സൗബിന് വിദേശ യാത്രയ്ക്ക് അനുമതിയില്ല; അപേക്ഷ തള്ളി കോടതി

സൗബിന് വിദേശ യാത്രയ്ക്ക് അനുമതിയില്ല; അപേക്ഷ തള്ളി കോടതി

കൊച്ചി: നടൻ സൗബിൻ ഷാഹിറിന് വിദേശ യാത്രാനുമതി നിഷേധിച്ച് മജിസ്ട്രേറ്റ് കോടതി. സാമ്പത്തിക തട്ടിപ്പ് കേസിലെ ജാമ്യ വ്യവസ്ഥയുടെ ഭാ​ഗമായാണ് നടപടി. ദുബൈയിൽ നടക്കുന്ന അവാർഡ് നൈറ്റിൽ പങ്കെടുക്കാൻ പോകണമെന്നു ആവശ്യപ്പെട്ട് സൗബിൻ കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ അപേക്ഷ കോടതി തള്ളി.

മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസാണ് യാത്രാനുമതി നിഷേധിക്കാനുള്ള കാരണം. കേസുമായി ബന്ധപ്പെട്ട് സൗബിൻ ഉൾപ്പെടെയുള്ളവരെ നേരത്തെ ചോദ്യം ചെയ്തിരുന്നു. ഷോൺ ആന്റണി, ബാബു ഷാഹിർ എന്നിവർ കേസിലെ മറ്റ് പ്രതികൾ. കേസ് റദ്ദാക്കണമെന്ന ഇവരുടെ ആവശ്യം ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.

സിനിമയുടെ ലാഭവിഹിതം നൽകിയില്ലെന്ന മരട് സ്വദേശി സിറാജ് വലിയതുറയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. എന്നാൽ സിറാജ് സിനിമയ്ക്കു വേണ്ടി നൽകേണ്ടിയിരുന്ന പണം കൃത്യസമയത്ത് നൽകിയില്ലെന്നും പണമില്ലാതെ ഷൂട്ടിങ് മുടങ്ങുകയും നീണ്ടു പോകുകയും ചെയ്തുവെന്നാണ് നിർമാതാക്കളുടെ വാദിച്ചത്.

സ്വര്‍ണവില എങ്ങോട്ട്?, റെക്കോര്‍ഡ് ഭേദിച്ച് കുതിപ്പ് തുടരുന്നു; 78,000ലേക്ക്

സ്വര്‍ണവില എങ്ങോട്ട്?, റെക്കോര്‍ഡ് ഭേദിച്ച് കുതിപ്പ് തുടരുന്നു; 78,000ലേക്ക്

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡ് ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഇന്ന് പവന് 160 രൂപ വര്‍ധിച്ച് 78,000ത്തോട് അടുത്തിരിക്കുകയാണ് സ്വര്‍ണവില. 77,800 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിനും ആനുപാതികമായി വില കൂടി. 20 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 9725 രൂപയായി.

ഇന്നലെ ഒറ്റയടിക്ക് 680 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ആദ്യമായി 77000 കടന്നത്. കഴിഞ്ഞ മാസം എട്ടിന് 75,760 രൂപയായിരുന്നു സ്വര്‍ണവില. പിന്നീട് 20-ാം തീയതി വരെയുള്ള കാലയളവില്‍ 2300 രൂപ താഴ്ന്ന ശേഷം തുടര്‍ന്നുള്ള ദിവസങ്ങളില്‍ സ്വര്‍ണവില തിരിച്ചുകയറുന്നതാണ് ദൃശ്യമായത്.

ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക 50 ശതമാനം തീരുവ ചുമത്തിയത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ട്രംപ് നയത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണി ഇടിവിലാണ്. ഇതോടെ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ ആളുകള്‍ സ്വര്‍ണത്തിലേക്ക് തിരിഞ്ഞതാണ് സ്വര്‍ണവില ഉയരാന്‍ കാരണം.

