ഓണം അവധി: കേരളത്തിലേക്ക് 90 അധിക സര്‍വീസുകര്‍ പ്രഖ്യാപിച്ച് കര്‍ണാടക ആര്‍ടിസി

ഓണം അവധി: കേരളത്തിലേക്ക് 90 അധിക സര്‍വീസുകര്‍ പ്രഖ്യാപിച്ച് കര്‍ണാടക ആര്‍ടിസി

കോഴിക്കോട്: ഓണം അവധി പ്രമാണിച്ച് കേരളത്തിലേക്ക് അധിക സര്‍വീസുകള്‍ പ്രഖ്യാപിച്ച് കര്‍ണാടക ആര്‍ടിസി. സ്ഥിരം സര്‍വീസുകള്‍ക്ക് പുറമെ 90 അധിക സര്‍വീസുകളാണ് കേരളത്തിലേക്ക് നടത്തുക. ഇന്നു മുതല്‍ ഉത്രാടദിനമായ സെപ്റ്റംബര്‍ 4 വരെയാണ് സര്‍വീസുകള്‍. തിരുവോണദിവസം മുതല്‍ മടക്കയാത്രയ്ക്കും സ്‌പെഷല്‍ സര്‍വീസുകള്‍ ഉണ്ടാകും.

മൈസൂരു റോഡ് ബസ് സ്റ്റേഷന്‍, ശാന്തിനഗര്‍ ബിഎംടിസി ബസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ നിന്ന് കണ്ണൂര്‍, കോഴിക്കോട്, എറണാകുളം, പാലക്കാട്, തൃശൂര്‍, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് സ്‌പെഷല്‍ സര്‍വീസുകള്‍. ഇതില്‍ പ്രീമിയം കാറ്റഗറി ബസുകള്‍ ശാന്തി നഗര്‍ ബസ് സ്റ്റേഷനില്‍ നിന്നാകും പുറപ്പെടുക.

ബസ് സ്റ്റേഷന്‍ കൗണ്ടറുകളിലൂടെയും ഓണ്‍ലൈനായും ടിക്കറ്റ് ബുക്ക് ചെയ്യാനുളള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാലോ അതിലധികമോ ടിക്കറ്റുകള്‍ ഒന്നിച്ചു ബുക്ക് ചെയ്യുന്നവര്‍ക്ക് അഞ്ചു ശതമാനവും മടക്കയാത്ര ഉള്‍പ്പെടെ ഇരുവശത്തേക്കുമുളള ടിക്കറ്റുകള്‍ ഒന്നിച്ചെടുക്കുന്നവര്‍ക്ക് 10 ശതമാനം ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം ഏഴിന് മടക്കയാത്രയ്ക്ക് പ്രത്യേക സര്‍വീസുകളിലും ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം.

നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു തെറിപ്പിച്ചു, ബസ് കാത്തു നിന്ന വയോധിക മരിച്ചു

നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു തെറിപ്പിച്ചു, ബസ് കാത്തു നിന്ന വയോധിക മരിച്ചു

പത്തനംതിട്ട: പത്തനംതിട്ട എഴുമാറ്റൂരില്‍ റോഡരികില്‍ ബസ് കാത്തു നിന്ന വയോധിക കാറിടിച്ച് മരിച്ചു. ആനിക്കാട് സ്വദേശി പൊടിയമ്മയാണ് മരിച്ചത്. 75 വയസ്സായിരുന്നു. എഴുമാറ്റൂര്‍ ചുഴനയിലാണ് സംഭവം. രാവിലെ 9 മണിക്ക് ശേഷമാണ് അപകടമുണ്ടായത്. പൊടിയമ്മയുടെ മകള്‍ ചുഴനയിലാണ് താമസിക്കുന്നത്. മകളുടെ വീട്ടിലെത്തിയ വയോധിക തിരികെ സ്വന്തം വീട്ടിലേക്ക് പോകാനായി ബസ് കാത്തു നില്‍ക്കുകയായിരുന്നു.

ഇതിനിടെയാണ് നിയന്ത്രണം വിട്ടു വന്ന കാര്‍ പൊടിയമ്മയെ ഇടിച്ചു തെറിപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ വയോധികയെ ഉടന്‍ തന്നെ കോഴഞ്ചേരി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പൊലീസിന്റെ പ്രാതമിക നിഗമനം.

