പുരസ്കാര നിറവിൽ തൃശ്ശൂർ ജില്ലാ ഹോമിയോ ആശുപത്രി

പുരസ്കാര നിറവിൽ തൃശ്ശൂർ ജില്ലാ ഹോമിയോ ആശുപത്രി

പ്രഥമ കേരള ആയുഷ് കായകല്പ് ആവാർഡ് സംസ്ഥാനതലത്തിൽ തൃശ്ശൂർ ജില്ലാ ഹോമിയോ ആശുപത്രി ഒന്നാം സ്ഥാനം കരസ്ഥമാക്കി തദ്ദേശസ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ ആയുഷ് സ്ഥാപനങ്ങളെ മെച്ചപ്പെടുന്നതിനും ജനസൗഹർദമാക്കുന്നതിനുമുള്ള ആംഗീകാരമാണ് കായകല്പ് അവാർഡ്. ആയുഷ് ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവയിൽ ഏറ്റവും മികച്ച പ്രവർത്തനങ്ങൾ കാഴ്‌ചവച്ചതിനാണ് പുരസ്‌കാരം ലഭിച്ചത്.

തിരുവനന്തപുരം ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് ആരോഗ്യമന്ത്രി അവാർഡ് സമ്മാനിച്ചു. തൃശ്ശൂർ ജില്ലാ മെഡിക്കൽ ഓഫീസർ, ജില്ലാ പഞ്ചയത്ത് പ്രസിഡൻ്റ്, സൂപ്രണ്ട്, ഡി പി എം, നോഡൽ ഓഫീസർ, CHO’s ഫെസിലിറ്റേറ്റർ അസസേഴ്സ് പഞ്ചായത്ത് പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

തദ്ദേശ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടികയായി

തദ്ദേശ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടികയായി

തദ്ദേശ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക തയ്യാറായി. രണ്ട് കോടി 83 ലക്ഷം പേരാണ് അന്തിമ പട്ടികയില്‍ ഉള്ളത്. 276 ട്രാന്‍സ് ജെന്‍ഡര്‍ വോട്ടര്‍മാരും 2087 പ്രവാസി വോട്ടര്‍മാരും പട്ടികയിലുണ്ട്. 2020ലെ തദ്ദേശ തിരഞ്ഞെടുപ്പിനായി തയാറാക്കിയ അന്തിമ വോട്ടര്‍ പട്ടികയില്‍ 2,76,56,579 (2.76 കോടി) വോട്ടര്‍മാരുണ്ടായിരുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിനേക്കാള്‍ 6,55,553 വോട്ടര്‍മാരുടെ വര്‍ധനവാണ് ഈ പ്രാവശ്യം ഉണ്ടായിരിക്കുന്നത്.

വാര്‍ഡ് പുനര്‍വിഭജനത്തിന് ശേഷം പുതിയ വാര്‍ഡുകളിലെ പോളിങ് സ്റ്റേഷന്‍ അടിസ്ഥാനത്തിലാണ് പുതുക്കിയ അന്തിമവോട്ടര്‍ പട്ടിക തയാറാക്കിയിട്ടുള്ളത്. വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ 29,81,310 പുതിയ അപേക്ഷകരുണ്ടായിരുന്നു. പട്ടികയില്‍ നിന്നും പേര് ഒഴിവാക്കുന്നതിന് ആകെ 4,88,024 ആപേക്ഷകളാണ് ലഭിച്ചിരുന്നത്. ജനുവരി ഒന്നിനോ അതിന് മുന്‍പോ 18 വയസ്സ് പൂര്‍ത്തിയായവരെ ഉള്‍പ്പെടുത്തിയാണ് പട്ടിക തയാറാക്കിയത്.

