by Midhun HP News | Mar 3, 2026 | Latest News, കേരളം
തിരുവനന്തപുരം: ഗള്‍ഫ് രാജ്യങ്ങളില്‍ ഉടലെടുത്ത പ്രതിസന്ധിയില്‍ പ്രവാസികള്‍ക്ക് പൂര്‍ണ പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കും ജനങ്ങള്‍ക്കും കേരളത്തിന്റെ ഐക്യദാര്‍ഢ്യം അറിയിക്കുകയും ചെയ്തു. അതത് രാജ്യങ്ങളിലെ ഭരണാധികാരികളും പ്രാദേശിക ഭരണസംവിധാനങ്ങളും നല്‍കുന്ന നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്നും ഇന്ത്യന്‍ എംബസികളുമായും കോണ്‍സുലേറ്റുകളുമായും നിരന്തരം ബന്ധപ്പെടാനും അവര്‍ നല്‍കുന്ന ഔദ്യോഗിക വിവരങ്ങള്‍ മാത്രം സ്വീകരിക്കണമെന്നും മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ പറഞ്ഞു.
നിലവിലെ പ്രതിസന്ധികളെ മറികടക്കാന്‍ അവിടുത്തെ ഭരണാധികാരികള്‍ക്ക് കഴിയട്ടെ. ജീവിക്കുന്ന രാജ്യത്തെ ഭരണാധികാരികളും പ്രാദേശിക ഭരണസംവിധാനങ്ങളും നല്‍കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും അനുസരിക്കണം. ഇന്ത്യന്‍ എംബസികളുമായും കോണ്‍സുലേറ്റുകളുമായും നിരന്തരം ബന്ധപ്പെടാനും അവര്‍ നല്‍കുന്ന ഔദ്യോഗിക വിവരങ്ങള്‍ മാത്രം സ്വീകരിക്കാനും ശ്രദ്ധിക്കണം.
അടിസ്ഥാനരഹിതമായ വാര്‍ത്തകളും കിംവദന്തികളും വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുത്. അനാവശ്യ ഭീതി പരത്തുന്നതൊന്നും സാമൂഹിക മാധ്യമങ്ങള്‍ വഴിയോ അല്ലാതെയോ മറ്റുള്ളവരിലേക്ക് എത്തിക്കരുതെന്നും മുഖ്യമന്ത്രി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
പ്രവാസികള്‍ക്കും നാട്ടിലുള്ള അവരുടെ കുടുംബങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണ നല്‍കും. പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായി ചേര്‍ന്ന് എല്ലാ ഇടപെടലുകളും നടത്തുന്നുണ്ടെന്നും പിണറായി വിജയന്‍ അറിയിച്ചു.
by Midhun HP News | Mar 3, 2026 | Latest News, കേരളം
ന്യൂഡല്‍ഹി: യുദ്ധസാഹചര്യത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന വിമാന സര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിക്കുന്നതായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. കൊച്ചിയും കോഴിക്കോടുമടക്കം 6 ഇന്ത്യന്‍ വിമാനത്താവളങ്ങളിലേക്കടക്കമുള്ള സര്‍വീസുകളാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് പുനരാരംഭിക്കുന്നത്.
മസ്‌ക്കറ്റില്‍ നിന്ന് കൊച്ചി, കോഴിക്കോട്, ഡല്‍ഹി, മുംബൈ, മംഗളൂരു, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്ക് നാളെ (മാര്‍ച്ച് 3) മുതല്‍ സര്‍വീസുകള്‍ നടത്തുമെന്നാണ് അറിയിപ്പ്. നാളെ പ്രാദേശിക സമയം രാവിലെ 10:25 ന് മസ്‌കറ്റില്‍ നിന്ന് തിരുച്ചിറപ്പള്ളിയിലേക്കുള്ള വിമാനമായിരിക്കും ആദ്യം പുറപ്പെടുക. യാത്രക്കാര്‍ വിമാനങ്ങളുടെ ഏറ്റവും പുതിയ വിവരങ്ങള്‍ക്കായി വെബ്‌സൈറ്റോ വാട്‌സാപ്പ് സേവനമോ ഉപയോഗിക്കണമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വക്താവ് അറിയിച്ചു.
