അര്‍ജുന്‍ ആയങ്കിയെ കണ്ണൂരില്‍ നിന്ന് അറസ്റ്റ് ചെയ്ത് പൊലീസ്; പിടിയിലായത് ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍

അര്‍ജുന്‍ ആയങ്കിയെ കണ്ണൂരില്‍ നിന്ന് അറസ്റ്റ് ചെയ്ത് പൊലീസ്; പിടിയിലായത് ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍

കണ്ണൂര്‍: നിരവധി കേസുകളില്‍ പ്രതിയായ അര്‍ജുന്‍ ആയങ്കിയെ ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ കണ്ണൂരില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. അഭിഭാഷകയുടെ വീട്ടിൽ ഒളിവിലിരിക്കുകയായിരുന്ന അര്‍ജുന്‍ പുലർച്ചെ രണ്ട് മണിയോടെയാണ് പിടിയിലായത്. ജാമ്യത്തിലിറങ്ങിയ ശേഷം പൊലീസ് ഉദ്യോഗസ്ഥരെ സോഷ്യല്‍ മീഡിയ വഴി ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതും തിരച്ചില്‍ ശക്തമാക്കിയതും. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ് ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അര്‍ജുന്‍ ആയങ്കി.

ഉത്തരമേഖലാ ഡിഐജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘമാണ് കണ്ണൂരിലെ ഒളിത്താവളത്തില്‍ നിന്ന് അര്‍ജുനെ പിടികൂടിയത്. കോതമംഗലം, ഊന്നുകല്‍ സ്റ്റേഷന്‍ പരിധികളിലെ പൊലീസ് ഉദ്യോഗസ്ഥരെയും അന്വേഷണ ഉദ്യോഗസ്ഥരെയും സമൂഹമാധ്യമങ്ങള്‍ വഴി അധിക്ഷേപിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തതുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്ന് ഒളിവിലിരുന്ന് പൊലീസിനെയും ആഭ്യന്തര വകുപ്പിനെയും നിരന്തരം വെല്ലുവിളിച്ചു വരികയായിരുന്നു അര്‍ജുന്‍.

കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ് ഒടുവില്‍ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒളിവിൽ പോകാൻ ഉപയോഗിച്ച കാർ ശനിയാഴ്ച പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. കണ്ണൂർ പനങ്കാവിലാണ് കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഇതേതുടർന്ന് അർജുൻ കണ്ണൂരിൽതന്നെ ഉണ്ടാവും എന്ന് ഉറപ്പിച്ച പൊലീസ് പഴുതടച്ച അന്വേഷണം നടത്തുകയായിരുന്നു.

സംസ്ഥാനത്തിനകത്തും പുറത്തും അർജുൻ ആയങ്കിക്കായി വ്യാപകമായ അന്വേഷണമാണ് പോലീസ് നടത്തിയത്. ഇതിനിടെ സോഷ്യൽ മീഡിയയിലൂടെ ഇയാൾ പ്രകോപനം തുടർന്നു. വാഹനങ്ങൾ മാറിമാറി ഉപയോഗിച്ചും മൊബൈൽ ഫോൺ വഴിതെറ്റിച്ചും അന്വേഷണ സംഘത്തിന്റെ കണ്ണുവെട്ടിച്ചുമാണ് അർജുൻ ആയങ്കി ഈ ദിവസങ്ങളിൽ യാത്ര ചെയ്തിരുന്നത്.