4 ജില്ലകളിലായി 941 ഗ്രാമപഞ്ചായത്തുകളിലെ 17337 വാര്‍ഡുകളിലെയും 87 മുനിസിപ്പാലിറ്റികളിലെ 3240 വാര്‍ഡുകളിലെയും ആറു കോര്‍പ്പറേഷനുകളിലെ 421 വാര്‍ഡുകളിലെയും അന്തിമ വോട്ടര്‍പട്ടികയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പുകപരിശോധനാ നിരക്ക് കുറച്ചു; ഒരുവര്‍ഷത്തോളം ഈടാക്കിയത് അധിക നിരക്ക്

പുകപരിശോധനാ നിരക്ക് കുറച്ചു; ഒരുവര്‍ഷത്തോളം ഈടാക്കിയത് അധിക നിരക്ക്

ആധുനിക പരിശോധനാ സംവിധാനം സജ്ജീകരിക്കുന്നതിന് വേണ്ടി പെട്രോള്‍, ഗ്യാസ് വാഹനങ്ങളുടെ പുകപരിശോധനാ നിരക്ക് ഉയർത്തിയത് പിൻവലിച്ചു.ഒരുവർഷത്തോളം അധിക നിരക്ക് ഈടാക്കിയിട്ടും പുകപരിശോധനാ സംവിധാനം പരിഷ്കരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് കണ്ടതിനെ തുടർന്നാണ് നടപടി. ബിഎസ് 4, 6 ശ്രേണിയിലെ ഇരുചക്രവാഹനങ്ങളുടെ പരിശോധനയ്ക്ക് 100 രൂപ ഈടാക്കിയിരുന്നത് 80 രൂപയായും കാറുകള്‍ക്ക് 130 രൂപ ഈടാക്കിയത് 100 രൂപയായിട്ടുമാണ് കുറച്ചത്.

ഒരുവർഷത്തേയ്ക്കാണ് സർട്ടിഫിക്കറ്റ് കാലാവധി. കേന്ദ്ര നിർദേശപ്രകാരം ഈ വാഹനങ്ങള്‍ക്ക് ആധുനിക ലാംഡ ടെസ്റ്റ് നടത്തേണ്ടിവരുമെന്നും സജ്ജീകരണങ്ങള്‍ ഒരുക്കേണ്ടത് അധിക ചെലവിന് ഇടയാക്കുമെന്നുള്ള പുകപരിശോധാകേന്ദ്രങ്ങളുടെ നടത്തിപ്പുകാരുടെ നിവേദനത്തെ തുടർന്നാണ് ഒരുവർഷം മുമ്ബ് സർക്കാർ നിരക്ക് വർധിപ്പിച്ചത്. എന്നാല്‍ ലാംഡാ ടെസ്റ്റിനുള്ള സജ്ജീകരണങ്ങള്‍ ഏർപ്പെടുത്താൻ പുകപരിശോധാ കേന്ദ്രങ്ങള്‍ക്ക് കഴിഞ്ഞിരുന്നില്ല.

പരിശോധനാ നിലവാരം ഉയർത്താതെ അധിക നിരക്ക് ഈടാക്കുകയായിരുന്നു. പഴയപടി പരിശോധന നടത്തുയും ഒരുവർഷത്തോളം അധിക നിരക്ക് ഈടാക്കുകയും ചെയ്തു. ഇത് ശ്രദ്ധയില്‍പെട്ടതിനെ തുടർന്നാണ് നിരക്ക് കുറയ്ക്കാൻ ട്രാൻസ്പോർട്ട് കമ്മിഷണർ സർക്കാരിന് കത്ത് നല്‍കിയത്. കേന്ദ്രനിർദേശപ്രകാരം ബിഎസ് 4, പെട്രോള്‍, സിഎൻജി, എല്‍പിജി നാലുചക്രവാഹനങ്ങള്‍ക്കും എല്ലാത്തരം പെട്രോള്‍ സിഎൻജി, എല്‍പിജി വാഹനങ്ങള്‍ക്കും ലാംഡ പരിശോധന നിർബന്ധമാണ്.

