പ്രേമഗീതങ്ങളിലൂടെ അരങ്ങേറ്റം; നായകനായും വില്ലനായും തിളങ്ങി; ആഗ്രഹം ബാക്കിയാക്കി മടക്കം

പ്രേമഗീതങ്ങളിലൂടെ അരങ്ങേറ്റം; നായകനായും വില്ലനായും തിളങ്ങി; ആഗ്രഹം ബാക്കിയാക്കി മടക്കം

തിരുവനന്തപുരം: പ്രശസ്തനായ അച്ഛന്റെ പാത പിന്തുടര്‍ന്ന് സിനിമയിലെത്തിയ ഷാനവാസിന്റെ അരങ്ങേറ്റം നായകനായിട്ടായിരുന്നു. 1981 ല്‍ ബാലചന്ദ്രമേനോന്‍ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്ത പ്രേമഗീതങ്ങള്‍ എന്ന സിനിമയില്‍ യുവനായകനായി സിനിമയില്‍ തുടക്കം കുറിച്ചു. അംബികയായിരുന്നു ചിത്രത്തിലെ നായിക. എംഎ ഇംഗ്ലീഷ് സാഹിത്യത്തില്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായിരിക്കെയാണ് ഷാനവാസിന്റെ സിനിമാ അരങ്ങേറ്റം.

ഈ സിനിമയിലെ ‘നീ നിറയൂ ജീവനില്‍ പുളകമായ്’, സ്വപ്നം….വെറുമൊരു സ്വപ്നം, കളകളമൊഴി പ്രഭാതമായ്’ തുടങ്ങിയ ഗാനങ്ങള്‍ ഇന്നും മലയാളി ഹൃദയങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നു. പിന്നീട് 25 ഓളം സിനിമകളില്‍ ഷാനവാസ് നായകനായി വേഷമിട്ടു. ഒട്ടേറെ ചിത്രങ്ങളില്‍ വില്ലനും സഹനടനായും രംഗത്തെത്തി. മലയാളം, തമിഴ് ഭാഷകളിലായി 96 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

പ്രേംനസീറിനും സഹോദരന്‍ പ്രേംനവാസിനും ശേഷം സിനിമയിലേക്ക് എത്തിയ ഷാനവാസ് പ്രത്യേകമായ തന്റെ ശൈലി കൊണ്ടാണ് പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ചത്. അച്ഛന്‍ പ്രേംനസീറിനൊപ്പം ഇവന്‍ ഒരു സിംഹം എന്ന ചിത്രത്തിലാണ് ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്. ഏഴു സിനിമകളില്‍ അച്ഛനും മകനും ഒന്നിച്ചഭിനയിച്ചു. 1989ല്‍ നസീറിന്റെ മരണശേഷവും അഭിനയം തുടര്‍ന്നെങ്കിലും വേഷങ്ങളില്‍ ആവര്‍ത്തനവിരസതയുണ്ടായപ്പോള്‍ സിനിമാരംഗം വിട്ടു. പിന്നീട് ഗള്‍ഫില്‍ ഷിപ്പിങ് കമ്പനിയില്‍ മാനേജരായി ജോലി നോക്കി.

കുറേക്കാലം മലേഷ്യയിലായിരുന്നു താമസം. പിന്നീട് തിരുവനന്തപുരം വഴുതക്കാട് ഫ്‌ലാറ്റിലേക്ക് താമസം മാറി. 2011ല്‍ ചൈനാ ടൗണ്‍ എന്ന സിനിമയിലൂടെ വീണ്ടും അഭിനയരംഗത്തെത്തി. പൃഥ്വിരാജ് ചിത്രം ‘ജനഗണമന’യിലാണ് ഒടുവില്‍ വേഷമിട്ടത്. ശംഖുമുഖം, വെളുത്ത കത്രീന, കടമറ്റത്തു കത്തനാര്‍, സത്യമേവ ജയതേ തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ഒരു സിനിമ സംവിധാനം ചെയ്യണണെന്ന ആഗ്രഹം ബാക്കിയാക്കിയാണ് ഷാനവാസ് വിടവാങ്ങിയത്. പ്രേനസീറിന്റെ മൂത്ത സഹോദരിയുടെ മകള്‍ ആയിഷയാണ് ഭാര്യ. അജിത് ഖാന്‍, ഷമീര്‍ ഖാന്‍ എന്നിവരാണ് മക്കള്‍.

