പാലക്കാട് യുവതി ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍; ദുരൂഹതയെന്ന് വീട്ടുകാർ

പാലക്കാട് യുവതി ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍; ദുരൂഹതയെന്ന് വീട്ടുകാർ

പാലക്കാട്: പാലക്കാട് പുതുപ്പരിയാരത്ത് യുവതി ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍. മാട്ടുമന്ത ചോളോട് സ്വദേശി മീര (29 ) ആണ് മരിച്ചത്. ഭര്‍ത്താവുമായി പിണങ്ങി ഇന്നലെ യുവതി സ്വന്തം വീട്ടിലേക്ക് വന്നിരുന്നു. യുവതിയുടെ മരണത്തില്‍ ദൂരൂഹതയുണ്ടെന്ന് വീട്ടുകാര്‍ ആരോപിച്ചു.

രാതി 11 മണിയോടെ ഭര്‍ത്താവ് അനൂപ് എത്തി ഭര്‍തൃവീട്ടിലേക്ക് തിരികെ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. അനൂപ് വഴക്കുണ്ടാക്കുകയും മീരയെ മര്‍ദ്ദിക്കുകയും ചെയ്യുമായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു. വഴക്കിനെത്തുടര്‍ന്നാണ് യുവതി സ്വന്തം വീട്ടിലേക്ക് വന്നത്.

പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാമെന്ന് പറഞ്ഞതിനെത്തുടര്‍ന്ന് ഇരിക്കുമ്പോഴാണ് രാത്രി അനൂപ് എത്തി മീരയെ കൂട്ടിക്കൊണ്ടുപോയത്. രാവിലെ ഹേമാംബിക പൊലീസ് വിളിച്ചാണ് യുവതി മരിച്ച കാര്യം അറിയിക്കുന്നതെന്നും ബന്ധുക്കള്‍ പറയുന്നു. ആശുപത്രിയിലെത്തുമ്പോള്‍ ഭര്‍ത്താവ് അനൂപോ അവരുടെ ബന്ധുക്കളോ ആരും ഉണ്ടായിരുന്നില്ല. എന്തു പ്രശ്‌നങ്ങളെയും ധൈര്യത്തോടെ നേരിട്ടിരുന്ന പെണ്‍കുട്ടിയാണെന്നും, മീര ആത്മഹത്യ ചെയ്യില്ലെന്നും ബന്ധുക്കള്‍ പറയുന്നു. യുവതിയുടെ ആദ്യ വിവാഹത്തില്‍ ഒരു കുട്ടിയുണ്ട്. ഭർത്താവ് അനൂപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്ന് പൊലീസ് സൂചിപ്പിച്ചു.

പാലിയേക്കരയില്‍ ടോള്‍ പിരിവിനുള്ള വിലക്ക് തുടരും; ആദ്യം പ്രശ്‌നങ്ങള്‍ പരിഹരിക്കൂവെന്ന് ഹൈക്കോടതി

പാലിയേക്കരയില്‍ ടോള്‍ പിരിവിനുള്ള വിലക്ക് തുടരും; ആദ്യം പ്രശ്‌നങ്ങള്‍ പരിഹരിക്കൂവെന്ന് ഹൈക്കോടതി

കൊച്ചി: പാലിയേക്കരയിലെ ടോള്‍ പിരിവിനുള്ള സ്റ്റേ തുടരും. നിര്‍ദേശങ്ങള്‍ നടപ്പിലാക്കിയോയെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ തൃശൂര്‍ ജില്ലാ കലക്ടര്‍ക്ക് കോടതി നിര്‍ദേശം നല്‍കി. ടോള്‍ പിരിവ് അനുവദിക്കണമെന്നും, ടോള്‍ പിരിവ് തടഞ്ഞുകൊണ്ടുള്ള നടപടി നീട്ടിക്കൊണ്ടുപോകാനാകില്ലെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. സംസ്ഥാന റോഡുകളും പ്രാദേശിക റോഡുകളും അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി തീരുന്നതു വരെ കാത്തിരിക്കാനാവില്ലെന്നും, ടോള്‍ പിരിക്കാന്‍ അനുവദിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു.

