by Midhun HP News | Aug 14, 2025 | Latest News, കേരളം
പത്തനംതിട്ട: പത്തനംതിട്ട നാറാണമൂഴിയില്‍ അധ്യാപികയുടെ ഭര്‍ത്താവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ശമ്പള കുടിശ്ശിക ഒടുവില്‍ അധ്യാപികയുടെ അക്കൗണ്ടിലെത്തി. 12 വര്‍ഷത്തെ ശമ്പള കുടിശ്ശിക ലഭിക്കാന്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ കയറി മടുത്താണ് അധ്യാപികയുടെ ഭര്‍ത്താവ് ഷിജോ ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിച്ചിരുന്നു.29 ലക്ഷം രൂപയാണ് അക്കൗണ്ടിലെത്തിയത്. കിട്ടാനുണ്ടായിരുന്നത് 50ലക്ഷം രൂപയായിരുന്നു.

ഹൈക്കോടതി ഉത്തരവ് വന്ന് എട്ടുമാസം കഴിഞ്ഞിട്ടും നടപടിക്രമങ്ങള്‍ വൈകിയിരുന്നു. ഉദ്യോഗസ്ഥര്‍ ഫല്‍ നീക്കം വൈകിപ്പിച്ചതായിരുന്നു കുടിശ്ശിക ലഭിക്കാതിരിക്കാന്‍ കാരണം. കഴിഞ്ഞദിവസമാണ് അക്കൗണ്ടില്‍ പകുതി കുടിശ്ശിക എത്തിയത്. ബാക്കി തുക പിഎഫ് അക്കൗണ്ടിലെത്തും.


ശമ്പള കുടിശ്ശിക നല്‍കുന്നതില്‍ വീഴ്ച വരുത്തിയ ഡിഇ ഓഫീസിലെ മൂന്നു ഉദ്യോഗസ്ഥരെ വിദ്യാഭ്യാസ മന്ത്രി സസ്‌പെന്‍ഡ് ചെയ്തിരുന്നു. വകുപ്പ് തല അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ പിരിച്ചുവിടല്‍ നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. അത്തിക്കയം വടക്കേചരുവില്‍ വിടി ഷിജോയെ (47) ആണ് ഞായറാഴ്ച വൈകിട്ട് മൂങ്ങാംപാറ വനത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
by Midhun HP News | Aug 14, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് റോക്കറ്റ് പോലെ കുതിച്ചുയര്‍ന്ന് കുടുംബ ബജറ്റിന്റെ താളംതെറ്റിച്ച വെളിച്ചെണ്ണ വില കുറയുന്നു. നിലവില്‍ പൊതുവിപണിയില്‍ 390-400 രൂപയാണ് ഒരു ലിറ്റര്‍ വെളിച്ചെണ്ണയുടെ വില. ദിവസങ്ങള്‍ക്ക് മുന്‍പ് വരെ 500 രൂപയില്‍ കൂടുതലായിരുന്നു വെളിച്ചെണ്ണ വില. ആളുകള്‍ വെളിച്ചെണ്ണയ്ക്ക് പകരം ബദല്‍ മാര്‍ഗങ്ങള്‍ തേടി പോകുന്നതിനിടെയാണ് വില കുറഞ്ഞത്.

