ചേലക്കരയില്‍ കൂട്ട ആത്മഹത്യാ ശ്രമം; ആറു വയസുകാരിക്ക് ദാരുണാന്ത്യം

ചേലക്കരയില്‍ കൂട്ട ആത്മഹത്യാ ശ്രമം; ആറു വയസുകാരിക്ക് ദാരുണാന്ത്യം

തൃശ്ശൂര്‍: ചേലക്കരയില്‍ കൂട്ട ആത്മഹത്യാശ്രമത്തില്‍ ആറുവയസ്സുകാരിക്ക് ദാരുണാന്ത്യം. തൃശൂര്‍ ചേലക്കര മേപ്പാടം കോല്‍പ്പുറത്ത് വീട്ടില്‍ പ്രദീപിന്റെ ഭാര്യ ഷൈലജയാണ് മക്കളുമൊന്നിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. മകള്‍ ആറ് വയസ്സുകാരി അണിമയാണ് മരിച്ചത്.

ഷൈലജ (43), മകന്‍ അക്ഷയ് (4) എന്നിവര്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. പ്രദീപ് രണ്ടാഴ്ച മുമ്പ് മരിച്ചിരുന്നു. ഇതിന്റെ മനോവിഷമത്തിലായിരുന്നു കുടുംബം എന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു. രാത്രി വൈകിയിട്ടും വീട്ടിനുള്ളില്‍നിന്നും ആരെയും പുറത്തേക്ക് കാണാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ വീട് കുത്തിത്തുറന്ന് പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് മൂവരേയും അബോധാവസ്ഥയില്‍ മുറിക്കുള്ളില്‍ കണ്ടെത്തിയത്.

ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍

ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍

തിരുവനന്തപുരം: സെപ്തംബറിലെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷനുകള്‍ വ്യാഴാഴ്ച മുതല്‍ വിതരണം ചെയ്യും. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ 841 കോടി അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. 62 ലക്ഷത്തോളം പേര്‍ക്ക് 1600 രൂപവീതം ലഭിക്കും.

26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിലും മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലും പെന്‍ഷനെത്തും. 8.46 ലക്ഷം പേര്‍ക്ക് ദേശീയ പെന്‍ഷന്‍ പദ്ധതിയിലെ കേന്ദ്രവിഹിതം കേന്ദ്രസര്‍ക്കാരാണ് നല്‍കേണ്ടത്. ഇതിനാവശ്യമായ 24. 21 കോടി രൂപയും സംസ്ഥാനം മുന്‍കൂര്‍ അനുവദിച്ചു.

ഈ വിഹിതം കേന്ദ്രസര്‍ക്കാരിന്റെ പിഎഫ്എംഎസ് സംവിധാനം വഴിയാണ് ഗുണഭോക്താക്കളുടെ അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യേണ്ടത്. ഈ സര്‍ക്കാര്‍ ഇതുവരെ 42,841 കോടി രൂപയാണ് ക്ഷേമ പെന്‍ഷനായി ചെലവിട്ടത്. ഓണത്തിന് രണ്ടു മാസത്തെ പെന്‍ഷന്‍ 3200 രൂപ വീതം വിതരണം ചെയ്തിരുന്നു.

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ചു; നിരവധിപ്പേര്‍ക്ക് പരിക്ക്

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ചു; നിരവധിപ്പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: മണ്ണന്തല മരുതൂരില്‍ വാഹനാപകടം. കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് നിരവധിപ്പേര്‍ക്ക് പരിക്ക്. ബസിലെയും ലോറിയിലെയും ഡ്രൈവര്‍മാര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എംസി റോഡില്‍ രാവിലെ അഞ്ചര മണിയോടെയാണ് സംഭവം. തിരുവനന്തപുരത്ത് നിന്ന് വെഞ്ഞാറമൂട് ഭാഗത്തേയ്ക്ക് പോകുകയായിരുന്നു കെഎസ്ആര്‍ടിസി ബസ്. എതിര്‍ദിശയില്‍ നിന്ന് വന്ന ചരക്കുലോറിയുമായി ബസ് കൂട്ടിയിടിക്കുകയായിരുന്നു. പാലത്തിന് സമീപത്ത് വച്ചാണ് അപകടം ഉണ്ടായത്.

ഡ്രൈവര്‍മാര്‍ ഇരിക്കുന്ന ഭാഗത്താണ് കൂട്ടിയിടി ഉണ്ടായത്. അരമണിക്കൂര്‍ നേരം ഡ്രൈവര്‍മാര്‍ ബസില്‍ കുടുങ്ങി കിടന്നു. ഫയര്‍ഫോഴ്‌സും നാട്ടുകാരും എത്തിയാണ് ഇവരെ പുറത്തെടുത്തത്. ബസില്‍ 26 യാത്രക്കാരാണ് ഉണ്ടായിരുന്നത്. യാത്രക്കാരുടെ പരിക്ക് ഒന്നും ഗുരുതരമല്ല.

ഡ്രൈവര്‍മാരുടെ പരിക്കാണ് സാരമായിട്ടുള്ളത്. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചു. ലോറി ഡ്രൈവറുടെ പരിക്ക് ഒഴികെ മറ്റുള്ളവരുടെ പരിക്ക് ഒന്നും ഗുരുതരമല്ലെന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് അറിയിച്ചത്. പ്രദേശത്ത് ഗതാഗത തടസം ഉണ്ടായി. മറ്റുവഴികളിലൂടെയാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്.

സ്വര്‍ണവില കുറഞ്ഞു; 84,500ന് മുകളില്‍ തന്നെ

സ്വര്‍ണവില കുറഞ്ഞു; 84,500ന് മുകളില്‍ തന്നെ

കൊച്ചി: ഇന്നലെ രണ്ടു തവണയായി 1920 രൂപ വര്‍ധിച്ച് പുതിയ റെക്കോര്‍ഡ് കുറിച്ച സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. പവന് ഇന്ന് 240 രൂപയാണ് കുറഞ്ഞത്. 84,600 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 30 രൂപ കുറഞ്ഞു. 10,575 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഇന്നലെ രാവിലെ 83,000 കടന്ന് 84000ന് അരികില്‍ എത്തിയ സ്വര്‍ണവിലയാണ് ഉച്ചയോടെ ഒറ്റയടിക്ക് ആയിരം രൂപ കൂടി വര്‍ധിച്ചത്. ഈ മാസം ആദ്യം 77,640 രൂപയായിരുന്നു സംസ്ഥാനത്തെ സ്വര്‍ണവില. സെപ്തംബര്‍ 9 നാണ് സംസ്ഥാനത്തെ സ്വര്‍ണവില എണ്‍പതിനായിരം പിന്നിട്ടത്.

രാജ്യാന്തര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടായ വര്‍ധന സംസ്ഥാനത്തും പ്രതിഫലിക്കുന്നതാണ് വില വര്‍ധനയില്‍ കാണുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ ആളുകള്‍ സ്വര്‍ണത്തിലേക്ക് തിരിഞ്ഞതാണ് വില വര്‍ധനയ്ക്കുള്ള പ്രധാന കാരണം.

ഗൂഗിള്‍ പേ വഴി കൈക്കൂലി ആവശ്യപ്പെട്ടു, 5000 രൂപ നല്‍കിയത് നേരിട്ട്; അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ പിടിയില്‍

ഗൂഗിള്‍ പേ വഴി കൈക്കൂലി ആവശ്യപ്പെട്ടു, 5000 രൂപ നല്‍കിയത് നേരിട്ട്; അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ പിടിയില്‍

തൃശൂര്‍: ചാവക്കാട് അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ആയിരുന്ന ഇരിങ്ങാലക്കുട സ്വദേശി ജയപ്രകാശ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്റെ പിടിയില്‍. ഗുരുവായൂരിലെ ഹോട്ടലില്‍ നിന്ന് 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായത്.

ഹോട്ടലില്‍ പരിശോധന നടത്തി താല്‍ക്കാലിക ജീവനക്കാര്‍ കൂടുതലാണെന്ന് പറയുകയും ഒതുക്കി തീര്‍ക്കാന്‍ 10000 രൂപ ആവശ്യപ്പെടുകയും 5000 രൂപ നിര്‍ബന്ധിച്ച് വാങ്ങുകയും ചെയ്തിരുന്നു.

