by Midhun HP News | Sep 4, 2025 | Latest News, കേരളം
കോഴിക്കോട്: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം. മലപ്പുറം സ്വദേശിയായ പത്തുവയസുകാരനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി രോഗ ലക്ഷണങ്ങളോടെ പത്തുവയസുകാരന്‍ ചികിത്സയിലായിരുന്നു. തുടര്‍ന്ന് ഇന്നലെ സ്രവ പരിശോധന നടത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. എവിടെ നിന്ന് രോഗബാധുണ്ടായതെന്നും ഉറവിടം എവിടെ നിന്നുമാണെന്നും വ്യക്തമല്ല. ഇതുബന്ധപ്പെട്ട പരിശോധന തുടരുകയാണ്.
നിലവില്‍ 11 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. കോരങ്ങാട് മരിച്ച ഒമ്പതുവയസുകാരിയുടെ സഹോദരന്‍ ഉള്‍പ്പെടെ ചികിത്സയിലാണ്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ രോഗം ബാധിച്ച് രണ്ട് പേര്‍ മരിച്ചത് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ നിലവില്‍ രോഗം ബാധിച്ചവരുടെ നില ഗുരുതരമല്ലെന്നാണ് മെഡിക്കല്‍ കോളജ് അധികൃതര്‍ നല്‍കുന്ന വിവരം.
എന്താണ് അമീബിക് മസ്തിഷ്‌ക ജ്വരം
കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലും വളരെ അപൂര്‍വമായി ഉണ്ടാകുന്ന രോഗബാധയാണ് അമീബിക് മസ്തിഷ്‌ക ജ്വരം. നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ വെര്‍മമീബ എന്നീ അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണുക്കള്‍ തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. മൂക്കിനേയും മസ്തിഷ്‌കത്തേയും വേര്‍തിരിക്കുന്ന നേര്‍ത്ത പാളിയിലുള്ള സുഷിരങ്ങള്‍ വഴിയോ കര്‍ണ പടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എന്‍സെഫലൈറ്റിസ് ഉണ്ടാക്കുകയും ചെയ്യുന്നു. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്.

രോഗം മനുഷ്യരില്‍നിന്നു മനുഷ്യരിലേക്ക് പകരില്ല. വെള്ളത്തിലിറങ്ങുമ്പോള്‍ അടിത്തട്ടിലെ ചെളിയിലുള്ള അമീബ വെള്ളത്തില്‍ കലങ്ങുകയും മൂക്കിലൂടെ ശരീരത്തില്‍ പ്രവേശിക്കുകയും ചെയ്യുന്നു. അണുബാധ ഉണ്ടായാല്‍ ഒന്ന് മുതല്‍ ഒന്‍പത് ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

by Midhun HP News | Sep 4, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ മുന്നറിയിപ്പ്. വടക്കന്‍ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ നാല് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ മുന്നറിയിപ്പ്. വടക്കന്‍ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ നാല് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്.

കേരള തീരത്തും കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളിലും ഇന്നും മത്സ്യബന്ധനത്തിനു പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൂടാതെ കേരള തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.02 മുതല്‍ 04 വരെ കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.


by Midhun HP News | Sep 4, 2025 | Latest News, കേരളം
കൊല്ലം ഓച്ചിറയിൽ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസും ഥാർ ജീപ്പും കൂട്ടിയിടിച്ച് അപകടം. 3 പേർ മരിച്ചു. നിരവധിപേർക്ക് പരുക്കേറ്റു. ഇന്ന് പുലർച്ചെ 6.30ഓടെയാണ് അപകടം നടന്നത്. ഇരു വാഹനങ്ങളും അമിത വേഗതയിലായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ നൽകുന്ന വിവരം.
ജീപ്പിൽ ഉണ്ടായിരുന്ന 3 പേരാണ് മരിച്ചത്. തേവലക്കര പൈപ്പ് മുക്ക് സ്വദേശികളാണ് ജീപ്പിൽ ഉണ്ടായിരുന്നത്.ജീപ്പിൽ ഉണ്ടായിരുന്ന സ്ത്രീയെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഥാർ ജീപ്പിൽ കുടുങ്ങിക്കിടക്കുന്ന ഡ്രൈവറെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്.

