ലോറികളുടെ അനധികൃത പാര്‍ക്കിങ്, റോഡില്‍ മുന്നറിയിപ്പ് ബോര്‍ഡ് ഇല്ല; കൊല്ലം സുധിയുടെ ജീവന്‍ പൊലിഞ്ഞതും ഇവിടെ തന്നെ

ലോറികളുടെ അനധികൃത പാര്‍ക്കിങ്, റോഡില്‍ മുന്നറിയിപ്പ് ബോര്‍ഡ് ഇല്ല; കൊല്ലം സുധിയുടെ ജീവന്‍ പൊലിഞ്ഞതും ഇവിടെ തന്നെ

തൃശൂര്‍: ദേശീയപാത 66ല്‍ കയ്പമംഗലത്ത് എട്ടുപേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിന് കാരണം റോഡില്‍ അലക്ഷ്യമായി നിര്‍ത്തിയിട്ട ലോറിയും പ്രദേശത്ത് ലൈറ്റ് ഇല്ലാത്തതെന്നും ആരോപണം. അനധികൃതമായി മൂന്നു ലോറികള്‍ അപകടസമയത്ത് റോഡില്‍ പാര്‍ക്ക് ചെയ്തിരുന്നു. അപകടത്തിനു പിന്നാലെ ഇതില്‍ രണ്ടു ലോറികളുമായി ഡ്രൈവര്‍മാര്‍ സ്ഥലം വിട്ടെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. വെളിച്ചക്കുറവും ദിശാസൂചിക ബോര്‍ഡ് കൃത്യമായ സ്ഥലത്ത് സ്ഥാപിക്കാതിരുന്നതും അപകടത്തിനുള്ള മറ്റു കാരണങ്ങളായും നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നു.

ഇന്നലെ രാത്രി 12 മണിയോടെയാണ് ഗുരുവായൂര്‍ ഭാഗത്തുനിന്നു വന്ന കാര്‍ നിര്‍ത്തിയിട്ട ലോറിയിലിടിച്ച് ആണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന 5 പേരും സംഭവസ്ഥലത്തു തന്നെ മരിച്ചു. ഇവര്‍ ഡിണ്ടിഗല്‍ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികളാണ്. കൃത്യമായ സിഗ്‌നലുകള്‍ നല്‍കിയിട്ടില്ലെങ്കില്‍ ദീര്‍ഘദൂര വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് അത് വലിയ ബുദ്ധിമുട്ട് ഉണ്ടാകുന്നുണ്ട്. പലപ്പോഴും റോഡില്‍ ലോറികള്‍ നിര്‍ത്തിയിടാറുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു. നേരത്തെയും ഇത്തരത്തില്‍ അപകടം ഉണ്ടായിട്ടുണ്ടെന്നും പ്രദേശവാസികള്‍ പറഞ്ഞു. ഹാസ്യനടനും മിമിക്രി ആര്‍ട്ടിസ്റ്റുമായിരുന്ന കൊല്ലം സുധിയുടെ ജീവനെടുത്തതും കയ്പമംഗലത്തുണ്ടായ വാഹനാപകടത്തിലായിരുന്നെന്നും നാട്ടുകാര്‍ പറഞ്ഞു.

ലോറി നിര്‍ത്തിയിട്ടതില്‍ അനാസ്ഥയുണ്ടെങ്കില്‍ അത് പരിശോധിക്കുമെന്ന് മന്ത്രി ഒ ജെ ജനീഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇവിടെയുള്ള കാര്യങ്ങളോട് സഹകരിക്കാതെയാണ് നാഷണല്‍ ഹൈവേ അതോറിറ്റി നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്നത്. ജനങ്ങളുടെ ജീവന് ഒരു വിലയും അവര്‍ കല്‍പ്പിക്കുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ‘ദാരുണമായ സംഭവമാണ് നടന്നത്. ലോറി നിര്‍ത്തിയിട്ടത് അപകടകരമായ സാഹചര്യത്തിലാണെന്നാണ് അറിഞ്ഞത്.

അക്കാര്യം പരിശോധിക്കും. മരിച്ചവരുടെ കുടുംബാംഗങ്ങളെ വിവരങ്ങള്‍ അറിയിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. അപകടവുമായി ബന്ധപ്പെട്ട മറ്റുകാര്യങ്ങള്‍ പരിശോധിക്കും. ഹൈവേയിലെ മുന്നറിയിപ്പ് സംവിധാനങ്ങള്‍ കൃത്യമായി നടപ്പിലാക്കണമെന്ന് ഹൈവേ അതോറിറ്റിക്ക് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിലവില്‍ ലോറി നിര്‍ത്തിയിട്ടത് മുന്നറിയിപ്പുള്ള ഭാഗത്താണോ എന്നതില്‍ വ്യക്തതയില്ല. അത് പരിശോധിച്ച് നടപടിയെടുക്കും’-മന്ത്രി പറഞ്ഞു.

