by Midhun HP News | Sep 3, 2025 | Latest News, കേരളം
ആലപ്പുഴ: ഡല്‍ഹിയില്‍ മലയാളി മെയില്‍ നഴ്‌സ് കുഴഞ്ഞു വീണ് മരിച്ചു. ഡല്‍ഹിയില്‍ ജോലി കഴിഞ്ഞു മടങ്ങുമ്പോഴായിരുന്നു സംഭവം. തണ്ണീര്‍മുക്കം പഞ്ചായത്ത് എട്ടാം വാര്‍ഡ് വെളിയമ്പ്ര കല്യാണിച്ചിറ വീട്ടില്‍ വി.വിഷ്ണു (32) ആണ് മരിച്ചത്. ഡല്‍ഹി മാക്‌സ് സൂപ്പര്‍ സ്‌പെഷ്യല്‍റ്റി ആശുപത്രിയിലെ ജോലി കഴിഞ്ഞു തിങ്കളാഴ്ച ഉച്ചയ്ക്ക് ഓട്ടോറിക്ഷയില്‍ താമസസ്ഥലത്തേക്കു പോകുകയായിരുന്നു വിഷ്ണു.
ഓട്ടോ ഡ്രൈവര്‍ ഉടന്‍ വിഷ്ണുവിനെ ഡോ. റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു. വിജയന്‍, രത്‌നവല്ലി ദമ്പതികളുടെ മകനായ വിഷ്ണു അവിവാഹിതനാണ്. സഹോദരങ്ങള്‍: വിജേഷ്, വിനു. സംസ്‌കാരം ഇന്നു രാവിലെ 10നു വീട്ടുവളപ്പില്‍.



by Midhun HP News | Sep 3, 2025 | Latest News, കേരളം
തിരുവനന്തപുരം: ഓണത്തോട് അനുബന്ധിച്ച പൂജകള്‍ക്കായി ശബരിമല നട ഇന്ന് ( ബുധനാഴ്ച) തുറക്കും. വൈകീട്ട് 5 മണിക്കു തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി നടതുറന്ന് ദീപം തെളിയിക്കും.
ഉത്രാട ദിനമായ സെപ്റ്റംബര്‍ 4ന് രാവിലെ അഞ്ചുമണിക്ക് ദര്‍ശനത്തിനായി നടതുറക്കും. ഉത്രാടം, തിരുവോണം, അവിട്ടം ദിനങ്ങളില്‍ സന്നിധാനത്ത് ഓണസദ്യ ഉണ്ടായിരിക്കും. ഉത്രാട സദ്യ മേല്‍ശാന്തിയുടെ വകയായും തിരുവോണത്തിനു സദ്യ ദേവസ്വം ജീവനക്കാരുടെ വകയായും അവിട്ടം ദിനത്തില്‍ സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ വകയായും നടത്തും. ഓണത്തോട് അനുബന്ധിച്ച പൂജകള്‍ പൂര്‍ത്തിയാക്കി സെപ്റ്റംബര്‍ 7 രാത്രി 9നു നടയടയ്ക്കും.



by Midhun HP News | Sep 3, 2025 | Latest News, കേരളം
കണ്ണൂര്‍: 20 കോച്ചുള്ള വന്ദേഭാരത്-രണ്ട് പതിപ്പ് കേരളത്തിലെത്തി. ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍നിന്ന് പുറത്തിറങ്ങിയ ട്രെയിന്‍ ഇന്നലെയാണ് എത്തിയത്.
ദക്ഷിണ റെയില്‍വേയ്ക്ക് കൈമാറിയ ട്രെയിന്‍ ചെന്നൈ ബേസിന്‍ ബ്രിഡ്ജിലെ പരിശോധനയ്ക്കുശേഷമാണ് കേരളത്തിലേക്ക് പുറപ്പെട്ടത്. പാലക്കാട് വഴി ഇത് മംഗളൂരുവിലേക്ക് പോകും. 16 കോച്ചുമായി ആലപ്പുഴ വഴി ഓടുന്ന മംഗളൂരു-തിരുവനന്തപുരം വന്ദേഭാരത് (20631/20632) ആണ് 20 കോച്ചിലേക്ക് മാറുന്നത്. മംഗളൂരു ഡിപ്പോയിലെ പരിശോധനയ്ക്കുശേഷം സര്‍വീസ് തുടങ്ങുന്ന തീയതി തീരുമാനിക്കും. നിലവില്‍ 1016 സീറ്റുള്ള ട്രെയിനില്‍ 320 സീറ്റ് വര്‍ധിച്ച് 1336 സീറ്റാകും.
16 കോച്ച് ഉണ്ടായിരുന്ന തിരുവനന്തപുരം-കാസര്‍കോട് വന്ദേഭാരത് (20634/20633) ജനുവരി 10 മുതല്‍ 20 കോച്ചായി ഉയര്‍ത്തിയിരുന്നു.