ഇരട്ടത്താപ്പ് അംഗീകരിക്കാനാവില്ല, ദേശീയ താല്‍പ്പര്യം സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധം; ട്രംപിന്റെ ഭീഷണിക്ക് മറുപടിയുമായി ഇന്ത്യ

ഇരട്ടത്താപ്പ് അംഗീകരിക്കാനാവില്ല, ദേശീയ താല്‍പ്പര്യം സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധം; ട്രംപിന്റെ ഭീഷണിക്ക് മറുപടിയുമായി ഇന്ത്യ

ന്യൂഡല്‍ഹി: തീരുവ ഇനിയും കൂട്ടുമെന്ന യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണിക്കെതിരെ ഇന്ത്യ. അമേരിക്കയും യൂറോപ്യന്‍ യൂണിയനും റഷ്യയുമായി വ്യാപാര ബന്ധം തുടരുന്നുണ്ട്. ഇരട്ടത്താപ്പ് അംഗീകരിക്കാനാവില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി ചൂണ്ടിക്കാട്ടി ട്രംപ് നടത്തിയ ഭീഷണിയോട് പ്രതികരിക്കുകയായിരുന്നു ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം.

‘യുക്രൈന്‍ സംഘര്‍ഷം ആരംഭിച്ച ശേഷം റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്തതിന് അമേരിക്കയും യൂറോപ്യന്‍ യൂണിയനും ഇന്ത്യയെ ലക്ഷ്യം വെക്കുകയാണ്. ഇത് ന്യായീകരിക്കാനാവാത്തതും യുക്തിരഹിതവുമാണ്. ഇന്ത്യയെ കുറ്റപ്പെടുത്തുന്ന രാജ്യങ്ങള്‍ റഷ്യയുമായി വ്യാപാരബന്ധത്തില്‍ ഏര്‍പ്പെടുന്നുണ്ട്. യുഎസ് പല്ലേഡിയവും അവരുടെ ആണവോര്‍ജ വ്യവസായത്തിന് ആവശ്യമായ യുറേനിയം ഹെക്‌സാഫ്‌ലൂറൈഡും റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നു. ഇരട്ടത്താപ്പ് അംഗീകരിക്കാനാവില്ല’. വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു.

വാസ്തവത്തില്‍, യുക്രൈന്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിനുശേഷം പരമ്പരാഗത എണ്ണ യൂറോപ്പിലേക്ക് വഴിതിരിച്ചുവിട്ടതിനാലാണ് ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാന്‍ തുടങ്ങിയത്. ആഗോള ഊര്‍ജ്ജ വിപണിയുടെ സ്ഥിരത ശക്തിപ്പെടുത്തുന്നതിനായി അക്കാലത്ത് അമേരിക്ക ഇന്ത്യയുടെ അത്തരം ഇറക്കുമതികളെ സജീവമായി പ്രോത്സാഹിപ്പിച്ചിരുന്നു. ഇന്ത്യയുടെ ഇറക്കുമതി ഇന്ത്യയിലെ ഊര്‍ജ്ജ ചെലവ് കുറയ്ക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. ആഗോള വിപണി സാഹചര്യം നിര്‍ബന്ധിതമാക്കുന്ന ഒരു ആവശ്യകതയാണ് അവ…’

രാജ്യത്തെ ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ ചെലവില്‍ ഊര്‍ജം ഉറപ്പാക്കാനാണ് ഇന്ത്യ റഷ്യയില്‍ നിന്നും ഇന്ധനം ഇറക്കുമതി ചെയ്യുന്നത്. ആഗോള വിപണി സാഹചര്യം കാരണമാണ് ഇറക്കുമതി ചെയ്യാന്‍ നിര്‍ബന്ധിതമാകുന്നത്. ഏതൊരു പ്രധാന സമ്പദ്വ്യവസ്ഥയെയും പോലെ, ഇന്ത്യയും ദേശീയ താല്‍പര്യങ്ങളും സാമ്പത്തിക സുരക്ഷയും സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും’. രണ്‍ധീര്‍ ജയ്‌സ്വാള്‍ വ്യക്തമാക്കി.

മദ്യപിക്കുന്നതിനിടെ വഴക്ക്; മകന്റെ കഴുത്തിന് വെട്ടി അച്ഛൻ, ​ഗുരുതരം

മദ്യപിക്കുന്നതിനിടെ വഴക്ക്; മകന്റെ കഴുത്തിന് വെട്ടി അച്ഛൻ, ​ഗുരുതരം

തിരുവനന്തപുരം: മദ്യ ലഹരിയിൽ പിതാവ് മകന്റെ കഴുത്തിനു വെട്ടി. കീഴാവൂർ സൊസൈറ്റി ജങ്ഷനിൽ വിനീതിനാണ് (35) വെട്ടേറ്റത്. ​ഗുരുതരമായി പരിക്കേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പിതാവ് വിജയൻ നായരാണ് വിനീതിനെ ആക്രമിച്ചത്. മദ്യപാനത്തിനു ശേഷം ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു. ഇന്നലെയും സമാന രീതിയിൽ മദ്യപിച്ച ശേഷമുണ്ടായ വഴക്കാണ് ആക്രണത്തിൽ കലാശിച്ചത്.

വഴക്കിനിടെ വിജയൻ നായർ കൈയിൽ കരുതിയിരുന്ന കത്തി ഉപയോ​ഗിച്ചു വിനീതിന്റെ കഴുത്തിനു വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. വിജയൻ നായരെ മം​ഗലപുരം പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്യുന്നു.

നെഞ്ചില്‍ കാമുകിയുടെ പേര് പച്ചകുത്തി, ഭാര്യ പിണങ്ങിപ്പോയി; പകയില്‍ കൊലപാതകം

നെഞ്ചില്‍ കാമുകിയുടെ പേര് പച്ചകുത്തി, ഭാര്യ പിണങ്ങിപ്പോയി; പകയില്‍ കൊലപാതകം

കൊല്ലം: അഞ്ചാലുംമൂട്ടില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്ന സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. കാസര്‍കോട് സ്വദേശിയായ രേവതിയെയാണ് (39) കൊല്ലം കല്ലുവാതുക്കല്‍ സ്വദേശിയായ ജിനു (35) കൊലപ്പെടുത്തിയത്. ജിനു മറ്റൊരു സ്ത്രീയുമായി പ്രണയബന്ധത്തിലായത് ഭാര്യ അറിയുകയും പ്രശ്‌നങ്ങളുണ്ടാവുകയും ചെയ്തിരുന്നു. ക്രൂര മര്‍ദ്ദനത്തെ തുടര്‍ന്ന് രേവതി മക്കളെയും കൂട്ടി ജിനുവിന്റെ അടുത്ത് നിന്ന് മാറി താമസിക്കുകയായിരുന്നു.

എന്നാല്‍ ജിനുവിന്റെ കാമുകി അപ്രതീക്ഷിതമായി വിദേശത്ത് പോകാന്‍ തീരുമാനിച്ചതോടെയാണ് ജിനുവിന്റെ സമനില തെറ്റിയത്. ഭാര്യ പിണങ്ങിപ്പോയതിന് പിന്നാലെ കാമുകി കൂടി പോകാനൊരുങ്ങിയതോടെ ഇയാള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു. കുറച്ച് ദിവസം പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇയാള്‍.

ആശുപത്രിയില്‍ കിടക്കവേ ഭാര്യയെ കാണണമെന്ന് വാശി പിടിച്ചതോടെ രേവതി കുട്ടികളുമായി ആശുപത്രിയിലെത്തി ജിനുവിനെ കണ്ടിരുന്നു. ആശുപത്രിയില്‍ കിടന്ന ജിനുവിന്റെ നെഞ്ചില്‍ കാമുകിയുടെ പേര് പച്ച കുത്തിയിരുന്നു. ഇത് കാണാനിടയായതോടെ രേവതി ദേഷ്യപ്പെട്ട് അവിടെ നിന്ന് മക്കളെയും കൊണ്ട് ഇറങ്ങിപ്പോയി. ഒന്നര മാസം മുമ്പാണ് ജിനു കുമരഞ്ചിറയിലെ ഒരു മെമന്റോ നിര്‍മാണ കമ്പനിയില്‍ ജോലിക്ക് കയറിയത്.

ആദ്യം ഭാര്യ പോയതിന്റെയും, പിന്നീട് കാമുകി വിട്ട് പോകാനൊരുങ്ങുന്നതിന്റെയും ദേഷ്യം ജിനുവിനുണ്ടായിരുന്നു. ഇതിനിടെ, രേവതിക്ക് ഒരു യുവാവുമായി ബന്ധമുണ്ടെന്ന് ആരൊക്കെയോ പറഞ്ഞുകൊടുത്തതോടെ സംശയരോഗമായി. 2 സ്ത്രീകളും തന്നെ പറ്റിക്കുകയാണെന്നും, ഭാര്യയെയും കാമുകിയെയും തട്ടുമെന്നും ഇയാള്‍ ഇടക്കിടെ പറയാറുണ്ടായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. എന്നാല്‍ ഇത് ആരും കാര്യമായി എടുത്തിരുന്നില്ല.

നിത്യഹരിത നായകൻ പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു

നിത്യഹരിത നായകൻ പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു

തിരുവനന്തപുരം.. വഴുതക്കാട് കോർഡോൺ ട്രിനിറ്റി 2 ബിയിൽ ആയിരുന്നു താമസം. 4 വർഷമായി വൃക്ക–ഹൃദയ സംബന്ധമായ രോഗങ്ങൾക്കു ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാത്രിയോടെ രോഗം വഷളായതിനെത്തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സംസ്കാരം ചൊവ്വാഴ്ച 5ന് പാളയം മുസ്‌ലിം ജമാഅത്ത് ഖബർസ്ഥാനിൽ. ഭാര്യ: അയിഷ അബ്ദുൽ അസീസ്. മക്കൾ: അജിത് ഖാൻ, ഷമീർഖാൻ. മരുമകൾ: ഹന.

നടൻ പ്രേംനസീറിന്റെയും ഭാര്യ ഹബീബ ബീവിയുടെയും മകനായി തിരുവനന്തപുരത്തായിരുന്നു ഷാനവാസ് ജനിച്ചത്. ചിറയിൻകീഴ് ഇംഗ്ലിഷ് മീഡിയം സ്‌കൂൾ, മോണ്ട്‌ഫോർട്ട് സ്‌കൂൾ, യേർക്കാട് എന്നിവിടങ്ങളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. ചെന്നൈ ന്യൂ കോളജിൽനിന്ന് ഇംഗ്ലിഷ് സാഹിത്യത്തിൽ മാ‌സ്റ്റേഴ്‌സ് ബിരുദം നേടി.1981ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത പ്രേമഗീതങ്ങൾ എന്ന ചിത്രത്തിലൂടെയാണ് ഷാനവാസ് സിനിമയിലേക്ക് എത്തിയത്. മഴനിലാവ്, ഈയുഗം, മണിയറ, നീലഗിരി, ഗർഭശ്രീമാൻ, സക്കറിയയുടെ ഗർഭിണികൾ തുടങ്ങിയ ഒട്ടേറെ പ്രമുഖ ചിത്രങ്ങളിൽ വേഷമിട്ടു. തമിഴിലും മലയാളത്തിലുമായി അൻപതിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ചെറിയ ഇടവേളയ്ക്ക് ശേഷം 2011ൽ ചൈനാ ടൗൺ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് മടങ്ങിയെത്തി. പൃഥ്വിരാജ് ചിത്രം ‘ജനഗണമന’യിലാണ് ഒടുവില്‍ വേഷമിട്ടത്. ശംഖുമുഖം, വെളുത്ത കത്രീന, കടമറ്റത്തു കത്തനാർ, സത്യമേവ ജയതേ തുടങ്ങിയ സീരിയലുകളിലും വേഷമിട്ടു.