ഇയാൾ മരിച്ചനിലയിലാണുള്ളത്. ബസിലുള്ളവർക്ക് തലയ്ക്കടക്കം ഗുരുതരമായി പരുക്കേറ്റവരുണ്ട്. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് എത്തിക്കാനുള്ള ശ്രമം തുടരുകയാണ്. ജീപ്പിനുള്ളിൽ ഉണ്ടായിരുന്നവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.


by Midhun HP News | Sep 4, 2025 | Latest News, കേരളം
കൊച്ചി: തിരുവോണത്തെ വരവേല്‍ക്കാനുള്ള അവസാനവട്ട ഒരുക്കങ്ങള്‍ക്കായി നാടും നഗരവും ഉത്രാടപ്പാച്ചിലിനൊരുങ്ങി. സദ്യവട്ടങ്ങള്‍ക്കുള്ള പച്ചക്കറിയും പലവ്യഞ്ജനങ്ങളും പുതുമണം മാറാത്ത ഓണക്കോടിയുമൊക്കെ നിറച്ച് നാടെങ്ങും വിപണി സമൃദ്ധം.
തിരുവോണാഘോഷത്തിനും സദ്യവട്ടത്തിനുമുള്ള തിരക്കിട്ട ഒരുക്കമാണ് ഒന്നാം ഓണമായ ഉത്രാടത്തെ ആവേശത്തിലാക്കുക. ഉത്രാടം നാളിലാണ് ഒന്നാം ഓണം ആഘോഷിക്കുന്നത്. കുട്ടികളുടെ ഓണവും ഈ ദിവസമാണ്. അതിനാല്‍ ചെറിയ ഓണം എന്നും ഈ ദിവസത്തെ പറയാറുണ്ട്. ഓണാഘോഷത്തിന്റെ ഒമ്പതാം ദിനമാണ് ഉത്രാടം. അതേസമയം കേരളത്തില്‍ ചിലയിടങ്ങളില്‍ ഉത്രാട ദിനം തിരുവോണ ദിനം പോലെ ആഘോഷിക്കുന്നവരുമുണ്ട്.
ഉത്രാടം ദിവസം മഹാബലി തന്റെ പ്രജകളെ സന്ദര്‍ശിക്കാനെത്തുന്ന ദിവസമായി കരുതപ്പെടുന്നു. അതിനാല്‍ തന്നെ ഇത് ഓണാഘോഷത്തിന്റെ തുടക്കം എന്നാണ് മലയാളികള്‍ കരുതുന്നത്. മാത്രമല്ല ഇന്നേ ദിവസമാണ് വിദൂരസ്ഥലങ്ങളില്‍ ഉള്ളവരെല്ലാം വീട്ടിലെത്തി തിരുവോണത്തിനായി ഒത്തുകൂടുക. ചുരുക്കത്തില്‍ പറഞ്ഞാല്‍ ഉത്രാടം ഓണാഘോഷങ്ങളുടെ മംഗളമായ ആരംഭദിനം ആണ് എന്ന് പറയാം.

ഉത്രാട നാളിലെ ആഘോഷവുമായി ബന്ധപ്പെട്ട് ചില ചരിത്രവും ഉണ്ട്. ജന്മി വ്യവസ്ഥ നിലനിന്നിരുന്ന കാലത്ത് കര്‍ഷകര്‍ അവരുടെ വിളകള്‍ കാഴ്ച്ച വസ്തുക്കളായി ജന്മിമാര്‍ക്ക് നല്‍കി വരുന്ന പതിവുണ്ടായിരുന്നു. തുടര്‍ന്ന് ജന്മി തറവാട്ടിലെ കാരണവന്‍മാര്‍ ഇവര്‍ക്ക് ഓണാശംസ നേരുകയും പകരം സമ്മാനങ്ങള്‍ നല്‍കി മടക്കി അയക്കുകയും ചെയ്യും. അക്കാലത്ത് അവര്‍ണര്‍ തിരുവോണം ആഘോഷിച്ചിരുന്നത് ഈ സമ്മാനങ്ങള്‍ ലഭിക്കുന്നതിനാലായിരുന്നു.