‘നാടന്‍ പാട്ടു മാത്രമല്ല, നാടന്‍ തല്ലും കൈവശമുണ്ടത്രേ’; പരിഹസിച്ച് ശിവന്‍ കുട്ടി

‘നാടന്‍ പാട്ടു മാത്രമല്ല, നാടന്‍ തല്ലും കൈവശമുണ്ടത്രേ’; പരിഹസിച്ച് ശിവന്‍ കുട്ടി

തിരുവനന്തപുരം: ചിറയിന്‍കീഴില്‍ രമ്യ ഹരിദാസ് എംഎല്‍എയും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായതില്‍ പരിഹാസവുമായി സിപിഎം നേതാവും മുന്‍ മന്ത്രിയുമായ വി ശിവന്‍ കുട്ടി. നാടന്‍ പാട്ടു മാത്രമല്ല, നാടന്‍ തല്ലും കൈവശമുണ്ടേ്രത എന്നാണ്, ആരുടെയും പേരു പരാമര്‍ശിക്കാതെ ഫെയ്‌സ്ബുക്കില്‍ ഇട്ട കുറിപ്പ്. തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ രമ്യാ ഹരിദാസിന്റെ നാടന്‍ പാട്ടുകള്‍ വൈറല്‍ ആയിരുന്നു. ഇതു പരാമര്‍ശിച്ചാണ് ശിവന്‍ കുട്ടിയുടെ പരിഹാസം.

തന്നെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ ആക്രമിച്ചുവെന്നാണ് സംഭവത്തിനു ശേഷം രമ്യ ഹരിദാസ് ആരോപിച്ചത്. എന്നാല്‍ എംഎല്‍എ ആക്രമിച്ചുവെന്നാണ് ജില്ലാ പഞ്ചായത്തംഗം സജിത്തിന്റെ ആരോപണം. പരിക്കേറ്റ രമ്യ ഹരിദാസ് ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

വെള്ളിയാഴ്ച രാവിലെ നടന്ന ബ്ലോക്ക്തല യോഗത്തിനു പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. സംഭവത്തില്‍ പരസ്പരം ഉയര്‍ത്തിയ ആരോപണങ്ങളില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ‘എന്റെ കൈ വിടടാ’ എന്ന് എംഎല്‍എ പറയുന്നതും ‘നീയാരാടാ’ എന്ന് ചോദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

എംഎല്‍എ, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്ത ഔദ്യോഗിക യോഗത്തില്‍ എംഎല്‍എയുടെ പിഎ ആയി പ്രവര്‍ത്തിക്കുന്ന പാളയം പ്രദീപ് പങ്കെടുത്തതാണ് പ്രശ്നങ്ങളുടെ തുടക്കം. പ്രദീപ് യോഗത്തില്‍ ചില കരാറുകാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. പ്രദീപ് യോഗത്തില്‍ പങ്കെടുത്തതിനെതിരെ പ്രാദേശിക തലത്തില്‍ വിമര്‍ശനം ഉയര്‍ന്നു.

യോഗത്തില്‍ പ്രദീപ് പങ്കെടുത്തതിന്റെ ദൃശ്യങ്ങള്‍ എംഎല്‍എ തന്നെ പിന്നീട് വാട്സ്ആപ്പ് ഗ്രൂപ്പില്‍ പങ്കുവയ്ക്കുകയും ചെയ്തു. ഇതിനെ ചോദ്യം ചെയ്ത് പ്രാദേശിക കോണ്‍ഗ്രസ് നേതാവായ സജാദ് ഗ്രൂപ്പില്‍ സന്ദേശമയച്ചു. പിന്നാലെ രാത്രി 9.30ന് രമ്യ ഹരിദാസും സംഘവും സജാദിന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നാണ് മറുഭാഗത്തിന്റെ ആക്ഷേപം.

വിവരമറിഞ്ഞ് ജില്ലാ പഞ്ചായത്ത് അംഗവും വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിനുമായ സജിത്ത് മുട്ടമ്പലം അടക്കമുള്ളവര്‍ സ്ഥലത്തെത്തി. ഇതോടെയാണ് തര്‍ക്കം കയ്യാങ്കളിയിലേക്ക് നീങ്ങിയതെന്നാണ് വിവരം. രാത്രി വൈകി ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലെത്തിയാണ് പൊലീസ് എംഎല്‍എയുടെ മൊഴിയെടുത്തത്.