by Midhun HP News | Sep 3, 2025 | Latest News, കേരളം
തിരുവനന്തപുരം: ഓണക്കാലം ബിവറേജസ് കോർപ്പറേഷന് പെരുന്നാളാണ് . ഓണം സീസണിലെ പത്തു ദിവസങ്ങളിലാണ് ബെവ്കോയ്ക്ക് ഏറ്റവും കൂടുതൽ വരുമാനം കിട്ടുന്നത്. ഇത്തവണ ഓണക്കാല വരുമാനത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ ആറ് ശതമാനം വർധനവാണ് ബെവ്കോ ലക്ഷ്യമിടുന്നത്.
ഔട്‍ലെറ്റുകളിലും വെയർഹൌസുകളിലും എല്ലാത്തരം മദ്യങ്ങളും സ്റ്റോക്കുണ്ട്. ഓണക്കാല കച്ചവടത്തിനായുള്ള ഒരുക്കങ്ങൾ ഒരു മാസം മുമ്പേ തുടങ്ങിയെന്ന് ബെവ്‌കോയുടെ ചെയർമാനും മാനേജിങ് ഡയറക്ടരുമായ ഹർഷിത അട്ടലൂരി പറഞ്ഞു. “സാധാരണ ഞങ്ങളുടെ ഔട്‍ലെറ്റുകൾ പുതിയ ഓർഡർ നൽകുന്നത് കഴിഞ്ഞ മൂന്നു മാസത്തെ ശരാശരി കച്ചവടത്തിന്റെ അടിസ്ഥാനത്തിലാണ്. പക്ഷെ ഓണം പ്രമാണിച്ച് 20 ശതമാനം അധികം സാധനങ്ങൾക്ക് എല്ലാ ഔട്‍ലെറ്റുകളും ഓർഡർ നൽകി. ഇന്ത്യൻ നിർമിത വിദേശ മദ്യം, വിദേശ മദ്യം, ബിയർ, വൈൻ എല്ലാത്തരം മദ്യങ്ങളും ആവശ്യത്തിന് സ്റ്റോക്കുണ്ട്,” അവർ പറഞ്ഞു.
കേരളത്തിൽ ഏറ്റവും ചെലവുള്ള ബ്രാൻഡുകളിൽ ഒന്നാണ് ബിവറേജസ് കോർപറേഷൻ സ്വന്തമായി നിർമ്മിക്കുന്ന ജവാൻ റം. തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡിലാണ് ജവാന്റെ ഉൽപ്പാദനം.
സാധാരണ പ്രതിദിനം 10,000 കെയ്‌സുകളാണ് ജവാൻ ഉൽപ്പാദനം. ഓണം പ്രമാണിച്ച് ഇത് 12,000 കെയ്‌സുകളായി ഉയർത്തി. ഒരു കേസ് മദ്യമെന്നാൽ ഒൻപത് ലിറ്ററാണ് – ഏതു തരം മദ്യമായാലും, ഏതളവിലെ കുപ്പി ആയാലും.
തിരക്കുള്ള ബെവ്കോ ഔട്‍ലെറ്റുകളിൽ ആളുകളെ നിയന്ത്രിക്കാനായി താൽക്കാലിക ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. തിരക്കിന്റെ മറവിൽ നടക്കാവുന്ന മോഷണം തടയുകയും ആളുകളെ നിയന്ത്രിക്കുകയുമാണ് ഇവരുടെ ചുമതല.
അറുപതോളം താൽക്കാലിക ജീവനക്കാരെയാണ് വിവിധ ഔട്‍ലെറ്റുകളിൽ നിയമിച്ചിട്ടുള്ളത്. എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖേനയാണ് ഇവരെ തെരഞ്ഞെടുത്തത്.
ഔട്‍ലെറ്റിൽ ‘പ്ലേ’ വേണ്ട, സ്ത്രീകളുടെ അടിയും പൊലീസിന്റെ ഇടിയും കിട്ടും!
ഓണം പഴേ ഓണം തന്നെ, പക്ഷെ ബെവ്കോ അല്പം മാറിയിട്ടുണ്ട്. ജീവനക്കാർക്കെതിരെയുള്ള ആക്രമണങ്ങളെ കർശനമായി നേരിടുമെന്നാണ് എം ഡി ഹർഷിത അട്ടലൂരിയുടെ നിലപാട്. കോർപറേഷനിലെ 45 ശതമാനം ജീവനക്കാർ വനിതകളാണ്. കഴിഞ്ഞ ഓണക്കാലത്തിന് ശേഷം സ്ത്രീ ജീവനക്കാർക്ക് സ്വയം സംരക്ഷണത്തിനായി കായിക പരിശീലനം നൽകി. കേരളാ പൊലിസിലെ വിദഗ്ദ്ധരാണ് പരിശീലനം നൽകിയത്.

