വീണ്ടും വീണ്ടും മോഷണം നടത്തി കള്ളൻമാർ പൊലീസിനെ വെല്ലുവിളിക്കുന്നു

വീണ്ടും വീണ്ടും മോഷണം നടത്തി കള്ളൻമാർ പൊലീസിനെ വെല്ലുവിളിക്കുന്നു

മാറനല്ലൂർ: പൊലീസിനെ വെല്ലുവിളിച്ച് മാറനല്ലൂരിൽ കള്ളൻമാർ അരങ്ങ് വാഴുന്നു. രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം പൊലീസ് സ്റ്റേഷൻ പരിധിയിൽ വീണ്ടും മോഷണം നടത്തിയാണ് കള്ളൻമാർ പൊലീസിനെ വെല്ലുവിളിക്കുന്നത്. അതും അനവധി വാഹനങ്ങൾ രാത്രി കടന്നു പോകുന്ന പ്രധാന പാതയ്ക്ക് അരികിലുള്ള ഷോപ്പിൽ. ഞായർ രാത്രി ബാലരാമപുരം റോഡിൽ പെട്രോൾ പമ്പിനു സമീപം കണ്ടലയിലെ മൊബൈൽ ഷോപ്പ് കുത്തിത്തുറന്ന് മൊബൈൽ ഫോൺ കവർന്നു. 14നു രാത്രി തുടങ്ങിയ മോഷണ പരമ്പരയ്ക്ക് ഒടുവിലത്തെ സംഭവമാണ് മൊബൈൽ ഷോപ്പിലെ കവർച്ച. 11 ദിവസത്തിനിടെ വീടുകളിലും സ്ഥാപനങ്ങളിലുമായി 13 ഇടത്താണ് കവർച്ചയും കവർച്ച ശ്രമവും അരങ്ങേറിയത്.

ഒരു കേസിലും പ്രതികളെ കണ്ടെത്താനെന്നല്ല, തുമ്പുണ്ടാക്കാൻ പോലും മാറനല്ലൂർ പൊലീസിനു കഴിഞ്ഞില്ല. ‘എന്നാൽ പിന്നെ കാണട്ടെ’ എന്ന നിലയിലാണ് മാറനല്ലൂരിലെ മോഷ്ടാക്കൾ. കള്ളനെ തേടി രാത്രിയും പകലും കനത്ത നിരീക്ഷണമെന്നാണ് പൊലീസ് വാദം. ഇതിനായി പൊലീസ് രാത്രി കറങ്ങുന്നുവെന്നാണ് വയ്പ്. എസ്ഐയും എസ്എച്ച്ഒയും നേതൃത്വം നൽകുന്ന പട്രോളിങ് ടീം വേറെ. എന്നിട്ടും മോഷണത്തിന് ഒരു കുറവുമില്ല.

ഓണവിപണിയിൽ കുതിച്ചുയർന്ന് സ്വർണവിലയും; ഇന്നത്തെ നിരക്കുകൾ അറിയാം

ഓണവിപണിയിൽ കുതിച്ചുയർന്ന് സ്വർണവിലയും; ഇന്നത്തെ നിരക്കുകൾ അറിയാം

സംസ്ഥാനത്തെ സ്വർണവില വീണ്ടും കുതിക്കുന്നു. കഴിഞ്ഞ ദിവസം 80 രൂപ കുറഞ്ഞ് നേരിയ ആശ്വാസമുണ്ടായിരുന്ന വിപണിയിലാണ് ഇന്ന് വൻ കുതിച്ചുചാട്ടം ഉണ്ടായത്. പവന് 400 രൂപയാണ് ഇന്ന് വർദ്ധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിൻ്റെ വില മുക്കാൽ ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഓണവിപണിയിൽ സ്വർണ വിലയിൽ എന്ത് മാറ്റമുണ്ടാകും എന്ന് കാത്തിരുന്നവർക്ക് മുന്നിലാണ് അത്തം ദിനത്തിൽ തന്നെ വർദ്ധനവ് രേഖപ്പെടുത്തുന്നത്.

74,840 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വില. 9,355 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് ഇന്ന് നൽകേണ്ടത്.
ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുന്പോള്‍ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും.

ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ യെല്ലോ അലർട്ട്

ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ ഇന്ന് യെല്ലോ മുന്നറിയിപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മുന്നറിയിപ്പ്. വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ഒഡിഷ- പശ്ചിമ ബംഗാള്‍ തീരത്തിനു സമീപം സ്ഥിതിചെയ്യുന്ന ചക്രവാതച്ചുഴി ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാന്‍ സാധ്യത. ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് വരും ദിവസങ്ങളിലും നേരിയ/ഇടത്തരം മഴയ്ക്കും ഇന്ന് മുതല്‍ വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. നാളെ ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്.

വ്യാഴാഴ്ച തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ് കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

പൂ വിളി പൂ വിളി പൊന്നോണമായി….; ഓണത്തിന്റെ വരവറിയിച്ച് അത്തം പിറന്നു

പൂ വിളി പൂ വിളി പൊന്നോണമായി….; ഓണത്തിന്റെ വരവറിയിച്ച് അത്തം പിറന്നു

കൊച്ചി: ചിങ്ങമാസത്തിലെ പൊന്നോണത്തിന്റെ വരവറിയിച്ച് അത്തം പിറന്നു. ഇനിയുള്ള പത്തു നാളുകള്‍ വീട്ടുമുറ്റങ്ങളില്‍ പൂക്കളങ്ങള്‍ വിരിയും. ലോകമെങ്ങുമുളള മലയാളികള്‍ക്ക് ഇനി ആഘോഷത്തിന്റേയും ഉത്സവത്തിന്റേയും ദിനരാത്രങ്ങള്‍. സമഭാവനയുടെ സന്ദേശമോതുന്ന തിരുവോണത്തിനായി, മാവേലി മന്നനെ വരവേല്‍ക്കാന്‍ കേരളക്കരയൊരുങ്ങി.

പരിശുദ്ധിയുടെ തൂവെള്ള നിറമേഴും തുമ്പ മുതല്‍ ചെത്തി, മന്ദാരം, ചെണ്ടുമല്ലി, പിച്ചകപൂ തുടങ്ങിയവ കാഴ്ച്ചയൊരുക്കുന്ന പൂക്കളമായി ഇനിയുള്ള പത്തു നാളുകള്‍ വീട്ടുമുറ്റങ്ങള്‍ മാറും. അയല്‍പക്ക സംസ്ഥാനങ്ങളിലെ വസന്തവും മുറ്റങ്ങളെ അലങ്കരിക്കും. വിവിധ സംഘടനകളും ക്ലബ്ബുകളുമെല്ലാം പൂക്കളങ്ങളും വിവിധ കലാപരിപാടികളുമായി ഓണത്തെ വര്‍ണാഭമാക്കും.

ഓണത്തോട് അനുബന്ധിച്ച് സംസ്ഥാനത്ത് പൂ വിപണിയും സജീവമായിക്കഴിഞ്ഞു. കൂടാതെ ഓണാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി വിവിധ കലാ-കായിക വിനോദങ്ങളും നടക്കും. സംസ്ഥാന സര്‍ക്കാരിന്റെ ഓണാഘോഷങ്ങളും നടക്കും. ഓണത്തെ വരവേറ്റുകൊണ്ടുള്ള തൃപ്പൂണിത്തുറ അത്തച്ചമയഘോഷയാത്രയും ഇന്ന് നടക്കും.

സംസ്ഥാനത്തെ മുഴുവന്‍ കിണറുകളും ക്ലോറിനേറ്റ് ചെയ്യും; അമീബിക് മസ്തിഷ്‌ക ജ്വരം തടയാന്‍ ജനകീയ കാംപെയ്ന്‍

സംസ്ഥാനത്തെ മുഴുവന്‍ കിണറുകളും ക്ലോറിനേറ്റ് ചെയ്യും; അമീബിക് മസ്തിഷ്‌ക ജ്വരം തടയാന്‍ ജനകീയ കാംപെയ്ന്‍