ന്യൂനമര്‍ദ്ദം, ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ന്യൂനമര്‍ദ്ദം, ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. നാലു ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട കനത്ത മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 30 മുതല്‍ 40 മണിക്കൂര്‍ വരെ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും വടക്കന്‍ ഒഡിഷക്കും മുകളിലായി ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. ഇതിന്റെ സ്വാധീനഫലമായി ഓഗസ്റ്റ് 12 വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കേരളം – കര്‍ണാടകം – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളം – ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

കള്ളക്കടൽ ജാഗ്രത നിർദേശം

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ), തൃശൂർ (ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ) ജില്ലകളിലെ തീരങ്ങളിൽ 10/08/2026 വൈകുന്നേരം 05.30 വരെ 1.2 മുതൽ 1.8 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി 10/08/2026 ഉച്ചയ്ക്ക് 02.30 വരെ കന്യാകുമാരി തീരത്ത് 1.7 മുതൽ 1.8 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

വഴി കാട്ടാന്‍ മാത്രമല്ല; ഇനി ഫുഡ് ഓര്‍ഡര്‍ ചെയ്യാനും ഹോട്ടല്‍ ബുക്ക് ചെയ്യാനും ഗൂഗിള്‍ മാപ്‌

വഴി കാട്ടാന്‍ മാത്രമല്ല; ഇനി ഫുഡ് ഓര്‍ഡര്‍ ചെയ്യാനും ഹോട്ടല്‍ ബുക്ക് ചെയ്യാനും ഗൂഗിള്‍ മാപ്‌

വഴി അറിയാനും ട്രാഫിക് ബ്ലോക്കുകളില്‍ നിന്ന് രക്ഷപ്പെടാനും നമ്മള്‍ സ്ഥിരമായി ഉപയോഗിക്കുന്ന ഗൂഗിള്‍ മാപ്‌സ് ഇനി വെറും നാവിഗേഷന്‍ ആപ്പ് മാത്രമല്ല. യാത്ര ചെയ്യുന്നതിനിടയില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനും, തങ്ങാന്‍ ഹോട്ടലുകള്‍ കണ്ടെത്താനും, യാത്രാ പദ്ധതികള്‍ തയ്യാറാക്കാനും സഹായിക്കുന്ന മികച്ച എഐ ഫീച്ചറുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് മാപ്‌സ്.

പുതിയ ഏതെങ്കിലും സ്ഥലത്ത് യാത്ര ചെയ്യുമ്പോള്‍ പെട്ടെന്ന് ബട്ടര്‍ ചിക്കനോ ചിക്കന്‍ ബിരിയാണിയോ മസാല ദോശയോ കഴിക്കാന്‍ തോന്നിയാല്‍ ഇനി വിഷമിക്കേണ്ട. ഗൂഗിള്‍ മാപ്‌സിലെ ആസ്‌ക് മാപ്‌സ് (Ask Maps) ഫീച്ചറിനോട് നിങ്ങള്‍ക്ക് കഴിക്കാന്‍ ആഗ്രഹമുള്ള വിഭവത്തെക്കുറിച്ച് ചോദിക്കാം. നിങ്ങള്‍ സഞ്ചരിക്കുന്ന വഴിയില്‍ ഈ ഭക്ഷണം ലഭിക്കുന്ന മികച്ച റെസ്റ്റോറന്റുകള്‍ മാപ്‌സ് കണ്ടെത്തിത്തരും. അവ അന്നേദിവസം തുറന്നിട്ടുണ്ടോ എന്നും നിങ്ങളുടെ ഭക്ഷണ രീതികള്‍ക്ക് അനുയോജ്യമാണോ എന്നും പരിശോധിക്കും. റെസ്റ്റോറന്റ് തിരഞ്ഞെടുത്താല്‍, ആ വിഭവം ആപ്പിന്റെ കാര്‍ട്ടിലേക്ക് ചേര്‍ത്ത് ഓര്‍ഡര്‍ ചെയ്യാനും സഹായിക്കും.

