ലഹരി മരുന്ന് വില്‍പ്പന, ബുള്ളറ്റ് ലേഡി ബംഗളൂരുവില്‍ അറസ്റ്റില്‍, ലഹരി കേസില്‍ സംസ്ഥാനത്ത് ആദ്യമായി യുവതിക്ക് കരുതല്‍ തടങ്കല്‍

ലഹരി മരുന്ന് വില്‍പ്പന, ബുള്ളറ്റ് ലേഡി ബംഗളൂരുവില്‍ അറസ്റ്റില്‍, ലഹരി കേസില്‍ സംസ്ഥാനത്ത് ആദ്യമായി യുവതിക്ക് കരുതല്‍ തടങ്കല്‍

കണ്ണൂര്‍: ലഹരി മരുന്ന് വില്‍പ്പന നടത്തിയതിന് ബുള്ളറ്റ് ലേഡി എന്ന് അറിയപ്പെടുന്ന പയ്യന്നൂര്‍ സ്വദേശി നിഖിലയെ അറസ്റ്റില്‍. ബംഗളൂരുവില്‍ നിന്ന് തളിപ്പറമ്പ് എക്‌സൈസ് സംഘമാണ് നിഖിലയെ പിടികൂടിയത്. ലഹരി കേസുകളില്‍ തുടര്‍ച്ചയായി ഉള്‍പ്പെട്ട സാഹചര്യത്തിലാണ് നടപടി. ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായിട്ടാണ് അറസ്റ്റ്.

നിഖിലയെ തിരുവനന്തപുരത്ത് എത്തിച്ച് അട്ടക്കുളങ്ങര വനിതാ ജയിലില്‍ കരുതല്‍ തടങ്കലിലാക്കുമെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു. ലഹരി മരുന്ന് വില്‍പ്പന നടത്തിയതിനു സംസ്ഥാനത്ത് ആദ്യമായാണ് യുവതിയെ കരുതല്‍ തടങ്കലിലാക്കുന്നത്.

പിറ്റ് എന്‍ഡിപിഎസ് നിയമ പ്രകാരം സ്ഥിരമായി ലഹരി മരുന്ന് കടത്തുന്നവരെ ആറു മാസം തടങ്കലില്‍ വയ്ക്കാം. ഈ വര്‍ഷം ഫെബ്രുവരിയില്‍ നാല് ഗ്രാം മെത്താഫിറ്റമിനുമായി നിഖിലയെ വീട്ടില്‍ നിന്ന് പിടികൂടിയിരുന്നു. 2023ല്‍ രണ്ടു കിലോ കഞ്ചാവുമായും നിഖിലയെ അറസ്റ്റ് ചെയ്തിരുന്നു. ബുള്ളറ്റില്‍ പല സംസ്ഥാനങ്ങളിലൂടെയും സഞ്ചരിക്കുന്നതുകൊണ്ട് നിഖില,’ബുള്ളറ്റ് ലേഡി’ എന്നാണ് അറിയപ്പെട്ടിരുന്നത്.

ബുള്ളറ്റ് യാത്രയിലൂടെ ലഭിച്ച സൗഹൃദങ്ങള്‍ വഴിയാണ് ലഹരിമരുന്നു വില്‍പനയിലേക്ക് തിരിഞ്ഞതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കേരള പൊലീസിന്റെയും ബംഗളൂരു പൊലീസിന്റെയും സഹായത്തോടെ തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്. സതീഷും സംഘവുമാണ് ഒളിവില്‍ കഴിയുകയായിരുന്ന നിഖിലയെ അറസ്റ്റ് ചെയ്തത്.

സ്വര്‍ണവില; പവന് 81,000 കടന്നു

സ്വര്‍ണവില; പവന് 81,000 കടന്നു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിപ്പ് തുടരുകയാണ്. പവന് 160 രൂപയാണ് വര്‍ധിച്ചത്. ഒരു പവന് 81,040 രൂപയാണ് ഇന്നത്തെ വിപണി വില.

ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 10,130 രൂപയാണ്. രാജ്യാന്തര വിപണിയിലെ സ്വര്‍ണ വിലയുടെ വര്‍ധനവാണ് സ്വര്‍ണ വില വര്‍ധനയ്ക്ക് കാരണമായത്. സെപ്റ്റംബര്‍ ഒന്നിന് സ്വര്‍ണവില പവന് 77,640 രൂപയായിരുന്നു.

ഇന്നലെ രാവിലെ സ്വര്‍ണവില നേരിയ തോതില്‍ കുറഞ്ഞിരുന്നു. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. എന്നാല്‍ ഉച്ചകഴിഞ്ഞതോടെ 50 രൂപ വര്‍ധിച്ച്, ഗ്രാമിന് 10,000 രൂപ കടന്നു. പവന് 80,880 രൂപയായിരുന്നു ഇന്നലത്തെ വില.

സ്‌കൂട്ടറില്‍ സ്‌കൂള്‍ ബസ് ഇടിച്ചു; പ്രതിശ്രുത വധു മരിച്ചു, അപകടം ബാങ്കില്‍ ജോലി ലഭിച്ച ഉടന്‍

സ്‌കൂട്ടറില്‍ സ്‌കൂള്‍ ബസ് ഇടിച്ചു; പ്രതിശ്രുത വധു മരിച്ചു, അപകടം ബാങ്കില്‍ ജോലി ലഭിച്ച ഉടന്‍

കൊല്ലം: ശാസ്താംകോട്ടയില്‍ സ്‌കൂട്ടറില്‍ സ്‌കൂള്‍ ബസ് ഇടിച്ച് പ്രതിശ്രുത വധുവിന് ദാരുണാന്ത്യം. ശാസ്താംകോട്ട സര്‍വീസ് സഹകരണ ബാങ്കിലെ ജീവനക്കാരിയായ തൊടിയൂര്‍ സ്വദേശി എ അഞ്ജന (25) ആണ് മരിച്ചത്. ഒക്ടോബര്‍ 19നായിരുന്നു വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നത്. തൊടിയൂര്‍ ശാരദാലയം വീട്ടില്‍ ബി മോഹനന്റെയും ടി അജിതയുടെയും മകളാണ് അഞ്ജന.

ഇന്ന് രാവിലെ 9.45ന് ശാസ്താംകോട്ട ഭരണിക്കാവ് പുന്നമുട് ജങ്ഷനിലാണ് അപകടം. സ്‌കൂട്ടറില്‍ ബാങ്കിലേക്ക് പോവുകയായിരുന്ന അഞ്ജനയെ ഇടിച്ച സ്‌കൂള്‍ ബസ് ദേഹത്ത് കയറി ഇറങ്ങുകയായിരുന്നു. അപകടം നടന്ന ഉടന്‍ തന്നെ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. റോഡില്‍ ഉരഞ്ഞ് നീങ്ങിയ സ്‌കൂട്ടര്‍ ഭാഗികമായി കത്തിനശിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ബാങ്കില്‍ ക്ലര്‍ക്ക് ആയി നിയമനം ലഭിച്ചത്.

പാലിയേക്കരയിലെ ടോള്‍ പിരിവ് വിലക്ക് തുടരും; കേസ് വീണ്ടും നാളെ ഹൈക്കോടതിയില്‍

പാലിയേക്കരയിലെ ടോള്‍ പിരിവ് വിലക്ക് തുടരും; കേസ് വീണ്ടും നാളെ ഹൈക്കോടതിയില്‍

കൊച്ചി: ദേശീയപാതയില്‍ പാലിയേക്കരയില്‍ ടോള്‍ പിരിവ് താല്‍ക്കാലികമായി നിര്‍ത്തിവെച്ച നടപടി ഹൈക്കോടതി നീട്ടി. സര്‍വീസ് റോഡിന്റെ അറ്റകുറ്റപ്പണി പൂര്‍ത്തിയായി വരുന്നതിനാല്‍ ടോള്‍ പിരിവ് പുനഃസ്ഥാപിക്കാന്‍ അനുവദിക്കണമെന്ന് കാട്ടി നാഷണല്‍ ഹൈവേ അതോറിറ്റി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. ഹര്‍ജി ഹൈക്കോടതി നാളെയും പരിഗണിക്കും.

