തൊടുപുഴയില്‍ റബര്‍ തോട്ടത്തില്‍ അജ്ഞാത മൃതദേഹം; സമീപം രണ്ടു വിഷക്കുപ്പികളും കറി കത്തിയും, അന്വേഷണം

തൊടുപുഴയില്‍ റബര്‍ തോട്ടത്തില്‍ അജ്ഞാത മൃതദേഹം; സമീപം രണ്ടു വിഷക്കുപ്പികളും കറി കത്തിയും, അന്വേഷണം

തൊടുപുഴ: തൊടുപുഴ ന്യൂമാന്‍ കോളേജിന് സമീപത്തെ റബര്‍ തോട്ടത്തില്‍ അജ്ഞാത മൃതദേഹം. മൃതദേഹത്തിന് സമീപത്ത് നിന്ന് രണ്ട് വിഷക്കുപ്പികളും കറി കത്തിയും ഒരു സഞ്ചിയില്‍ വസ്ത്രങ്ങളും കണ്ടെത്തി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇന്നലെ ഉച്ചയ്ക്ക് സമീപത്തെ കെട്ടിടത്തില്‍ വാടകയ്ക്ക് താമസിക്കുന്ന വിദ്യാര്‍ഥികളാണ് തോട്ടത്തില്‍ മൃതദേഹം കണ്ടത്. തുടര്‍ന്ന് തൊടുപുഴ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹത്തിന് സമീപത്ത് നിന്ന് രണ്ട് വിഷക്കുപ്പികളും കറി കത്തിയും ഒരു സഞ്ചിയില്‍ വസ്ത്രങ്ങളും കണ്ടെത്തിയത്.

50 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റേതാണ് മൃതദേഹം. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

ബൈക്കില്‍ നിന്നുവീണ വിദ്യാര്‍ഥിനി ബസ് കയറി മരിച്ചു

ബൈക്കില്‍ നിന്നുവീണ വിദ്യാര്‍ഥിനി ബസ് കയറി മരിച്ചു

പാലക്കാട്: കൊഴിഞ്ഞാമ്പാറയില്‍ ബൈക്കില്‍ നിന്നുവീണ വിദ്യാര്‍ഥിനി ബസ് കയറി മരിച്ചു. കൊഴിഞ്ഞമ്പാറ സെന്റ് പോള്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ നഫീസയാണ് മരിച്ചത്. പിതാവിനൊപ്പം ബൈക്കില്‍ പോകുന്നതിനിടെ കുട്ടി തെറിച്ചുവീഴുകയായിരുന്നു.

അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. മുന്നിലുണ്ടായിരുന്ന ഓട്ടോറിക്ഷ പെട്ടന്ന് ബ്രേക്കിട്ടതിനെ തുടര്‍ന്ന് കുട്ടിയുമായി സഞ്ചരിച്ച ബൈക്ക് ഓട്ടോയിലിടിച്ച് മറിയുകയായിരുന്നു. വലതുവശത്തേക്ക് വീണ കുട്ടിയുടെ തലയിലൂടെ തൊട്ടുപിന്നാലെ വന്ന ബസ് കയറി ഇറങ്ങുകയായിരുന്നു.

വിദ്യാര്‍ഥിനി സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. പിതാവിന്റെ പരിക്ക് സാരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അശാസ്ത്രീയമായ റോഡ് നിര്‍മാണത്തെ തുടര്‍ന്ന് ഇവിടെ അപകടം തുടര്‍ക്കഥയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. പ്രദേശത്ത് നാട്ടുകാര്‍ റോഡ് ഉപരോധിക്കുകയാണ്.