“ആദ്യമേ പറയട്ടെ, ജീവനക്കാരോട് കസ്റ്റമേഴ്സിനോട് സൗഹാർദപരമായി പെരുമാറാൻ ഞങ്ങൾ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. പക്ഷേ അടുത്തിടെ ജീവനക്കാർക്കെതിരെ ചില ആക്രമണങ്ങളുണ്ടായി. ബെവ്കോ മാനേജ്‌മെന്റ് ഇത്തരം സംഭവങ്ങളെ വളരെ ഗൗരവത്തിൽ കാണുന്നു. കുറ്റവാളികൾക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഞങ്ങൾ ഉറപ്പാക്കും. എല്ലാ കേസുകളും ഹെഡ്ക്വാർട്ടേഴ്‌സ് ഫോളോ അപ്പ് ചെയ്യുന്നുണ്ട്,” ഹർഷിത പറഞ്ഞു.
“സുരക്ഷാ ഭീഷണി തോന്നിയാൽ ഉടനെ പൊലിസ് സഹായം തേടാൻ ഞങ്ങൾ ജീവനക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ജീവനക്കാരുടെ സുരക്ഷ ഞങ്ങൾക്ക് പ്രധാനമാണ്,” അവർ കൂട്ടിച്ചേർത്തു.


by Midhun HP News | Sep 3, 2025 | Latest News, കേരളം
തിരുവനന്തപുരം: ഇന്നും നാളെയും (ബുധന്‍, വ്യാഴം) സപ്ലൈകോയുടെ വില്‍പ്പനശാലകളില്‍ നിന്നും 1,500 രൂപയോ അതില്‍ അധികമോ സബ്സിഡി ഇതര ഉത്പന്നങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ഒരു ലിറ്റര്‍ വെളിച്ചെണ്ണ 50 രൂപ വിലക്കുറവില്‍ സ്‌പെഷ്യല്‍ ഓഫറായി ലഭിക്കും.
ഒരു ലിറ്ററിന് 389 വിലയുള്ള വെളിച്ചെണ്ണയാണ് 339 രൂപക്ക് ഈ ദിവസങ്ങളില്‍ വിതരണം ചെയ്യുന്നതെന്ന് മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു.

റെക്കോര്‍ഡ് വില്‍പ്പനയുമായി കണ്‍സ്യൂമര്‍ഫെഡ്
കണ്‍സ്യൂമര്‍ഫെഡ് വഴി തിങ്കളാഴ്ച വരെ 150 കോടി രൂപയുടെ റെക്കോഡ് വില്‍പ്പനയുണ്ടായി. 1543 സഹകരണ സ്ഥാപനങ്ങളും കണ്‍സ്യൂമര്‍ഫെഡും നടത്തിയ ഓണം സഹകരണ വിപണികളിലൂടെയും ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകള്‍ വഴിയുമാണ് ഈ നേട്ടം. ഗ്രാമങ്ങളില്‍ വരെ ഓണച്ചന്തകളൊരുക്കി വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞു എന്ന് അധികൃതര്‍ അറിയിച്ചു. 10 മുതല്‍ 40 ശതമാനം വരെ വിലക്കുറവില്‍ മറ്റു നിത്യോപയോഗ സാധനങ്ങള്‍കൂടി ലഭ്യമാക്കിയതോടെ ചന്തകള്‍ സജീവമായി. ഇതുവരെ 15 ലക്ഷം കുടുംബം ഓണച്ചന്തകളിലും ത്രിവേണികളിലുമെത്തി.