രാത്രി റോഡില്‍വച്ച് പീഡിപ്പിക്കാന്‍ ശ്രമം, യുവതിയുടെ രക്ഷകരായി തെരുവുനായ്ക്കള്‍; അക്രമിയെ തുരത്തിയോടിച്ചു

രാത്രി റോഡില്‍വച്ച് പീഡിപ്പിക്കാന്‍ ശ്രമം, യുവതിയുടെ രക്ഷകരായി തെരുവുനായ്ക്കള്‍; അക്രമിയെ തുരത്തിയോടിച്ചു

കോയമ്പത്തൂര്‍: തെരുവില്‍ കഴിയുന്ന മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അക്രമിയെ തുരത്തിയോടിച്ച് തെരുവുനായ്ക്കള്‍. സംഭവത്തില്‍ 16 വയസുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറയുന്നു.

കഴിഞ്ഞദിവസം രാത്രി രണ്ടോടെ കോയമ്പത്തൂര്‍ തുടിയലൂര്‍ എന്‍ജിജിഒ കോളനി അശോകാപുരം മേഖലയിലെ റെയില്‍വേ മേല്‍പ്പാലത്തിന് സമീപമായിരുന്നു സംഭവം. യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിന്റെയും തെരുവുനായ്ക്കള്‍ അക്രമിയെ തുരത്തിയോടിക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സമീപത്തെ പെട്ടിക്കടയ്ക്ക് തീപിടിച്ചതിനെ കുറിച്ച് അന്വേഷിക്കുന്നതിന്റെ ഭാഗമായി പൊലീസ് സിസിടിവി പരിശോധിച്ചപ്പോഴാണ് യാദൃച്ഛികമായി ഈ ദൃശ്യങ്ങള്‍ കണ്ടത്.

കഴിഞ്ഞ ദിവസം രാത്രി രണ്ടിന് വാഹനങ്ങളോ ആള്‍പ്പെരുമാറ്റമോ ഇല്ലാത്ത റോഡില്‍ യുവതിക്ക് സമീപം രണ്ടു തെരുവുനായ്ക്കള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഈ സമയത്ത് ലഹരിക്ക് അടിമയായിരുന്ന പ്രതി യുവതിക്കടുത്തേയ്ക്ക് വരികയായിരുന്നു. പ്രതിയെ കണ്ടതോടെ തെരുവിലുണ്ടായിരുന്ന രണ്ട് നായ്ക്കള്‍ ഇയാള്‍ക്കരികില്‍ നിലയുറപ്പിച്ചു. ഇയാള്‍ കല്ലെടുത്തെറിഞ്ഞ് നായ്ക്കളെ ഓടിച്ചു. പ്രതി കടന്നുപിടിക്കാന്‍ ശ്രമിച്ചതോടെ യുവതി ബഹളംവെച്ചു. ഓടിയെത്തിയ നായ്ക്കള്‍ പ്രതിയെ നോക്കി കുരയ്ക്കുകയും കാലില്‍ കടിച്ചുവലിക്കുകയും ചെയ്തു. ഒടുവില്‍ ആക്രമണശ്രമം ഉപേക്ഷിച്ച് പ്രതി തിരിച്ചോടി. പ്രതിക്ക് പിന്നാലെ നായ്ക്കള്‍ ഓടുന്നതും ദൃശ്യങ്ങളിലുണ്ട്.

മുക്കാളി റെയിൽവേ സ്റ്റേഷനില്‍ ട്രാക്കിലേക്ക് ടിപ്പര്‍ മറിഞ്ഞു; ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു

മുക്കാളി റെയിൽവേ സ്റ്റേഷനില്‍ ട്രാക്കിലേക്ക് ടിപ്പര്‍ മറിഞ്ഞു; ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു

കണ്ണൂര്‍: മാഹിക്കും വടകരയ്ക്കും ഇടയില്‍ മുക്കാളി റെയിൽവേ സ്റ്റേഷനില്‍ റെയില്‍വേ ട്രാക്കിലേക്ക് ടിപ്പര്‍ ലോറി മറിഞ്ഞു. ഇരു ഭാഗത്തേക്കും ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു.

ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം. ടിപ്പര്‍ ഡ്രൈവര്‍ക്ക് അപസ്മാരം വന്നതോടെയാണ് അപകടമുണ്ടായത്. ആളപായം ഇല്ല. ട്രാക്കില്‍ നിന്ന് ഉടന്‍ തന്നെ ലോറി മാറ്റി ട്രെയിന്‍ ഗതാഗതം സാധാരണനിലയിലാക്കാനുള്ള ശ്രമം തുടരുകയാണ്.

