ലേണേഴ്‌സ് ടെസ്റ്റില്‍ മാറ്റം; പുതുക്കിയ രീതി ഒക്ടോബര്‍ ഒന്നുമുതല്‍

ലേണേഴ്‌സ് ടെസ്റ്റില്‍ മാറ്റം; പുതുക്കിയ രീതി ഒക്ടോബര്‍ ഒന്നുമുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സിനുളള ലേണേഴ്‌സ് ടെസ്റ്റില്‍ മാറ്റം. ചോദ്യങ്ങളുടെ എണ്ണം ഇരുപതില്‍ നിന്നും മുപ്പതാക്കി. പതിനെട്ട് ഉത്തരങ്ങള്‍ ശരിയാക്കിയാല്‍ മാത്രമേ ഇനി ലേണേഴ്‌സ് ടെസ്റ്റ് വിജയിക്കുകയുള്ളു.

റോഡ് നിയമങ്ങളെ കുറിച്ച് കൂടുതല്‍ അറിവുണ്ടാക്കുക ലക്ഷ്യമിട്ടാണ് കുടുതല്‍ ചോദ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി. നേരത്തെ ഇരുപത് ചോദ്യങ്ങളില്‍ പന്ത്രണ്ട് എണ്ണം ശരിയായാല്‍ ടെസ്റ്റ് വിജയിക്കുമായിരുന്നു. ഒരു ചോദ്യം എഴുതാനുള്ള സമയം പതിനഞ്ച് സെക്കന്‍ഡുമായിരുന്നു. എന്നാല്‍ പുതിയ പരീക്ഷയ്ക്ക് ഒരു ചോദ്യത്തിന് മുപ്പത് സെക്കന്‍ഡാണ് ഉത്തരമെഴുതാന്‍ അനുവദിച്ചിട്ടുള്ള സമയം.

ലേണേഴ്‌സ് ടെസ്റ്റിന്റെ ഭാഗമായി പുതിയ മോട്ടോര്‍ വാഹനവകുപ്പ് പുതിയ മൊബൈല്‍ ആപ്പ് പുറത്തിറക്കും. ഇത് പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ലേണേഴ്‌സ് ടെസ്റ്റിന് മുന്‍പായി മാതൃകാ പരീക്ഷകളും നടത്തും. പരീക്ഷയ്ക്ക് മുന്‍പായി മോക് ടെസ്റ്റുകള്‍ നടത്തും. ഇത് പരീശീലകര്‍ക്കും ബാധകമാണ്. ഒക്ടോബര്‍ ഒന്നുമുതല്‍ ലേണേഴ്‌സ് ടെസ്റ്റ് എഴുതുന്നവര്‍ ഈ രീതിയിലാവും എഴുതേണ്ടത്.

അറിയാം കേരളത്തിലെ ഇന്നത്തെ സ്വർണ നിരക്ക്

അറിയാം കേരളത്തിലെ ഇന്നത്തെ സ്വർണ നിരക്ക്

80,000 കഴഞ്ഞ് സ്വർണം അതിന്റെ റെക്കോർഡ് കുതിപ്പ് തുടർന്ന് കൊണ്ടിരിക്കുകയാണ്. ഈ കല്യാണ സീസണിൽ തന്നെ സ്വർണത്തിന് ഇത്രയും വില ഉയർന്നതിന്റെ നിരാശയിലാണ് ഉപഭോക്താക്കൾ. എന്നാൽ ഇന്നലത്തേത് വച്ച് നോക്കുമ്പോൾ സ്വർണവിലയിൽ ഇന്ന് നേരിയൊരിടിവുണ്ട്.

ഇന്നലെ ഈ മാസത്തിലെ തന്നെ ഏറ്റവും ഉയർന്ന വിലയായ 81,600 രൂപയാണ് പവന് ഉണ്ടായിരുന്നത്. ഇന്ന് അതിൽ നിന്ന് 80 രൂപ കുറഞ്ഞ് 81,520 രൂപയിലേക്കെത്തിയിട്ടുണ്ട്. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 10190 രൂപയാണ് വില.ഈ മാസം ഒന്നാം തീയതി രേഖപ്പെടുത്തിയ 77,640 രൂപയായിരുന്നു സ്വര്‍ണത്തിന്റെ ഏറ്റവും കുറഞ്ഞ നിരക്ക്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സ്വര്‍ണത്തിന്റെ വില തുടര്‍ച്ചയായി വര്‍ധിക്കുകയായിരുന്നു. ഇതിനിടയിലാണ് ഇന്ന് ചെറിയൊരാശ്വാസം ഉണ്ടായിരിക്കുന്നത്.

രാജ്യാന്തര വിപണിയിലെ സ്വര്‍ണ വിലയുടെ വര്‍ധനവാണ് വില വര്‍ധനയ്ക്ക് കാരണമായത്. ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക 50 ശതമാനം തീരുവ ചുമത്തിയതും ഇതിനെ തുടർന്ന് സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ ആളുകള്‍ സ്വര്‍ണത്തിലേക്ക് തിരിഞ്ഞതുമൊക്കെയാണ് സ്വർണവില ഇങ്ങനെ ഉയരാൻ കാരണമായതെന്നാണ് കണക്കാക്കുന്നത്.

വീടിന് മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം; ശബ്ദം കേട്ട് വീട്ടിലുള്ളവര്‍ ഇറങ്ങിയോടി, വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

വീടിന് മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം; ശബ്ദം കേട്ട് വീട്ടിലുള്ളവര്‍ ഇറങ്ങിയോടി, വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

കൊല്ലം: കൊല്ലം ഏരൂരിൽ വീടിന് മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം. കൊല്ലത്ത് നിന്ന് തമിഴ്നാട്ടിലേക്ക് പോവുകയായിരുന്ന ലോറിയാണ് രാത്രി 12 മണിയോടെ വീടിന് മുകളിലേക്ക് മറിഞ്ഞത്. പുളിമൂട്ടിൽ വീട്ടിൽ ഫാത്തിമയുടെ വീട് തകർന്നു.

ശബ്ദം കേട്ട് മകനുമായി ഫാത്തിമ വീടിന് പുറത്തേക്ക് ഓടിയതിനാൽ വൻ അപകടം ഒഴിവായി. ഞൊടിയിടയിലാണ് രക്ഷപ്പെട്ടതെന്ന് ഫാത്തിമ മാധ്യമങ്ങളോട് പ്രതികരിച്ചു. അപകടത്തില്‍ വീട് പൂര്‍ണമായും തകര്‍ന്നു. പ്രദേശത്ത് അപകടം സ്ഥിരമാണെന്നും പ്രശ്ന പരിഹാരം വേണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെടുന്നു.

അമീബിക് മസ്തിഷ്‌ക ജ്വരം: സംസ്ഥാനത്ത് ഈ വര്‍ഷം മരിച്ചത് 17 പേര്‍; 66 പേര്‍ക്ക് രോഗബാധ

അമീബിക് മസ്തിഷ്‌ക ജ്വരം: സംസ്ഥാനത്ത് ഈ വര്‍ഷം മരിച്ചത് 17 പേര്‍; 66 പേര്‍ക്ക് രോഗബാധ

തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചു മരിച്ചവരുടെ കണക്കില്‍ വ്യക്തത വരുത്തി ആരോഗ്യവകുപ്പ്. ഈ വര്‍ഷം ഇതുവരെ 66 പേര്‍ക്ക് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചുവെന്നും 17 പേര്‍ മരിച്ചുവെന്നുമാണ് ആരോഗ്യ വകുപ്പിന്റെ സ്ഥിരീകരണം.

ഈ മാസം 10ലെ കണക്കനുസരിച്ച് ഈ വര്‍ഷം രോഗം റിപ്പോര്‍ട്ട് ചെയ്ത 60 പേരില്‍ 42 പേര്‍ക്ക് രോഗം സംശയിക്കുന്നുവെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇതില്‍ തിരുത്തല്‍ വരുത്തിയിരിക്കുകയാണ്. ഇക്കൊല്ലം 66 പേര്‍ക്കു രോഗം സ്ഥിരീകരിച്ചുവെന്നും 17 പേര്‍ മരിച്ചുവെന്നുമാണ് പുതിയ കണക്കില്‍ പറയുന്നത്.