മസ്‌കറ്റ് സര്‍വീസ് തുടങ്ങുന്നുണ്ടെങ്കിലും യു എ ഇ, സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത്, ബഹ്റൈന്‍ എന്നീ രാജ്യങ്ങളിലേക്കുള്ള വിമാന വിലക്ക് മാര്‍ച്ച് 3 അര്‍ദ്ധരാത്രി വരെ തുടരും. നിലവിലെ സാഹചര്യത്തില്‍ വിമാനങ്ങള്‍ റദ്ദാക്കുന്നവര്‍ക്കും സമയം മാറ്റുന്നവര്‍ക്കും പ്രത്യേക ഇളവുകള്‍ അനുവദിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. യാത്രക്കാര്‍ക്ക് തങ്ങളുടെ ബുക്കിംഗുകള്‍ വെബ്സൈറ്റിലൂടെയോ എഐ അസിസ്റ്റന്റായ ‘ടിയ’ വഴിയോ ചെയ്യാവുന്നതാണ്. +91 63600 12345 എന്ന വാട്‌സാപ്പ് നമ്പറും സഹായത്തിനായി ലഭ്യമാണെന്ന് അധികൃതര്‍ അറിയിച്ചു.
by Midhun HP News | Mar 3, 2026 | Latest News, കേരളം
തിരുവനന്തപുരം: ഈ അധ്യയനവര്‍ഷത്തെ എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ക്ക് വ്യാഴാഴ്ച തുടക്കമാകും. ഈ മാസം 30 നാണ് പരീക്ഷകള്‍ അവസാനിക്കുക. 3031 പരീക്ഷ കേന്ദ്രങ്ങളാണ് ഉള്ളത്. കേരളത്തില്‍ 4,17,497 കുട്ടികള്‍ പത്താംക്ലാസ് പരീക്ഷ എഴുതും. ഗള്‍ഫ്മേഖലയില്‍ 633 കുട്ടികളും ലക്ഷദ്വീപില്‍ 386 പേരും പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പശ്ചിമേഷ്യന്‍ സംഘര്‍ഷം കാരണം ഗള്‍ഫിലെ വ്യാഴാഴ്ചത്തെ പരീക്ഷകള്‍ മാറ്റിയിട്ടുണ്ട്.
പരീക്ഷ നടത്തിപ്പിന് 26,000 അധ്യാപകര്‍ ഉണ്ടാകും. മൂല്യനിര്‍ണയ ക്യാമ്പുകള്‍ ഏപ്രില്‍ ഏഴിന് ആരംഭിച്ച് 28ന് പൂര്‍ത്തിയാകും. ഉത്തരക്കടലാസ് മൂല്യനിര്‍ണയത്തിനുള്ള അഡീഷണല്‍ ചീഫ് എക്സാമിനര്‍മാരുടെയും എക്സാമിനര്‍മാരുടെയും നിയമന ഉത്തരവ് അടുത്ത ആഴ്ച നല്‍കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. മെയ് മൂന്നാംവാരത്തിനുള്ളില്‍ എസ്എസ്എല്‍സി പരീക്ഷാ ഫലപ്രഖ്യാപനം നടത്താനാണ് തീരുമാനം.
