by Midhun HP News | Aug 22, 2025 | Latest News, കേരളം
കോട്ടയം: സിഎംഎസ് കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പിനിടെ എസ്എഫ്‌ഐ-കെഎസ്യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ക്യാംപസില്‍ സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് പൊലീസ് ലാത്തി വീശി. എസ്എഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തെന്ന് ആരോപിച്ചും പ്രതിഷേധവുമായി എത്തിയ നേതാക്കള്‍ പൊലീസ് വാഹനത്തില്‍ നിന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകരെ തിരിച്ചിറക്കി.

തെരഞ്ഞെടുപ്പില്‍ 37 വര്‍ഷത്തിന് ശേഷം കെ എസ് യു ഭൂരിപക്ഷം നേടി. യൂണിയന്‍ ഭരണം കെ എസ് യുവിന് ലഭിക്കുന്ന പശ്ചാത്തലത്തില്‍ നടന്ന വാക്കുതര്‍ക്കമാണ് സംഘര്‍ഷാവസ്ഥയിലേക്ക് നയിച്ചത്. ബസേലിയസ് കോളജില്‍ വിജയിച്ച കെഎസ്യു പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും വൈകിട്ടോടെ പ്രകടനമായി സിഎംഎസ് കോളജിലെത്തിയിരുന്നു.

സിഎംഎസ് കോളജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകരും പുറത്തുനിന്നെത്തിയ സിപിഎം പ്രവര്‍ത്തകരും ബസേലിയസില്‍ നിന്നുവന്ന ഐ- കെ എസ് യു പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടാവുകയായിരുന്നു. കോട്ടയത്തെ ഡിവൈഎഫ്‌ഐ, സിപിഎം നേതാക്കളും ക്യാംപസിനുള്ളില്‍ പ്രവേശിച്ചു. കൗണ്ടിങ് ഹാളിനു മുന്നില്‍ എസ്എഫ്‌ഐ നേതാക്കള്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. വ്യാപക കല്ലേറുമുണ്ടായി. ഇതിനിടെ സ്ഥലത്തെത്തിയ പൊലീസ് സൂപ്രണ്ടിന്റെ വാഹനവും മറ്റൊരു വാഹനവും ആക്രമിക്കപ്പെട്ടു.

by Midhun HP News | Aug 22, 2025 | Latest News, കേരളം
തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ആഘോഷ ദിവസങ്ങളില്‍ യൂണിഫോം ധരിക്കേണ്ടതില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇതുസംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയതായും മന്ത്രി അറിയിച്ചു.
ഓണം, ക്രിസ്തുമസ്, റംസാന്‍ തുടങ്ങിയ ആഘോഷങ്ങള്‍ക്ക് യൂണിഫോമില്‍ ഇളവ് നല്‍കണമെന്ന് നിരവധി വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടിരുന്നുവെന്നും ഇത് ന്യായമാണെന്ന് ബോധ്യപ്പെട്ടതിനാലാണ് തീരുമാനമെന്നും ശിവന്‍കുട്ടി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

മന്ത്രിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം
പ്രിയപ്പെട്ട വിദ്യാര്‍ത്ഥികളെ, അധ്യാപകരെ, രക്ഷിതാക്കളെ,
വിദ്യാലയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം നിര്‍ബന്ധമാണല്ലോ. എന്നാല്‍ ഓണം, ക്രിസ്മസ്, റംസാന്‍ തുടങ്ങിയ ആഘോഷങ്ങള്‍ക്ക് സ്‌കൂളുകളില്‍ പരിപാടികള്‍ നടക്കുമ്പോള്‍ യൂണിഫോമില്‍ ഇളവ് നല്‍കണമെന്ന് ധാരാളം കുട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ന്യായമാണെന്ന് ബോധ്യപ്പെട്ടു.

അതുകൊണ്ട്, ഇനി മുതല്‍ ഈ മൂന്ന് പ്രധാന ആഘോഷങ്ങള്‍ സ്‌കൂളില്‍ ആഘോഷിക്കുമ്പോള്‍ കുട്ടികള്‍ക്ക് യൂണിഫോം നിര്‍ബന്ധമില്ല. ഇത് സംബന്ധിച്ച ഉത്തരവ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുറത്തിറക്കി. ഇത് വിദ്യാലയ അന്തരീക്ഷത്തില്‍ കൂടുതല്‍ സന്തോഷവും വര്‍ണ്ണാഭമായ ഓര്‍മ്മകളും നല്‍കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.
എല്ലാവര്‍ക്കും എന്റെ സ്നേഹം നിറഞ്ഞ ആശംസകള്‍.

by Midhun HP News | Aug 22, 2025 | Latest News, കേരളം
കൊച്ചി: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൊച്ചിയിലെത്തി. ഇന്ന് എറണാകുളത്ത് ബിജെപി സംസ്ഥാന നേതൃയോഗം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും. രാവിലെ പത്ത് മണിക്ക് പാലാരിവട്ടത്ത് നടക്കുന്ന പരിപാടിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അധ്യക്ഷത വഹിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ വിലയിരുത്തലാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സന്ദര്‍ശന ലക്ഷ്യം.

കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, മുന്‍ സംസ്ഥാന അധ്യക്ഷന്മാരായ കുമ്മനം രാജശേഖരന്‍, പി കെ കൃഷ്ണദാസ്, വി മുരളീധരന്‍, കെ സുരേന്ദ്രന്‍, ബിജെപി സംസ്ഥാന ഭാരവാഹികള്‍, ജില്ലാ അധ്യക്ഷന്മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. നേതൃയോഗത്തിന്റെ തുടര്‍ച്ചയായി ശനിയാഴ്ച രാവിലെ മുതല്‍ തൃശൂരില്‍ ബിജെപി സംസ്ഥാന ശില്‍പ്പശാലയും നടക്കും.

അമിത് ഷായുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഇന്ന് കൊച്ചിയില്‍ ഗതാഗത നിയന്ത്രണമുണ്ടാകും. ഇന്ന് രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് 2 മണിവരെ ബോള്‍ഗാട്ടി ജംഗ്ഷന്‍, ഗോശ്രീ പാലം, ഹൈക്കോടതി ജംഗ്ഷന്‍, ബാനര്‍ജി റോഡ്, കലൂര്‍, പാലാരിവട്ടം, ഇടപ്പള്ളി, കളമശ്ശേരി, മുട്ടം എന്നിവിടങ്ങളില്‍ ഗതാഗത നിയന്ത്രണമുണ്ടാകും. വെള്ളിയാഴ്ച നേതൃയോഗത്തില്‍ പങ്കെടുക്കുന്ന അമിത് ഷാ പിന്നീട് ചെന്നൈയിലേക്ക് പോകും.

by Midhun HP News | Aug 21, 2025 | Latest News, കേരളം
പാലക്കാട്: പാലക്കാട് വ്യാസ വിദ്യാപീഠം സ്‌കൂളിന്റെ സമീപം സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയതിലും ഇതിലൊന്ന് പൊട്ടിത്തെറിച്ച് വിദ്യാര്‍ഥിക്ക് പരിക്കേറ്റതുമായ സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. സംഭവം സര്‍ക്കാര്‍ വളരെ ഗൗരവമായാണ് കാണുന്നതെന്നും ഇക്കാര്യം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.

ഇന്നലെ വൈകീട്ടാണ് പാലക്കാട് വ്യാസാ വിദ്യാപഠം പ്രൈമറി സിബിഎസ്ഇ സ്‌കുളിന് സമീപത്തുനിന്നും സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തത്. സംഭവത്തില്‍ പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് എക്സ്പ്ലോസീവ് സബ്സ്റ്റാന്‍സസ് ആക്ട്, ജുവനൈല്‍ ജസ്റ്റിസ് ആക്ട്, എന്നിവ പ്രകാരം കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. പൊട്ടിയത് മാരകമായ സ്ഫോടക വസ്തുവാണെന്നും മനുഷ്യജീവന് അപകടം വരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് സ്ഫോടക വസ്തു സ്‌കൂളില്‍ വച്ചതെന്നും പൊലീസ് എഫ്‌ഐആറില്‍ പറയുന്നു.

ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സ്‌കൂളാണിത്. പത്തുവയസുകാരനാണ് സംഭവം ആദ്യം കണ്ടത്. പന്താണെന്ന് കരുതി തട്ടിത്തെറിപ്പിച്ചപ്പോഴാണ് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. കുട്ടിയ്ക്കും സമീപത്തുണ്ടായിരുന്ന സ്ത്രീക്കും പരിക്കേറ്റു. സംഭവത്തില്‍ ഗുഢാലോചനയുണ്ടെന്ന് ബിജെപി നേതാവ് സി കൃഷ്ണകുമാര്‍ പറഞ്ഞു.

by Midhun HP News | Aug 21, 2025 | Latest News, കേരളം
കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പൊലീസില്‍ പരാതി. നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിന് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസെടുക്കുണമെന്ന് ആവശ്യപ്പെട്ട് എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലാണ് പരാതി ലഭിച്ചത്. അഭിഭാഷകനായ ഷിന്റോ സെബാസ്റ്റ്യനാണ് പരാതി നല്‍കിയത്. ഇതിനോടകം ദൃശ്യമാധ്യമങ്ങളിലടക്കം പുറത്തുവന്ന ഫോണ്‍ സംഭാഷണങ്ങള്‍ അടക്കം കേസെടുക്കാന്‍ പര്യാപ്തമാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

ഗുരുതര വകുപ്പുകള്‍ ചുമത്തേണ്ട കുറ്റകൃത്യമാണ് നടന്നത്. പുറത്തു വന്ന ഫോണ്‍ സംഭാഷണങ്ങളില്‍ നിന്നും ഇതു വ്യക്തമാണ്. ആരോപണ വിധേയനായ വ്യക്തി ജനപ്രതിനിധിയും, രാഷ്ട്രീയ സ്വാധീനമുള്ളയാളുമാണ്. എംഎല്‍എ സ്ഥാനത്തിരിക്കുന്നതിനാല്‍ തെളിവുകള്‍ നശിപ്പിക്കപ്പെടാനും, പരാതിക്കാരെ ഭീഷണിപ്പെടുത്താനും സാധ്യതയുണ്ട്. അതിനാല്‍ എത്രയും വേഗം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കണമെന്ന് രേഖാമൂലം നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്.