പലതരം ഫില്‍റ്ററുകള്‍ മാറ്റി മാറ്റി സമയം കളയാതെ ഇനി കൃത്യമായ ആവശ്യങ്ങള്‍ മാപ്‌സിനോട് ടൈപ്പ് ചെയ്തു ചോദിക്കാം. ഉദാഹരണത്തിന്, കൊച്ചി മറൈന്‍ ഡ്രൈവിന് സമീപമുള്ള, വിശാലമായ മുറികളുള്ള ബജറ്റ് ഫ്രണ്ട്‌ലി ഫാമിലി ഹോട്ടല്‍ കണ്ടെത്തുക എന്ന് ചോദിച്ചാല്‍, നിലവിലെ മുറി വാടകയും ലഭ്യതയും പരിശോധിച്ച് ഏറ്റവും അനുയോജ്യമായ ഹോട്ടലുകള്‍ മാപ്‌സ് മുന്നിലെത്തിക്കും. കൂടാതെ, നിങ്ങള്‍ തങ്ങുന്ന സ്ഥലത്തിന് സമീപം നടക്കുന്ന പ്രാദേശിക ഉത്സവങ്ങള്‍, സംഗീത പരിപാടികള്‍, മറ്റ് കാഴ്ചകള്‍ എന്നിവ കണ്ടെത്താനും അവയുടെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനുള്ള ലിങ്കുകളും മാപ്‌സ് നല്‍കും.

ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കായി പ്രത്യേകമായി ചില ഫീച്ചറുകള്‍ ഗൂഗിള്‍ അവതരിപ്പിച്ചിട്ടുണ്ട്. ബസ്, മെട്രോ, ട്രെയിന്‍, ഫെറി സര്‍വീസുകളുടെ തത്സമയ വിവരങ്ങള്‍ ഇനി കൂടുതല്‍ കൃത്യതയോടെ മാപ്പില്‍ അറിയാനാകും. പേഴ്‌സണല്‍ ഇന്റലിജന്‍സാണ്് മറ്റൊന്ന്. നിങ്ങളുടെ ജിമെയില്‍ സന്ദേശങ്ങളുമായി ബന്ധിപ്പിക്കാന്‍ അനുവാദം നല്‍കിയാല്‍, നിങ്ങളുടെ ടിക്കറ്റ് ബുക്കിങ്ങുകളും ഹോട്ടല്‍ കണ്‍ഫര്‍മേഷനുകളും മനസ്സിലാക്കി യാത്രാ പദ്ധതികള്‍ക്ക് അനുയോജ്യമായ നിര്‍ദ്ദേശങ്ങള്‍ ആപ്പ് തനിയെ നല്‍കും.

ഇനി ഇംഗ്ലീഷിന് പകരം ഹിന്ദിയിലും റെസ്റ്റോറന്റുകളെക്കുറിച്ചോ വിനോദസഞ്ചാര കേന്ദ്രങ്ങളെക്കുറിച്ചോ ചോദിക്കാം. ഓസ്‌ട്രേലിയ, ബ്രസീല്‍, കാനഡ, മെക്‌സിക്കോ തുടങ്ങി 150ലധികം രാജ്യങ്ങളിലാണ് ഗൂഗിള്‍ പുതിയ ‘ആസ്‌ക് മാപ്‌സ്’ എഐ ഫീച്ചറുകള്‍ ലഭ്യമാക്കിയിരിക്കുന്നത്. യാത്രകളെയും ഭക്ഷണ അനുഭവങ്ങളെയും തികച്ചും ലളിതമാക്കുന്ന രീതിയിലേക്കാണ് ഗൂഗിള്‍ മാപ്‌സിന്റെ ഈ പുതിയ മാറ്റം.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് സര്‍ക്കാര്‍; ‘സ്നേഹസാന്ത്വനം’ പദ്ധതിക്ക് 14.40 കോടി രൂപയുടെ ഭരണാനുമതി

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് സര്‍ക്കാര്‍; ‘സ്നേഹസാന്ത്വനം’ പദ്ധതിക്ക് 14.40 കോടി രൂപയുടെ ഭരണാനുമതി

തിരുവനന്തപുരം: കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസത്തിനും ക്ഷേമത്തിനുമായി നടപ്പിലാക്കി വരുന്ന സമഗ്ര പാക്കേജായ ‘സ്നേഹസാന്ത്വനം’ പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായി 14.40 കോടി രൂപയുടെ ഭരണാനുമതി. 2026-2027 സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന ബജറ്റിലെ ധനാഭ്യര്‍ത്ഥനയില്‍ ഉള്‍പ്പെടുത്തി സാമൂഹ്യനീതി വകുപ്പ് വഴിയാണ് സര്‍ക്കാര്‍ തുക അനുവദിച്ചിരിക്കുന്നത്.