പുകപരിശോധനാ കേന്ദ്ര നടത്തിപ്പുകാരുടെ സമ്മർദത്തിന് വഴങ്ങിയാണ് സർക്കാർ നിരക്ക് ഉയർത്തുന്നതെന്ന ആക്ഷേപം ശക്തമാണ്. ബിഎസ് 3 വരെയുള്ള വാഹനങ്ങള്‍ക്ക് ആറുമാസത്തേയ്ക്കാണ് സർട്ടിഫിക്കറ്റ് നല്‍കുന്നത്. ബിഎസ് 4 മുതല്‍ ഒരുവർഷത്തേയ്ക്കാണ് കാലാവധി.

ഇവ വർഷത്തില്‍ ഒരിക്കല്‍ മാത്രം പരിശോധനയ്ക്ക് എത്തുന്നുള്ളൂ എന്ന നിവേദനം പരിഗണിച്ച്‌ അധിക നിരക്ക് ഈടാക്കാൻ സർക്കാർ അനുമതി നല്‍കിയതും പരാതിക്ക് ഇടയാക്കിയിരുന്നു. ബിഎസ് 3 മാനദണ്ഡമുള്ള ഡീസല്‍ വാഹനങ്ങള്‍ക്കും ബിഎസ് 4,6 ഡീസല്‍ വാഹനങ്ങള്‍ക്കും ഒരേ രീതിയില്‍ ആണ് പുക പരിശോധന നടത്തുന്നതെങ്കിലും ബിഎസ് 4,6 വാഹനങ്ങള്‍ക്ക് കൂടിയ തുകയാണ് ഈടാക്കുന്നത്. ഇതിലും പക്ഷപാതമുണ്ടെന്ന് പരാതിയുണ്ട്.

‘മൂക്കൊലിപ്പല്ല’; സിഎസ്എഫ് റൈനോറിയ അസുഖമുള്ളവര്‍ക്ക് അമീബിക് മസ്തിഷ്‌ക ജ്വരം എളുപ്പം വരാന്‍ സാധ്യത, ജാഗ്രത

കൊച്ചി: മൂക്കില്‍നിന്ന് വെള്ളമൊലിക്കുന്ന സിഎസ്എഫ് (സെറിബ്രോ സ്പൈനല്‍ ഫ്‌ലൂയിഡ്) റൈനോറിയ അസുഖമുള്ളവരില്‍ അമീബിക് മസ്തിഷ്‌ക ജ്വരം എളുപ്പത്തില്‍ വരാന്‍ സാധ്യതയെന്ന് ആരോഗ്യ വിദഗ്ധര്‍. അമീബിക് മസ്തിഷ്‌ക ജ്വരത്തിന് ചികിത്സ തേടിയവരില്‍ മൂന്നുപേര്‍ക്ക് സിഎസ്എഫ് റൈനോറിയ ഉണ്ട്. മരിച്ച സ്ത്രീക്കും ഇതേ രോഗാവസ്ഥയുണ്ടായിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ജലദോഷമുണ്ടാകുമ്പോള്‍ വരുന്ന സ്രവത്തില്‍നിന്ന് വ്യത്യസ്തമായി വെള്ളത്തിന് സമാനമായ രീതിയിലാണ് സിഎസ്എഫ് റൈനോറിയ ബാധിച്ചവരുടെ മൂക്കിലൂടെ ഒഴുകുക. തുമ്മലോ അനുബന്ധ ബുദ്ധിമുട്ടുകളോ ഉണ്ടാവില്ല. മൂക്കിനുള്ളില്‍ അരിപ്പ പോലെ സംരക്ഷിക്കുന്ന ഭാഗമാണ് ക്രിബ്രിഫോം പ്ലേറ്റ്. ദുര്‍ബലമായ ഇൗ ഭാഗം പൊട്ടുന്നതുവഴിയാണ് സെറിബ്രോ സ്പൈനല്‍ ഫ്‌ലൂയിഡ് പുറത്തേക്ക് ഒഴുകുന്നത്. ഇതുവഴി അമീബ പോലുള്ള അണുക്കള്‍ എളുപ്പത്തില്‍ അകത്തേയ്ക്ക് പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.

വാഹനാപകടങ്ങളിലോ മറ്റോ ആ ഭാഗത്ത് പരിക്കേല്‍ക്കുന്നവരില്‍ ക്രിബ്രിഫോം പ്ലേറ്റ് പൊട്ടി സിഎസ്എഫ് (സെറിബ്രോ സ്പൈനല്‍ ഫ്‌ലൂയിഡ്) റൈനോറിയ വരാന്‍ സാധ്യതയുണ്ട്. ഇതുള്ളവരില്‍ മെനിഞ്ചൈറ്റിസ് വരാനും സാധ്യതയേറെയാണ്. ഇത്തരം അസുഖമുള്ളവര്‍ ചികിത്സ തേടി ശസ്ത്രക്രിയയിലൂടെ ക്രിബ്രിഫോം പ്ലേറ്റിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കുന്നു.

പുതിയ വോട്ടര്‍ പട്ടികയിലും സുരേഷ് ഗോപിക്കും കുടുംബത്തിനും വോട്ട് തിരുവനന്തപുരത്ത് ; കേന്ദ്രമന്ത്രിക്കെതിരെ കോണ്‍ഗ്രസ്

പുതിയ വോട്ടര്‍ പട്ടികയിലും സുരേഷ് ഗോപിക്കും കുടുംബത്തിനും വോട്ട് തിരുവനന്തപുരത്ത് ; കേന്ദ്രമന്ത്രിക്കെതിരെ കോണ്‍ഗ്രസ്

തൃശൂര്‍: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് തിരുവനന്തപുരത്തും വോട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര. തദ്ദേശ തെരഞ്ഞെടുപ്പിനായുള്ള പുതുക്കിയ വോട്ടര്‍ പട്ടികയിലും സുരേഷ് ഗോപിക്ക് തിരുവനന്തപുരത്താണ് വോട്ടുള്ളത്. ശാസ്തമംഗലത്തെ 41 ആം വാര്‍ഡിലാണ് സുരേഷ് ഗോപിക്കും കുടുംബത്തിനും വോട്ടുള്ളതെന്നും അനില്‍ അക്കര പറഞ്ഞു.

സുരേഷ് ഗോപി തിരുവനന്തപുരത്തെ സ്ഥിര താമസക്കാരനാണെന്നാണ് ഇതു വ്യക്തമാക്കുന്നത്. പതിറ്റാണ്ടുകളായി തിരുവനന്തപുരത്താണ് താമസിക്കുന്നത്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ജയിക്കാനായി, തൃശൂരിലാണ് സ്ഥിരതാമസമെന്ന അസത്യപ്രസ്താവന നല്‍കി വോട്ടു ചേര്‍ക്കുകയായിരുന്നുവെന്ന് ഇതോടെ തെളിഞ്ഞതായും അനില്‍ അക്കര പറഞ്ഞു.

നേരത്തെ സുരേഷ് ഗോപിയുടെ വോട്ടുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ടി എന്‍ പ്രതാപന്‍ നേരത്തെ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അന്വേഷണം നടന്നുകൊണ്ടിരിക്കുന്നതിനിടെയാണ്, തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പുതിയ വോട്ടര്‍ പട്ടിക സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിക്കുന്നത്. ഇതില്‍ ശാസ്തമംഗലത്താണ് സുരേഷ്‌ഗോപിക്കും കുടുംബത്തിനും സഹോദരങ്ങള്‍ക്കും വോട്ടുള്ളതെന്ന് കോണ്‍ഗ്രസ് പറയുന്നു.

പുതിയ ന്യൂനമര്‍ദ്ദം, ശക്തമായ മഴ, ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പുതിയ ന്യൂനമര്‍ദ്ദം, ശക്തമായ മഴ, ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ. ഇന്ന് ആറ് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീന ഫലമയാണ് ശക്തമായ മഴ.

ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി വരുംദിവസങ്ങളില്‍ വടക്കന്‍ കേരളത്തിലാണ് കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യത. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

കേരള തീരത്തും കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളിലും ഇന്നും നാളെയും മത്സ്യബന്ധനത്തിനു പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൂടാതെ കേരള തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

02 മുതല്‍ 04 വരെ കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു.