by Midhun HP News | Aug 22, 2025 | Latest News, കേരളം
തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ആഘോഷ ദിവസങ്ങളില്‍ യൂണിഫോം ധരിക്കേണ്ടതില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ഇതുസംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയതായും മന്ത്രി അറിയിച്ചു.
ഓണം, ക്രിസ്തുമസ്, റംസാന്‍ തുടങ്ങിയ ആഘോഷങ്ങള്‍ക്ക് യൂണിഫോമില്‍ ഇളവ് നല്‍കണമെന്ന് നിരവധി വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടിരുന്നുവെന്നും ഇത് ന്യായമാണെന്ന് ബോധ്യപ്പെട്ടതിനാലാണ് തീരുമാനമെന്നും ശിവന്‍കുട്ടി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.



by Midhun HP News | Aug 22, 2025 | Latest News, കേരളം
അമീബിക് മസ്തിഷ്‌ക ജ്വരം കേരളത്തില്‍ ആരോഗ്യത്തിന് ഭീഷണിയാവുകയാണ്. സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണത്തില്‍ അടുത്തിടെ വലിയ വര്‍ധനവ് രേഖപ്പെടുത്തിയത് ആശങ്കയുയര്‍ത്തുന്നതാണ്. 2025 ആഗസ്ത് വരെയുള്ള കണക്കുകള്‍ പ്രകാരം, സംസ്ഥാനത്ത് 20-ഓളം രോഗബാധ സംശയ കേസുകളും ആറ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ കോഴിക്കോട് ജില്ലയിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2016-2022 കാലഘട്ടത്തില്‍ കേരളത്തില്‍ ആകെ എട്ട് കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എന്നാല്‍ 2023-ല്‍ മാത്രം 36 രോഗ ബാധകളും 9 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഈ വര്‍ഷം കോഴിക്കോട് ജില്ലയില്‍ മാത്രം നിരവധി പേര്‍ക്ക് രോഗം സ്ഥി രീകരിക്കുകയും മരണങ്ങള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ഒരു മാസത്തിനിടെ ജില്ലയില്‍ മാത്രം മൂന്നു പേര്‍ക്കാണ് രോഗമുണ്ടായത്. ഒരു കുട്ടി മരിച്ചു. മൂന്നുമാസം പ്രായമായ കുഞ്ഞ് ചികിത്സയിലാണ്. ഒരു വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് അസുഖം വരുന്നത് ആദ്യമായാണ് എന്നതും വളരെ ഗൗരവമര്‍ഹിക്കുന്നതാണ്.
രോഗം തിരിച്ചറിയുന്നതില്‍ വര്‍ധനവുണ്ടായതാണ് കേസുകളുടെ എണ്ണം കൂടാനുള്ള പ്രധാന കാരണമായി പറയപ്പെടുന്നത്. കൂടാതെ, കാലാവസ്ഥാ മാറ്റങ്ങളും പരിസ്ഥിതി മലിനീകരണവും രോഗം പടരുന്നതിന് കാരണമാകുന്നുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രോഗത്തിന് മരണ നിരക്ക് വളരെ കൂടുതലാണ്. അതിനാല്‍, പൊതുജനങ്ങള്‍ക്ക് രോഗത്തെക്കുറിച്ചും പ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ചും അവബോധം നല്‍കേണ്ടത് അത്യാവശ്യമാണ്.