അനുവദിച്ച തുകയില്‍ പ്രധാന പങ്കും ദുരിതബാധിതര്‍ക്കുള്ള നേരിട്ടുള്ള സാമ്പത്തിക ആശ്വാസത്തിനായാണ് വിനിയോഗിക്കുക എന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നിലവില്‍ ധനസഹായം ലഭിക്കുന്ന 5,208 എന്‍ഡോസള്‍ഫാന്‍ ഗുണഭോക്താക്കള്‍ക്ക് 2026 ഏപ്രില്‍ മുതല്‍ 2027 മാര്‍ച്ച് വരെയുള്ള മാസാന്ത ആശ്വാസ ധനസഹായത്തിനായി 9,84,31,200 രൂപയും പുതുതായി ലിസ്റ്റില്‍ ഉള്‍പ്പെടുന്നതായി പ്രതീക്ഷിക്കുന്ന 1,000 ഗുണഭോക്താക്കള്‍ക്കായി 2,64,00,000 രൂപയും മാറ്റിവെച്ചിട്ടുണ്ട്. കൂടാതെ, ദുരിതബാധിതരെ പരിചരിക്കുന്ന 771 കെയര്‍ ഗിവേഴ്സിന് നല്‍കുന്ന മാസാന്ത ധനസഹായമായ ‘ആശ്വാസകിരണം’ പദ്ധതിക്കായി 64,76,400 രൂപയും വകയിരുത്തി.

ദുരിതബാധിത കുടുംബങ്ങളുടെ സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്തുണ ഉറപ്പാക്കുന്നതിന്റെ ഭാഗമായി 400 കുട്ടികളുടെ 2026-27 അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ക്കായി 10,05,000 രൂപ അനുവദിച്ചിട്ടുണ്ട്. പ്രദേശത്തെ 10 മാതൃകാ ചൈല്‍ഡ് പുനരധിവാസ കേന്ദ്രങ്ങളുടെ ഭൗതിക സാഹചര്യങ്ങളും സേവനങ്ങളും നവീകരിച്ച് മെച്ചപ്പെടുത്തുന്നതിനായി 1,16,87,400 രൂപയും വിനിയോഗിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

ദുരിതബാധിത കുടുംബങ്ങളുടെ സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്തുണ ഉറപ്പാക്കുന്നതിന്റെ ഭാഗമായി 400 കുട്ടികളുടെ 2026-27 അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ക്കായി 10,05,000 രൂപ അനുവദിച്ചിട്ടുണ്ട്. പ്രദേശത്തെ 10 മാതൃകാ ചൈല്‍ഡ് പുനരധിവാസ കേന്ദ്രങ്ങളുടെ ഭൗതിക സാഹചര്യങ്ങളും സേവനങ്ങളും നവീകരിച്ച് മെച്ചപ്പെടുത്തുന്നതിനായി 1,16,87,400 രൂപയും വിനിയോഗിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

‘സ്വാതന്ത്ര്യദിനാഘോഷത്തിന് വന്ദേമാതരം പൂര്‍ണമായും ആലപിക്കണം’; ഉത്തരവിറക്കി സര്‍ക്കാര്‍

‘സ്വാതന്ത്ര്യദിനാഘോഷത്തിന് വന്ദേമാതരം പൂര്‍ണമായും ആലപിക്കണം’; ഉത്തരവിറക്കി സര്‍ക്കാര്‍

തിരുവനന്തപുരം: കേരളത്തിലെ സ്വാതന്ത്ര്യ ദിനാഘോഷങ്ങളില്‍ ദേശീയ ഗീതമായ വന്ദേമാതരം മുഴുവനായും ആലപിക്കണമെന്ന് ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍. വന്ദേമാതരം നിര്‍ബന്ധമാക്കാനുള്ള കേന്ദ്ര തീരുമാനത്തിന് പിന്നാലെയാണ് ഇതുസംബന്ധിച്ച് ചീഫ് സെക്രട്ടറി, തദ്ദേശ വകുപ്പ് സെക്രട്ടറിക്ക് കത്ത് നല്‍കിയത്.

