സംസ്ഥാനത്തെ മുഴുവന്‍ കിണറുകളും ക്ലോറിനേറ്റ് ചെയ്യും; അമീബിക് മസ്തിഷ്‌ക ജ്വരം തടയാന്‍ ജനകീയ കാംപെയ്ന്‍

സംസ്ഥാനത്തെ മുഴുവന്‍ കിണറുകളും ക്ലോറിനേറ്റ് ചെയ്യും; അമീബിക് മസ്തിഷ്‌ക ജ്വരം തടയാന്‍ ജനകീയ കാംപെയ്ന്‍

തിരുവനന്തപുരം: അമീബിക് മസ്തിഷ്‌ക ജ്വരം (അമീബിക്ക് മെനിഞ്ചോഎന്‍സെഫലൈറ്റിസ്) തടയാന്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ആരോഗ്യ വകുപ്പ് ജനകീയ കാംപെയ്ന്‍ ആരംഭിക്കുന്നു. ഓഗസ്റ്റ് 30, 31 (ശനി, ഞായര്‍) ദിവസങ്ങളില്‍ സംസ്ഥാനത്തെ മുഴുവന്‍ വീടുകളിലേയും സ്ഥാപനങ്ങളിലേയും കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യുകയും ജലസംഭരണ ടാങ്കുകള്‍ തേച്ച് കഴുകി വൃത്തിയാക്കുകയും ചെയ്യണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലെ നിര്‍ദേശാനുസരണമാണ് തീരുമാനം.

വീടുകള്‍, ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഹോസ്റ്റലുകള്‍, ഫ്ളാറ്റുകള്‍ തുടങ്ങി എല്ലായിടത്തേയും ജലസംഭരണ ടാങ്കുകള്‍ വൃത്തിയാക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ഹരിതകേരളം മിഷന്‍, ജലവിഭവ വകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ നടക്കുന്ന ക്യാമ്പയിനില്‍ എല്ലാ ആരോഗ്യ പ്രവര്‍ത്തകരും സ്ഥാപനങ്ങളും പങ്കെടുക്കണമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. മന്ത്രിയുടെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗം ചേര്‍ന്ന് നിലവിലെ സ്ഥിതി വിലയിരുത്തി. ഈ വര്‍ഷം 41 അമീബിക് മസ്തിഷ്‌ക ജ്വരം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ 18 ആക്ടീവ് കേസുകളാണുള്ളത്.

തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലാണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ചികിത്സയ്ക്കാവശ്യമായ മരുന്നുകള്‍ ഉറപ്പാക്കാനും മന്ത്രി നിര്‍ദേശം നല്‍കി. റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍, വാട്ടര്‍ തീം പാര്‍ക്കുകള്‍, നീന്തല്‍ പരിശീലന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ ജലം ക്ലോറിനേറ്റ് ചെയ്യുകയും ക്ലോറിന്‍ അളവുകള്‍ പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതുമാണ്. ഇത് പാലിക്കാത്തവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമ പ്രകാരം നടപടി സ്വീകരിക്കുന്നതാണ്. കുടിവെള്ള സ്രോതസുകള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ പരിശോധിച്ച് ഉറപ്പ് വരുത്താന്‍ മന്ത്രി നിര്‍ദേശം നല്‍കി.

സംസ്ഥാനത്ത് പൊതുജനങ്ങള്‍ ഉപയോഗിക്കുന്ന മുഴുവന്‍ കുളങ്ങളും ജലസ്രോതസ്സുകളും വൃത്തിയാക്കലും അവയിലേക്കെത്തുന്ന മാലിന്യ വഴികള്‍ അടയ്ക്കലും ഉള്‍പ്പെടെ പൊതു ജല സ്രോതസുകളിലെ ശുദ്ധി ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണവും നടത്താനും നിര്‍ദേശം നല്‍കി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കുളങ്ങളിലും തടാകങ്ങളിലും മറ്റു ജലസ്രോതസുകളിലും അടിഞ്ഞു കൂടിയ പായലും മാലിന്യങ്ങളും നീക്കം ചെയ്യണം.

വെള്ളത്തിലിറങ്ങുന്നവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ കഴിക്കണം.
ഇതോടൊപ്പം ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും. ഓണ അവധിക്ക് ശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ക്യാമ്പയിനില്‍ അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പരിശീലനങ്ങളും ബോധവത്കരണവും നല്‍കും. സര്‍വൈലസിന്റെ ഭാഗമായി അമീബയുടെ സാന്നിദ്ധ്യം കണ്ടെത്തിയ കുളങ്ങളുടെയും ജലാശയങ്ങളുടെയും സമീപത്ത് ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ബോര്‍ഡുകള്‍ സ്ഥാപിക്കേണ്ടതാണ്. വിപുലമായ ജനകീയ ശുചീകരണ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കണം.

അമീബിക് മസ്തിഷ്‌കജ്വരം – പ്രതിരോധ മാര്‍ഗങ്ങള്‍

നിശ്ചലവും ശുദ്ധീകരിക്കാത്തതുമായ ജലാശയങ്ങളില്‍ ചാടുന്നത്, മുങ്ങുന്നത് എന്നിവ ഒഴിവാക്കുക.