എന്നാല്‍ എന്തെല്ലാം ചെയ്യണമെന്നതു സംബന്ധിച്ച് ദേശീയപാത അതോറിറ്റിക്ക് ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ആ റിപ്പോര്‍ട്ടില്‍ നടപടിയെടുക്കൂ. അതിനുശേഷം ടോള്‍ പിരിക്കുന്നതില്‍ തീരുമാനമെടുക്കാമെന്ന് കോടതി വ്യക്തമാക്കി. തൃശൂര്‍ ജില്ലാ കലക്ടര്‍ ഓണ്‍ലൈനായി കോടതിയില്‍ ഹാജരായിരുന്നു. പാലിയേക്കര വിഷയത്തില്‍ ദേശീയപാത അതോറിറ്റിക്ക് നടപ്പാക്കേണ്ട കാര്യങ്ങളുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും, അതില്‍ എന്‍എച്ച്എയുടെ ഭാഗത്തു നിന്നും വ്യക്തത ലഭിച്ചിട്ടില്ലെന്നും കലക്ടര്‍ കോടതിയെ അറിയിച്ചു.

ഇടക്കാല ഗതാഗത കമ്മിറ്റിയുടെ റിപ്പോര്‍ട്ടും കോടതി പരിശോധിച്ചു. പ്രദേശത്തെ പ്രശ്‌നങ്ങള്‍ പൂര്‍ണമായും പരിഹരിച്ചിട്ടില്ലെന്നും, ഗതാഗതക്കുരുക്ക് തുടരുകയാണെന്നാണ് വ്യക്തമാകുന്നതെന്നും കോടതി നിരീക്ഷിച്ചു. റോഡിലെ അറ്റകുറ്റപ്പണി പൂര്‍ത്തായശേഷം മതി ടോള്‍ പിരിവെന്നും കോടതി അഭിപ്രായപ്പെട്ടു. ടോള്‍ പിരിവിന് എന്താണ് ഇത്ര തിടുക്കമെന്നും, ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിച്ചശേഷം ടോള്‍ പിരിവ് പുനരാരംഭിക്കുന്നത് പരിഗണിക്കാമെന്നും കോടതി സൂചിപ്പിച്ചു. തുടര്‍ന്ന് കേസ് അടുത്ത തിങ്കളാഴ്ചത്തേക്ക് മാറ്റുകയാണെന്നും, അതുവരെ സ്‌റ്റേ തുടരുമെന്നും ഹൈക്കോടതി അറിയിച്ചു.

ഓപ്പറേഷന്‍ ഷൈലോക്ക്; വട്ടിപ്പലിശക്കാര്‍ക്കെതിരെ റെയ്ഡ്, 39 ലക്ഷം രൂപ പിടികൂടി

ഓപ്പറേഷന്‍ ഷൈലോക്ക്; വട്ടിപ്പലിശക്കാര്‍ക്കെതിരെ റെയ്ഡ്, 39 ലക്ഷം രൂപ പിടികൂടി

കോട്ടയം: വട്ടിപ്പലിശക്കാര്‍ക്കെതിരെ നടത്തിയ ഓപ്പറേഷന്‍ ഷൈലോക്കിന്റ ഭാഗമായി 39 ലക്ഷം രൂപ പൊലീസ് പിടിച്ചെടുത്തു. അനധികൃത പണമിടപാടുകാരെ ലക്ഷ്യമിട്ട് എറണാകുളം റെയിഞ്ച് ഡിഐജി സതീഷ് ബിനോയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഓപ്പറേഷന്‍ ഷൈലോക്ക് നടപ്പിലാക്കിയത്.

എറണാകുളം റൂറല്‍, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലായി നടത്തിയ പരിശോധനയില്‍ 22 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കോട്ടയം 9, ഇടുക്കി 5, എറണാകുളം റൂറല്‍ 4, ആലപ്പുഴ 4 എന്നിങ്ങനെയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.