വന്ദേമാതരം ആലപിക്കുന്ന കാര്യത്തില്‍ പുതിയ നിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. സംസ്ഥാന ഗീതത്തിന് ശേഷം ദേശീയ ഗീതമായ വന്ദേമാതരവും പിന്നെ ദേശീയ ഗാനവും എന്ന ക്രമത്തില്‍ ആലപിക്കണമെന്നായിരുന്നു പുതിയ മാര്‍ഗനിര്‍ദേശം. ആദ്യം സംസ്ഥാന ഗീതം ഇല്ലെങ്കില്‍ ആദ്യം വന്ദേമാതരം അതിന് ശേഷം ദേശീയ ഗാനം എന്ന ക്രമത്തിലാണ് ആലപിക്കേണ്ടത്.

വന്ദേമാതരത്തില്‍ യഥാര്‍ഥ കവിതയിലെ ആറ് ചരണങ്ങളും പൂര്‍ണമായി ആലപിക്കണമെന്ന നിര്‍ദേശമുണ്ടായിരുന്നു. ദേശീയ ഗീതത്തിന്റെ ഔദ്യോഗിക ആലാപന സമയം മൂന്ന് മിനിറ്റും 10 സെക്കന്റുമാണ്. ദേശീയ ഗാനം ആലപിക്കുമ്പോള്‍ അതിന്റെ വരികളും ചിഹ്നങ്ങളും അടക്കം ശ്രദ്ധിച്ച് തന്നെ ആലപിക്കണമെന്ന നിര്‍ദേശവുമുണ്ട്.

ഇക്കാര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗ നിര്‍ദേശം അയച്ചിട്ടുണ്ട്. സംസ്ഥാനങ്ങള്‍ അവര്‍ക്ക് കീഴിലുള്ള കേന്ദ്രങ്ങള്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദേശങ്ങല്‍ നല്‍കണമെന്നും ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് സംസ്ഥാന ചീഫ് സെക്രട്ടറി, തദ്ദേശ വകുപ്പ് സെക്രട്ടറിക്ക് വന്ദേമാതരം ആലപിക്കേണ്ടത് സംബന്ധിച്ച് നിര്‍ദേശങ്ങള്‍ നല്‍കിയത്.

‘പഴയ ഉല്ലാസ് പന്തളത്തെ എനിക്ക് തിരിച്ചു വേണം’; ധനസഹായവുമായി നടന്‍ ബാല

‘പഴയ ഉല്ലാസ് പന്തളത്തെ എനിക്ക് തിരിച്ചു വേണം’; ധനസഹായവുമായി നടന്‍ ബാല

നടന്‍ ഉല്ലാസ് പന്തളത്തിന് സഹായവുമായി നടന്‍ ബാല. പക്ഷാഘാതത്തെ തുടര്‍ന്ന് ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന താരത്തിനും കുടുംബത്തിനും ഓണക്കാലത്ത് ധനസഹായം നല്‍കിയാണ് ബാല സഹായവുമായി മുന്നോട്ട് വന്നത്. ഉല്ലാസിന് പണം കൈമാറുന്നതിന്റെ വിഡിയോ പങ്കുവച്ചിട്ടുണ്ട് ബാല.