തിരുവനന്തപുരം: അമീബിക് മസ്തിഷ്‌ക ജ്വരം (അമീബിക്ക് മെനിഞ്ചോഎന്‍സെഫലൈറ്റിസ്) തടയാന്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ആരോഗ്യ വകുപ്പ് ജനകീയ കാംപെയ്ന്‍ ആരംഭിക്കുന്നു. ഓഗസ്റ്റ് 30, 31 (ശനി, ഞായര്‍) ദിവസങ്ങളില്‍ സംസ്ഥാനത്തെ മുഴുവന്‍ വീടുകളിലേയും സ്ഥാപനങ്ങളിലേയും കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യുകയും ജലസംഭരണ ടാങ്കുകള്‍ തേച്ച് കഴുകി വൃത്തിയാക്കുകയും ചെയ്യണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലെ നിര്‍ദേശാനുസരണമാണ് തീരുമാനം.

വീടുകള്‍, ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഹോസ്റ്റലുകള്‍, ഫ്ളാറ്റുകള്‍ തുടങ്ങി എല്ലായിടത്തേയും ജലസംഭരണ ടാങ്കുകള്‍ വൃത്തിയാക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ഹരിതകേരളം മിഷന്‍, ജലവിഭവ വകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ നടക്കുന്ന ക്യാമ്പയിനില്‍ എല്ലാ ആരോഗ്യ പ്രവര്‍ത്തകരും സ്ഥാപനങ്ങളും പങ്കെടുക്കണമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. മന്ത്രിയുടെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗം ചേര്‍ന്ന് നിലവിലെ സ്ഥിതി വിലയിരുത്തി. ഈ വര്‍ഷം 41 അമീബിക് മസ്തിഷ്‌ക ജ്വരം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ 18 ആക്ടീവ് കേസുകളാണുള്ളത്.

തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലാണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ചികിത്സയ്ക്കാവശ്യമായ മരുന്നുകള്‍ ഉറപ്പാക്കാനും മന്ത്രി നിര്‍ദേശം നല്‍കി. റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍, വാട്ടര്‍ തീം പാര്‍ക്കുകള്‍, നീന്തല്‍ പരിശീലന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ ജലം ക്ലോറിനേറ്റ് ചെയ്യുകയും ക്ലോറിന്‍ അളവുകള്‍ പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതുമാണ്. ഇത് പാലിക്കാത്തവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമ പ്രകാരം നടപടി സ്വീകരിക്കുന്നതാണ്. കുടിവെള്ള സ്രോതസുകള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ പരിശോധിച്ച് ഉറപ്പ് വരുത്താന്‍ മന്ത്രി നിര്‍ദേശം നല്‍കി.

സംസ്ഥാനത്ത് പൊതുജനങ്ങള്‍ ഉപയോഗിക്കുന്ന മുഴുവന്‍ കുളങ്ങളും ജലസ്രോതസ്സുകളും വൃത്തിയാക്കലും അവയിലേക്കെത്തുന്ന മാലിന്യ വഴികള്‍ അടയ്ക്കലും ഉള്‍പ്പെടെ പൊതു ജല സ്രോതസുകളിലെ ശുദ്ധി ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണവും നടത്താനും നിര്‍ദേശം നല്‍കി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കുളങ്ങളിലും തടാകങ്ങളിലും മറ്റു ജലസ്രോതസുകളിലും അടിഞ്ഞു കൂടിയ പായലും മാലിന്യങ്ങളും നീക്കം ചെയ്യണം.

വെള്ളത്തിലിറങ്ങുന്നവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ കഴിക്കണം.
ഇതോടൊപ്പം ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും. ഓണ അവധിക്ക് ശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ക്യാമ്പയിനില്‍ അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പരിശീലനങ്ങളും ബോധവത്കരണവും നല്‍കും. സര്‍വൈലസിന്റെ ഭാഗമായി അമീബയുടെ സാന്നിദ്ധ്യം കണ്ടെത്തിയ കുളങ്ങളുടെയും ജലാശയങ്ങളുടെയും സമീപത്ത് ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ബോര്‍ഡുകള്‍ സ്ഥാപിക്കേണ്ടതാണ്. വിപുലമായ ജനകീയ ശുചീകരണ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കണം.