ഗവണ്‍മെന്റ് അംഗീകൃത ലൈസന്‍സോ അധികാര പത്രമോ ഇല്ലാതെ പണം അമിത പലിശയ്ക്ക് കൊടുക്കുന്നവരെ ലക്ഷ്യമിട്ടാണ് പൊലീസിന്റെ നീക്കം. അനധികൃത പലിശ ഇടപാടുകളിലൂടെ സമ്പാദിച്ച 39 ലക്ഷത്തോളം രൂപ പിടികൂടി. 7 കാറുകള്‍, 13 ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പടെ 26 വാഹനങ്ങള്‍, 62 മുദ്രപ്പത്രങ്ങള്‍, 8 പ്രോമിസറിനോട്ടുകള്‍, 86 ആര്‍ സി ബുക്കുകള്‍, റവന്യു സ്റ്റാമ്പ് പതിപ്പിച്ച എഗ്രിമെന്റുകള്‍, പാസ്പോര്‍ട്ടുകള്‍, 17 ആധാരങ്ങള്‍ കൂടാതെ മറ്റ് രേഖകളുമുള്‍പ്പെടെ അനധികൃതമായി കൈവശം വച്ചിരുന്ന രേഖകളും ആസ്തികളും പിടിച്ചെടുത്തു.

കോട്ടയം ഗാന്ധിനഗര്‍ സ്റ്റേഷന്‍ പരിധിയില്‍ ആര്‍പ്പൂക്കര വില്ലേജില്‍ ആര്‍പ്പൂക്കര ഈസ്റ്റ് അങ്ങാടിപ്പള്ളി ഭാഗത്ത് ഓടങ്കല്‍ വീട്ടില്‍ കമാല്‍ എ. എന്നയാളുടെ വീട്ടില്‍ നിന്നു മാത്രമായി അനധികൃത ഇടപാടുകള്‍ക്കായി സൂക്ഷിച്ച ഇരുപത് ലക്ഷത്തി ഏഴായിരത്തി നാനൂറ് രൂപ പൊലീസ് സംഘം കണ്ടെടുത്തു. ഇതിന് പുറമെ ഇയാളുടെ കൈവശമുണ്ടായിരുന്ന നിരവധി രേഖകളും ഒരു ഇന്നോവ കാറും 4 ടൂവീലറുകളും ഗാന്ധിനഗര്‍ പൊലീസ് പിടിച്ചെടുത്തു.

കാഞ്ഞിരപ്പള്ളിയില്‍ എടക്കുന്ന വേങ്ങന്താനം പാലപ്രഭാഗത്ത് കണ്ണാമുണ്ടയില്‍ വീട്ടില്‍ സജിമോന്‍ തോമസ് എന്നയാളുടെ വീട്ടില്‍ നിന്നും അനധികൃത ഇടപാടുകള്‍ക്കായി സൂക്ഷിച്ച 93500 രൂപയും നിരവധി രേഖകളും പിടിച്ചെടുത്തു. പരിശോധനയില്‍ അറസ്റ്റിലായവരെ കോടതിയില്‍ ഹാജരാക്കി.

സിയാച്ചിനിൽ വൻ ഹിമപാതം; 3 സൈനികർക്കു വീരമൃത്യു

സിയാച്ചിനിൽ വൻ ഹിമപാതം; 3 സൈനികർക്കു വീരമൃത്യു

ശ്രീന​ഗർ: സിയാച്ചിൻ ബേസ് ക്യാംപിലുണ്ടായ വൻ ഹിമപാതത്തിൽ മൂന്ന് സൈനികർക്കു വീരമൃത്യു. ശിപായി മോഹിത് കുമാർ, അ​ഗ്നിവീർ നീരജ് കുമാർ ചൗധരി, അ​ഗ്നിവീർ ധാഭി രാകേഷ് ദേവഭായ് എന്നിവർക്കാണ് വീരമൃത്യു. അപകട സ്ഥലത്തു രക്ഷാപ്രവർത്തനം തുടരുന്നതായി സൈന്യം വ്യക്തമാക്കി.

മരിച്ച മൂന്ന് പേരും അഞ്ച് മണിക്കൂറോളം ഹിമപാതത്തിൽ കുടുങ്ങി. അപകടത്തിൽപ്പെട്ട ഒരു സൈനികനെ രക്ഷപ്പെടുത്തി.

നിയന്ത്രണ രേഖയുടെ വടക്കേ അറ്റത്ത് ഏകദേശം 20,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സിയാച്ചിൻ ​ഗ്ലേസിയറിൽ ഹിമപാതങ്ങൾ സാധാരണമാണ്. ഇവിടെ താപനില മൈനസ് 60 ഡി​ഗ്രി സെൽഷ്യസ് വരെ താഴാറുണ്ട്. 2021ൽ രണ്ട് സൈനികർക്ക് ഹിമപാതത്തിൽ ജീവൻ നഷ്ടമായിരുന്നു. 2019ലും മറ്റൊരു വലിയ ഹിമപാതത്തിൽ 4 സൈനികർക്കും ജീവൻ നഷ്ടമായി.

കെ പി എസ് ടി എ സ്വദേശ് മെഗാ ക്വിസ് – 2025 ഉപജില്ലാ തല മത്സരം 13ന്

കെ പി എസ് ടി എ സ്വദേശ് മെഗാ ക്വിസ് – 2025 ഉപജില്ലാ തല മത്സരം 13ന്

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ വിദ്യാർഥികളിൽ ദേശസ്നേഹം വളർത്താനും, സാമൂഹ്യ പരിഷ്കർത്താക്കളെ കുറിച്ച് അവബോധം സൃഷ്ടിക്കാനും, സ്വാതന്ത്ര്യ സമര ചരിത്രം മനസ്സിലാക്കുന്നതിനും വേണ്ടി കെ പി എസ് ടി എ അക്കാഡമിക് കൗൺസിൽ വർഷംതോറും നടത്തുന്ന സ്വദേശ് മെഗാ ക്വിസ് 2025 ന്റെ ഉപജില്ലാതല മത്സരം 13. 9. 2025 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് നടക്കും. എൽ പി, യു പി,എച്ച് എസ്, എച്ച്എസ്എസ് വിഭാഗങ്ങളിലായിട്ടാണ് മത്സരങ്ങൾ നടക്കുന്നത്. കിളിമാനൂർ ഉപജില്ലയിലെ മത്സരങ്ങൾക്ക് വേണ്ട ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ടെന്ന് ഉപജില്ലാ ഭാരവാഹികൾ അറിയിച്ചു. കിളിമാനൂർ ഉപജില്ലാതല മത്സരം സെപ്റ്റംബർ 13 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് ആർ ആർ വി ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടക്കുന്നതാണ്. എൽപി വിഭാഗത്തിൽ നിന്നും ഒരു കുട്ടിക്കും, യുപി, എച്ച്എസ്, എച് എസ്‌ എസ് വിഭാഗത്തിൽ നിന്നും രണ്ടു കുട്ടികൾക്കും ഉപജില്ലാ തല മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. രജിസ്ട്രേഷൻ നടപടികൾ ഉച്ചക്ക് 1.30 ന് ആരംഭിക്കുന്നതാണ്.
വിശദവിവരങ്ങൾക്ക് താഴെപ്പറയുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.
8129252570
9744341048

ഉത്രട്ടാതി വള്ളംകളി; മേലുകരയും കൊറ്റത്തൂരും ജല രാജാക്കൻമാർ

ഉത്രട്ടാതി വള്ളംകളി; മേലുകരയും കൊറ്റത്തൂരും ജല രാജാക്കൻമാർ

പത്തനംതിട്ട: ആറന്മുള ഉത്രട്ടാതി വള്ളംകളിയിൽ ജല രാജാക്കൻമാരായി മേലുകരയും കൊറ്റത്തൂരും. ഫൈനലിൽ എ ബാട്ടിൽ മേലുകര പള്ളിയോടവും ബി ബാച്ചിൽ കൊറ്റത്തൂർ- കൈതക്കോടി പള്ളിയോടവും വിജയികളായി.

അതിനിടെ കോയിപ്രം പള്ളിയോടം ലൂസേഴ്സ് ഫൈനലിൽ പങ്കെടുക്കാതെ മടങ്ങി. പ്രതിഷേധിച്ചാണ് മടക്കം. സമയ നിർണയത്തിൽ അപാകതയുണ്ടെന്നു പരാതി ഉന്നയിച്ചാണ് മടക്കം.