വേടന്‍ ഒളിവില്‍? തിരഞ്ഞ് പൊലീസ്; തൃശൂരിലെ വീട്ടില്‍ നിന്നും ഫോണ്‍ കണ്ടെടുത്തു

വേടന്‍ ഒളിവില്‍? തിരഞ്ഞ് പൊലീസ്; തൃശൂരിലെ വീട്ടില്‍ നിന്നും ഫോണ്‍ കണ്ടെടുത്തു

കൊച്ചി: ബലാത്സംഗക്കേസില്‍ പ്രതിയായ റാപ്പ് ഗായകന്‍ വേടനെ തിരഞ്ഞ് പൊലീസ്. ഇന്നലെ തൃശൂരിലെ വീട്ടില്‍ പരിശോധന നടത്തിയെങ്കിലും വേടനുണ്ടായിരുന്നില്ല. കേസിന് പിന്നാലെ വേടന്‍ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. വീട്ടില്‍ നടത്തിയ പരിശോധനയില്‍ പൊലീസ് വേടന്റെ ഫോണ്‍ കണ്ടെടുത്തിട്ടുണ്ട്.

അതേസമയം, പരാതി നല്‍കിയ പെണ്‍കുട്ടിയുടെ രഹസ്യമൊഴി പൊലീസ് രേഖപ്പെടുത്തി. പരമാവധി തെളിവുകള്‍ ശേഖരിച്ച ശേഷം അറസ്റ്റ് മതിയെന്നായിരുന്നു പൊലീസിന്റെ തീരുമാനം. യുവതിയുമായി സാമ്പത്തിക ഇടപാട് നടത്തിയത് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കേസില്‍ കഴിഞ്ഞ ദിവസം മുന്‍കൂര്‍ ജാമ്യം തേടി വേടന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഉഭയ സമ്മതപ്രകാരമുള്ള ബന്ധമായിരുന്നുവെന്നും ഇപ്പോള്‍ തെറ്റായ ആരോപണം ഉന്നയിക്കുകയാണെന്നുമാണ് ജാമ്യ ഹര്‍ജിയില്‍ പറയുന്നത്. ഓഗസ്റ്റ് 18നാണ് ഹൈക്കോടതി ജാമ്യ ഹര്‍ജി പരിഗണിക്കുക. തനിക്കെതിരെ പരാതി നല്‍കുമെന്ന് യുവതി ഭീഷണി സന്ദേശം തനിക്കും മാനേജര്‍ക്കും അയച്ചിരുന്നുവെന്നും വേടന്റെ ജാമ്യ ഹര്‍ജിയില്‍ പറയുന്നു.

2021 ഓഗസ്റ്റ് ഒന്നിനും 2023 മാര്‍ച്ച് 31നും ഇടയില്‍ പല തവണകളായി വേടന്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നായിരുന്നു യുവതിയുടെ മൊഴി. കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ വെച്ച് ബലാത്സംഗം ചെയ്തു എന്നും പരാതിയില്‍ പറഞ്ഞിരുന്നു. യുവ ഡോക്ടറുടെ പരാതിയില്‍ തൃക്കാക്കര പൊലീസാണ് കേസെടുത്തത്. ലഹരിമരുന്ന് ഉപയോഗിച്ച ശേഷം പീഡിപ്പിച്ചെന്നും യുവതി മൊഴി നല്‍കിയിട്ടുണ്ട്. വിവാഹ വാഗ്ദാനം നല്‍കിയ ശേഷമായിരുന്നു പീഡനം. തുടര്‍ച്ചയായ പീഡനശേഷം വിവാഹ വാഗ്ദാനത്തില്‍ നിന്ന് വേടന്‍ പിന്‍മാറി. വേടന്റെ പിന്മാറ്റം തന്നെ മാനസികമായി തളര്‍ത്തിയെന്നും ഡിപ്രഷനിലായെന്നും യുവതി പരാതിയില്‍ പറഞ്ഞിട്ടുണ്ട്. ആളുകള്‍ എങ്ങനെ പ്രതികരിക്കുമെന്ന് ഭയപ്പെട്ടാണ് ഇതുവരെ പരാതി നല്‍കാതിരുന്നതെന്നും യുവതിയുടെ പരാതിയില്‍ പറയുന്നുണ്ട്.