”ഇദ്ദേഹത്തിന് കുറച്ച് വര്‍ഷങ്ങള്‍ മുമ്പ് ജീവിതത്തില്‍ വലിയൊരു അടിയേറ്റു. അതില്‍ നിന്നും തിരിച്ചുവന്നപ്പോള്‍ സ്‌ട്രോക്ക് വന്നു. ഒരാള്‍ തളര്‍ന്നു പോയാല്‍ നാല് പേര്‍ ചേര്‍ന്ന് കൈ കൊടുക്കണം. അതാണ് ഏറ്റവും വലിയ ദൈവ തുണ. ഇതുപോലെയുള്ള കലാകാരന്മാര്‍ക്ക് കലയല്ലാതെ വേറെ ജോലി അറിയില്ല. ഇവര്‍ക്ക് ചെയ്യാനാകുന്നത് നമുക്ക് ചെയ്യണം. എത്രോ മിമിക്രി കലാകാരന്മാരുണ്ട്, ഇത് കാണുന്ന സാധാരണക്കാരുണ്ട്, ബാലയെ ഇഷ്ടപ്പെടുന്നവരുണ്ട്.’ ബാല പറയുന്നു.

”ഞാന്‍ നിങ്ങളോട് സഹായം ചോദിക്കുകയാണ്. ഞാന്‍ എന്നെക്കൊണ്ട് ചെയ്യാന്‍ പറ്റുന്നത് മനസു കൊണ്ട് ചെയ്യുന്നു. ഇത് കാശിന്റെ കണക്കല്ല ഇത്. ഈ കുട്ടികള്‍ വലിയ സ്വപ്നങ്ങളോടെയാണ് നില്‍ക്കുന്നത്. മികച്ച കലാകാരനായ ഉല്ലാസ് പന്തളത്തെ എനിക്ക് തിരിച്ചു വേണം. മലയാളത്തിന് തിരിച്ചു വേണം. ഞങ്ങള്‍ ഒരുപാട് ഷോകള്‍ ഒരുമിച്ച് ചെയ്തിട്ടുണ്ട്. തിരിച്ചു വരും. സിനിമയില്‍ കയറണം. ഈ വിഡിയോ പോലും എനിക്ക് വേണ്ടിയല്ല എടുക്കുന്നത്. മരണത്തെ മുഖാമുഖം കണ്ട് വന്ന എനിക്ക് പബ്ലിസിറ്റി വേണ്ട. ഇദ്ദേഹത്തിനും കുടുംബത്തിന് നന്മയുണ്ടാകണം” എന്നും ബാല പറയുന്നു.

ഓണക്കാലത്ത് കുടുംബത്തിനുള്ളതെന്ന് പറഞ്ഞ് പണം കൈമാറിയ ബാല ആരോഗ്യം ശരിയാകുന്നത് വരെ ഞാന്‍ നോക്കിക്കോളാം എന്നും പറയുന്നുണ്ട്. ആരോഗ്യം എല്ലാം ശരിയായി കഴിഞ്ഞ് മമ്മൂട്ടി, മോഹന്‍ലാല്‍, തുടങ്ങിയവര്‍ക്കൊപ്പം അഭിനയിക്കുമ്പോള്‍ നമ്മളെ മറക്കരുതെന്നും ബാല പറയുന്നുണ്ട്.

മിമിക്രി വേദികളിലൂടെയാണ് ഉല്ലാസ് പന്തളം താരമാകുന്നത്. റിയാലിറ്റി ഷോകളിലൂടെ ചിരിപ്പിച്ച് മലയാളികളുടെ വീട്ടിലെ ഒരംഗമായി മാറുകയായിരുന്നു ഉല്ലാസ്. നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമാണ് താരത്തിന് പക്ഷാഘാതം ഉണ്ടാകുന്നത്. ശരീരത്തിന്റെ ഇടതുഭാഗം ഭാഗികമായി തളര്‍ന്നുപോയി. വേദികള്‍ നഷ്ടമായതോടെ ഹോട്ടല്‍ തുടങ്ങിയിരുന്നു. വീണ്ടും വേദികളിലേക്ക് തിരികെ വരാനുള്ള ശ്രമത്തിലാണ് ഉല്ലാസ്.