വളർത്തു നായയ്ക്ക് പിന്നാലെ പാഞ്ഞ് വീട്ടിലേക്ക് ഓടിക്കയറിയത് പുലി! അമ്മയും കുഞ്ഞും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

വളർത്തു നായയ്ക്ക് പിന്നാലെ പാഞ്ഞ് വീട്ടിലേക്ക് ഓടിക്കയറിയത് പുലി! അമ്മയും കുഞ്ഞും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പത്തനംതിട്ട: വളർത്തു നായയെ പിടിക്കാനെത്തിയ പുലി വീട്ടിലേക്ക് ഓടിക്കയറി. കൃത്യ സമയത്ത് കതകടച്ചതിനാൽ വീട്ടിനുള്ളിലുണ്ടായിരുന്ന അമ്മയും കുഞ്ഞും രക്ഷപ്പെട്ടു. കോന്നിയിലാണ് സംഭവം. നായയെ കിട്ടാത്ത ദേഷ്യത്തിൽ കതകിലും തറയിലുമെല്ലാം മാന്തിയ ശേഷം പുലി പുറത്തേക്ക് പോയി.

പാടം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ കലഞ്ഞൂർ തട്ടാക്കുടി പൂമരുതിക്കുഴിയിൽ വീട്ടിലേക്കാണ് ഇന്നലെ വൈകീട്ടോടെ പുലി ഓടിക്കയറിയത്. വീട്ടിലെ വളർത്തു നായയെ പിന്തുടർന്നാണ് പുലിയെത്തിയത്. വൈകീട്ട് മൂന്നരയോടെ പൂമരുതിക്കുഴി പൊൻമേലിൽ രേഷ്മയുടെ വീട്ടിലാണ് സംഭവം.

മൂത്ത കുട്ടിയെ അങ്കണവാടിയിൽ നിന്നു വിളിച്ചു കൊണ്ടുവരാൻ ഇളയ കുട്ടിയുമായി പുറത്തു പോകാൻ തുടങ്ങുമ്പോഴാണ് പുലി വളർത്തുനായയെ ഓടിച്ച് പിന്നാലെ എത്തിയത്. നായ ആദ്യം അടുക്കളയിലേക്ക് കയറി. പിന്നീട് രേഷ്മയുടെ മുറിയിലേക്കും ഓടിക്കയറി. ഇതുകണ്ട് രേഷ്മ നായയെ വലിച്ചു മാറ്റി മുറിയുടെ കതക് അടയ്ക്കുകയായിരുന്നു. പുലി മടങ്ങിയതോടെ ഇവർ പുറത്തിറങ്ങി അടുത്ത വീട്ടിലെത്തി വിവരം പറയുകയായിരുന്നു.

വിവരമറിഞ്ഞ് പാടം ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നു ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ ആർ അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കാൽപ്പാടുകൾ പുലിയുടേതാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്.

ഇവിടെ നിന്നു പത്ത് കിലോമീറ്റർ അകലെ കൂടൽ പാക്കണ്ടം ഭാ​ഗത്തും കഴിഞ്ഞ ദിവസം പുലിയെ കണ്ടിരുന്നു. ഒരു വീട്ടിൽ നിന്നു 5 കോഴികളേയും പുലി കൊന്നു തിന്നു. പരിസരത്തെ സിസിടിവിയിലും പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. പൂമരുതിക്കുഴിയിലും പാക്കണ്ടത്തും കൂട് സ്ഥാപിക്കുമെന്നു വനം വകുപ്പ് വ്യക്തമാക്കി.