തലച്ചോറിനെ ബാധിക്കുന്ന അപൂര്‍വവും എന്നാല്‍ അതീവ ഗുരുതരവുമായ രോഗമാണിത്. നഗ്ലേറിയ ഫൗളേറി എന്നയിനം അമീബയാണ് രോഗത്തിന് കാരണം. ഈ അമീബയെ ‘മസ്തിഷ്‌കം ഭക്ഷിക്കുന്ന അമീബ’ (Braineating amoeba) എന്നും വിളിക്കാറുണ്ട്. കെട്ടിക്കിടക്കുന്നതും വൃത്തിയില്ലാത്തതുമായ ജലാശയങ്ങളിലാണ് സാധാരണയായി ഇവ കാണപ്പെടുന്നത്. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മുങ്ങിക്കുളിക്കുകയോ, നീന്തുകയോ ചെയ്യുമ്പോള്‍ അമീബ അടങ്ങിയ വെള്ളം മൂക്കിലൂടെ തലച്ചോറിലെത്തുന്നതാണ് രോഗകാരണം. ശുദ്ധീകരിക്കാത്ത കുളങ്ങള്‍, തടാകങ്ങള്‍, നദികള്‍, ചുടുനീരുറവകള്‍ തുടങ്ങിയ സ്ഥലങ്ങളിലെ വെള്ളത്തിലൂടെയാണ് അമീബ പ്രധാനമായും മനുഷ്യശരീരത്തില്‍ പ്രവേശിക്കുന്നത്. മൂക്കിലെ ശ്ലേഷ്മ സ്തരങ്ങളിലൂടെ സഞ്ചരിച്ച് മസ്തിഷ്‌കത്തിലെത്തുന്ന അമീബ തലച്ചോറിലെ കോശങ്ങളെ നശിപ്പിക്കാന്‍ തുടങ്ങുന്നു. ഇത് മാരകമായ അണു ബാധയ്ക്ക് കാരണമാകുന്നു. രോഗാണു ശരീരത്തില്‍ പ്രവേശിച്ച് സാധാരണയായി ഒന്നു മുതല്‍ 9 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകും.
തുടക്കത്തില്‍ സാധാരണ പനി പോലെ തോന്നാമെങ്കിലും പിന്നീട് ഗുരുതരമായ ലക്ഷണങ്ങളിലേക്ക് മാറും. കടുത്ത തലവേദനയാണ് പ്രധാന ലക്ഷണങ്ങള്‍. ഉയര്‍ന്ന പനി, ഓക്കാനം, ഛര്‍ദ്ദി, കഴുത്ത് വേദന, സംവേദനക്ഷമത നഷ്ടപ്പെടുക, വെളിച്ചത്തിലേക്ക് നോക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുക, ശരീരത്തിന് ബാലന്‍സ് നഷ്ടപ്പെടുക, അപസ്മാരം, ബോധക്ഷയം എന്നിവയും സംഭവിക്കുന്നു. രോഗം അതിവേഗം മൂര്‍ച്ഛിക്കുന്നു. ചികിത്സയില്ലാത്തപക്ഷം ദിവസങ്ങള്‍ക്കുള്ളില്‍ മരണം സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. കിണര്‍ വെള്ളത്തില്‍ മാത്രം കുളിപ്പിച്ച ചെറിയ കുട്ടിക്ക് രോഗം വന്നതു സംബന്ധിച്ച് ആശങ്ക നിലനില്‍ക്കുന്നുണ്ട്. കുട്ടിയുടെ വീട്ടിലെ കിണര്‍ വെള്ളത്തില്‍ നടത്തിയ പരിശോധനയില്‍ അമീബയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. മൂന്ന് മാസം പ്രായമായ കുട്ടിക്കാണ് രോഗ ലക്ഷണങ്ങള്‍ ക ണ്ടത്. കുളിപ്പിക്കുന്നതിനിടെ വെള്ളം മൂക്കിലൂടെയോ മറ്റോ അകത്ത് പ്രവേശിച്ചതാവാനാണ് സാധ്യത. മെഡിക്കല്‍ കോളജിലെ മൈക്രോബയോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഏത് തരം അമീബയാണ് ബാധിച്ചത് എന്നറിയാന്‍ സ്രവം ചണ്ഡീഗഢിലെ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. കിണറുകളിലെ വെള്ളം തണുപ്പുള്ളതും ഒഴുക്കുള്ളതുമായതിനാല്‍, ഈ അമീബയ്ക്ക് അവിടെ വളരാന്‍ അനുയോജ്യമായ സാഹചര്യമില്ല.

