സ്വര്‍ണവില താഴോട്ട്; പവന് 320 രൂപ കുറഞ്ഞു

സ്വര്‍ണവില താഴോട്ട്; പവന് 320 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു. പവന് 320 രൂപയുടെ കുറവാണുണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന് 9,170 രൂപയാണ് ഇന്നത്തെ വില. ഒരു പവന് 73,360 രൂപയായി കുറഞ്ഞിട്ടുണ്ട്.

ഇന്നലെ ഒരു പവന് 73,680 രൂപയായിരുന്നു വില. രണ്ട് ദിവസമായി താഴ്ന്നിരുന്ന സ്വര്‍ണവില ഇന്നലെ ഉയര്‍ന്നിരുന്നു. ഇതാണ് വീണ്ടും താഴേക്ക് പോയിരിക്കുന്നത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 72,160 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഈ മാസം 9ന് 72000 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തിയിരുന്നു. പിന്നീട് വില ഉയര്‍ന്ന് ജൂലൈ 23 ന് ഈ മാസത്തെ റെക്കോര്‍ഡ് നിലവാരത്തില്‍ എത്തിയിരുന്നു. അടുത്തമാസം വിവാഹ സീസണ്‍ ആരംഭിക്കുന്നതോടെ വില ഇനിയും കൂടാനാണ് സാധ്യത.

കണ്ണൂരില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹം ജനല്‍ കമ്പിയില്‍

കണ്ണൂരില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹം ജനല്‍ കമ്പിയില്‍

കണ്ണൂര്‍: പഴയങ്ങാടി നെരുവമ്പ്രത്ത് യുവതിയെ കിടപ്പുമുറിയുടെ ജനല്‍കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വെടിയപ്പന്‍ചാല്‍ കൊയിലേരിയന്‍ വീട്ടില്‍ കെ സുരഭിയെയാണ് (28) ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ മരിച്ച നിലയില്‍ കണ്ടത്. ഭര്‍ത്താവ്: സോജന്‍ (പള്ളിക്കര). മകള്‍: ഇവ സോജന്‍. പരേതനായ സുരേഷാണ് പിതാവ്. മാതാവ് സവിത.

റാപ്പര്‍ വേടനെതിരായ ബലാത്സംഗ കേസ്; ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കും

റാപ്പര്‍ വേടനെതിരായ ബലാത്സംഗ കേസ്; ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കും

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ റാപ്പര്‍ വേടന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടും. ഇന്ന് തന്നെ ജാമ്യാപേക്ഷ നല്‍കാനാണ് ശ്രമം. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ ജാമ്യാപേക്ഷ ഉച്ചയ്ക്ക് ശേഷം ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പരിഗണിക്കും.

യുവ ഡോക്ടറുടെ പരാതിയില്‍ വേടനെതിരെ കഴിഞ്ഞ ദിവസം രാത്രിയാണ് തൃക്കാക്കര പൊലീസ് കേസെടുത്തത്. വിവാഹ വാഗ്ദാനം നല്‍കി തന്നെ പലയിടങ്ങളില്‍ വെച്ച് പീഡിപ്പിച്ചുവെന്നും പിന്നീട് ബന്ധത്തില്‍ നിന്നും വേടന്‍ പിന്മാറിയെന്നുമാണ് യുവ ഡോക്ടര്‍ മൊഴി നല്‍കിയത്. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ സാഹചര്യത്തില്‍ അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടിക്രമങ്ങളിലേക്ക് പൊലീസ് കടന്നേക്കും.

2021 ഓഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെ വിവിധ സ്ഥലങ്ങളില്‍ വെച്ച് വേടന്‍ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. ഇന്‍സ്റ്റഗ്രാമിലൂടെയാണ് വേടനുമായി സൗഹൃദം ആരംഭിച്ചതെന്നും പരിചയത്തിനൊടുവില്‍ കോഴിക്കോട്ടെ ഫ്‌ളാറ്റില്‍ വെച്ച് വേടന്‍ ബലാത്സംഗം ചെയ്തുവെന്നുമാണ് മൊഴി. 2023 ലാണ് വേടന്‍ തന്നെ ഒഴിവാക്കിയതെന്നും യുവതി പറയുന്നു. ടോക്‌സിക് ആണ്, സ്വാര്‍ത്ഥയാണ് എന്നുതുള്‍പ്പെടെ ആരോപിച്ചായിരുന്നു ഒഴിവാക്കല്‍ എന്നും ഡോക്ടറുടെ മൊഴിയിലുണ്ട്. വേടനെതിരെ നേരത്തെ മീ ടൂ ആരോപണം ഉയര്‍ന്നിരുന്നു.