നീന്തുമ്പോള്‍ അല്ലെങ്കില്‍ മുങ്ങേണ്ടി വരുന്ന സാഹചര്യങ്ങളില്‍, നോസ് പ്ലഗ് ഉപയോഗിക്കുക, അല്ലെങ്കില്‍ മൂക്ക് വിരലുകളാല്‍ മൂടുക.

ശുദ്ധീകരിക്കാത്ത ജലാശയങ്ങളില്‍ നീന്തുമ്പോള്‍ തല വെള്ളത്തിന് മുകളില്‍ സൂക്ഷിക്കുക.

ജലാശയങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍, ചെളി /അടിത്തട്ട് കുഴിക്കുന്നത്/ കലക്കുന്നത് എന്നിവ ഒഴിവാക്കുക.

നീന്തല്‍ക്കുളങ്ങള്‍, വാട്ടര്‍ തീം പാര്‍ക്കുകള്‍, സ്പാകള്‍ എന്നിവ ശുചിത്വത്തോടെ ക്ലോറിനേഷന്‍ ചെയ്ത്, ശരിയായ രീതിയില്‍ പരിപാലിക്കണം.

സ്പ്രിങ്കളറുകള്‍, ഹോസുകള്‍ എന്നിവയില്‍ നിന്നും വെള്ളം മൂക്കിനുള്ളില്‍ പതിക്കുന്ന സാഹചര്യം ഒഴിവാക്കുക.

തിളപ്പിച്ച് ശുദ്ധി വരുത്താത്ത വെള്ളം ഒരു കാരണവശാലും കുട്ടികളുടേയോ മുതിര്‍ന്നവരുടേയോ മൂക്കില്‍ ഒഴിക്കരുത്.

ക്ലോറിനേറ്റ് ചെയ്യാത്ത വെള്ളം ഉപയോഗിച്ച് കുളിക്കുമ്പോള്‍/ മുഖം കഴുകുമ്പോള്‍ വെള്ളം മൂക്കിനുള്ളിലേക്ക് പോകാതെ സൂക്ഷിക്കുക.

ജലാശയങ്ങള്‍ മലിനമാകാതെ സൂക്ഷിക്കുക

പൊതു ജലാശയങ്ങളിലേക്ക് വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മാലിന്യം ഒഴുക്കരുത്.

ജലവിതരണത്തിനും സംഭരണത്തിനും ഉപയോഗിക്കുന്ന ജല സംഭരണികളും, വലിയ ടാങ്കുകളും മൂന്ന് മാസം കൂടുമ്പോള്‍ നല്ലത് പോലെ തേച്ച് വൃത്തിയാക്കണം.

റാപ്പർ വേടനെതിരെ പുതിയ കേസ്

റാപ്പർ വേടനെതിരെ പുതിയ കേസ്

കൊച്ചി: റാപ്പര്‍ വേടനെതിരെ വീണ്ടും കേസ്. ഗവേഷക വിദ്യാർഥിനിയുടെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗിക അതിക്രമം തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കേസ്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ യുവതി നല്‍കിയ പരാതി പൊലീസിന് കൈമാറുകയായിരുന്നു.

2020 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. സംഗീത ഗവേഷകയാണ് പരാതിക്കാരി. ഗവേഷണത്തിന്‍റെ ഭാഗമായി പരാതിക്കാരി വേടനെ ബന്ധപ്പെട്ടുവെന്നും കൊച്ചിയിലെ ഒരു ഫ്ലാറ്റില്‍ വച്ച് പെണ്‍കുട്ടിയെ അപമാനിക്കാന്‍ വേടൻ ശ്രമിച്ചെന്നും ഇവിടെ നിന്നും പെണ്‍കുട്ടി ഓടിരക്ഷപ്പെടുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. തൃക്കാക്കര പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ വേടൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നതിനിടെയാണ് പുതിയ കേസ്.

പൂവിളിയുമായി ഓണമെത്തി; തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര നാളെ

പൂവിളിയുമായി ഓണമെത്തി; തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര നാളെ

കൊച്ചി: പൊന്നിന്‍ ചിങ്ങമാസത്തിലെ ഓണത്തെ വരവേല്‍ക്കാനൊരുങ്ങി മലയാളനാട്. ഓണത്തിന് പൂവിളിയുയര്‍ത്തി അത്തം നാളെ. ഓണാഘോഷത്തിന് തുടക്കം കുറിക്കുന്ന തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര നാളെ നടക്കും. ഓണമെത്തിയതോടെ സംസ്ഥാനത്തെമ്പാടും പൂക്കച്ചവട വിപണിയും സജീവമായി.