എന്നാല്‍ സെപ്തംബര്‍ 17ന് ചാവക്കാട് നിന്നും സ്ഥലം മാറ്റം ലഭിച്ച ജയപ്രകാശ് എറണാകുളം, കാക്കനാട് ലേബര്‍ ഓഫീസില്‍ ജോയിന്‍ ചെയ്തു. ഈ വിവരം മാനേജരില്‍ നിന്നും മറച്ചുവെച്ച് ബാക്കി തുകയായി 5000 രൂപ ആവശ്യപ്പെടുകയായിരുന്നു. ഗൂഗിള്‍ പേ വഴി പണം നല്‍കാനാണ് ആവശ്യപ്പെട്ടത്. ഇതു സാധിക്കില്ലെന്ന് അറിയിച്ചപ്പോള്‍ താന്‍ നേരിട്ട് വന്ന് പണം വാങ്ങിക്കൊള്ളാമെന്ന് അറിയിക്കുകയായിരുന്നു. ഇതോടെ മാനേജര്‍ തൃശൂര്‍ വിജിലന്‍സ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന് പരാതി നല്‍കി. തുടര്‍ന്ന് ചൊവ്വാഴ്ച കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലന്‍സ് പ്രതിയെ കയ്യോടെ പിടികൂടുന്നത്.

6 വര്‍ഷം മുമ്പും വാഹനത്തട്ടിപ്പ്, അന്ന് കുടുങ്ങിയത് സുരേഷ് ഗോപിയും ഫഹദും അമലാപോളും

6 വര്‍ഷം മുമ്പും വാഹനത്തട്ടിപ്പ്, അന്ന് കുടുങ്ങിയത് സുരേഷ് ഗോപിയും ഫഹദും അമലാപോളും

കൊച്ചി: ഓപ്പറേഷന്‍ നുംഖോറില്‍ വാഹനങ്ങള്‍ പിടിച്ചെടുക്കുന്ന വാര്‍ത്ത പുറത്തു വരുമ്പോള്‍ സമാനമായ രീതിയില്‍ സിനിമാ താരങ്ങള്‍ നേരത്തെയും കുടുങ്ങിയിരുന്നുവെന്നത് ചര്‍ച്ചയാകുന്നു. 2019ലായിരുന്നു ആ കേസ്. നികുതി വെട്ടിച്ച് വ്യാജരേഖ ചമച്ച് വാഹനങ്ങള്‍ കേരളത്തിലെത്തിച്ചതിന് അന്ന് പിടിയിലായത് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി, നടന്‍ ഫഹദ് ഫാസില്‍, നടി അമല പോള്‍ എന്നിവരായിരുന്നു.

സുരേഷ് ഗോപിയുടെ പേരില്‍ രണ്ട് കാറുകളുടെ രജിസ്‌ട്രേഷനിലാണ് കേസെടുത്തത്. എന്നാല്‍ കുറ്റപത്രം ഒരു കാറിന്റെ പേരിലാണ് സമര്‍പ്പിച്ചത്. വ്യാജ മേല്‍വിലാസം ഉപയോഗിച്ച് 16 ലക്ഷത്തോളം രൂപയുടെ നികുതി വെട്ടിച്ചെന്നായിരുന്നു കണ്ടെത്തിയത്. രജിസ്‌ട്രേഷന് വേണ്ടി വ്യാജ സത്യവാങ്മൂലവും വ്യാജ സീലും ഉപയോഗിച്ചുവെന്ന് പൊലീസ് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് കേസില്‍ സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്ത് വിട്ടയയ്ക്കുകയായിരുന്നു.

ഫഹദ് ഫാസില്‍, അമല പോള്‍ എന്നിവര്‍ക്കെതിരെയും വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പിന് കേസെടുത്തെങ്കിലും പിന്നീട് ഒഴിവാക്കി. ബംഗളൂരുവില്‍ നിന്നാണ് അമല പോള്‍ വാഹനം വാങ്ങിയത്. എന്നാല്‍ വാഹനം കേരളത്തിലെത്തിച്ചിരുന്നില്ല. ആ കാരണം കൊണ്ട് തന്നെ കേരള പൊലീസിന് നടപടി സ്വീകരിക്കാനും കഴിഞ്ഞില്ല. ഫഹദ് ഫാസില്‍ പിഴയടച്ച് കേരളത്തിലേയ്ക്ക് രജിസ്‌ട്രേഷന്‍ മാറ്റുകയും ചെയ്തു. 19 ലക്ഷം രൂപ പിഴയടച്ചെങ്കിലും അറസ്റ്റ് രേഖപ്പെടുത്തി വിട്ടയയ്ക്കുകയായിരുന്നു ഫഹദ് ഫാസിലിനെ.