഹൈക്കോടതി ജഡ്ജിമാര്‍ക്കൊപ്പം നടത്തിയ സ്ഥലപരിശോധനക്കുശേഷം വിലയിരുത്തിയിരുന്നു. നിലവിലുള്ള ഹൈക്കോടതി, സ്ഥലപരിമിതി നേരിടുന്ന സാഹചര്യത്തിലാണ് പുതിയ നിര്‍മ്മാണത്തെക്കുറിച്ച് ഹൈക്കോടതിയില്‍ നിന്ന് നിര്‍ദ്ദേശം ഉയര്‍ന്നതെന്നും പി രാജിവ് അറിയിച്ചു.

ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി; ശക്തമായ മഴ

ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി; ശക്തമായ മഴ

തിരവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം. ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. നാളെ മുതല്‍ ശനിയാഴ്ച വരെ കൂടുതല്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്.

മ്യാന്മാര്‍ തീരത്തിനു സമീപം ബംഗാള്‍ ഉള്‍കടലില്‍ ചക്രവാത ചുഴി രൂപപ്പെട്ടയായും നാളെയോടെ വടക്കന്‍ മധ്യ ബംഗാള്‍ ഉള്‍കടലിനു മുകളിലായി പുതിയ ന്യുനമര്‍ദ്ദമായി ശക്തി പ്രാപിക്കുമെന്നാണ് മുന്നറിയിപ്പ്. ന്യുനമര്‍ദ്ദം വെള്ളിയാഴ്ചയോടെ ഒഡിഷ ആന്ധ്രാ തീരത്തേക്ക് നീങ്ങി തീവ്ര ന്യുന മര്‍ദ്ദമായി വീണ്ടും ശക്തി പ്രാപിച്ചു ശനിയാഴ്ചയോടെ ആന്ധ്രാ – ഒഡിഷ തീരത്ത് കരയില്‍ പ്രവേശിക്കാന്‍ സാധ്യത.

ന്യുന മര്‍ദ്ദം / തീവ്ര ന്യുന മര്‍ദ്ദ , തെക്കന്‍ ചൈന കടല്‍ എന്നിവയുടെ സ്വാധീന ഫലമായി നവരാത്രി കഴിയും വരെ സംസ്ഥാനത്തു പൊതുവെ മഴയില്‍ വര്‍ധനവ് ഉണ്ടാകും.തുടക്കത്തില്‍ മധ്യ തെക്കന്‍ കേരളത്തിലും തുടര്‍ന്ന് വടക്കന്‍ കേരളത്തിലും നാളെ കഴിഞ്ഞാല്‍ കൂടുതല്‍ മഴ പ്രതീക്ഷിക്കുന്നതായും കാലാവസ്ഥാ വിദഗ്ധര്‍ അറിയിച്ചു. ഒഡിഷ,പശ്ചിമ ബംഗാള്‍, ബംഗാള്‍ ഉള്‍കടലിനു മുകളിലായി സ്ഥിതി ചെയ്യുന്ന ന്യുന മര്‍ദ്ദം അടുത്ത 12 മണിക്കൂറിനുള്ളില്‍ ദുര്‍ബലമായേക്കും.

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട്

24/09/2025: ആലപ്പുഴ, എറണാകുളം

25/09/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം

26/09/2025: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ

27/09/2025: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട്

എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.