ഒന്നാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ വ്യാഴാഴ്ച ആരംഭിച്ച് 27ന് അവസാനിക്കും. രണ്ടാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ വെള്ളിയാഴ്ച ആരംഭിച്ച് 28ന് അവസാനിക്കും. 4,11,025 വിദ്യാര്‍ഥികള്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാംവര്‍ഷ പരീക്ഷയും 4,52,437 വിദ്യാര്‍ഥികള്‍ രണ്ടാംവര്‍ഷ പരീക്ഷയും എഴുതും. 34,122 വിദ്യാര്‍ഥികള്‍ ഒന്നാംവര്‍ഷ ഇംപ്രൂവ്മെന്റ് പരീക്ഷ എഴുതും. ഫലപ്രഖ്യാപനം മെയ് 22ന് നടത്തും.
by Midhun HP News | Mar 3, 2026 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. പവന് 360 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,24,680 രൂപ. ഗ്രാമിന് 45 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 15,585 രൂപയാണ്.
പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ആഗോള വിപണിയില്‍ വന്‍കുതിപ്പ് നടത്തിയതിന് പിന്നാലെയാണ് കേരളത്തില്‍ ഇടിവ് രേഖപ്പെടുത്തിയത്. കഴിഞ്ഞ മൂന്ന് ദിവസം കൊണ്ടുമാത്രം 8440 രൂപയുടെ വര്‍ധനവാണ് സ്വര്‍ണത്തിനുണ്ടായത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.
കഴിഞ്ഞദിവസം സ്വര്‍ണവിലയില്‍ വന്‍ കുതിപ്പായിരുന്നു ഉണ്ടായിരുന്നത്. ഇസ്രയേലും യുഎസും ചേര്‍ന്ന് ഇറാനെതിരെ യുദ്ധം ആരംഭിച്ചതോടെയാണ് സ്വര്‍ണവിലയില്‍ കുതിപ്പുണ്ടായത്. ശനിയാഴ്ച രണ്ട് തവണയായി 5240 രൂപയാണ് പവന് വര്‍ധിച്ചത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ലക്ഷം കടന്നത്.
by Midhun HP News | Mar 3, 2026 | Latest News, കേരളം
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കലയുടെ തിരക്കിലാണ് തലസ്ഥാന നഗരി ഇന്ന്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും ലക്ഷക്കണക്കിന് സ്ത്രീജനങ്ങളാണ് പൊങ്കാലയിടാനായി തലസ്ഥാനത്തേക്ക് എത്തിച്ചേർന്നിരിക്കുന്നത്. എല്ലാ തവണത്തെയും പോലെ ഇത്തവണയും പൊങ്കാല ഇടാൻ നടി ചിപ്പിയും എത്തിയിരിക്കുകയാണ്. പൊങ്കാലയിടാൻ തുടങ്ങിയിട്ട് എത്ര വർഷമായി എന്ന ചോദ്യത്തിന് കൃത്യമായ ഒരു ഉത്തരം ചിപ്പിക്കും ഇല്ലായിരുന്നു. ഇത്രയും വർഷം ഇടാമെന്ന് വച്ചിട്ടല്ലല്ലോ ഇടുന്നത് എന്നായിരുന്നു ചിപ്പിയുടെ മറുപടി. ഒരുപാട് പ്രാര്‍ത്ഥനകളോടെ എല്ലാ വര്‍ഷവും ഇടണമെന്ന് ആഗ്രഹമാണ് ഉള്ളത്. അതുകൊണ്ട് ഒരു കണക്ക് ഇതുവരെയും നോക്കീട്ടില്ല. ഇങ്ങനെയൊക്കെ ചോദ്യം വരുമ്പോഴാണ് ഇത്രയും വര്‍ഷം ആയല്ലോ എന്ന തോന്നല്‍ വരുന്നതെന്നും ചിപ്പി പറഞ്ഞു. എല്ലാം നന്നായിട്ട് പോകണമെന്നാണ് പ്രാര്‍ത്ഥനയെന്നും വലിയ സന്തോഷത്തിലാണെന്നും ചിപ്പി കൂട്ടിച്ചേർത്തു.