വിദ്യാഭ്യാസ അവകാശ നിയമം: ന്യൂനപക്ഷ ഇളവ് പുനപ്പരിശോധിക്കണം: സുപ്രീം കോടതി

വിദ്യാഭ്യാസ അവകാശ നിയമം: ന്യൂനപക്ഷ ഇളവ് പുനപ്പരിശോധിക്കണം: സുപ്രീം കോടതി

ന്യൂഡല്‍ഹി: ന്യൂനപക്ഷ ഉടമസ്ഥതയിലുള്ള സ്‌കൂളുകളില്‍ കേന്ദ്രസര്‍ക്കാരിന്റെ വിദ്യാഭ്യാസ അവകാശ നിയമം(ആര്‍ടിഇ) ബാധകമല്ലെന്ന മുന്‍ ഉത്തരവ് പുനപ്പരിശോധിക്കേണ്ടതാണെന്ന് സുപ്രീം കോടതിയുടെ രണ്ടംഗ ബഞ്ച്. 2014ലെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി നിയമത്തിന്‍റെ അന്തസ്സത്തയ്ക്കു വിരുദ്ധമാണെന്ന് രണ്ടംഗ ബെഞ്ച് അഭിപ്രായപ്പെട്ടു.

വിഷയം വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടണമോയെന്ന് പരിശോധിക്കാന്‍ ജഡ്ജിമാരയ ദീപാങ്കര്‍ ദത്ത, മന്‍മോഹന്‍ എന്നിവരുടെ ബെഞ്ച് ചീഫ് ജസ്റ്റിസിനോട് അഭ്യര്‍ഥിച്ചു. ന്യൂനപക്ഷങ്ങള്‍ക്ക് വിദ്യഭ്യാസ പ്രവര്‍ത്തനത്തിനുള്ള ഭരണഘടനാ അവകാശത്തെ ചട്ടങ്ങള്‍ മറികടക്കാനുള്ള ഉപായമായി പലരും ഉപയോഗിക്കുന്നുവെന്നും കോടതി വിലയിരുത്തി.

നിലവാരം ഉറപ്പാക്കാനുള്ളതാണ് ആര്‍ടിഇ ബില്ലെന്നും ഭരണഘടനയുടെ 30ാം അനുഛേദം പ്രകാരം സ്ഥാപിക്കുന്ന സ്‌കൂളുകളുടെ ന്യൂനപക്ഷ സ്വഭാവത്തില്‍ മാറ്റം വരുത്തില്ലെന്നും കോടതി പറഞ്ഞു.

സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നുമുതല്‍ എട്ടുവരെ ക്ലാസുകളില്‍ പഠിപ്പിക്കാന്‍ നിലവില്‍ സര്‍വീസിലുള്ള അധ്യാപകരും അധ്യാപക യോഗ്യത പരീക്ഷ (ടെറ്റ്) പാസാകണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ജോലിയില്‍ തുടരാനും സ്ഥാനക്കയറ്റത്തിനും പരീക്ഷ പാസായേ തീരൂവെന്ന് കോടതി വ്യക്തമാക്കി.

വിരമിക്കാന്‍ അഞ്ചുവര്‍ഷം മാത്രം ബാക്കിയുള്ളവര്‍ക്ക് ഇളവുനല്‍കി. അഞ്ചുവര്‍ഷത്തില്‍ കൂടുതലുള്ളവര്‍ പരീക്ഷ പാസാകണം. അല്ലെങ്കില്‍ രാജി നല്‍കണം. ടെറ്റ് പരീക്ഷ ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്കും ബാധകമാണോ എന്നതടക്കമുള്ള വിഷയമാണ്‌ വിശാല ബെഞ്ചിലേക്ക് വിടാന്‍ കോടതി തീരുമാനിച്ചത്.

നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എഡ്യൂക്കേഷന്‍ ഒന്നു മുതല്‍ എട്ടു വരെയുള്ള ക്ലാസുകളിലെ അധ്യാപകര്‍ക്ക് 2010ലാണ് ടെറ്റ് പരീക്ഷ നിര്‍ബന്ധമാക്കിയത്. സര്‍വീസിലുള്ളവര്‍ക്ക് പരീക്ഷ നിര്‍ബന്ധമാക്കുന്നതിനെതിരെയാണ് അധ്യാപകര്‍ കോടതിയെ സമീപിച്ചത്. മഹാരാഷ്ട്രയിലെ അന്‍ജുമന്‍ ഇഷാദ് ഇ-തലീം ട്രസ്റ്റിന്റേതുള്‍പ്പെടെ ആര്‍ടിഇ നിയമവുമായി ബന്ധപ്പെട്ട അപ്പീലുകള്‍ പരിഗണിക്കുകയായിരുന്നു കോടതി.

2014ലെ പ്രമതി എഡ്യുക്കേഷണല്‍ ആന്റ് കള്‍ച്ചറല്‍ ട്രസ്റ്റ് കേസിലാണ് സര്‍ക്കാര്‍ സഹായത്തോടെയും അല്ലാതെയും പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ സ്‌കൂളുകള്‍ക്ക് വിദ്യാഭ്യാസ അവകാശം നിയമം ബാധകമല്ലെന്ന് അന്നത്തെ ചീഫ് ജസ്റ്റിസ് ആര്‍ എം ലോധ അധ്യക്ഷനായ ബെഞ്ച് വിധിച്ചത്.

തദ്ദേശ തെരഞ്ഞെടുപ്പ്; അന്തിമ വോട്ടര്‍പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും

തദ്ദേശ തെരഞ്ഞെടുപ്പ്; അന്തിമ വോട്ടര്‍പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് പ്രസിദ്ധീകരിക്കും. കഴിഞ്ഞ മാസം 30 ന് പ്രസിദ്ധീകരിക്കാനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. പട്ടികയില്‍ പേര് ചേര്‍ക്കാനും തിരുത്തലുകള്‍ വരുത്താനും അപേക്ഷിച്ചവരുടെ ഹിയറിങ്ങിനായി 29 വരെ സമയം നല്‍കിയ സാഹചര്യത്തിലാണ് പ്രസിദ്ധീകരണ തീയതി നീട്ടിയത്.

ഓണത്തിരക്ക്: അധിക സര്‍വീസുകളുമായി കൊച്ചി മെട്രോയും വാട്ടര്‍ മെട്രോയും

ഓണത്തിരക്ക്: അധിക സര്‍വീസുകളുമായി കൊച്ചി മെട്രോയും വാട്ടര്‍ മെട്രോയും

കൊച്ചി: ഓണത്തിരക്ക് കണക്കിലെടുത്ത് കൂടുതല്‍ സര്‍വീസുകളുമായി കൊച്ചി മെട്രോയും വാട്ടര്‍ മെട്രോയും. സെപ്റ്റംബര്‍ രണ്ടുമുതല്‍ നാലുവരെ ആലുവയില്‍ നിന്നും തൃപ്പൂണിത്തുറയില്‍ നിന്നും അവസാന സര്‍വീസ് രാത്രി 10.45നായിരിക്കും. തിരക്കുള്ള സമയങ്ങളില്‍ ആറു സര്‍വീസുകള്‍ അധികമായി നടത്തും.

വാട്ടര്‍ മെട്രോയും തിരക്കുള്ള സമയങ്ങളില്‍ അധിക സര്‍വീസുകള്‍ നടത്തും. 10 മിനിറ്റ് ഇടവിട്ട് സര്‍വീസുകള്‍ നടത്തും. രണ്ടുമുതല്‍ ഏഴുവരെയുള്ള തീയതികളില്‍ ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് ഹൈക്കോടതിയിലേക്ക് രാത്രി 9 വരെ സര്‍വീസ് നടത്താനാണ് തീരുമാനം.

ഓണത്തോട് അനുബന്ധിച്ച് യാത്രാത്തിരക്ക് പരിഹരിക്കാന്‍ ദക്ഷിണ റെയില്‍വേയും 97 ഓളം പ്രത്യേക സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ നഗരങ്ങളെ ബന്ധിപ്പിച്ചാണ് ഈ പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍. ഇതിന്റെ ഭാഗമായി മൂന്നു പുതിയ സ്പെഷ്ല്‍ ട്രെയിനുകള്‍ കൂടി റെയില്‍വേ അനുവദിച്ചു.