സെപ്റ്റംബര്‍ 12ന് രണ്ടു പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ മാസം ഇതുവരെ 19 പേര്‍ക്കു രോഗം സ്ഥിരീകരിക്കുകയും ഏഴു പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്.

ഹൃദയപൂര്‍വം ബില്‍ജിത്; ഇനി പതിമൂന്നുകാരിയില്‍ മിടിക്കും; പതിനെട്ടുകാരന്‍ പുതുജീവനേകിയത് ആറുപേര്‍ക്ക്

ഹൃദയപൂര്‍വം ബില്‍ജിത്; ഇനി പതിമൂന്നുകാരിയില്‍ മിടിക്കും; പതിനെട്ടുകാരന്‍ പുതുജീവനേകിയത് ആറുപേര്‍ക്ക്

കൊച്ചി: മസ്തിഷ്‌ക മരണം സംഭവിച്ച പതിനെട്ടു വയസുകാരനായ അങ്കമാലി സ്വദേശി ബില്‍ജിത്തിന്റെ ഹൃദയം ഇനി കൊല്ലം സ്വദേശിയായ പതിമൂന്നുകാരിയില്‍ മിടിക്കും. അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ മസ്തിഷ്‌ക മരണസംഭവിച്ച ബില്‍ജിത്ത് ബിജുവിന്റെ ഹൃദയമാണ് കൊച്ചി ലിസി ആശുപത്രിയിലെത്തിച്ച് കൊല്ലം സ്വദേശിയായ പെണ്‍കുട്ടിയില്‍ മാറ്റിവച്ചത്. പുലര്‍ച്ച ഒന്നരോയോടെയാണ് അങ്കമാലിയില്‍ നിന്ന് ഹൃദയം എറണാകുളത്ത് എത്തിച്ചത്.

പുലര്‍ച്ചെ ഒന്നരയോടെ തുടങ്ങിയ ശസ്ത്രക്രിയ മൂന്നരയോടെയാണ് പൂര്‍ത്തിയായത്. അടുത്ത് 48 മണിക്കൂര്‍ നിര്‍ണായകമാണെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍ ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞു. കൊച്ചി ലിസി ആശുപത്രിയില്‍ രണ്ട് ദിവസത്തിനിടെ നടക്കുന്ന രണ്ടാമാത്തെ ഹൃദയമാറ്റ ശസ്ത്രക്രിയയാണിത്.

വന്ദേഭാരതിലാണ് ഹൃദയമാറ്റ ശസ്ത്രക്രിയക്കായി പതിമൂന്ന് വയസുകാരിയെ എറണാകുളത്തെത്തിച്ചത്. എയര്‍ ആംബുലന്‍സ് ലഭിക്കാത്തതിനാലാണ് വന്ദേഭാരത് ജീവന്‍ രക്ഷാദൗത്യത്തിന് ഉപയോഗിച്ചത്. കൊച്ചിയില്‍ നിന്നും എയര്‍ ആംബുലന്‍സ് കൊല്ലത്ത് എത്തിച്ച് തിരിച്ചുകൊണ്ടുപോകാന്‍ സമയമെടുക്കുന്നതിനാലാണ് ഉടന്‍ തന്നെ വന്ദേഭാരതില്‍ കുട്ടിയെ കൊച്ചിയില്‍ എത്തിച്ചത്.