കൊച്ചി: പൊന്നിന്‍ ചിങ്ങമാസത്തിലെ ഓണത്തെ വരവേല്‍ക്കാനൊരുങ്ങി മലയാളനാട്. ഓണത്തിന് പൂവിളിയുയര്‍ത്തി അത്തം നാളെ. ഓണാഘോഷത്തിന് തുടക്കം കുറിക്കുന്ന തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര നാളെ നടക്കും. ഓണമെത്തിയതോടെ സംസ്ഥാനത്തെമ്പാടും പൂക്കച്ചവട വിപണിയും സജീവമായി. മന്ത്രി പി രാജീവ് അത്തപ്പതാക ഉയര്‍ത്തും. നടന്‍ ജയറാം ഘോഷയാത്ര ഫ്‌ലാഗ് ഓഫ് ചെയ്യും. തുടര്‍ന്ന് 9.30 ന് അത്തം ഘോഷയാത്ര ആരംഭിക്കും. നഗംര ചുറ്റിയശേഷം ഉച്ചയ്ക്ക് രണ്ടുമണിയോടെ തിരികെ ബോയ്‌സ് ഹൈസ്‌കൂള്‍ മൈതാനിയിലേക്ക് ഘോഷയാത്ര എത്തിച്ചേരും. വാദ്യമേളങ്ങള്‍, നാടന്‍ കലാരൂപങ്ങള്‍, നിശ്ചലദൃശ്യങ്ങള്‍ തുടങ്ങിയവ ഘോഷയാത്രയ്ക്ക് പൊലിമയേറ്റും. അത്താഘോഷത്തോടനുബന്ധിച്ച് വിവിധ കലാമത്സരങ്ങളും ആരംഭിച്ചിട്ടുണ്ട്.

മാസപ്പിറവി കണ്ടു; ഇന്ന് റബീഉല്‍ അവ്വല്‍ ഒന്ന്; നബിദിനം സെപ്റ്റംബര്‍ അഞ്ചിന്

മാസപ്പിറവി കണ്ടു; ഇന്ന് റബീഉല്‍ അവ്വല്‍ ഒന്ന്; നബിദിനം സെപ്റ്റംബര്‍ അഞ്ചിന്

കോഴിക്കോട് : കാപ്പാട് റബീഉല്‍ അവ്വല്‍ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് (തിങ്കള്‍) റബീഉല്‍ അവ്വല്‍ ഒന്ന് ആയിരിക്കും. നബിദിനം സെപ്റ്റംബര്‍ അഞ്ചിന് (വെള്ളിയാഴ്ച) ആയിരിക്കുമെന്നും ഖാസിമാര്‍ അറിയിച്ചു.

ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങളുടെ നാഇബ് കൂടിയായ കോഴിക്കോട് ഖാസി സയ്യിദ് നാസര്‍ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവരാണ് ഇക്കാര്യം അറിയിച്ചത്.

പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനം ഉള്‍ക്കൊള്ളുന്ന പുണ്യമാസമാണ് റബീഉല്‍ അവ്വല്‍. ഒമാനിലും റബീഉല്‍ അവ്വലിന് ഇന്ന് തുടക്കമാകുമെന്ന് മതകാര്യമന്ത്രാലയം അറിയിച്ചു. റബീഉൽ അവ്വൽ 12, അതായത് സെപ്റ്റംബർ 5 വെള്ളിയാഴ്ച ഒമാനിൽ നബിദിനം പ്രമാണിച്ച് പൊതു അവധിയായിരിക്കും.

ഇന്ന് പുതിയ ന്യൂനമര്‍ദത്തിന് സാധ്യത; നാളെ മുതല്‍ മഴ വീണ്ടും ശക്തമാകും

ഇന്ന് പുതിയ ന്യൂനമര്‍ദത്തിന് സാധ്യത; നാളെ മുതല്‍ മഴ വീണ്ടും ശക്തമാകും

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡീഷ- പശ്ചിമ ബംഗാള്‍ തീരത്തിനു സമീപം പുതിയ ന്യുനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയെന്നും ഇതിന്റെ സ്വാധീനഫലമായാണ് വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യതയെന്നുമാണ് മുന്നറിയിപ്പ്.

നാളെ ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ബുധനാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വ്യാഴാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുമാണ് ശക്തമായ മഴ മുന്നറിയിപ്പ്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം

കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ചൊവ്വ മുതല്‍ വ്യാഴാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 26/08/2025 മുതല്‍ 28/08/2025 വരെ: കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്നാണ് മുന്നറിയിപ്പ്.

ചൊവ്വാഴ്ച മുതല്‍ ശക്തമായ മഴ; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ചൊവ്വാഴ്ച മുതല്‍ ശക്തമായ മഴ; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദം സാധ്യത. കേരളത്തില്‍ അടുത്ത നാലു ദിവസം നേരിയ ഇടത്തരം മഴയ്ക്കും ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

നാളെ( തിങ്കളാഴ്ച) വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡീഷ- പശ്ചിമ ബംഗാള്‍ തീരത്തിനു സമീപമാണ് പുതിയ ന്യുനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുള്ളത്. ഇതിന്റെ സ്വാധീനഫലമായി ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ചൊവ്വാഴ്ച തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ബുധനാഴ്ച എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.