ബിജെപി സംസ്ഥാന ഡിവിഷന്‍ സമ്മേളനം മുരളീമന്ദിരത്തില്‍, കരുണാകര സ്മൃതിയില്‍ പുഷ്പാര്‍ച്ചന നടത്തി നേതാക്കള്‍

ബിജെപി സംസ്ഥാന ഡിവിഷന്‍ സമ്മേളനം മുരളീമന്ദിരത്തില്‍, കരുണാകര സ്മൃതിയില്‍ പുഷ്പാര്‍ച്ചന നടത്തി നേതാക്കള്‍

തൃശൂര്‍: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാനതല ഡിവിഷന്‍ സമ്മേളനം തൃശൂര്‍ പുങ്കുന്നം ഡിവിഷന്‍ മുരളി മന്ദിരത്തില്‍ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്തു. തൃശ്ശൂര്‍ വെസ്റ്റ് മണ്ഡലം പ്രസിഡന്റ് രഘുനാഥ് സി മേനോന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും വന്ന നിരവധിപേര്‍ക്ക് സംസ്ഥാന അധ്യക്ഷന്‍ മെമ്പര്‍ഷിപ്പ് നല്‍കി സ്വീകരിച്ചു.

കോണ്‍ഗ്രസ്സ് മുന്‍ മണ്ഡലം പ്രസിഡന്റ്, വടൂക്കര എസ്എന്‍ഡിപി യോഗം പ്രസിഡന്റും തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ മുന്‍ കൗണ്‍സിലറുമായ സദാനന്ദന്‍ വാഴപ്പിള്ളി, കെഎസ് യു മുന്‍ മണ്ഡലം ഭാരവാഹി ജോസ് വിന്‍ നെല്ലിശ്ശേരി, കോണ്‍ഗ്രസ്സ് മണ്ഡലം സെക്രട്ടറി രാജേഷ് മനവഴി, ശ്രീനിവാസന്‍ കളരിക്കല്‍, വേലായുധന്‍ നായര്‍ , മുന്‍ ഡിസിസി ഓഫീസ് സെക്രട്ടറി മണികണ്ഠന്‍ എന്നിവരടക്കം നൂറോളം പ്രവര്‍ത്തകരും നേതാക്കളും ബിജെപി അംഗത്വം എടുത്തു.

കന്യാസ്ത്രീമാരുടെ വിഷയത്തില്‍ കോണ്‍ഗ്രസ്സും സിപിഎമ്മും രാഷ്ട്രീയം കളിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു. ബിജെപി മതവും ജാതിയും നോക്കാതെ സത്യസന്ധമായ ഇടപെടലാണ് നടത്തുന്നത്. അവര്‍ക്ക് വേണ്ട എല്ലാ കാര്യങ്ങളും ബിജെപി ചെയ്യുന്നുണ്ട്. ഛത്തീസ്ഗഡ് സര്‍ക്കാരും സത്യസന്ധമായി എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ട്. ഇവിടുത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന നിലപാടാണ് ഇടതുപക്ഷവും കോണ്‍ഗ്രസും സ്വീകരിക്കുന്നത്. അത് ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടുകയാണ് ബിജെപി.

മുരളി മന്ദിരത്തില്‍ മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെയും പത്‌നി കല്യാണിക്കുട്ടിയമ്മയുടെയും സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന ചെയ്തു കൊണ്ടാണ് ചടങ്ങ് ആരംഭിച്ചത്. കെ കരുണാകരന്‍ മക്കളായ മുരളീധരനും പദ്മജയ്ക്കുമായി നല്‍കിയതാണ്, തൃശൂരിലെ മുരളീമന്ദിരം. പദ്മജ ബിജെപിയില്‍ ചേര്‍ന്നതിനു ശേഷം ഈ വീട് ഇരു പാര്‍ട്ടിക്കാരുടെയും പരിപാടികള്‍ക്ക് ഉപയോഗിച്ചു വരികയാണ്.