ഈ ട്രെയിനുകളുടെ റിസര്‍വേഷന്‍ ഇന്ന് രാവിലെ മുതല്‍ ആരംഭിച്ചു. ചെന്നൈ സെന്‍ട്രല്‍ തിരുവനന്തപുരം നോര്‍ത്ത് വണ്‍വേ എക്സ്പ്രസ് സ്പെഷല്‍, തിരുവനന്തപുരം നോര്‍ത്ത് സൂറത്ത് വണ്‍വേ എക്സ്പ്രസ് സ്പെഷ്ല്‍, മംഗലാപുരം സെന്‍ട്രല്‍ തിരുവനന്തപുരം നോര്‍ത്ത് എന്നിവയാണ് പുതുതായി അനുവദിച്ച ട്രെയിനുകള്‍.

മൂന്നു ദിവസം മുമ്പെത്തി; വിദ്യാര്‍ഥിനിയെ ആണ്‍സുഹൃത്തിന്റെ വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി

മൂന്നു ദിവസം മുമ്പെത്തി; വിദ്യാര്‍ഥിനിയെ ആണ്‍സുഹൃത്തിന്റെ വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി

കോഴിക്കോട്: എരഞ്ഞിപ്പാലത്ത് ബി.ഫാം വിദ്യാര്‍ഥിനിയെ ആണ്‍സുഹൃത്തിന്റെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അത്തോളി സ്വദേശി ആയിഷ റഷ (21) ആണ് മരിച്ചത്. മംഗളൂരുവില്‍ ബിഫാം വിദ്യാര്‍ഥിനിയാണ് ആയിഷ.

മംഗലാപുരത്ത് പഠിക്കുകയായിരുന്ന ആയിഷ മൂന്നു ദിവസം മുന്‍പാണ് ആണ്‍സുഹൃത്ത് ബഷീറുദ്ദീന്റെ വീട്ടിലെത്തിയതെന്നാണ് വിവരം. കോഴിക്കോട്ടെ ജിമ്മില്‍ ട്രെയിനറാണ് ബഷീറുദ്ദീന്‍. ഇയാള്‍ യുവതിയെ ബ്ലാക്ക് മെയില്‍ ചെയ്തതായും മര്‍ദിച്ചതായും ബന്ധുക്കള്‍ ആരോപിച്ചു. ആയിഷ കോഴിക്കോട്ടെത്തിയെങ്കിലും അത്തോളിയിലെ വീട്ടിലേക്ക് പോയിരുന്നില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.

ആത്മഹത്യ ആണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് പെണ്‍കുട്ടിയുടെ കുടുംബം ആരോപിക്കുന്നത്. സംഭവത്തില്‍ സുഹൃത്ത് എരഞ്ഞിപ്പാലം സ്വദേശി ബഷീറുദ്ദീനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയാണ്.

ഇന്നലെ രാത്രിയാണ് ആയിഷ മരിച്ചത്. ബഷീറുദ്ദീന്‍ ആണ് ആയിഷയെ ആശുപത്രിയില്‍ എത്തിച്ചത്. ആദ്യം ഭാര്യയെന്നാണ് ഇയാള്‍ ആശുപത്രി അധികൃതരോട് പറഞ്ഞതെന്നും പിന്നീട് സുഹൃത്തെന്ന് പറഞ്ഞതായും ബന്ധുക്കള്‍ ആരോപിക്കുന്നു. ആശുപത്രിയില്‍നിന്ന് അധികൃതര്‍ നടക്കാവ് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ യഥാര്‍ഥ മരണകാരണം എന്താണ് എന്നുള്ളത് വ്യക്തമാവുകയുള്ളൂ. കുറച്ച് കാലമായി വിദ്യാര്‍ഥിനി ഇവിടെ താമസിക്കുന്നുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം.