ധര്‍മ്മസ്ഥലയിലെ തിരച്ചില്‍: അസ്ഥികൂടം കണ്ടെത്തി

ധര്‍മ്മസ്ഥലയിലെ തിരച്ചില്‍: അസ്ഥികൂടം കണ്ടെത്തി

താന്‍ കുഴിച്ചിട്ട മൃതദേഹങ്ങളെക്കുറിച്ചുള്ള ശുചീകരണ തൊഴിലാളിയുടെ രാജ്യത്തെ ഞെട്ടിച്ച വെളിപ്പെടുത്തലിനെ സാധൂകരിക്കുന്ന തെളിവുകള്‍ ധര്‍മ്മസ്ഥലയില്‍ നിന്ന് കണ്ടെത്തി. തൊഴിലാളി കാണിച്ചുകൊടുത്ത സ്ഥലത്ത് ഇന്ന് നടത്തിയ തിരച്ചില്‍ അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. സൈറ്റ് ആറില്‍ നിന്നാണ് ഇതാദ്യമായി കേസിന് വഴിത്തിരിവാകുന്ന തെളിവുകള്‍ ലഭിച്ചിരിക്കുന്നത്.

ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണസംഘത്തിന്റെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് മനുഷ്യ അസ്ഥികൂടം കണ്ടെത്തിയിരിക്കുന്നത്. അസ്ഥികൂടത്തിന്റെ ചില ഭാഗങ്ങള്‍ നഷ്ടപ്പെട്ട നിലയിലാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ ബലാത്സംഗം ചെയ്യപ്പെട്ടെന്നും കൊലചെയ്യപ്പെട്ടെന്നും 1998 മുതല്‍ 2014 വരെയുള്ള കാലഘട്ടത്തില്‍ താന്‍ അത്തരം നിരവധി മൃതദേഹങ്ങള്‍ കുഴിച്ചിട്ടെന്നുമായിരുന്നു ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തല്‍.

സപ്ലൈകോ ഓണച്ചന്തകൾ ഓഗസ്റ്റ് 25 മുതൽ; മന്ത്രി ജി ആർ അനിൽ

സപ്ലൈകോ ഓണച്ചന്തകൾ ഓഗസ്റ്റ് 25 മുതൽ; മന്ത്രി ജി ആർ അനിൽ

സപ്ലൈകോ ഓണച്ചന്തകൾ ഓഗസ്റ്റ് 25 മുതൽ ആരംഭിക്കുമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ. എല്ലാ നിയോജകമണ്ഡലങ്ങളിലും സഞ്ചരിക്കുന്ന ഓണം ചന്തകളായിരിക്കും ഉണ്ടാകുക. ഓണച്ചന്തയിൽ ന്യായവിലയ്ക്കുള്ള നിത്യ ഉപയോഗ സാധനങ്ങൾ ലഭ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി.

സബ്‌സിഡി നിരക്കിൽ 15 കിലോ അരി 10 രൂപ നിരക്കിൽ നൽകും. സബ്‌സിഡി വെളിച്ചെണ്ണ 1 ലിറ്ററിന് 349 രൂപയും വെളിച്ചെണ്ണ അര ലിറ്റർ പാക്കറ്റ് 179 രൂപയ്ക്കും ലഭിക്കും. മാത്രമല്ല മഞ്ഞ കാർഡുകാർക്ക് ഒരു കിലോ പഞ്ചസാരയും സപ്ലൈകോ ഓണച്ചന്തകൾ വഴി ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു.

കുടവൂർക്കോണം ഗവ:ഹൈസ്കൂളിലെ “ജ്വാല’ ക്വിസ് മത്സരം ശ്രദ്ധേയമാവുന്നു

കുടവൂർക്കോണം ഗവ:ഹൈസ്കൂളിലെ “ജ്വാല’ ക്വിസ് മത്സരം ശ്രദ്ധേയമാവുന്നു

ആറ്റിങ്ങൽ: വൈവിധ്യമാർന്ന പരിപാട്കൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന കുടവൂർക്കോണം ഗവൺമെൻറ്റ് ഹൈസ്കൂളിലെ ‘ജ്വാല-2025’ ക്വിസ് മത്സരം ശ്രദ്ധേയമാവുന്നു.ദിവസേന കുട്ടികൾക്ക് അഞ്ച് ചോദ്യങ്ങൾ നൽകി ആ ചൊദ്യങ്ങൾക്ക് കുട്ടികൾ സ്വയം ഉത്തരം കണ്ടെത്തി പൊതുവിജ്ഞാനശേഖരണ ബുക്കിൽ രേഖപ്പെടുത്തും.ഇതിനെ അടിസ്ഥാനമാക്കി മാസാവസാനം പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ച് സമ്മാനങ്ങൾ വിതരണം ചെയ്യും.തുടർന്ന് വർഷാവസാനം നടക്കുന്ന മെഗാക്വിസ് മത്സരത്തിലെ വിജയികൾക്ക് ക്യാഷ് അവാർഡും പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും സമ്മാനവും സർട്ടിഫിക്കറ്റും വിതരണം ചെയ്യും.അധ്യാപകരുടെയും സ്കൂൾ പി.ടി.എ യുടെയും നേതൃത്വത്തിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