എന്നാല്‍, കിണറിനടുത്തുള്ള മലിനജലം കിണറിലേക്ക് കലരുകയോ, കിണര്‍ വളരെക്കാലം ഉപയോഗിക്കാതെ കിടന്ന് വെള്ളം കെട്ടിക്കിടക്കുകയോ ചെയ്താല്‍ അമീബയുടെ സാന്നിധ്യമുണ്ടാകാന്‍ സാധ്യതയുണ്ട്.
രോഗത്തിന് പ്രത്യേക ചികിത്സ ലഭ്യമല്ലാത്തതിനാല്‍ പ്രതിരോധമാണ് ഏറ്റവും പ്രധാനം. കെട്ടിക്കിടക്കുന്നതും വൃത്തിഹീനവുമായ വെള്ളത്തില്‍ കുളിക്കുന്നതും നീന്തുന്നതും ഒഴിവാക്കുക, മലിനജലവുമായി സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ മൂക്ക്, ചെവി, കണ്ണ് തുടങ്ങിയ ഭാഗങ്ങളില്‍ വെള്ളം കയറാതെ ശ്രദ്ധിക്കുക, ശുദ്ധീകരിക്കാത്ത ജലസ്രോതസ്സുകളില്‍നിന്ന് വെള്ളം നേരിട്ട് ഉപയോഗിക്കുന്നത് ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തുക മാത്രമാണ് രക്ഷ. കേരളത്തില്‍ അടുത്തിടെ രോഗം വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍, ആരോഗ്യവകുപ്പ് കര്‍ശന ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. പൊതു ജനങ്ങള്‍ വ്യക്തിപരമായ ശുചിത്വത്തിലും ചുറ്റുമുള്ള ജല സ്രോതസ്സുകളുടെ വൃത്തിയിലും അതീവ ശ്രദ്ധ പുലര്‍ത്തേണ്ടത് അത്യാവശ്യമാണ്.

by Midhun HP News | Aug 22, 2025 | Latest News, കേരളം
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. 15 രൂപയുടെ കുറവാണ് ഗ്രാമിന് ഉണ്ടായത്. പവന് 120 രൂപ കുറഞ്ഞതോടെ ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 73,720 രൂപയായി മാറി. അതേസമയം, വരും ദിവസങ്ങളില്‍ സ്വര്‍ണവില ഉയരുമെന്നാണ് പ്രവചനം. ആഗോള വിപണിയിലും സ്വര്‍ണവിലയില്‍ ഇടിവുണ്ടായിട്ടുണ്ട്. സ്‌പോട്ട് ഗോള്‍ഡ് വിലയില്‍ 0.3 ശതമാനം ഇടിവാണ് ഉണ്ടായത്. ഔണ്‍സിന് 3,337.95 ഡോളറായാണ് വില കുറഞ്ഞത്. യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 0.2 ശതമാനം ഇടിഞ്ഞ് 3,386.50 ഡോളറായി കുറഞ്ഞു.

യു.എസ് ഡോളര്‍ ഇന്‍ഡക്‌സ് 0.4 ശതമാനം ഉയര്‍ന്നു. ആഗോള വിപണിയില്‍ വില കുറയാനുള്ള പ്രധാന കാരണം ഇതാണ്. എന്നാല്‍, ഇത് വരും ദിവസങ്ങളില്‍ സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ മഞ്ഞലോഹത്തിന്റെ വില ഉയരുന്നതിന് ഇടയാക്കിയേക്കും.


