പെരുമഴ; എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ റെഡ് അലർട്ട്; ഇടിമിന്നലിനും കാറ്റിനും സാധ്യത

പെരുമഴ; എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ റെഡ് അലർട്ട്; ഇടിമിന്നലിനും കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്. ഇന്ന് 14 ജില്ലകളിലും പരക്കെ മഴ പെയ്യുമെന്നാണ് പ്രവചനം. ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്. ആറ് ജില്ലകളിൽ യെല്ലോ അലർട്ട്.

എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 എംഎംൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് പ്രവചനം.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 എംഎം മുതൽ 204.4 എംഎം വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം.

തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർക്കോട് ജില്ലകളിലാണ് മഞ്ഞ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്.

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഭാഗ്യതാര ബിടി 14 ലോട്ടറി ഫലം പ്രഖ്യാപിച്ചു. BT 418177 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ BW 204963 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. അഞ്ചുലക്ഷം രൂപയുടെ മൂന്നാം സമ്മാനം BO 191372 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.

ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില.ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

Consolation Prize ₹5,000/-

BN 418177

BO 418177

BP 418177

BR 418177

BS 418177

BU 418177

BV 418177

BW 418177

BX 418177

BY 418177

BZ 418177

4th Prize: ₹5,000/-

1193 1469 1749 1784 2502 2576 3261 3851 4211 4626 4736 4859 5131 5390 5881 6146 7170 7625 7972 9830

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

തകര്‍ന്ന റോഡിലെ ടോള്‍ പിരിവ്; ദേശീയപാതാ അതോറിറ്റിക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

തകര്‍ന്ന റോഡിലെ ടോള്‍ പിരിവ്; ദേശീയപാതാ അതോറിറ്റിക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

പാലിയേക്കരയിലെ തകര്‍ന്ന റോഡിലെ ടോള്‍ പിരിവില്‍ ദേശീയപാതാ അതോറിറ്റിക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ഒരുമാസം മുന്‍പ് ദേശീയപാതാ അതോറിറ്റി നല്‍കിയ വാക്ക് പാലിച്ചില്ലെന്ന് കോടതി പറഞ്ഞു. വിഷയത്തില്‍ ഇടക്കാല ഉത്തരവ് ഇറക്കുമെന്ന് കോടതി പറഞ്ഞു.

സര്‍വീസ് റോഡ് സൗകര്യം നല്‍കിയിരുന്നു. ഇത് തകര്‍ന്നതാണ് ഇപ്പോഴത്തെ പ്രശ്‌നത്തിന് കാരണമെന്ന് ദേശീയപാതാ അതോറിറ്റി വ്യക്തമാക്കി. മൂന്നാഴ്ചയ്ക്കകം പ്രശ്‌നം പരിഹരിക്കാനാകുമെന്ന് ദേശീയപാതാ അതോറിറ്റി റിപ്പോര്‍ട്ട് നല്‍കി. വിഷയം ബുധനാഴ്ച വീണ്ടും പരിഗണിക്കും.

പ്രസവത്തിന് പിന്നാലെ കുഞ്ഞിനെ ഉപേക്ഷിച്ചു; അമ്മയും കാമുകനും പിടിയില്‍

പ്രസവത്തിന് പിന്നാലെ കുഞ്ഞിനെ ഉപേക്ഷിച്ചു; അമ്മയും കാമുകനും പിടിയില്‍

കൊച്ചി: ആറ് ദിവസം മാത്രം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച അമ്മയും കാമുകനും പിടിയില്‍. കുട്ടികള്‍ ഇല്ലാത്ത കടുങ്ങല്ലൂര്‍ സ്വദേശിനിയായ അമ്പത്തിയഞ്ചുകാരിക്കാണ് ഇവര്‍ കുഞ്ഞിനെ കൈമാറിയത്. പൊലീസ് പിടിയിലായ ഇവരെ വിശദമായി ചോദ്യംചെയ്തതിലൂടെയാണ് കുഞ്ഞിനെ ഉപേക്ഷിച്ച വിവരം പുറത്തുവന്നത്. കുഞ്ഞിനെ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

കാമുകനില്‍ നിന്നും ജനിച്ച കുഞ്ഞിനെയാണ് പ്രസവത്തിനു ശേഷം ആലുവ സ്വദേശിയായ യുവതി മറ്റൊരാള്‍ക്ക് കൈമാറിയത്. മുപ്പത്തടത്തെ ഒരു വീട്ടില്‍ നിന്നാണ് കളമശേരി പൊലീസ് കുട്ടിയെ കണ്ടെടുത്തത്. സംഭവത്തില്‍ അമ്മയെ ഒന്നാം പ്രതിയും ആണ്‍സുഹൃത്ത് ജോണ്‍ തോമസിനെ രണ്ടാം പ്രതിയുമാക്കി പൊലീസ് കേസെടുത്തു.

കഴിഞ്ഞ മാസം 26ന് കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിച്ച യുവതി അന്ന് തന്നെ പ്രസവിച്ചിരുന്നു. എന്നാല്‍ മാനഹാനി ഭയന്ന് കുഞ്ഞിനെ മറ്റൊരാള്‍ക്ക് കൈമാറുകയായിരുന്നു. കുഞ്ഞിനെ യുവതി അപായപ്പെടുത്തിയേക്കുമെന്ന് പൊലീസിനു രഹസ്യ വിവരം ലഭിച്ചതോടെ അന്വേഷണം നടത്തിയപ്പോഴാണ് മുപ്പതടത്തെ ഒരു ഫ്‌ലാറ്റില്‍ നിന്ന് യുവതിയേയും കാമുകനേയും പൊലീസ് കണ്ടെത്തിയത്.

മകന്റെ പഠനത്തിന് പണം കണ്ടെത്താനായില്ല; മനംനൊന്ത് യുവാവ് ജീവനൊടുക്കി

മകന്റെ പഠനത്തിന് പണം കണ്ടെത്താനായില്ല; മനംനൊന്ത് യുവാവ് ജീവനൊടുക്കി

പത്തനംതിട്ട: അത്തിക്കയം നാറാണംമൂഴിയിൽ കൃഷി വകുപ്പ് ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വടക്കേച്ചെരുവിൽ ഷിജോ വിടി (47) യാണ് മരിച്ചത്. ഇന്നലെ വൈകീട്ട് മൂങ്ങാംപാറ വനത്തിലാണ് തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഷിജോയുടെ മകനു ഈറോഡിലെ എൻജിനീയറിങ് കോളജിൽ പ്രവേശനം ശരിയായിരുന്നു. ഇതിനു ആവശ്യമായ പണം നൽകാൻ കഴിയാതെ വന്നതോടെയാണ് ഷിജോ ആത്മഹത്യ ചെയ്തത് എന്നു ബന്ധുക്കൾ പറയുന്നു. കർഷക സംഘം ജില്ലാ കമ്മിറ്റിയം​ഗം ത്യാ​ഗരാജന്റെ മകനാണ് ഷിജോ.

ഷിജോയുടെ ഭാര്യ 12 വർഷമായി നാറാണംമൂഴിയിൽ എയ്ഡഡ് സ്കൂൾ അധ്യാപികയാണ്. എന്നാൽ ഇവർക്ക് ശമ്പളം ലഭിച്ചിരുന്നില്ല. ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നു മുൻകാല പ്രാബല്യത്തോടെ ശമ്പളകുടിശ്ശിക നൽകാനും ഉത്തരവായിരുന്നു. എന്നിട്ടും ഡിഇഒ ഓഫീസിൽ നിന്നു ശമ്പള രേഖകൾ ശരിയാകാത്തതിനെ തുടർന്നു ഇവർ വകുപ്പ് മന്ത്രിയെ പലതവണ സമീപിച്ചു.

തുടർന്നു ശമ്പളം നൽകാൻ മന്ത്രിയുടെ ഓഫീസിൽ നിന്നു രേഖകൾ ശരിയാക്കി നൽകാൻ നിർദ്ദേശിക്കുകയും ചെയ്തു. എന്നാൽ ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥർ എന്നിട്ടും ശമ്പളം നൽകാൻ തയ്യാറായില്ല. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ഡിഇഒ ഓഫീസുമായി ബന്ധപ്പെട്ടെങ്കിലും തുടർ നടപടി ഉണ്ടായില്ല.

സാമ്പത്തിക പ്രതിസന്ധി കാരണം മകന്റെ കോളജ് പ്രവേശനം മുടങ്ങിയതോടെ ഷിജോ ജീവനൊടുക്കിയെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. വിദ്യാഭ്യാസ വകുപ്പിനെതിരേയും ബന്ധുക്കൾ ആരോപണമുന്നയിച്ചു.

രാത്രിയില്‍ നാലുമണിക്കൂര്‍ നിര്‍ത്താതെ മഴ; അതിരപ്പിള്ളിയില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു

രാത്രിയില്‍ നാലുമണിക്കൂര്‍ നിര്‍ത്താതെ മഴ; അതിരപ്പിള്ളിയില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു

തൃശൂര്‍: അതിരപ്പിള്ളി മേഖലയില്‍ കനത്ത മഴ പെയ്തതിനെ തുടര്‍ന്ന് വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഇന്ന് അടച്ചിടുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഇന്നലെ രാത്രി നാലുമണിക്കൂര്‍ തുടര്‍ച്ചയായി മഴ പെയ്ത സാഹചര്യത്തിലാണ് തീരുമാനം. മലക്കപ്പാറ റൂട്ടില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. ഇതേ തുടര്‍ന്ന് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. അടുത്ത നാലുദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. തെക്കന്‍ തമിഴ്‌നാടിനും മന്നാര്‍ കടലിടുക്കിനും മുകളിലായാണ് ചക്രവാതച്ചുഴി രൂപപ്പെട്ടത്. ഇതിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ലഭിക്കുക.

ഇന്ന് (തിങ്കളാഴ്ച) പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ട തീവ്രമഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്തെ മറ്റ് എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്.

നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. ബുധനാഴ്ച വടക്കന്‍ ജില്ലകളിലാണ തിവ്രമഴയ്്ക്ക് സാധ്യത. തീവ്രമഴ കണക്കിലെടുത്ത് മലപ്പുറം കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്, ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട,ആ ലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

വ്യാഴാഴ്ചയോടെ കനത്ത മഴയ്ക്ക് കുറവുണ്ടാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മാത്രമാണ് തീവ്രമഴ മുന്നറിയിപ്പ്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ കേന്ദ്രകാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഏഴാം തീയതി വരെ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നു മുതല്‍ ( തിങ്കളാഴ്ച) മുതല്‍ വ്യാഴാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗത്തില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.