ഹൃദയചികിത്സാ രംഗത്ത് പുതുയുഗം കുറിച്ച് ആസ്റ്റര്‍ മെഡ്സിറ്റി; ആദ്യ റോബോട്ടിക്-അസിസ്റ്റഡ് കാര്‍ഡിയാക് ബൈപാസ് ശസ്ത്രക്രിയ വിജയം

ഹൃദയചികിത്സാ രംഗത്ത് പുതുയുഗം കുറിച്ച് ആസ്റ്റര്‍ മെഡ്സിറ്റി; ആദ്യ റോബോട്ടിക്-അസിസ്റ്റഡ് കാര്‍ഡിയാക് ബൈപാസ് ശസ്ത്രക്രിയ വിജയം

കൊച്ചി: സംസ്ഥാനത്ത് ആദ്യമായി റോബോട്ടിക്-അസിസ്റ്റഡ് കൊറോണറി ആര്‍ട്ടറി ബൈപാസ് ഗ്രാഫ്റ്റിങ് (സിഎബിജി) ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി ആസ്റ്റര്‍ മെഡ്സിറ്റി. ഗുരുവായൂര്‍ സ്വദേശിനിയായ 42 വയസ്സുകാരി നിഷ പുരുഷോത്തമനാണ് നൂതന ശസ്ത്രക്രിയയിലൂടെ സുഖം പ്രാപിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞ് നാലാം ദിവസം തന്നെ നിഷയ്ക്ക് ആശുപത്രി വിടാനായി. ഹൃദ്രോഗ ചികിത്സയില്‍ കേരളം കൈവരിക്കുന്ന സുപ്രധാന മുന്നേറ്റമാണ് റോബോട്ടിക്-അസിസ്റ്റഡ് കൊറോണറി ആര്‍ട്ടറി ബൈപാസ് ഗ്രാഫ്റ്റിങ്.

ഗുരുതരമായ ട്രിപ്പിള്‍-വെസ്സല്‍ ഡിസീസ് എന്ന രോഗമാണ് നിഷയ്ക്ക് ഉണ്ടായിരുന്നത്. പ്രധാനപ്പെട്ട മൂന്ന് ഹൃദയധമനികളിലും ബ്ലോക്ക് ഉണ്ടാകുന്ന സാഹചര്യത്തില്‍ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ മാത്രമായിരുന്നു പോംവഴി. ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറിയുടെ ബുദ്ധിമുട്ടുകളും, വലിയ മുറിവും, ദീര്‍ഘകാലത്തെ വിശ്രമവും ഉള്‍പ്പെടെയാണ് മിനിമലി ഇന്‍വേസിവ് ശസ്ത്രക്രിയ തെരെഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചത്. റോബോട്ടിക് സഹായത്തോടെയുള്ള മിനിമലി ഇന്‍വേസിവ് ഡയറക്ട് കൊറോണറി ആര്‍ട്ടറി ബൈപാസ് ശസ്ത്രക്രിയയാണ് നിഷയ്ക്ക് ഏറ്റവും മികച്ചതും സുരക്ഷിതവുമാകുമെന്ന് ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ശസ്ത്രക്രിയാ സംഘം വിലയിരുത്തി. റോബോട്ടിക്ക് സാങ്കേതികവിദ്യയുടെ കൃത്യതയോടെ നടപ്പാക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമായി. സങ്കീര്‍ണ്ണമായ ശസ്ത്രക്രിയകളില്‍ മികച്ച കൃത്യതയും നിയന്ത്രണവും വ്യക്തമായ കാഴ്ചയുമാണ് റോബോട്ടിക് സംവിധാനം ഡോക്ടര്‍മാര്‍ക്ക് നല്‍കുന്നത്.