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ശോഭാ സുരേന്ദ്രന്‍, അഡ്വ. എസ് സുരേഷ്, ദേശീയ നിര്‍വാഹസമിതി അംഗം പത്മജ വേണുഗോപാല്‍, സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി ഗോപാലകൃഷ്ണന്‍, മുന്‍ സംസ്ഥാന ഉപാധ്യക്ഷന്‍ എ എന്‍ രാധാകൃഷ്ണന്‍, സംസ്ഥാന സെക്രട്ടറി എം വി ഗോപകുമാര്‍, സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിന്‍ ജേക്കബ്, മേഖല പ്രസിഡന്റ് എ നാഗേഷ്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പി കെ ബാബു, അഡ്വ. കെ ആര്‍ ഹരി, അജിഘോഷ്, മേഖലാ ജനറല്‍ സെക്രട്ടറി രവികുമാര്‍ ഉപ്പത്ത്, ജില്ലാ വൈസ് പ്രസിഡന്റുമാരായ സുജയ് സേനന്‍ , ഡോ. വി ആതിര, പൂര്‍ണിമ സുരേഷ്, സൗമ്യ സലേഷ്, ജില്ലാ സെക്രട്ടറിമാരായ എന്‍ആര്‍ റോഷന്‍ ,നിജി കെ ജി, റിന്‍സണ്‍ ചെവിടന്‍, കൗണ്‍സിലര്‍മാരായ പ്രസാദ് എന്‍, രാധിക എന്‍ വി, അയ്യന്തോള്‍ ഏരിയ പ്രസിഡന്റ് രതീഷ് ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. വെസ്റ്റ് മണ്ഡലം സെക്രട്ടറി കൃഷ്ണമോഹന്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി മുരളീനാഥ് നന്ദിയും പറഞ്ഞു.

സംസ്ഥാനത്ത് ഇന്നുമുതല്‍ മഴ ശക്തമാകും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നുമുതല്‍ മഴ ശക്തമാകും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് ചൊവ്വാഴ്ച വരെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ്.

തിങ്കള്‍,ഇടുക്കി, മലപ്പുറം, കോഴിക്കോട് വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ചൊവ്വാഴ്ച എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

കേരള – കര്‍ണാടക തീരങ്ങളില്‍ തിങ്കള്‍, ചൊവ്വ തീയതികളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ), കൊല്ലം (ആലപ്പാട്ട് മുതല്‍ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതല്‍ അഴീക്കല്‍ ജെട്ടി വരെ) ഉള്ള തീരങ്ങളില്‍ ഞായറാഴ്ച വൈകുന്നേരം 05.30 മുതല്‍ തിങ്കളാഴ്ച രാത്രി 08.30 വരെ 1.5 മുതല്‍ 1.8 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

ആറന്മുള ക്ഷേത്രത്തിനുള്ളിലെ പെയ്ഡ് വള്ളസദ്യ നടത്തിപ്പിൽ നിന്ന്  തിരുവിതാംകൂർ ദേവസ്വം ബോർഡ് പിൻമാറി

ആറന്മുള ക്ഷേത്രത്തിനുള്ളിലെ പെയ്ഡ് വള്ളസദ്യ നടത്തിപ്പിൽ നിന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പിൻമാറി

പത്തനംതിട്ട: ആറന്മുള ക്ഷേത്രത്തിനുള്ളിലെ പെയ്ഡ് വള്ളസദ്യ നടത്തിപ്പിൽ നിന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പിൻമാറി. പള്ളിയോട സേവാസംഘത്തിന്റെ എതിർപ്പിന് പിന്നാലെയാണിത്. നാളത്തെ വള്ളസദ്യ റദ്ദാക്കിയിട്ടുണ്ട്. 250 രൂപ നൽകി ബുക്ക് ചെയ്തവർക്ക് പണം തിരികെ നൽകുമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.