എത്രാമത്തെ പൊങ്കാല ആണെന്ന് ചോദിച്ചാൽ തനിക്ക് അറിയില്ല എന്ന് തന്നെയായിരുന്നു ചിപ്പി കഴിഞ്ഞ വർഷവും പറഞ്ഞത്. ഇരുപത് വർഷം മേലെ ഉണ്ടാകും. ഒരുപാട് വർഷമായില്ലേ. എല്ലാവർഷവും തുടർച്ചയായി പൊങ്കാല ഇടുന്നുണ്ട്. ചെറുപ്പം മുതലേ ഇടുന്നതാണ്. ഇടയ്ക്ക് വിട്ടുംപോയിട്ടുണ്ട്. അതുകൊണ്ട് കൃത്യമായി പറയാനാവില്ല. എന്നാലും ഓരോ തവണ വരുമ്പോഴും പുതുതായി വരുമ്പോലെ ആണ് തോന്നുന്നത് എന്നും ചിപ്പി പറഞ്ഞിരുന്നു.
അതേസമയം, പൊങ്കാലയ്ക്ക് ശേഷം ചന്ദ്രഗ്രഹണമായതിനാൽ ഉച്ചകഴിഞ്ഞ് 3.10 മുതൽ രാത്രി 7 വരെ ക്ഷേത്ര ദർശനം ഉണ്ടാകില്ല. രാത്രി 8.30 ന് കുത്തിയോട്ട ബാലന്മാരെ ചൂരൽക്കുത്ത് ചടങ്ങ് നടക്കും. തുടർന്ന് രാത്രി 10.45 ന് മണക്കാട് ധർമശാസ്താ ക്ഷേത്രത്തിലേക്ക് ദേവിയുടെ എഴുന്നള്ളത്തു പുറപ്പെടും. നാളെ രാത്രി 9.45 ന് കാപ്പഴിച്ചു ദേവിയെ കുടിയിളക്കും. രാത്രി 12.45 ന് നടത്തുന്ന കുരുതി തർപ്പണത്തോടെയാണ് ഈവർഷത്തെ പൊങ്കാല ഉത്സവത്തിന് സമാപനമാകുക. പൊങ്കാല കഴിഞ്ഞ് മടങ്ങുന്നവർക്കായി അധിക ട്രെയിനുകൾ സർവീസ് നടത്തുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. കെഎസ്ആർടിസിയും പ്രത്യേക സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഗതാഗത നിയന്ത്രണങ്ങളും സുരക്ഷാ ക്രമീകരണങ്ങളും നഗരത്തിൽ ശക്തമാക്കിയിട്ടുണ്ട്. ഇന്ന് ജില്ലയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
by Midhun HP News | Mar 2, 2026 | Latest News, കേരളം
ആലപ്പുഴ: ആലപ്പുഴ മാന്നാറില്‍ കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം അച്ഛന്‍ ജീവനൊടുക്കി. മാന്നാര്‍ ശിവശൈലം വെള്ളിക്കിഴക്കേതില്‍ മനോജ് (45) ആണ് മരിച്ചത്. മക്കള്‍ ശിവഗംഗ, ശിവ കീര്‍ത്തന എന്നിവര്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.
സ്‌കൂളില്‍ നിന്ന് വിളിച്ചുകൊണ്ടു വരുന്ന വഴിയാണ് മനോജ് കുട്ടികള്‍ക്ക് വിഷം നല്‍കിയത്. സാമ്പത്തിക ബാധ്യതയാണ് സംഭവത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം. കാറില്‍ അബോധാവസ്ഥയില്‍ പാലത്തിനരികില്‍ കിടക്കുന്നത് കണ്ട നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. ജ്യൂസിലാണ് പെണ്‍കുട്ടികള്‍ക്ക് അച്ഛന്‍ വിഷം കലക്കി നല്‍കിയത്. വിഷമാണെന്ന് അറിയാതെയാണ് മക്കള്‍ ജ്യൂസ് കുടിച്ചതെന്നും പൊലീസ് പറഞ്ഞു. ശിവഗംഗ ആറാം ക്ലാസിലും ശിവ കീര്‍ത്തന രണ്ടാം ക്ലാസിലുമാണ് പഠിക്കുന്നത്.
Recent Comments