എവിടെയാണ് പരാതിയെന്നും, ആരെങ്കിലും തനിക്കെതിരെ പരാതി നല്‍കിയിട്ടുണ്ടോയെന്നും മാധ്യമങ്ങളെ കണ്ടപ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിച്ചിരുന്നു. ആരെങ്കിലും പരാതി നല്‍കിയാല്‍ നിയമപരമായി നേരിടും. കോടതിയിലടക്കം പോയി തന്റെ നിരപരാധിത്വം തെളിയിക്കുമെന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞത്. അതേസമയം രാഹുല്‍ മാങ്കൂട്ടത്തില്‍ ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിക്കുന്നതിന്റെയും, മറ്റു വാട്‌സ് ആപ്പ്, ടെലഗ്രാം ചാറ്റുകളും പുറത്തു വന്നിരുന്നു.

by Midhun HP News | Aug 21, 2025 | Latest News, കേരളം
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ ഹൈക്കമാന്‍ഡിന് പരാതി നല്‍കിയവരില്‍ മുന്‍ എംപിയുടെ മകളും ഉണ്ടെന്ന് സൂചന. വിവാഹ വാഗ്ദാനം നല്‍കിയെങ്കിലും പിന്നീട് ജാതീയത പറഞ്ഞ് പിന്മാറി. പിന്നാക്ക വിഭാഗമായതിനാല്‍ വീട്ടുകാര്‍ അംഗീകരിക്കില്ലെന്ന് പറഞ്ഞ് ഒഴിയുകയായിരുന്നുവെന്നും പരാതിയില്‍ യുവതി ചൂണ്ടിക്കാട്ടുന്നു. കോണ്‍ഗ്രസ് മുന്‍ എംപിയുടെ മകളുടേതടക്കം ഒമ്പതു പരാതികളാണ് എഐസിസിക്ക് മുമ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലഭിച്ചിട്ടുള്ളത്.
ഗുരുതരമായ ആരോപണങ്ങളും തെളിവുകളും അടക്കമുള്ള പരാതികളാണ് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷിക്ക് ലഭിച്ചത്. തുടര്‍ന്ന് ദീപാദാസ് മുന്‍ഷി ഇക്കാര്യം സംസ്ഥാന നേതാക്കളുമായി ആലോചിച്ചു. പരാതികളുടെ പശ്ചാത്തലത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിയേണ്ടി വരുമെന്നും സൂചിപ്പിച്ചിരുന്നു.

എന്നാല്‍ വോട്ട് ചോരി വിഷയത്തില്‍ രാഹുല്‍ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപിച്ച ലോങ് മാര്‍ച്ചിന് ശേഷം സ്ഥാനമൊഴിയാമെന്നായിരുന്നു രാഹുല്‍ പറഞ്ഞത്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലായി കൂടുതലായി ആരോപണങ്ങളും ഫോണ്‍ ചാറ്റുകളും ശബ്ദസന്ദേശങ്ങളം പുറത്തു വന്നതോടെ, കടുത്ത നിലപാടിലേക്ക് ഹൈക്കമാന്‍ഡ് എത്തുകയായിരുന്നു. ഉടന്‍ രാജിവെച്ചേ മതിയാകൂ എന്ന് ഹൈക്കമാന്‍ഡ് നിലപാടെടുത്തു. തുടര്‍ന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അടക്കം രാഹുലിനെ തള്ളിപ്പറഞ്ഞ് രംഗത്തു വന്നത്.

രാഹുല്‍ മാങ്കൂട്ടത്തിലിനെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ നിന്നും ഉടന്‍ പുറത്താക്കണമെന്ന് ഹൈക്കമാന്‍ഡിന് രമേശ് ചെന്നിത്തല സന്ദേശം കൈമാറിയിരുന്നു. എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷിയോടാണ് ചെന്നിത്തല ഇക്കാര്യം ആവശ്യപ്പെട്ടത്. അടിയന്തര നടപടി സ്വീകരിക്കണം. ഇനിയും നടപടി വൈകിയാല്‍ പാര്‍ട്ടിക്ക് കൂടുതല്‍ ക്ഷീണമാകും. നടപടി വൈകുംതോറും പാര്‍ട്ടിക്ക് പ്രതികൂലമായി മാറുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

Recent Comments