അമീബിക് മസ്തിഷ്‌കജ്വരം – പ്രതിരോധ മാര്‍ഗങ്ങള്‍

നിശ്ചലവും ശുദ്ധീകരിക്കാത്തതുമായ ജലാശയങ്ങളില്‍ ചാടുന്നത്, മുങ്ങുന്നത് എന്നിവ ഒഴിവാക്കുക.

നീന്തുമ്പോള്‍ അല്ലെങ്കില്‍ മുങ്ങേണ്ടി വരുന്ന സാഹചര്യങ്ങളില്‍, നോസ് പ്ലഗ് ഉപയോഗിക്കുക, അല്ലെങ്കില്‍ മൂക്ക് വിരലുകളാല്‍ മൂടുക.

ശുദ്ധീകരിക്കാത്ത ജലാശയങ്ങളില്‍ നീന്തുമ്പോള്‍ തല വെള്ളത്തിന് മുകളില്‍ സൂക്ഷിക്കുക.

ജലാശയങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍, ചെളി /അടിത്തട്ട് കുഴിക്കുന്നത്/ കലക്കുന്നത് എന്നിവ ഒഴിവാക്കുക.

നീന്തല്‍ക്കുളങ്ങള്‍, വാട്ടര്‍ തീം പാര്‍ക്കുകള്‍, സ്പാകള്‍ എന്നിവ ശുചിത്വത്തോടെ ക്ലോറിനേഷന്‍ ചെയ്ത്, ശരിയായ രീതിയില്‍ പരിപാലിക്കണം.

സ്പ്രിങ്കളറുകള്‍, ഹോസുകള്‍ എന്നിവയില്‍ നിന്നും വെള്ളം മൂക്കിനുള്ളില്‍ പതിക്കുന്ന സാഹചര്യം ഒഴിവാക്കുക.

തിളപ്പിച്ച് ശുദ്ധി വരുത്താത്ത വെള്ളം ഒരു കാരണവശാലും കുട്ടികളുടേയോ മുതിര്‍ന്നവരുടേയോ മൂക്കില്‍ ഒഴിക്കരുത്.

ക്ലോറിനേറ്റ് ചെയ്യാത്ത വെള്ളം ഉപയോഗിച്ച് കുളിക്കുമ്പോള്‍/ മുഖം കഴുകുമ്പോള്‍ വെള്ളം മൂക്കിനുള്ളിലേക്ക് പോകാതെ സൂക്ഷിക്കുക.

ജലാശയങ്ങള്‍ മലിനമാകാതെ സൂക്ഷിക്കുക

പൊതു ജലാശയങ്ങളിലേക്ക് വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മാലിന്യം ഒഴുക്കരുത്.

ജലവിതരണത്തിനും സംഭരണത്തിനും ഉപയോഗിക്കുന്ന ജല സംഭരണികളും, വലിയ ടാങ്കുകളും മൂന്ന് മാസം കൂടുമ്പോള്‍ നല്ലത് പോലെ തേച്ച് വൃത്തിയാക്കണം.

റാപ്പർ വേടനെതിരെ പുതിയ കേസ്

റാപ്പർ വേടനെതിരെ പുതിയ കേസ്

കൊച്ചി: റാപ്പര്‍ വേടനെതിരെ വീണ്ടും കേസ്. ഗവേഷക വിദ്യാർഥിനിയുടെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗിക അതിക്രമം തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കേസ്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ യുവതി നല്‍കിയ പരാതി പൊലീസിന് കൈമാറുകയായിരുന്നു.

2020 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. സംഗീത ഗവേഷകയാണ് പരാതിക്കാരി. ഗവേഷണത്തിന്‍റെ ഭാഗമായി പരാതിക്കാരി വേടനെ ബന്ധപ്പെട്ടുവെന്നും കൊച്ചിയിലെ ഒരു ഫ്ലാറ്റില്‍ വച്ച് പെണ്‍കുട്ടിയെ അപമാനിക്കാന്‍ വേടൻ ശ്രമിച്ചെന്നും ഇവിടെ നിന്നും പെണ്‍കുട്ടി ഓടിരക്ഷപ്പെടുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. തൃക്കാക്കര പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ വേടൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നതിനിടെയാണ് പുതിയ കേസ്.