അതേസമയം തന്നെ അപകീര്‍ത്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ പരാതിയെന്നും നിയമപരമായി മുന്നോട്ട് പോകുമെന്നും വേടന്‍ പ്രതികരിച്ചിരുന്നു. തന്നെ വേട്ടയാടുകയാണ്. ആസൂത്രിത നീക്കത്തിന് തെളിവുണ്ടെന്നും വേടന്‍ കൂട്ടിച്ചേര്‍ത്തു.

കേരളത്തിൽ അടുത്ത അഞ്ച് ദിവസം നേരിയ മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ അടുത്ത അഞ്ച് ദിവസം നേരിയ മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. കേരളത്തിൽ അടുത്ത അഞ്ച് ദിവസം നേരിയ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യത പ്രവചനത്തിൽ കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന് ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ 14 ജില്ലകളിലും നേരിയ മഴ സാധ്യത നിലനിൽക്കുന്നുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തമാണ് ശക്തമായ കാറ്റ്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാനോ വാഹനങ്ങൾ പാർക്ക് ചെയ്യാനോ പാടില്ല.

കന്യാസ്ത്രീകളുടെ മോചനം പ്രധാന മന്ത്രിയും അമിത് ഷായും ഉറപ്പുതന്നു

കന്യാസ്ത്രീകളുടെ മോചനം പ്രധാന മന്ത്രിയും അമിത് ഷായും ഉറപ്പുതന്നു

തൃശൂര്‍: ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകളെ എത്രയും വേഗം മോചിപ്പിക്കണമെന്ന് സിബിസിഐ പ്രസിഡന്റും തൃശൂര്‍ അതിരൂപതാ മെത്രോപ്പോലീത്തയുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്. അതിരൂപത ആസ്ഥാനത്ത് കുടിക്കാഴ്ചയ്‌ക്കെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറോട് ഇക്കാര്യം ആവശ്യപ്പെട്ടതായി ആന്‍ഡ്രൂസ് താഴത്ത് മാധ്യമങ്ങളോട് പറഞ്ഞു. കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതില്‍ അമര്‍ഷവും വേദനയും ഉണ്ട്. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഇടപെട്ടതിന്റെ അടിസ്ഥാനത്തിലാണ് രാജീവ് ചന്ദ്രശേഖര്‍ തൃശൂര്‍ അതിരൂപതയില്‍ എത്തിയതെന്നും എല്ലാവിവരങ്ങളും അദ്ദേഹത്തെ അറിയിച്ചതായും ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.

ഭരിക്കുന്ന പാര്‍ട്ടിയായതുകൊണ്ടാണ് ബിജെപിക്കാരുമായി ബന്ധപ്പെട്ടത്. സംഭവമുണ്ടയാതിന് പിന്നാലെ താന്‍ വിവരം രാജീവ് ചന്ദ്രശേഖറെ വിളിക്കുകയും അദ്ദേഹം ആവശ്യമായ സഹായം ചെയ്യുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. അതിന് പിന്നാലെ എംപിയെയും മറ്റ് രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളെയും വിളിച്ചിരുന്നു. അവരും നല്ലരീതിയില്‍ ഇടപെട്ടു. തങ്ങള്‍ക്ക് രാഷ്ട്രീയമില്ലെന്നും ഇന്ത്യന്‍ പൗരന്‍മാര്‍ എന്ന നിലയില്‍ ജീവിക്കാന്‍ സ്വാതന്ത്ര്യം കിട്ടണമെന്നും സമീപകാലങ്ങളിലായി രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ ക്രിസ്ത്യാനികള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ രാജീവ് ചന്ദ്രശേഖറെ അറിയിച്ചതായും ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. കഴിയുമെങ്കില്‍ ഇന്ന് തന്നെ കന്യാസ്ത്രീകളെ മോചിപ്പിക്കണമെന്നും നിയമപരമായ തടസങ്ങളുണ്ടെങ്കില്‍ മോചനം രണ്ടുദിവസം വൈകിയേക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് ആറ് ദിവസങ്ങള്‍ക്ക് മുന്‍പ് മാര്‍ ആന്‍ഡ്രൂസ് സഹായം അഭ്യര്‍ഥിച്ച് വിളിച്ചിരുന്നതായി ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. അന്നുമുതല്‍ ഇന്നുവരെ അത് പരിഹരിക്കാനുമാണ് ശ്രമിച്ചത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയെയും അമിത്ഷായെയും കണ്ടിരുന്നു. അവര്‍ മോചനം ഉറപ്പുതന്നതായും ഛത്തീസ്ഗഡ് സര്‍ക്കാര്‍ ജാമ്യത്തെ എതിര്‍ക്കില്ലെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ചിലര്‍ ഇതിനെ രാഷ്ട്രീയ വത്കരിക്കുകയാണ്. ബിജെപി ഇതില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താനില്ല. അവരെ സഹായിക്കുന്നത് ജാതിയോ മതമോ വോട്ടോ നോക്കിയല്ലെന്നും രാജീവ് പറഞ്ഞു.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ പുതുക്കിയ ഉച്ചഭക്ഷണ മെനു ഇന്നുമുതൽ നടപ്പാക്കും

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ പുതുക്കിയ ഉച്ചഭക്ഷണ മെനു ഇന്നുമുതൽ നടപ്പാക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ പുതിയ ഉച്ചഭക്ഷണ മെനു ഇന്ന് മുതൽ നിലവിൽ വരും. ലെമൺ റൈസ്, ടൊമാറ്റോ റൈസ് തുടങ്ങി പുതിയ വിഭവങ്ങൾ ഉൾപ്പെടുന്ന മെനു നിർബന്ധമായും നടപ്പാക്കണം എന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ നിർദ്ദേശം. എന്നാൽ പരിഷ്കരിച്ച മെനു നടപ്പാക്കാനുള്ള സാമ്പത്തിക സഹായം കൂടി സർക്കാർ
അനുവദിക്കണമെന്നാണ് അധ്യാപകരുടെ ആവശ്യം.

ആഴ്ചയില്‍ ഒരുദിവസം വെജിറ്റബിള്‍ ഫ്രൈഡ് റൈസ്, ലെമണ്‍ റൈസ്, വെജിറ്റബിള്‍ ബിരിയാണി, ടൊമാറ്റോ റൈസ്, കോക്കനട്ട് റൈസ് എന്നിവയില്‍ ഏതെങ്കിലുമൊന്ന് ഉണ്ടാകും. റൈസുകളോടൊപ്പം പുതിന, ഇഞ്ചി, നെല്ലിക്ക, പച്ചമാങ്ങ ഇവ ചേര്‍ത്ത ചമ്മന്തിയും വേണമെന്ന് നിർദേശമുണ്ട്. മറ്റ് ദിവസങ്ങളില്‍ റാഗിയോ മറ്റ് ചെറുധാന്യങ്ങളോ ഉപയോഗിച്ചുണ്ടാക്കുന്ന പായസമോ വ്യത്യസ്തവിഭവങ്ങളോ ഒരുക്കും.

ഒന്നുമുതല്‍ എട്ടുവരെയുള്ള ക്ലാസുകളിലെ കുട്ടികളാകും ഉച്ചഭക്ഷണത്തിന് അർഹരാകുക. കുട്ടികളില്‍ ശരിയായ പോഷണത്തിന്റെ കുറവുമൂലം 39 ശതമാനം വിളര്‍ച്ചയും 38 ശതമാനം അമിതവണ്ണവും കാണുന്നുവെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് പുതിയ വിഭവങ്ങള്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചത്.