അരി ഉള്‍പ്പെടെ 13 ഇനങ്ങളാണ് സബ്സിഡി നിരക്കിലുള്ളത്. ജയ അരിക്ക് മാര്‍ക്കറ്റില്‍ 45രൂപ വരെയുള്ളപ്പോള്‍ 33 രൂപയ്ക്കാണ് നല്‍കിയത്. 45 രൂപയുള്ള പഞ്ചസാര 34.65 രൂപയ്ക്കും. ഓണം കഴിയുമ്പോള്‍ വിറ്റുവരവ് 200 കോടി രൂപ കവിയുമെന്ന് പ്രതീക്ഷിക്കുന്നതായി കണ്‍സ്യൂമര്‍ഫെഡ് മാനേജിങ് ഡയറക്ടര്‍ ആര്‍ ശിവകുമാര്‍ പറഞ്ഞു.

by Midhun HP News | Sep 3, 2025 | Latest News, കേരളം
ഈ സര്‍ക്കാരിന്റെ കാലത്ത് അനുമതി ലഭിച്ചത് 4 മെഡിക്കല്‍ കോളേജുകള്‍ക്ക് സംസ്ഥാനത്തെ 2 മെഡിക്കല്‍ കോളേജുകള്‍ക്ക് കൂടി നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അനുമതി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വയനാട്, കാസര്‍ഗോഡ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ക്കാണ് അനുമതി ലഭ്യമായത്. 50 എംബിബിഎസ് സീറ്റുകള്‍ക്ക് വീതമാണ് അനുമതി ലഭിച്ചത്. എന്‍.എം.സി. മാനദണ്ഡങ്ങള്‍ക്കനുസരിച്ചുള്ള അടിസ്ഥാന സൗകര്യങ്ങളും അക്കാഡമിക് സൗകര്യങ്ങളും ഒരുക്കിയതിലൂടേയാണ് അംഗീകാരം നേടിയെടുത്തത്. ഇതോടെ ഈ സര്‍ക്കാരിന്റെ കാലത്ത് 4 മെഡിക്കല്‍ കോളേജുകള്‍ക്കാണ് അംഗീകാരം നേടാനായത്. എത്രയും വേഗം നടപടി ക്രമങ്ങള്‍ പാലിച്ച് ഈ അധ്യായന വര്‍ഷം തന്നെ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

മറ്റ് മെഡിക്കല്‍ കോളേജുകളെ പോലെ ഈ രണ്ട് മെഡിക്കല്‍ കോളേജുകളേയും ഘട്ടം ഘട്ടമായി വികസിപ്പിക്കാനുള്ള നടപടികളാണ് ഈ സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത്. വലിയ വികസന പ്രവര്‍ത്തനങ്ങളാണ് ഈ രണ്ട് മെഡിക്കല്‍ കോളേജുകളിലും നടത്തിയത്. എംബിബിഎസ് കോഴ്‌സ് ആരംഭിക്കുന്നതിന് ആവശ്യമായ എല്ലാ സൗകര്യവുമൊരുക്കി.
വയനാട് മെഡിക്കല്‍ കോളേജില്‍ 45 കോടി രൂപ ചെലവില്‍ മള്‍ട്ടി പര്‍പസ് ബ്ലോക്ക് യാഥാര്‍ത്ഥ്യമാക്കി. 60 സീറ്റുകളോട് കൂടി നഴ്‌സിംഗ് കോളേജ് ആരംഭിച്ചു. മെഡിക്കല്‍ കോളേജിന്റെ ആദ്യവര്‍ഷ ക്ലാസുകള്‍ ആരംഭിക്കുന്നതിന് 115 അധ്യാപക തസ്തികകളും 25 അനധ്യാപക തസ്തികകളും ഉള്‍പ്പെടെ 140 തസ്തികകള്‍ സൃഷ്ടിച്ചതില്‍ നിയമനം നടത്തി. 2.30 കോടി വിനിയോഗിച്ച് മോഡേണ്‍ മോര്‍ച്ചറി കോംപ്ലക്സ് സ്ഥാപിക്കാന്‍ നടപടി സ്വീകരിച്ചു. 8.23 കോടി വിനിയോഗിച്ച് കാത്ത് ലാബ് നിര്‍മ്മാണം പൂര്‍ത്തിയാക്കി. ആന്‍ജിയോപ്ലാസ്റ്റി പ്രൊസീജിയറുകള്‍ ആരംഭിച്ചു. അധ്യാപക തസ്തികകള്‍ അനുവദിച്ച് കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു. 18 ലക്ഷം ഉപയോഗിച്ച് പവര്‍ ലോണ്‍ട്രി സ്ഥാപിച്ചു.
ലക്ഷ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ലേബര്‍ റൂം സ്റ്റാന്‍ഡര്‍ഡൈസേഷന്‍ നടപ്പാക്കി. പീഡിയാട്രിക് ഐസിയു സജ്ജീകരിച്ചു. സംസ്ഥാനത്ത് ആദ്യമായി സിക്കിള്‍ സെല്‍ യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചു. ജില്ലയില്‍ ആദ്യമായി അരിവാള്‍ കോശ രോഗിയില്‍ ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തി. എംബിഎഫ്എച്ച്ഐ, മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന്‍ ലഭ്യമാക്കി ലക്ഷ്യ സ്റ്റാന്‍ഡേര്‍ഡിലേക്ക് ഉയര്‍ത്തി. 70 ലക്ഷം വിനിയോഗിച്ച് സ്‌കില്‍ ലാബ് സജ്ജമാക്കി. മുട്ടു മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തി. ഇ-ഹെല്‍ത്ത്, ഇ-ഓഫിസ് സംവിധാനങ്ങള്‍ ആശുപത്രിയില്‍ പ്രാവര്‍ത്തികമാക്കി. 20.61 ലക്ഷം രൂപയുടെ ഓക്സിജന്‍ ജനറേറ്റര്‍ പ്ലാന്റ് പൂര്‍ത്തിയായി. ദന്തല്‍ വിഭാഗത്തില്‍ മികച്ച അത്യാധുനിക ചികിത്സകള്‍ ആരംഭിച്ചു.
കാസര്‍ഗോഡ് മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കിഫ്ബി ഫണ്ടില്‍ നിന്ന് 160 കോടിയുടെ ഭരണാനുമതി നല്‍കി. ആശുപത്രി ബ്ലോക്കിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു. അക്കാദമിക് ബ്ലോക്ക് കെട്ടിടം പൂര്‍ത്തിയാക്കി. മെഡിക്കല്‍ കോളേജിനുള്ള ജലവിതരണ സംവിധാനത്തിന് 8 കോടി രൂപ അനുവദിച്ചു. ന്യൂറോളജി വിഭാഗം ഉള്‍പ്പെടെയുള്ള സ്‌പെഷ്യാലിറ്റി ചികിത്സ ലഭ്യമാക്കി. ഘട്ടം ഘട്ടമായി സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ ലഭ്യമാക്കി വരുന്നു.

60 സീറ്റുകളോടെ നഴ്‌സിംഗ് കോളേജ് ആരംഭിച്ചു. 29 കോടി ചെലവഴിച്ച് നിര്‍മ്മിക്കുന്ന ഹോസ്റ്റലിന്റെ നിര്‍മ്മാണം അന്തിമ ഘട്ടത്തില്‍. 273 തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്തി. ജനറല്‍ മെഡിസിന്‍, പീഡിയാട്രിക്‌സ്, പാത്തോളജി, ന്യൂറോളജി, നെഫ്രോളജി, കമ്മ്യൂണിറ്റി മെഡിസിന്‍, ഡെര്‍മറ്റോളജി, ഇഎന്‍ടി, റെസ്പിറേറ്ററി മെഡിസിന്‍, ഒഎംഎഫ്എസ്, സൈക്യാട്രി വിഭാഗങ്ങളുടെ ഒപി ആരംഭിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ ആദ്യത്തെ ന്യൂറോളജി, നെഫ്രോളജി ഒപി സ്ഥാപിച്ചു. ഇ-സഞ്ജീവനി ടെലിമെഡിസിന്‍ സേവനങ്ങള്‍ ലഭ്യമാക്കി. പ്രിന്‍സിപ്പല്‍ തസ്തിക സൃഷ്ടിച്ച് പ്രിന്‍സിപ്പല്‍ പോസ്റ്റ് ചെയ്തു. റേഡിയോളജി സേവനങ്ങള്‍ക്ക് എ.ഇ.ആര്‍.ബിയില്‍ നിന്ന് അംഗീകാരം ലഭിച്ചു.

Recent Comments