by Midhun HP News | Aug 22, 2025 | Latest News, കേരളം
കൊച്ചി: ജനങ്ങളെ മറക്കുന്ന ഉദ്യോഗസ്ഥര്‍, ജനാധിപത്യത്തിന്റെ ലക്ഷ്യം തന്നെയാണു മറക്കുന്നതെന്ന് ഹൈക്കോടതി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മനുഷ്യത്വത്തോടെ പെരുമാറിയില്ലെങ്കില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ പരാജയമാകും. ബ്യൂറോക്രാറ്റുകള്‍ ജനാധിപത്യത്തിന്റെ സേവകരാണ്, യജമാനരല്ലെന്നും കോടതി ഓര്‍മിപ്പിച്ചു.
തഹസില്‍ദാരുടെ ഓഫിസില്‍ ബഹളം വച്ചെന്നും ഫയല്‍ പിടിച്ചുവാങ്ങി ജോലി തടസ്സപ്പെടുത്തിയെന്നും ആരോപിച്ചുള്ള കേസില്‍ കൊല്ലം പട്ടത്താനം സ്വദേശി മണിലാലിനെ കുറ്റവിമുക്തനാക്കിക്കൊണ്ടാണു ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഭരണപരമായ തീരുമാനങ്ങള്‍ കേവലം കടലാസില്‍ ഒതുങ്ങുന്നതല്ല, ജീവിതത്തെ ബാധിക്കുന്നതാണെന്നും കോടതി വ്യക്തമാക്കി.

ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ ഭരിക്കുന്നു എന്നതില്‍ ഒതുങ്ങുന്നതല്ല, ജനാധിപത്യത്തിന്റെ വിജയം. ഉദ്യോഗസ്ഥരുടെ മനുഷ്യത്വപരമായ നിലപാട് ആ ഭരണത്തെ എങ്ങനെ പിന്തുണയ്ക്കുന്നു എന്നതും പ്രധാനമാണ്. അപേക്ഷകളില്‍ നിയമപരമായി മാത്രം തീരുമാനമെടുക്കാന്‍ വിധിക്കപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പെരുമാറ്റത്തില്‍ മനുഷ്യത്വം കാത്തുസൂക്ഷിക്കണം. ഓഫിസിലെത്തുന്നവര്‍ പ്രകോപനപരമായി പെരുമാറിയാലും ക്ഷമ കൈവെടിയരുതെന്നും കോടതി ഓര്‍മ്മിപ്പിച്ചു.
2020 ലാണ് കേസിനാധാരമായ സംഭവം നടന്നത്. മണിലാലിന്റെ ഭാര്യാപിതാവു സ്ഥലം പോക്കുവരവു ചെയ്യാന്‍ അപേക്ഷ നല്‍കിയെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ തഹസില്‍ദാര്‍ അനുവദിച്ചില്ല. പിന്നീട് താലൂക്ക് ഓഫിസിലെ അദാലത്തില്‍ മറ്റൊരാളുടെ സാന്നിധ്യം അനുവദനീയമല്ലെന്നു പറഞ്ഞ് ഹിയറിങ്ങിനു വിസമ്മതിച്ചു. അതോടെ മണിലാല്‍ പ്രകോപിതനായി ക്ലാര്‍ക്കിന്റെ പക്കല്‍ നിന്നു ഫയല്‍ പിടിച്ചുവാങ്ങി മേശപ്പുറത്ത് ഇട്ടെന്നും കസേര നിലത്തടിച്ചെന്നുമായിരുന്നു പരാതി.

അസഭ്യം പറഞ്ഞതിനും ആക്രമിച്ചതിനും ജോലി തടസ്സപ്പെടുത്തിയതിനുമാണ് പൊലീസ് കുറ്റപത്രം നല്‍കിയത്. വിടുതല്‍ ഹര്‍ജിയില്‍ കൊല്ലം മജിസ്‌ട്രേട്ട് കോടതി രണ്ടു വകുപ്പുകള്‍ ഒഴിവാക്കിയെങ്കിലും ജോലി തടസ്സപ്പെടുത്തിയതിനു വിചാരണ നേരിടാന്‍ നിര്‍ദേശിച്ചതു ചോദ്യം ചെയ്താണു ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ബാങ്ക് മാനേജരായ ഹര്‍ജിക്കാരന്‍ ഇത്തരം പെരുമാറ്റം ഒഴിവാക്കേണ്ടതായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ അനുഭാവപൂര്‍വം പെരുമാറിയിരുന്നെങ്കില്‍ ഒഴിവാക്കാമായിരുന്ന സംഭവമായിരുന്നു ഇതെന്നുമാണ് ഹൈക്കോടതി പറഞ്ഞത്.