കഴിഞ്ഞ ഞായറാഴ്ചയാണ് പെയ്ഡ് വള്ളസദ്യ ക്ഷേത്രത്തിനുള്ളിൽ നടത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിക്കുന്നത്. അത് നടത്തുകയും ചെയ്തിരുന്നു. തുടർന്ന് പള്ളിയോട സേവാ സംഘത്തിന്റെ ഭാഗത്തുനിന്നും ഹൈന്ദവ സംഘടനയുടെ ഭാഗത്തുനിന്നും പ്രതിഷേധം ഉയർന്നിരുന്നു. ക്ഷേത്രത്തിനുള്ളിൽ വള്ളസദ്യ നടത്തുകയാണെങ്കിൽ പള്ളിയോടത്തെ എതിരേറ്റു കൊണ്ടുവന്ന് അവിടുത്തെ വഴിപാട് ക്രമങ്ങളും ആചാരങ്ങളും പാലിച്ച് വേണം നടത്തേണ്ടത് എന്നായിരുന്നു പള്ളിയോട സേവാ സംഘത്തിന്റെ ആവശ്യം.

‘പ്രിയ സുഹൃത്തേ, ഒരുപാട് വേദനിപ്പിക്കുന്ന വേര്‍പാട്’; കലാഭവന്‍ നവാസിനെ ഓര്‍ത്ത് ജയറാം

‘പ്രിയ സുഹൃത്തേ, ഒരുപാട് വേദനിപ്പിക്കുന്ന വേര്‍പാട്’; കലാഭവന്‍ നവാസിനെ ഓര്‍ത്ത് ജയറാം

നടന്‍ കലാഭവന്‍ നവാസിന്റെ മരണവാര്‍ത്തയുടെ ഞെട്ടലിലാണ് മലയാള സിനിമാ ലോകം. 51 കാരനായ നവാസ് ഇന്നലെയാണ് മരണപ്പെടുന്നത്. മിമിക്രി വേദികളിലൂടെ കരിയര്‍ ആരംഭിച്ച് സിനിമയിലെത്തിയ താരമാണ് നവാസ്. സിനിമാ ലോകത്തും ടെലിവിഷന്‍ ലോകത്തുമെല്ലാം സജീവ സാന്നിധ്യമായിരുന്നു. കരിയറില്‍ ശക്തമായൊരു തിരിച്ചുവരവിന് ശ്രമിക്കവെയാണ് മരണം അദ്ദേഹത്തെ തേടിയെത്തുന്നത്.

നവാസിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ അനുശോചനമറിയിച്ച് നടന്‍ ജയറാമും എത്തി. സോഷ്യല്‍ മീഡിയയില്‍ നവാസിനൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു ജയറാമിന്റെ പ്രതികരണം. ‘പ്രിയ സുഹൃത്തേ, ഒരുപാട് വേദനിപ്പിക്കുന്ന വേര്‍പാട്, പ്രണാമം’ എന്നായിരുന്നു ജയറാം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

ഇന്നലെ രാത്രിയോടെയാണ് നവാസ് മരണപ്പെടുന്നത്. ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയില്‍ താരത്തെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഷൂട്ടിങ് പാക്ക് അപ്പ് ആയതോടെ വീട്ടിലേക്ക് തിരിച്ചു പോകുന്നതായി ഹോട്ടല്‍ മുറിയിലെത്തിയതായിരുന്നു താരം. രാത്രി 8.45 ഓടെ ഹോട്ടല്‍ ജീവനക്കാരാണ് നവാസിനെ മുറിയില്‍ വീണു കിടക്കുന്നതായി കണ്ടെത്തുന്നത്. തുടര്‍ന്ന് ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

നവാസിന്റെ പോസ്റ്റ്മാര്‍ട്ടം ഇന്ന് നടക്കും. വൈകിട്ട് നാല് മണി മുതല്‍ അഞ്ചര വരെ ആലുവ ടൗണ്‍ ജുമാ മസ്ജിദില്‍ മൃതദേഹത്തിന്റെ പൊതുദര്‍ശനമുണ്ടാകും. അതേസമയം നവാസിന്റെ മരണത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ചോറ്റാനിക്കര പൊലീസാണ് കേസെടുത്തത്.