എന്നാല്‍ ജന്മി വ്യവസ്ഥ ഇല്ലാതായതോടെ മലയാളികളുടെ ആഘോഷത്തിനും ഒരു ഒരുമയും ഐക്യവും കൈവന്നു. അതേസമയം ചിലയിടങ്ങളില്‍ ഉത്രാടം നാളിലാണ് ഏറ്റവും വലിയ പൂക്കളമിടുക. പിന്നീട് ഇത് തിരുവോണ ദിനം വരെ കാത്തുസൂക്ഷിക്കാറുമുണ്ട്. എന്നാല്‍ എല്ലായിടത്തും ഈ രീതിയല്ല പിന്തുടരുന്നത്. ഏതായാലും ഓണത്തിരക്കിന്റെ പാരമ്യത്തെയാണ് ഉത്രാടം അടയാളപ്പെടുത്തുന്നത് എന്നതില്‍ സംശയമില്ല.

by Midhun HP News | Sep 3, 2025 | Latest News, കേരളം
കോഴിക്കോട്: ടൂറിസം മാനേജ്‌മെന്റ് കമ്മിറ്റിയുടെ കീഴിലുള്ള കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തില്‍ ഉപയോഗിച്ച വെടിയുണ്ട കണ്ടെത്തി. ബുധനാഴ്ച രാവിലെ ഒന്‍പതിനു ടൂറിസ്റ്റ് കേന്ദ്രം ജീവനക്കാരാണ് വിനോദ സഞ്ചാര കേന്ദ്രത്തിന്റെ ഗേറ്റിനു സമീപത്ത് വെടിയുണ്ട കണ്ടത്.
കൂരാച്ചുണ്ട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസ് കസ്റ്റഡിയിലെടുത്ത വെടിയുണ്ട വിദഗ്ധ പരിശോധനയ്ക്ക് അയക്കും. മാവോയിസ്റ്റ് ഭീഷണിയുള്ള മേഖല കൂടിയായതിനാല്‍, സംഭവത്തെ പൊലീസ് ഗൗരവത്തോടെയാണ് നിരീക്ഷിക്കുന്നത്.



by Midhun HP News | Sep 3, 2025 | Latest News, കേരളം
പത്തനംതിട്ട: തിരുവല്ലയില്‍ എഐജിയുടെ വാഹനം അപകടത്തില്‍പ്പെട്ടതിന് പരിക്കേറ്റ കാല്‍നടയാത്രക്കാരന്റെ പേരില്‍ കേസെടുത്ത നടപടി തിരുത്താനൊരുങ്ങി പൊലീസ്. ഇക്കാര്യം വ്യക്തമാക്കി പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. സംഭവം വിവാദമായതോടെ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ജില്ലാ ക്രൈംബ്രാഞ്ചിനോട് അന്വേഷിക്കാന്‍ നിര്‍ദേശിച്ചിരുന്നു. ജില്ലാ ക്രൈംബ്രാഞ്ച് ഉടന്‍ തന്നെ എസ്പിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നാണ് വിവരം.
തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്തെ എഐജി വി ജി നന്ദകുമാറിന്റെ സ്വകാര്യ വാഹനം ഇടിച്ചാണ് കാല്‍നടയാത്രക്കാരനായ ഹോട്ടല്‍ തൊഴിലാളിയായ നേപ്പാള്‍ സ്വദേശിക്ക് പരിക്കേറ്റത്. തലയ്ക്കും മുഖത്തും തോളിലും പരിക്കേറ്റ ഇയാള്‍ തിരുവല്ല ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവം അന്വേഷിച്ച തിരുവല്ല പൊലീസ്, എഐജിയുടെ സ്വകാര്യ വാഹനത്തിന്റെ ഡ്രൈവറുടെ മൊഴിയെടുത്തശേഷം പരിക്കേറ്റ കാല്‍നടയാത്രക്കാരനെ പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

വാഹനം ഓടിച്ച പൊലീസ് ഡ്രൈവറെ ഒഴിവാക്കി ഗുരുതരമായി പരിക്കേറ്റ കാൽനടക്കാരനായ ഹോട്ടൽ തൊഴിലാളിയെ പ്രതിയാക്കി കേസെടുക്കുകയായിരുന്നു. ഓഗസ്റ്റ് 30ന് രാത്രി തിരുവല്ല കുറ്റൂരിലായിരുന്നു അപകടം. ഡ്രൈവറെ രക്ഷിക്കാൻ വേണ്ടിയാണ് പൊലീസ് ഇത്തരത്തിൽ ഒത്തുകളി നടത്തിയതെന്നാണ് ആക്ഷേപം ഉയർന്നത്. സംഭവം നടക്കുമ്പോൾ പത്തനംതിട്ട എസ്പി ആനന്ദ് അവധിയിലായിരുന്നു. കേസിന്റെ കാര്യം എസ്പിയെ അറിയിച്ചിരുന്നില്ലെന്നാണ് റിപ്പോർട്ട്.


Recent Comments