by Midhun HP News | Aug 22, 2025 | Latest News, കേരളം
ചെന്നൈ: അടുത്ത വര്‍ഷം നടക്കുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ മധുരൈ ഈസ്റ്റ് മണ്ഡലത്തില്‍ നിന്ന് ടിവികെ സ്ഥാനാര്‍ഥിയായി താന്‍ ജനവിധി തേടുമെന്ന് നടന്‍ വിജയ്. മധുരൈ ജില്ലയിലെ മറ്റ് ഒന്‍പത് മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികളെയും അദ്ദേഹം പ്രഖ്യാപിച്ചു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ടിവികെ അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മുഖ്യഎതിരാളി ഡിഎംകെയാണെന്നും സിംഹം പുറത്തിറങ്ങുന്നത് വേട്ടയ്ക്കാണെന്നും മഹാസമ്മേളനത്തെ അഭിസംബോധന ചെയ്ത് വിജയ് പറഞ്ഞു

തമിഴ്നാട്ടിലെ 234 മണ്ഡലങ്ങളിലും ടിവികെ പ്രവര്‍ത്തകര്‍ മത്സരിക്കുകയാണെങ്കില്‍ അത് താന്‍ മത്സരിക്കുന്നതിന് തുല്യമായിരിക്കുമെന്നും ടിവികെയ്ക്ക് നല്‍കുന്ന ഓരോ വോട്ടും തനിക്കുള്ള വോട്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെതിരെ രൂക്ഷമായി വിമര്‍ശനമാണ് സമ്മേളനത്തില്‍ വിജയ് ഉയര്‍ത്തിയത്. സ്ത്രീകളെയും സര്‍ക്കാര്‍ ജീവനക്കാരെയും മറ്റ് വിഭാഗം ജനങ്ങളെയും വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി വഞ്ചിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി അധികാരത്തിലെത്തുമെന്നും ഡിഎംകെയെ ജനം കൈയൊഴിയുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയും കേന്ദ്ര സര്‍ക്കാരും തമിഴ്‌നാടിനോട് കാണിക്കുന്ന അവഗണനയും വിജയ് എടുത്തുപറഞ്ഞു. നടനും രാഷ്ട്രീയക്കാരനുമായ അന്തരിച്ച വിജയ്കാന്തിനെ വിജയ് പ്രശംസിക്കുകയും ചെയ്തു.