നടന്‍ അബൂബക്കറിന്റെ മകനാണ് നവാസ്. ഭാര്യ രെഹ്നയും സിനിമാ നടിയാണ്. നടന്‍ നിയാസ് ബക്കര്‍ സഹോദരനാണ്. 1995 ല്‍ പുറത്തിറങ്ങിയ ചൈതന്യം എന്ന സിനിമയിലൂടെയാണ് കരിയര്‍ ആരംഭിക്കുന്നത്. നായകനായും സഹനടനായെല്ലാം അഭിനയിച്ച് കയ്യടി നേടിയിട്ടുണ്ട്. ഡിറ്റക്ടീവ് ഉജ്ജ്വലനിലാണ് ഒടുവിലായി അഭിനയിച്ചത്. ചിത്രത്തിലെ നവാസിന്റെ മേക്കോവറും പ്രകടനവും ശ്രദ്ധ നേടിയിരുന്നു.

നൂറ് കടന്ന്‌ ഇഞ്ചിയും പച്ചമുളക്; സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു

നൂറ് കടന്ന്‌ ഇഞ്ചിയും പച്ചമുളക്; സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു

കൊച്ചി: സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു. ഒരുമാസം കൊണ്ട് പച്ചക്കറികളുടെ വില 20 മുതല്‍ 60 ശതമാനം വരെയാണ് ഉയര്‍ന്നത്. വെളിച്ചെണ്ണയ്ക്ക് പിന്നാലെ പച്ചക്കറി വിലകള്‍ കൂടി ഉയര്‍ന്നതോടെ മലയാളിയുടെ അടുക്കള ബജറ്റ് താളം തെറ്റി.

ഉത്പാദനത്തിലെ കുറവാണ് പച്ചക്കറി വിലക്കയറ്റത്തിന് ഇടയാക്കിയത്. കാലാവസ്ഥ വ്യതിയാനമാണ് ഉത്പാദനം കുറയാനുള്ള പ്രധാന കാരണം. ജൂലൈ ഒന്നിന് എറണാകുളത്തെ ചില്ലറ വിപണയില്‍ കിലോയ്ക്ക് 55 രൂപയുണ്ടായിരുന്ന ഇഞ്ചി വില ഒരുമാസം കൊണ്ട് 80 -100 രൂപയിലേക്കും ഉയര്‍ന്നു. വെളുത്തുള്ളി വിലയും മുന്നേറുകയാണ്. കിലോയ്ക്ക് 120 -140 രൂപയിലാണ് വ്യാപാരം. എന്നാല്‍ വലിയ വെളുത്തുള്ളിക്ക് വില ഇതിലും കൂടുതലാണെന്ന് വ്യാപാരികള്‍ പറയുന്നു.

കാരറ്റിന് 20 ശതമാനം വില ഉയര്‍ന്ന് 80 രൂപയിലെത്തി. തക്കാളി കിലോയ്ക്ക് 40രൂപ ഉണ്ടായിരുന്നിടത്ത് ഒരുമാസം കൊണ്ട് 60 രൂപയിലെത്തി. ഗ്രാമപ്രദേശങ്ങളില്‍ വില ഇതിലും കൂടുതലാണ്. അതേസമയം, മുരിങ്ങിക്കായ, വില പകുതിയലധികം കുറഞ്ഞ് 40 രൂപയായി. സവാള, ഉരുളക്കിഴങ്ങ് എന്നിവയുടെ വിലയില്‍ വലിയ വ്യത്യാസങ്ങള്‍ പ്രകടമല്ല. സവാള കിലോയ്ക്ക് 30 രൂപയും ഉരുളക്കിഴങ്ങിന് 45രൂപയിലുമാണ് എറണാകുളത്തെ വ്യാപാരം.

ആന്ധ്ര, തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും പച്ചക്കറികള്‍ എത്തുന്നത്. ആഭ്യന്തരവിപണയില്‍ ഉത്പാദനം ഉണ്ടെങ്കിലും പ്രധാന ആശ്രയം അയല്‍ സംസ്ഥാനങ്ങളെയാണ്. ഓണം, കല്യാണ സീസണുകള്‍ എത്തുന്നതിനു മുന്‍പേ വില ഉയര്‍ന്നത് ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ഉത്പാദിപ്പിച്ച പച്ചക്കറികള്‍ ഇനിയും വൈകുന്ന സാഹചര്യമാണ്. അതിനാല്‍ വില ഇനിയും കുതിക്കാനുള്ള സാധ്യത കൂടുതലാണ്.