നൂതനമായ ആരോഗ്യ സേവനങ്ങള്‍ ഇന്ത്യയിലെ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ആസ്റ്റര്‍ ഏറ്റെടുത്തിരിക്കുന്ന ദൗത്യമെന്ന്” ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ രമേശ് കുമാര്‍ പറഞ്ഞു. കേരളത്തിലെ ആദ്യത്തെ റോബോട്ടിക് അസിസ്റ്റഡ് കാര്‍ഡിയാക് ബൈപാസ് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത് അഭിമാനകരമായ ഒരു നാഴികക്കല്ലും ഹൃദയ പരിചരണത്തിലെ ഒരു വലിയ മുന്നേറ്റവുമാണ്. ഇത്തരം കണ്ടുപിടിത്തങ്ങള്‍ ശസ്ത്രക്രിയകളുടെ ഭാവിയെ പുനര്‍നിര്‍വചിക്കുമെന്നും സങ്കീര്‍ണ്ണമായ ചികിത്സാക്രമങ്ങള്‍ കൂടുതല്‍ സുരക്ഷിതവും എളുപ്പവുമാക്കുമെന്നും രമേശ് കുമാര്‍ പറഞ്ഞു. ഹൃദയ ശസ്ത്രക്രിയാരംഗത്ത് ഈ നേട്ടം ഒരു വലിയ മുന്നേറ്റമാണെന്ന് ആസ്റ്റര്‍ മെഡ്സിറ്റിയിലെ റോബോട്ടിക് കാര്‍ഡിയാക് സര്‍ജറി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. എം.എം. യൂസഫ് പറഞ്ഞു.

”റോബോട്ടിക് ശസ്ത്രക്രിയയെക്കുറിച്ച് എനിക്ക് ആദ്യം ഭയമുണ്ടായിരുന്നു, ഡോക്ടര്‍മാര്‍ ധൈര്യം പകരുകയും അവസാനം വരെ കൂടെനില്‍ക്കുകയും ചെയ്തു” എന്ന് സര്‍ജറിക്ക് വിധേയയായ നിഷ പുരുഷോത്തമന്‍ പറഞ്ഞു.

ശസ്ത്രക്രിയകള്‍ക്ക് ശേഷം രോഗികള്‍ക്ക് വേഗത്തില്‍ സുഖം പ്രാപിക്കാന്‍ റോബോട്ടിക്-അസിസ്റ്റഡ് രീതി വളരെ അനുയോജ്യമാണ്. എന്നുമാത്രമല്ല, അതിലൂടെ രോഗികള്‍ക്ക് കാര്യമായ ഗുണങ്ങളും ലഭിക്കുന്നുണ്ട്. ചെറിയ മുറിവുകളിലൂടെ കൂടുതല്‍ മികച്ച ഫലം ലഭിക്കുന്നു എന്നതാണ് ഏറ്റവും പ്രധാനം. ശസ്ത്രക്രിയക്ക് ശേഷം ശരീരത്തില്‍ ഉണ്ടാകുന്ന പാടുകള്‍ കുറയ്ക്കാന്‍ കഴിയും. രോഗികള്‍ക്ക് വളരെ വേഗത്തില്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്താനും സാധിക്കും. ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള സങ്കീര്‍ണ്ണതകളും വേദനയും കുറയ്ക്കാനും ഈ സാങ്കേതികവിദ്യ സഹായകരമാണെന്നും അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

റോബോട്ടിക് കാര്‍ഡിയാക് സര്‍ജറി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. എം.എം. യൂസഫിന്റെ നേതൃത്വത്തിലുള്ള കാര്‍ഡിയോവാസ്‌കുലാര്‍ തൊറാസിക് സര്‍ജറി വിഭാഗത്തിലെ സര്‍ജിക്കല്‍ ടീമാണ് അപൂര്‍വമായ ഈ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്. കാര്‍ഡിയോവാസ്‌കുലാര്‍ തൊറാസിക് സര്‍ജറി സീനിയര്‍ കണ്‍സള്‍ട്ടന്റുമാരായ ഡോ. മനോജ് പി. നായര്‍, ഡോ. ജോര്‍ജ് വര്‍ഗ്ഗീസ് കുര്യന്‍, അസോസിയേറ്റ് കണ്‍സള്‍ട്ടന്റുമാരായ ഡോ. സബിന്‍ സാം, ഡോ. ജിഷ്ണു പള്ളിയാനി, അനസ്‌തേഷ്യോളജി, പെയിന്‍ മെഡിസിന്‍ ആന്‍ഡ് ക്രിട്ടിക്കല്‍ കെയര്‍ സര്‍വീസസ് വിഭാഗത്തിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് സുരേഷ് ജി. നായര്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.