റെയില്‍വേ സ്‌റ്റേഷന്റെ പ്ലാറ്റ്‌ഫോം വികസന പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. പ്ലാറ്റ്‌ഫോമിലേക്ക് മണ്ണുമായി വന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട് ലോറി ട്രാക്കിലേക്ക് വീഴുകയായിരുന്നു. പിന്‍ഭാഗം ട്രാക്കിലും മുന്‍ഭാഗം പ്ലാറ്റ്‌ഫോമിലും കിടക്കുന്ന നിലയിലാണ് ലോറി.

ഒറ്റയടിക്ക് 1360 രൂപ കുറഞ്ഞു; സ്വര്‍ണവില 1,14,000ല്‍ താഴെ

ഒറ്റയടിക്ക് 1360 രൂപ കുറഞ്ഞു; സ്വര്‍ണവില 1,14,000ല്‍ താഴെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് ഒറ്റയടിക്ക് 1360 രൂപയാണ് കുറഞ്ഞത്. 1,13,520 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 170 രൂപയാണ് കുറഞ്ഞത്. 14,190 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

തൊഴിലുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ നിന്നുള്ള അനൂകൂല റിപ്പോര്‍ട്ട് ആണ് സ്വര്‍ണവില കുറയാന്‍ പ്രധാന കാരണം. അമേരിക്കന്‍ സമ്പദ് വ്യവസ്ഥയില്‍ നിക്ഷേപകര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ് റിപ്പോര്‍ട്ട്. അനുകൂലമായ യുഎസ് ജോബ് ഡേറ്റ അടിസ്ഥാനമാക്കി പലിനിരക്ക് വര്‍ധിപ്പിക്കാന്‍ അമേരിക്കന്‍ കേന്ദ്രബാങ്ക് തയ്യാറായേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് യഥാര്‍ഥത്തില്‍ സ്വര്‍ണത്തിന് വിനയായത്. പലിശനിരക്ക് ഉയര്‍ത്തുന്നത് സ്വര്‍ണത്തിന്റെ ആകര്‍ഷണം കുറയ്ക്കാന്‍ ഇടയാക്കുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍. കൂടാതെ ഡോളര്‍ ശക്തിയാര്‍ജിച്ചതും സ്വര്‍ണവിലയെ ബാധിച്ചു.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

വിദേശത്ത് തൊഴില്‍ വാഗ്ദാനം; തട്ടിപ്പില്‍ വീഴരുതേ, അംഗീകൃത ഏജന്‍സിയെ എങ്ങനെ തിരിച്ചറിയാം

വിദേശത്ത് തൊഴില്‍ വാഗ്ദാനം; തട്ടിപ്പില്‍ വീഴരുതേ, അംഗീകൃത ഏജന്‍സിയെ എങ്ങനെ തിരിച്ചറിയാം

കൊച്ചി: സമൂഹമാധ്യമങ്ങൡ റിക്രൂട്ട്‌മെന്റ് തട്ടിപ്പുകള്‍ വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ മുന്നറിയിപ്പുമായി കൊച്ചി പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്‌സ്. ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങൡ നടക്കുന്ന തട്ടിപ്പുകളില്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.

ഇന്‍സ്റ്റഗ്രാമില്‍ നല്‍കുന്ന പരസ്യങ്ങള്‍ വഴി തട്ടിപ്പുകള്‍ വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് കൊച്ചി പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്സിന്റെ മുന്നറിയിപ്പ്. വിദേശ റിക്രൂട്ട്മെന്റിന് പണം നല്‍കുംമുന്‍പ് ഏജന്‍സികളുടെ വിശ്വാസ്യത ഉറപ്പാക്കണം.

അംഗീകൃത ഏജന്‍സിയാണോ എന്നറിയാന്‍ കേന്ദ്രവിദേശകാര്യമന്ത്രാലയത്തിന്റെ ഇ മൈഗ്രേറ്റ് പോര്‍ട്ടല്‍ പരിശോധിക്കണം. ഇതിനായി http://www.emigrate.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. ഇന്ത്യയില്‍ ലൈസന്‍സുള്ള ഏജന്‍സികളുടെ ലിസ്റ്റ് ഇതില്‍ കാണാം. ഉദ്യോഗാര്‍ഥികള്‍ പണം കൈമാറുന്നതിനുമുന്‍പു തന്നെ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്‌സ് ഓഫിസുമായി ബന്ധപ്പെടണം. നേരിട്ടും ഫോണ്‍ വഴിയും ബന്ധപ്പെടാം.

എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്‌സിന്റെ കൊച്ചി ഓഫീസിനെ സമീപിക്കാം. ടോള്‍ഫ്രീ നമ്പര്‍ -1800113090, കൊച്ചി-0484 2315400, 0484 2314900, 2314901 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. സമയം(9.00- 5.30)