കോപ്പിയടി പിടികൂടിയതിന്റെ പക; വ്യാജ പീഡന പരാതിയിൽ 3 വർഷം ജയിലിൽ; ഒടുവിൽ കുറ്റവിമുക്തൻ

കോപ്പിയടി പിടികൂടിയതിന്റെ പക; വ്യാജ പീഡന പരാതിയിൽ 3 വർഷം ജയിലിൽ; ഒടുവിൽ കുറ്റവിമുക്തൻ

തൊടുപുഴ: കോപ്പിയടിച്ചത് പിടികൂടിയതിനു വ്യാജ പീഡന പരാതി ഉന്നയിച്ച് വിദ്യാർഥിനികൾ കുടുക്കിയ കോളജ് അധ്യാപകന് 11 വർഷങ്ങൾക്കു ശേഷം നീതി. മൂന്നാർ ​ഗവ. കോളജിലെ എക്കണോമിക്സ് വിഭാ​ഗം മേധാവിയായിരുന്ന പ്രൊഫ. ആനന്ദ് വിശ്വനാഥനെ തൊടുപുഴ അഡീഷണൽ സെഷൻസ് ജഡ്ജിയാണ് കഴിഞ്ഞ ദിവസം കുറ്റവിമുക്തനാക്കിയത്.

2014 ഓ​ഗസ്റ്റ് മുതൽ സെപ്റ്റംബർ 5 വരെയുള്ള കാലത്ത് പീഡിപ്പിച്ചതായി ആരോപിച്ച് 5 വിദ്യാർഥിനികളാണ് ആനന്ദിനെതിരെ വിദ്യാഭ്യാസ മന്ത്രിക്കും വനിത കമ്മീഷനും പരാതി നൽകിയത്. പിന്നാലെ കേസ് വന്നു. ആനന്ദിനെ ജോലിയിൽ നിന്നു സസ്പെൻഡ് ചെയ്തു. 3 വർഷം ജയിലിലും കിടക്കേണ്ടി വന്നു. അഡീഷണൽ ചീഫ് എക്സാമിനറായിരിക്കെയാണ് കോപ്പിയടിച്ചതിന് വിദ്യാർഥിനികളെ പിടികൂടിയത്. ഇതിന്റെ പകയാണ് പരാതിക്കു പിന്നിലെന്നായിരുന്നു ആനന്ദിന്റെ വാദം. തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമ ബോധ്യത്തിലാണ് ആനന്ദ് നീതിക്കായി പോരാടിയത്. ആനന്ദിനെ കുടുക്കാൻ അധ്യാപകരുൾപ്പെടെയുള്ള കോളജ് അധികൃതരും വിദ്യാർഥികൾക്കൊപ്പം ചേർന്നതായി ആരോപണമുണ്ടായിരുന്നു.

എഐജിയുടെ വാഹനം ഇടിച്ചു, പരിക്കേറ്റ അതിഥി തൊഴിലാളിയെ പ്രതിയാക്കി പൊലീസിന്റെ ‘വിചിത്ര നടപടി’

എഐജിയുടെ വാഹനം ഇടിച്ചു, പരിക്കേറ്റ അതിഥി തൊഴിലാളിയെ പ്രതിയാക്കി പൊലീസിന്റെ ‘വിചിത്ര നടപടി’

പത്തനംതിട്ട: വാഹനാപകടത്തില്‍ പരിക്കേറ്റ കാല്‍നടയാത്രക്കാരനെ പ്രതിയാക്കി തിരുവല്ല പൊലീസ്. പൊലീസ് ആസ്ഥാനത്തെ എഐജിയുടെ സ്വകാര്യ വാഹനം ഇടിച്ച് പരിക്കേറ്റ അതിഥി തൊഴിലാളിക്കെതിരെയാണ് പൊലീസ് കേസെടുത്തത്. എഐജി വി ജി വിനോദ് കുമാറിന്റെ സ്വകാര്യ വാഹനമാണ് തിരുവല്ല എംസി റോഡില്‍ കുറ്റൂരില്‍ വെച്ച് അതിഥി തൊഴിലാളിയെ ഇടിച്ചത്.

ഓഗസ്റ്റ് 30 ന് രാത്രി 10.50നാണ് അപകടമുണ്ടായത്. എഐജിയുടെ സ്വകാര്യ വാഹനത്തിന്റെ ഡ്രൈവറുടെ മൊഴിയെടുത്തശേഷമാണ് കാല്‍നട യാത്രക്കാരനായ അതിഥി തൊഴിലാളിക്കെതിരെ പൊലീസ് കേസെടുക്കുന്നത്. തിരുവനന്തപുരത്തു നിന്നും എഐജിയുടെ വാഹനം കുറ്റൂരിലേക്കുള്ള വീട്ടിലേക്ക് വരുമ്പോഴായിരുന്നു അപകടമുണ്ടായത്.

അതിഥി തൊഴിലാളിക്ക് തലയിലും മുഖത്തും തോളിലും പരിക്കേറ്റിരുന്നു. അപകടത്തില്‍ വാഹനത്തിന്റെ ബോണറ്റ്, വീല്‍ ആര്‍ച്ച് തുടങ്ങിയവയ്ക്ക് കേടുപാടുണ്ടായതായും എഫ്‌ഐആറില്‍ പറയുന്നു. പരിക്കേറ്റയാളെ പ്രതിയാക്കിയ നടപടി പൊലീസിനുള്ളിലും അമര്‍ഷം ഉണ്ടാക്കിയിട്ടുണ്ട്. തുടര്‍ന്ന് വിഷയം പരിശോധിക്കാന്‍ ജില്ലാ ക്രൈംബ്രാഞ്ചിനോട് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

ഒന്നിച്ചു ജീവിക്കാന്‍ ആഗ്രഹം; പതിനേഴുകാരനൊപ്പം നാടുവിട്ട് യുവതി, അറസ്റ്റ്

ഒന്നിച്ചു ജീവിക്കാന്‍ ആഗ്രഹം; പതിനേഴുകാരനൊപ്പം നാടുവിട്ട് യുവതി, അറസ്റ്റ്

ചേര്‍ത്തല: പതിനേഴുകാരനൊപ്പം നാടുവിട്ട രണ്ടു കുട്ടികളുടെ അമ്മയായ ഇരുപത്തേഴുകാരി അറസ്റ്റില്‍. പള്ളിപ്പുറം സ്വദേശിനി സനൂഷയെയാണ് കര്‍ണാടകയിലെ കൊല്ലൂരില്‍നിന്ന് ചേര്‍ത്തല പൊലീസ് പിടികൂടിയത്. പോക്‌സോ പ്രകാരം യുവതിക്കെതിരേ കേസെടുത്തു.

കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയിലാണു നടപടി. 12 ദിവസം മുന്‍പാണ് സനൂഷ തന്റെ മക്കളുമായി വിദ്യാര്‍ഥിക്കൊപ്പം നാടുവിട്ടത്. വിദ്യാര്‍ഥിയെ കാണാനില്ലെന്നു കാട്ടി ബന്ധുക്കള്‍ കുത്തിയതോട് പൊലീസിലും ചേര്‍ത്തല പൊലീസില്‍ യുവതിയുടെ ബന്ധുക്കളും പരാതി നല്‍കി. യുവതി ബന്ധുവിന് വാട്‌സാപ്പ് സന്ദേശം അയച്ചിരുന്നു. തുടര്‍ന്ന് ചേര്‍ത്തല പൊലീസ് കൊല്ലൂരിലെത്തി അറസ്റ്റുചെയ്യുകയായിരുന്നു. കുട്ടികള്‍ക്കൊപ്പം ഇരുവരെയും നാട്ടിലെത്തിച്ച പൊലീസ് വിദ്യാര്‍ഥിയെ ബന്ധുക്കള്‍ക്കൊപ്പം വിട്ടു. മക്കളെ യുവതിയുടെ ഭര്‍ത്താവിനെ ഏല്‍പ്പിച്ചു. ഒന്നിച്ചു ജീവിക്കാന്‍ ആഗ്രഹിച്ചാണ് ഒളിച്ചോടിയതെന്ന് യുവതി പൊലീസിനോടു പറഞ്ഞു. ചേര്‍ത്തല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ (ഒന്ന്) ഹാജരാക്കിയ പ്രതിയെ റിമാന്‍ഡു ചെയ്ത് കൊട്ടാരക്കര ജയിലിലാക്കി.

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; നാളെ മുതല്‍ ശക്തമായ മഴ

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; നാളെ മുതല്‍ ശക്തമായ മഴ

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. ഈ മാസത്തെ ആദ്യത്തെ ന്യൂനമര്‍ദ്ദമാണിത്. നാളെയോടെ ഒഡിഷ തീരത്തേക്ക് നീങ്ങുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി ബുധനാഴ്ച മുതല്‍ കേരളത്തില്‍ മഴ വീണ്ടും സജീവമാകാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്ന് (ചൊവ്വാഴ്ച) പുലര്‍ച്ചെ 5.30ന് വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലാണ് ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇത് കൂടുതല്‍ ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. തുടര്‍ന്നുള്ള 24 മണിക്കൂറിനുള്ളില്‍ ഒഡിഷയ്ക്ക് കുറുകെ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ നിലനിന്നിരുന്ന ചക്രവാതച്ചുഴിയാണ് ന്യൂനമര്‍ദ്ദമായി രൂപപ്പെട്ടത്.

ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി വരുംദിവസങ്ങളില്‍ വടക്കന്‍ കേരളത്തിലാണ് കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യത. ബുധനാഴ്ച തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വ്യാഴാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വെള്ളിയാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.