ഇടപ്പള്ളി- മണ്ണുത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്ക് പരിഗണിച്ചായിരുന്നു കഴിഞ്ഞമാസം നാലാഴ്ചത്തേയ്ക്ക് ടോള്‍ പിരിവ് ഹൈക്കോടതി തടഞ്ഞത്. ഈ സമയപരിധി അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് നാഷണല്‍ ഹൈവേ അതോറിറ്റി നല്‍കിയ റിപ്പോര്‍ട്ട് ഹൈക്കോടതി പരിഗണിച്ചത്. മണ്ണുത്തി- ഇടപ്പള്ളി ദേശീയപാതയില്‍ പ്രധാനമായി നാലു ബ്ലാക്ക് സ്‌പോട്ടുകളാണ് ഉള്ളത്. ഇവിടെ ഇപ്പോഴും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ഈ പശ്ചാത്തലത്തിലാണ് ജനങ്ങള്‍ക്ക് ആശ്വാസമായി ടോള്‍ പിരിവ് വിലക്ക് ഹൈക്കോടതി നീട്ടിയത്.

വാദത്തിനിടെ ഗതാഗതക്കുരുക്ക് വിഷയത്തില്‍ എന്തുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നില്ല എന്ന് കോടതി ചോദിച്ചു. മുന്‍പ് ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചിരുന്നു. ഇത് കണക്കിലെടുത്താണ് അന്ന് ടോള്‍ പിരിവ് കോടതി തടഞ്ഞത്. ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റെ മറുപടിയും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ സ്ഥിതിഗതി വിലയിരുത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കലക്ടറോടും ഹൈക്കോടതി ആവശ്യപ്പെട്ടു. നാളെ ഹര്‍ജി പരിഗണിക്കുമ്പോള്‍ ഓണ്‍ലൈനായി ഹാജരാകാന്‍ കലക്ടറോട് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. വാദത്തിനിടെ ഗതാഗതക്കുരുക്കുമായി ബന്ധപ്പെട്ട് പൊലീസിന്റെ റിപ്പോര്‍ട്ടും കോടതി പരിശോധിച്ചു. അണ്ടര്‍പാസ് നിര്‍മ്മാണം നടക്കുന്ന സ്ഥലത്ത് അപകടം പതിവാണ് എന്നാണ് പൊലീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. പൊലീസിന്റെ റിപ്പോര്‍ട്ട് അവഗണിക്കാന്‍ കഴിയില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

മകളെ യാത്രയാക്കാനെത്തിയ അമ്മ ട്രെയിനിന് അടിയില്‍പെട്ട് മരിച്ചു

മകളെ യാത്രയാക്കാനെത്തിയ അമ്മ ട്രെയിനിന് അടിയില്‍പെട്ട് മരിച്ചു

കൊല്ലം: കൊട്ടാരക്കരയില്‍ ട്രെയിനിന് അടിയില്‍പെട്ട് യുവതിയ്ക്ക് ദാരുണാന്ത്യം. കടയ്ക്കല്‍ പുല്ലുപണ ചരുവിളപുത്തെന്‍ വീട്ടില്‍ മിനി (42) ആണ് മരിച്ചത്

തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെ കൊട്ടാരക്കര റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം. നഴ്‌സിങ് പഠനത്തിനായി മകളെ യാത്രയാക്കാനെത്തിയതായിരുന്നു മിനി. സേലത്ത് രണ്ടാം വര്‍ഷ നഴ്‌സിങ് വിദ്യാര്‍ഥിനിയാണ് മകള്‍ നിമിഷ. കോളജിലേക്ക് പോകുന്ന മകളെ വേളാങ്കണ്ണി ട്രെയിനില്‍ യാത്ര അയയ്ക്കാന്‍ ഭര്‍ത്താവ് ഷിബുവുമൊത്താണ് മിനി റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. മകളുടെ ബാഗുകളും മറ്റും ട്രെയിനിലെ സീറ്റിന് സമീപം വയ്ക്കാനായി മിനി ട്രെയിനിനുള്ളിലേക്ക് കയറിയിരുന്നു.

എന്നാല്‍ ബാഗ് വച്ച് മിനി പുറത്തിറങ്ങുന്നതിനു മുന്‍പേ ട്രെയിന്‍ മുന്നോട്ടു നീങ്ങി. ട്രെയിനില്‍ നിന്ന് പുറത്തിറങ്ങാനായി ഇവര്‍ വാതില്‍പടിയില്‍ നിന്ന് പ്ലാറ്റ്‌ഫോമിലേക്ക് ചാടിയെങ്കിലും ട്രെയിനിന് അടിയില്‍ പെടുകയായിരുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റ മിനിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അമീബിക് മസ്തിഷ്‌കജ്വരത്തില്‍ ആശ്വാസം; രണ്ടു കുട്ടികള്‍ രോഗമുക്തരായി, ആശുപത്രി വിട്ടു

അമീബിക് മസ്തിഷ്‌കജ്വരത്തില്‍ ആശ്വാസം; രണ്ടു കുട്ടികള്‍ രോഗമുക്തരായി, ആശുപത്രി വിട്ടു

കോഴിക്കോട്: സംസ്ഥാനത്ത് ആശങ്ക വിതച്ച അമീബിക് മസ്തിഷ്‌കജ്വരത്തില്‍ ആശ്വാസം. രോഗം ബാധിച്ച രണ്ടു കുട്ടികള്‍ രോഗമുക്തരായി ആശുപത്രി വിട്ടു. സഹോദരങ്ങളായ ആരവ് (7), അഭിജയ് (12) എന്നിവരാണ് മെഡിക്കല്‍ കോളജ് ആശുപത്രി വിട്ടത്. ഇവരുടെ സഹോദരി രോഗബാധയെ തുടര്‍ന്ന് മരിച്ചിരുന്നു.

രോഗലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് ആരവിനെയും നിരീക്ഷണത്തിനായി അഭിജയിനെയും മെഡിക്കല്‍ കോളജ് മാതൃശിശു സംരക്ഷണകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്നു. ശിശുരോഗ വിഭാഗം മേധാവി മോഹന്‍ദാസ് നായര്‍, ഡോ. എ എം ഷമീം, ഡോ ഫിജി, ജൂനിയര്‍ റസിഡന്റുമാരായ എച്ച് സിദ്ദലീങ്ങേഷ്, ഡോ അഞ്ജലി വര്‍ഗീസ് എന്നിവരടങ്ങിയ മെഡിക്കല്‍ സംഘമാണ് ചികിത്സയ്ക്ക് നേതൃത്വം നല്‍കിയത്.

രോഗം ബാധിച്ച 11 വയസ്സുള്ള പെണ്‍കുട്ടിയും 10 വയസ്സുള്ള ആണ്‍കുട്ടിയും മാതൃശിശുസംരക്ഷണ കേന്ദ്രത്തില്‍ ചികിത്സയിലുണ്ട്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പ്രിന്‍സിപ്പല്‍ കെ ജി സജീത് കുമാര്‍ പറഞ്ഞു. മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശപ്രകാരം വിദേശത്തുനിന്നുമെത്തിച്ച വിലകൂടിയ മരുന്നുള്‍പ്പെടെ അഞ്ചുതരം മരുന്നുകളാണ് നല്‍കിവരുന്നതെന്നും അദ്ദേഹം പറഞ്ഞു.