കോതമംഗലത്തെ ടിടിസി വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; റമീസിന്റെ മാതാപിതാക്കള്‍ തമിഴ്‌നാട്ടില്‍ നിന്നും പിടിയില്‍

കോതമംഗലത്തെ ടിടിസി വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; റമീസിന്റെ മാതാപിതാക്കള്‍ തമിഴ്‌നാട്ടില്‍ നിന്നും പിടിയില്‍

കൊച്ചി: കോതമംഗലത്ത് ഇരുപത്തിമൂന്നുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട റമീസീന്റെ മാതാപിതാക്കള്‍ പിടിയില്‍. തമിഴ്‌നാട്ടിലെ സേലത്തെ ലോഡ്ജില്‍ നിന്നാണ് പ്രത്യേക അന്വേഷണ സംഘം ഇവരെ പിടികൂടിയത്. ഇവര്‍ സേലത്തുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

ആത്മഹത്യാപ്രേരണാക്കുറ്റമാണ് ഇരുവര്‍ക്കും എതിരെയുള്ളത്. പ്രതികളെ ഇന്നു തന്നെ കോടതയില്‍ ഹാജരാക്കും. പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും. റമീസിനെയും മാതാപിതാക്കളെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.

കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതിന് പിന്നാലെ റമീസിന്റെ മാതാപിതാക്കള്‍ പറവൂര്‍ പാനായിക്കുളത്തെ വീട് പൂട്ടി സ്ഥലം വിട്ടിരുന്നു. ബന്ധുവീടുകളില്‍ ഉള്‍പ്പടെ പൊലീസ് തിരച്ചില്‍ നടത്തിയിരുന്നെങ്കിലും ഇവരെ കണ്ടെത്താനായിരുന്നില്ല.

ഈ മാസം ഒന്‍പതിനാണ് മൂവാറ്റുപുഴ ടിടിഐയിലെ വിദ്യാര്‍ഥിനിയായ കോതമംഗലം കറുകടം സ്വദേശിയായ യുവതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ആണ്‍സുഹൃത്തായ റമീസിനെയും കുടുംബാംഗങ്ങളെയും കുറ്റപ്പെടുത്തുന്ന ആത്മഹത്യ കുറിപ്പ് ലഭിച്ചതിനു പിന്നാലെ റമീസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആത്മഹത്യ പ്രേരണ കുറ്റത്തിന് റമീസിന്റെ മാതാപിതാക്കളെയും പ്രതി ചേര്‍ത്തതോടെയാണ് ഇവര്‍ ഒളിവില്‍ പോയത്.

റമീസിനെതിരെ ആത്മഹത്യാ പ്രേരണ, ശാരീരിക ഉപദ്രവം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. റമീസ് യുവതിയെ മര്‍ദ്ദിച്ചതിന്റെ തെളിവുകളും പൊലീസിന് കിട്ടിയിരുന്നു. ഇരുവരും തമ്മിലുള്ള വാട്സാപ്പ് ചാറ്റില്‍ നിന്നാണ് തെളിവുകള്‍ ലഭിച്ചത്. കുറിപ്പില്‍ ആണ്‍ സുഹൃത്തും കുടുംബവും മതം മാറാന്‍ നിര്‍ബന്ധിച്ചുവെന്നും തന്നോട് ക്രൂരത കാട്ടിയെന്നും പറയുന്നു.

മൂന്നുപതിറ്റാണ്ടോളം വേദികളില്‍ നിറഞ്ഞുനിന്ന മിമിക്രി താരം; പാലാ സുരേഷ് മരിച്ചനിലയില്‍

മൂന്നുപതിറ്റാണ്ടോളം വേദികളില്‍ നിറഞ്ഞുനിന്ന മിമിക്രി താരം; പാലാ സുരേഷ് മരിച്ചനിലയില്‍

കൊച്ചി: മിമിക്രി താരം സുരേഷ് കൃഷ്ണ (പാലാ സുരേഷ്-53) പിറവത്ത് വാടകവീട്ടില്‍ മരിച്ച നിലയില്‍. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് സുരേഷ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൂന്നുപതിറ്റാണ്ടോളമായി മിമിക്രി വേദികളില്‍ നിറഞ്ഞുനിന്ന കലാകാരനാണ്.