നേതാക്കളുടെ ഛായാചിത്രങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം, വിജയ് പാര്‍ട്ടി പതാക ഉയര്‍ത്തി. വേദിയിലിരുന്ന തമിഴക വെട്രി കഴകത്തിന്റെ എല്ലാ പാര്‍ട്ടി നേതാക്കളും പാര്‍ട്ടി പ്രതിജ്ഞയെടുത്തു. ടിവികെയുടെ രണ്ടാം സംസ്ഥാനതല സമ്മേളനം നാടോടി സംഗീതജ്ഞരുടെ സാംസ്‌കാരിക പ്രകടനങ്ങളോടെയാണ് ആരംഭിച്ചത്. മധുര ജില്ലയിലെ പരപതിയില്‍ സജ്ജീകരിച്ച വേദിയില്‍ ഒന്നര ലക്ഷത്തിലധികം പേര്‍ക്ക് പങ്കെടുക്കാവുന്ന ക്രമീകരണങ്ങള്‍ ഉണ്ടായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ പാര്‍ട്ടി നേതാവിനെ ഒരു നോക്ക് കാണാന്‍ ആകാംക്ഷയോടെ അണികളും ആരാധകരും തിങ്ങിനിറഞ്ഞിരുന്നു.
വേദിയുടെ മധ്യത്തിലൂടെ നിര്‍മിച്ച 300 മീറ്റര്‍ നീളമുള്ള റാമ്പിലൂടെ നടന്നാണ് 51 കാരനായ വിജയ് അനുയായികളെ അഭിസംബോധന ചെയ്യുന്നത്. റാമ്പിന്റെ ഇരുവശത്തും നൂറുകണക്കിന് ബൗണ്‍സര്‍മാരും നിലയുറപ്പിച്ചിട്ടുണ്ട്. അതിനിടയില്‍ ടിവികെ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ ആരാധകന്‍ കുഴഞ്ഞു വീണു മരിച്ചുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. 2024 ഫെബ്രുവരിയിലാണ് തമിഴഗ വെട്രി കഴകം എന്ന പാര്‍ട്ടിക്ക് തുടക്കം കുറിച്ചുകൊണ്ട് വിജയിന്റെ രാഷ്ട്രീയ പ്രവേശനം. എട്ട് മാസങ്ങള്‍ക്ക് ശേഷം, ഒക്ടോബര്‍ 27 ന് വില്ലുപുരം ജില്ലയിലെ വിക്രവണ്ടിയില്‍ പാര്‍ട്ടിയുടെ ആദ്യ സംസ്ഥാനതല സമ്മേളനം നടന്നു.2026-ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് രണ്ടാം സംസ്ഥാന സമ്മേളനം നടക്കുന്നത്.
by Midhun HP News | Aug 22, 2025 | Latest News, കേരളം
കോട്ടയം: സിഎംഎസ് കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പിനിടെ എസ്എഫ്‌ഐ-കെഎസ്യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ക്യാംപസില്‍ സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് പൊലീസ് ലാത്തി വീശി. എസ്എഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തെന്ന് ആരോപിച്ചും പ്രതിഷേധവുമായി എത്തിയ നേതാക്കള്‍ പൊലീസ് വാഹനത്തില്‍ നിന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകരെ തിരിച്ചിറക്കി.

തെരഞ്ഞെടുപ്പില്‍ 37 വര്‍ഷത്തിന് ശേഷം കെ എസ് യു ഭൂരിപക്ഷം നേടി. യൂണിയന്‍ ഭരണം കെ എസ് യുവിന് ലഭിക്കുന്ന പശ്ചാത്തലത്തില്‍ നടന്ന വാക്കുതര്‍ക്കമാണ് സംഘര്‍ഷാവസ്ഥയിലേക്ക് നയിച്ചത്. ബസേലിയസ് കോളജില്‍ വിജയിച്ച കെഎസ്യു പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും വൈകിട്ടോടെ പ്രകടനമായി സിഎംഎസ് കോളജിലെത്തിയിരുന്നു.

സിഎംഎസ് കോളജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകരും പുറത്തുനിന്നെത്തിയ സിപിഎം പ്രവര്‍ത്തകരും ബസേലിയസില്‍ നിന്നുവന്ന ഐ- കെ എസ് യു പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടാവുകയായിരുന്നു. കോട്ടയത്തെ ഡിവൈഎഫ്‌ഐ, സിപിഎം നേതാക്കളും ക്യാംപസിനുള്ളില്‍ പ്രവേശിച്ചു. കൗണ്ടിങ് ഹാളിനു മുന്നില്‍ എസ്എഫ്‌ഐ നേതാക്കള്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. വ്യാപക കല്ലേറുമുണ്ടായി. ഇതിനിടെ സ്ഥലത്തെത്തിയ പൊലീസ് സൂപ്രണ്ടിന്റെ വാഹനവും മറ്റൊരു വാഹനവും ആക്രമിക്കപ്പെട്ടു.

Recent Comments