പൊതുവിപണിയില്‍ വെളിച്ചെണ്ണ വില പിടിച്ചുനിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാരും ഇടപെടല്‍ നടത്തി. സര്‍ക്കാരിന് കീഴിലുള്ള കേരളഫെഡ് പുറത്തിറക്കുന്ന കേര വെളിച്ചെണ്ണയുടെ വില കുറച്ചു. പുതിയ വിലയായ 479 രൂപ ഇന്ന് നിലവില്‍ വരും. കേര വെളിച്ചെണ്ണ ഒരു ലിറ്ററിന്റെ വില 529 രൂപയില്‍ നിന്ന് 479 ആയും അര ലിറ്ററിന്റേത് 265ല്‍ നിന്ന് 240 ആയുമാണ് കുറച്ചത്. ഭക്ഷ്യമന്ത്രി നല്‍കിയ നിര്‍ദേശം കണക്കിലെടുത്താണ് കേരഫെഡിന്റെ തീരുമാനം.
എന്നാല്‍ ഈ വില പൊതുവിപണിയിലേതിലും കൂടുതല്‍ ആണെന്നും സര്‍ക്കാരിന്റെ വിപണി ഇടപെടല്‍ കാര്യക്ഷമമല്ലെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. പൊതുവിപണിയില്‍ 390-400 രൂപയ്ക്ക് വെളിച്ചെണ്ണ ലഭിക്കുമ്പോഴാണ് 479 രൂപയ്ക്ക് കേര വെളിച്ചെണ്ണ വില്‍ക്കാന്‍ ശ്രമിക്കുന്നതെന്നാണ് വിമര്‍ശനം.

ജൂലൈ 18നാണ് കേരള വെളിച്ചെണ്ണയുടെ വില കുത്തനെ ഉയര്‍ത്തി 529 ആക്കിയത്. വെളിച്ചെണ്ണയുടെ വിപണി വിലയ്ക്ക് അനുസൃതമായി 120 രൂപയുടെയെങ്കിലും കുറവ് വരുത്തി ഓണത്തിന് ന്യായവിലയ്ക്ക് വെളിച്ചെണ്ണ ലഭ്യമാക്കാന്‍ കേരഫെഡിന് ഇപ്പോള്‍ കഴിയും. എന്നാല്‍ 50 രൂപ മാത്രം കുറയ്ക്കാനുള്ള തീരുമാനം കേരഫെഡിന്റെ ഓണവില്‍പ്പനയ്ക്ക് വന്‍തിരിച്ചടിയാകുമെന്ന് ജീവനക്കാരും ആശങ്കപ്പെടുന്നുണ്ട്.

by Midhun HP News | Aug 14, 2025 | Latest News, കേരളം
ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ ഉള്‍പ്പെട്ട എക്‌സാലോജിക്- സിഎംആര്‍എല്‍ സാമ്പത്തിക ഇടപാടുകേസ് ഡല്‍ഹി ഹൈക്കോടതി ഇന്നു വീണ്ടും പരിഗണിക്കും. ജസ്റ്റിസ് ഗിരീഷ് കട്പാലിയ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

നേരത്തെ കേസ് പരിഗണിച്ചിരുന്ന ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദിന്റെ ബെഞ്ച് വിചാരണ നടപടികളുമായി മുന്നോട്ടു പോകരുതെന്ന് നിര്‍ദേശിച്ചിരുന്നു. ഈ നിര്‍ദേശം നിലനില്‍ക്കെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് മനപ്പൂര്‍മുണ്ടായ വീഴ്ച അല്ലെന്നാണ് എസ്എഫ്‌ഐഒയ്ക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹൈക്കോടതിയെ അറിയിച്ചത്.

മാസപ്പടി കേസിൽ എറണാകുളം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിലാണ് എസ്എഫ്ഐഒ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരുന്നത്.സിഎംആർഎൽ ഫയൽ ചെയ്ത കേസിൽ തീർപ്പാകുന്നത് വരെ വിചാരണ കോടതിയിലെ നടപടികളുമായി എസ് എഫ് ഐ ഒ മുന്നോട്ട് പോകാതിരിക്കുന്നത് നീതി നിർവ്വഹണത്തിന് ഗുണം ചെയ്യുമെന്ന് ഡൽഹി ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

by Midhun HP News | Aug 14, 2025 | Latest News, കേരളം
കോട്ടയം: ഏറ്റുമാനൂരിലെ ജൈനമ്മ തിരോധാനക്കേസില്‍ നിര്‍ണായക കണ്ടെത്തല്‍. പള്ളിപ്പുറത്തെ സെബാസ്റ്റ്യന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയ രക്തക്കറ കാണാതായ ജൈനമ്മയുടേതാണെന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍.
സെബാസ്റ്റ്യന്‍ പണയം വെച്ച സ്വര്‍ണാഭരണങ്ങളും ജൈനമ്മയുടേതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 2024 ഡിസംബര്‍ 23 നാണ് ജൈനമ്മയെ കാണാതാകുന്നത്. സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടില്‍ നടത്തിയ പരിശോധനയില്‍, വീടിന് പിന്നിലെ മുറിയില്‍ നിന്നാണ് രക്തക്കറ പൊലീസിന് ലഭിച്ചത്.
ഫോറന്‍സിക് സംഘം രക്തക്കറ ശേഖരിച്ച് വിദഗ്ധ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. രക്തക്കറ ജൈനമ്മയുടേതാണെന്ന് സ്ഥിരീകരിച്ചതോടെ, ജൈനമ്മ തിരോധാനക്കേസ് കൊലപാതകക്കേസായി മാറിയതായി കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് വിലയിരുത്തുന്നു. ജൈനമ്മയുടെ ശരീരത്തില്‍ പത്തുപവനോളം സ്വര്‍ണാഭരണങ്ങളുണ്ടായിരുന്നു.
ഈ സ്വര്‍ണത്തിനു വേണ്ടിയാണ് സെബാസ്റ്റ്യന്‍ ജൈനമ്മയെ കൊലപ്പെടുത്തിയതെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ചേര്‍ത്തലയിലെ പല സ്വകാര്യ പണമിടപാടു സ്ഥാപനങ്ങളിലെത്തിയാണ് സെബാസ്റ്റ്യന്‍ സ്വര്‍ണാഭരണങ്ങള്‍ പണയം വെച്ചിരുന്നത്. കോട്ടയം ക്രൈംബ്രാഞ്ചാണ് ജൈനമ്മ തിരോധാനക്കേസ് അന്വേഷിച്ചുകൊണ്ടിരിക്കുന്നത്.
by Midhun HP News | Aug 14, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
നാളെ എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 mm മുതല്‍ 115.5 mm വരെ മഴ ലഭിക്കുമെന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും നാളെയും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ വെള്ളിയാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ ദിവസങ്ങളില്‍ കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
by Midhun HP News | Aug 14, 2025 | Latest News, കേരളം
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 74,320 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 9290 രൂപ നല്‍കണം. പണിക്കൂലിയും നികുതിയും കൂടി ചേരുമ്പോള്‍ വില വീണ്ടും ഉയരും.
റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ച സ്വര്‍ണവിലയില്‍ ശനിയാഴ്ച മുതലാണ് ഇടിവ് രേഖപ്പെടുത്താന്‍ തുടങ്ങിയത്. വെള്ളിയാഴ്ച രേഖപ്പെടുത്തിയ 75,760 രൂപയാണ് റെക്കോര്‍ഡ് ഉയരം. നാലു ദിവസത്തിനിടെ പവന് 1400 രൂപയിലധികമാണ് കുറഞ്ഞത്.
കഴിഞ്ഞ മാസം 23ന് 75000 കടന്ന് കുതിച്ച സ്വര്‍ണവില പിന്നീടുള്ള ദിവസങ്ങളില്‍ താഴുന്ന കാഴ്ചയാണ് ദൃശ്യമായത്. 74,000ല്‍ താഴെ പോയ സ്വര്‍ണവിലയാണ് പിന്നീട് കുതിച്ച് ഉയര്‍ന്ന് പുതിയ ഉയരം കുറിച്ചത്. ഈ മാസാദ്യം 73,200 രൂപയായിരുന്നു സ്വര്‍ണവില. ഒരാഴ്ചയ്ക്കിടെ 2500 രൂപയിലധികം വര്‍ധിച്ച ശേഷമാണ് ശനിയാഴ്ച മുതല്‍ കുറയാന്‍ തുടങ്ങിയത്. ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് അമേരിക്ക തീരുവ വര്‍ധിപ്പിച്ചത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.
Recent Comments