ഞായറാഴ്ച രാവിലെ പതിവുസമയം കഴിഞ്ഞിട്ടും എഴുന്നേല്‍ക്കാതിരുന്നപ്പോഴാണ് വിവരമറിഞ്ഞത്. അകത്ത് നിന്നടച്ചിരുന്ന വാതില്‍ തള്ളിത്തുറന്ന് ഉടനടി പിറവം താലൂക്ക് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഉറക്കത്തില്‍ ഹൃദയസ്തംഭനം ഉണ്ടായതായാണ് നിഗമനം. പിറവം തേക്കുംമൂട്ടില്‍പ്പടിക്കടുത്ത് കുടുംബസമേതം വാടക വീട്ടിലാണ് താമസിച്ചിരുന്നത്.

മെഗാ ഷോകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും പ്രശസ്തനായി മാറിയ പാലാ സുരേഷ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വേദിയില്‍ അനുകരിച്ചതോടെയാണ് കൂടുതല്‍ അറിയപ്പെട്ടത്. ഒട്ടേറെ സിനിമകളിലും സീരിയലുകളിലും ടെലിവിഷന്‍ കോമഡി പ്രോഗ്രാമുകളിലും വേഷമിട്ടിരുന്നു. എബിസിഡി എന്ന മലയാളം സിനിമയില്‍ ഒരു പത്ര പ്രവര്‍ത്തകന്റെ വേഷം ചെയ്തിരുന്നു. കൊല്ലം നര്‍മ ട്രൂപ്പില്‍ പ്രൊഫഷണല്‍ ആര്‍ട്ടിസ്റ്റായിരുന്നു. കൊച്ചിന്‍ രസികയിലും സജീവമായിരുന്നു.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: തൃശൂര്‍ – എറണാകുളം റൂട്ടില്‍ ദേശീയപാതയില്‍ ഗതാഗതക്കുരുക്ക്, വാഹനങ്ങള്‍ വഴി തിരിച്ചുവിടുന്നു

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: തൃശൂര്‍ – എറണാകുളം റൂട്ടില്‍ ദേശീയപാതയില്‍ ഗതാഗതക്കുരുക്ക്, വാഹനങ്ങള്‍ വഴി തിരിച്ചുവിടുന്നു

തൃശൂര്‍: എറണാകുളം – തൃശൂര്‍ റൂട്ടില്‍ ദേശീയപാത 544ല്‍ ഇന്നും വന്‍ ഗതാഗതക്കുരുക്ക്. അവധി ദിവസങ്ങള്‍ക്ക് പിന്നാലെ എത്തുന്ന പ്രവര്‍ത്തി ദിനം എന്ന സാഹചര്യവും അടിപ്പാത നിര്‍മാണവും ഉള്‍പ്പെടെയാണ് ദേശീയ പാതയിലെ ഗതാഗതക്കുരുക്ക് രൂക്ഷമാക്കിയത്. ബ്ലോക്ക് രൂക്ഷമായതോടെ വാഹനങ്ങള്‍ വഴി തിരിച്ചുവിട്ട് ഗതാഗതം സുഗമാക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായ മുരിങ്ങൂര്‍ മേഖയില്‍ ഇന്നും വന്‍ തിരക്കാണ് രൂപം കൊണ്ടിരിക്കുന്നത്. നാല്‍പത്തിയഞ്ച് മിനിറ്റിലധികമാണ് പലരും കുരുക്കില്‍ അകപ്പെട്ടത്. ആമ്പല്ലൂര്‍, ചാലക്കുടി മേഖലകളിലെ സമാന്തര പാതകള്‍ വഴി ചെറുവാഹനങ്ങള്‍ ഉള്‍പ്പെടെ കടത്തിവിട്ട് ഗതാഗതക്കുരുക്ക് അഴിക്കാനാണ് നിലവില്‍ ശ്രമം. പൊലീസ് ഉദ്യോഗസ്ഥരെ ഇതിനായി വിവിധ മേഖകളില്‍ നിയോഗിച്ചിട്ടുണ്ട്.

മുരിങ്ങൂര്‍ പാലം കയറുന്നതിന് മുന്‍പ് വാഹനങ്ങള്‍ വഴിതിരിച്ച് വിട്ട് കാടുകുറ്റി – അത്താണി വഴി എയര്‍പോര്‍ട്ട് ജംഗ്ഷന് അടുത്ത് എത്തുന്ന വഴിയിലൂടെയാണ് വാഹനങ്ങള്‍ തിരിച്ചുവിടുന്നത്. ഹെവി വാഹനങ്ങളാണ് മുരിങ്ങൂര്‍ പാലം വഴി കടത്തിവിടുന്നത്. പോട്ട – അഷ്ടമിച്ചാല്‍ – മാള വഴി എറണാകുളത്തേക്കും വാഹനങ്ങള്‍ തിരിച്ചുവിടുന്നുണ്ട്. ദേശീയപാത 544 എറണാകുളം ദിശയില്‍ 12 കിലോമീറ്റര്‍ ദൂരമാണ് ഗതാഗതക്കുരുക്ക് പതിവായിട്ടുള്ളത്. വെള്ളിയാഴ്ച രാത്രി മുതല്‍ ഞായറാഴ്ച ഉച്ചവരെ ബ്ലോക്ക് തുടര്‍ന്നിരുന്നു.

ലൈഫ് മിഷന്‍ ഭവന പദ്ധതിക്ക് വൈദ്യുതി ലൈന്‍ തടസ്സമാകുന്നുണ്ടോ?, കെഎസ്ഇബിയുടെ കൈത്താങ്ങ്; 50000 രൂപ വരെയുള്ള ചെലവ് വഹിക്കും

ലൈഫ് മിഷന്‍ ഭവന പദ്ധതിക്ക് വൈദ്യുതി ലൈന്‍ തടസ്സമാകുന്നുണ്ടോ?, കെഎസ്ഇബിയുടെ കൈത്താങ്ങ്; 50000 രൂപ വരെയുള്ള ചെലവ് വഹിക്കും

തിരുവനന്തപുരം: ലൈഫ് മിഷന്‍ ഭവന പദ്ധതിക്ക് കെഎസ്ഇബിയുടെ കൈത്താങ്ങ്. ലൈഫ് മിഷന്‍ പദ്ധതിക്ക് കീഴില്‍ നിര്‍മ്മിക്കുന്ന വീടുകള്‍ക്ക് തടസ്സമുണ്ടാക്കുന്ന വൈദ്യുതി ലൈനുകളും പോസ്റ്റുകളും മാറ്റുന്നതിനുള്ള 50,000 വരെയുള്ള ചെലവ് കെഎസ്ഇബി വഹിക്കും. ഈ സൗകര്യം ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട അപേക്ഷകര്‍ക്കാണ് ലഭിക്കുക എന്ന് കെഎസ്ഇബി ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

കുറിപ്പ്:

ലൈഫ് മിഷന്‍ ഭവന പദ്ധതിക്ക് കെ എസ് ഇ ബിയുടെ കൈത്താങ്ങ്!

വൈദ്യുതി ലൈനുകള്‍ സൗജന്യമായി മാറ്റി സ്ഥാപിക്കാം

നിങ്ങള്‍ ലൈഫ് മിഷന്‍ ഭവന പദ്ധതിയിലെ ഒരു ഗുണഭോക്താവാണോ? നിങ്ങളുടെ പുതിയ വീടിന്റെ നിര്‍മ്മാണത്തിന് 11 കെവി /ലോ റ്റെന്‍ഷന്‍ ലൈനുകളും പോസ്റ്റുകളും തടസ്സമാകുന്നുണ്ടോ?

നിങ്ങളെ സഹായിക്കാന്‍ കെഎസ് ഇ ബി എല്‍ ഇവിടെയുണ്ട്.

എന്താണ് ഈ പദ്ധതി?

ലൈഫ് മിഷന്‍ പദ്ധതിക്ക് കീഴില്‍ നിര്‍മ്മിക്കുന്ന വീടുകള്‍ക്ക് തടസ്സമുണ്ടാക്കുന്ന വൈദ്യുതി ലൈനുകളും പോസ്റ്റുകളും മാറ്റുന്നതിനുള്ള 50,000 വരെയുള്ള ചെലവ് KSEB വഹിക്കും.

ഈ സൗകര്യം BPL വിഭാഗത്തില്‍പ്പെട്ട അപേക്ഷകര്‍ക്കാണ് ലഭിക്കുക.