മിഥുന്റെ മരണം: ഒടുവില്‍ നടപടിയെടുത്ത് കെഎസ്ഇബി; ഓവര്‍സിയര്‍ക്ക് സസ്‌പെന്‍ഷന്‍

മിഥുന്റെ മരണം: ഒടുവില്‍ നടപടിയെടുത്ത് കെഎസ്ഇബി; ഓവര്‍സിയര്‍ക്ക് സസ്‌പെന്‍ഷന്‍

കൊല്ലം: തേവലക്കര സ്‌കൂളിലെ വിദ്യാര്‍ത്ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ നടപടിയെടുത്ത് കെഎസ്ഇബി. വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട് വീഴ്ച വരുത്തിയ തേവലക്കര സെക്ഷന്‍ ഓവര്‍സിയര്‍ എസ് ബിജുവിനെ സസ്‌പെന്‍ഡ് ചെയ്തു. സംഭവം അന്വേഷിച്ച കൊല്ലം ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ചീഫ് എഞ്ചിനീയര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടും അനുബന്ധ രേഖകളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ കെ എസ് ഇബി വ്യക്തമാക്കുന്നു.

നേരത്തെ മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കെഎസ്ഇബി ചീഫ് സുരക്ഷാ കമീഷണറുടെ റിപ്പോര്‍ട്ട് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി തള്ളിയിരുന്നു. വീഴ്ചവരുത്തിയ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് റിപ്പോര്‍ട്ട് തള്ളിക്കൊണ്ട് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി നിര്‍ദേശിച്ചു. കുട്ടി ഷോക്കേറ്റ് മരിച്ചതില്‍ ആര്‍ക്കുമെതിരെ നടപടിക്ക് ശുപാര്‍ശയില്ലാതെയായിരുന്നു റിപ്പോര്‍ട്ട്.

റിപ്പോര്‍ട്ട് അപൂര്‍ണമാണെന്നും, വീഴ്ചയുണ്ടായിട്ടുണ്ടെന്നും ഇക്കാര്യം വിശദമായി പരിശോധിക്കാനും മന്ത്രി നിര്‍ദേശിച്ചിരുന്നു. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ ആരൊക്കെയെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കണമായിരുന്നുവെന്നും മന്ത്രി കെ കൃഷ്ണന്‍കുട്ടി ആവശ്യപ്പെട്ടിരുന്നു. വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചതിന് കാരണം സിസ്റ്റത്തിന്റെ പ്രശ്നമെന്നായിരുന്നു കെഎസ്ഇബിയുടെ റിപ്പോര്‍ട്ട്. അപകടത്തില്‍ വ്യക്തിപരമായി ആരും ഉത്തരവാദിയല്ലെന്നുമാണ് കെഎസ്ഇബി ചീഫ് സേഫ്റ്റി കമ്മീഷണറുടെ കണ്ടെത്തല്‍.

ഒന്‍പത് വര്‍ഷമായി പോവുന്ന വൈദ്യുതി ലൈന്‍ മാറ്റാത്തതും അതിന് താഴെ ഷെഡ് പണിതതും വീഴ്ചയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മിഥുന്റെ മരണത്തിൽ വിദ്യാഭ്യാസ വകുപ്പ് കർശന നടപടി സ്വീകരിച്ചിരുന്നു. വീഴ്ച വരുത്തിയതിന് ആദ്യം സ്കൂൾ ഹെഡ്മിസ്ട്രസിനെ സസ്പെൻഡ് ചെയ്തു. പിന്നാലെ സ്കൂൾ മാനേജ്മെന്റ് പിരിച്ചു വിടുകയും, സ്കൂൾ സർക്കാർ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ക്ലാസ് മുറിയോട് ചേർന്ന തകര ഷെഡിന് മുകളിൽ വീണ ചെരിപ്പ് എടുക്കാൻ കയറിയ മിഥുൻ മുകളിലൂടെ പോയ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റാണ് മരിച്ചത്.

കോച്ച് നിരന്തരം ശല്യപ്പെടുത്തുന്നു; സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പരിശീലകനെതിരെ പെണ്‍കുട്ടികള്‍; പോക്‌സോ കേസ്

കോച്ച് നിരന്തരം ശല്യപ്പെടുത്തുന്നു; സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പരിശീലകനെതിരെ പെണ്‍കുട്ടികള്‍; പോക്‌സോ കേസ്

മലപ്പുറം: സ്‌പോര്‍ട്‌സ് കൗണ്‍സിലിലെ പരിശീലകനെതിരെ പീഡന പരാതി. വെയ്റ്റ് ലിഫ്റ്റിങ് കോച്ചിനെതിരെയാണ് വനിതാ താരങ്ങള്‍ പരാതി നല്‍കിയത്. പരിശീലകന്‍ മുഹമ്മദ് നിഷാഖ് മോശമായി പെരുമാറിയെന്ന് താരങ്ങളുടെ പരാതിയില്‍ പറയുന്നു. പരാതിയില്‍ പരിശീലകനെതിരെ പോക്‌സോ നിയമപ്രകാരം തേഞ്ഞിപ്പലം പൊലീസ് കേസെടുത്തു.

താരങ്ങളെ രാത്രി സമയത്ത് വിഡിയോ കോള്‍ ചെയ്ത് ബുദ്ധിമുട്ടിക്കുക, മത്സരിക്കാനുള്ള അവസരങ്ങള്‍ നല്‍കാമെന്നു പറഞ്ഞു കുട്ടികളെ ചൂഷണം ചെയ്യുക തുടങ്ങിയ പരാതികളാണ് പെണ്‍കുട്ടികള്‍ പരിശീലകനെതിരെ ഉന്നയിച്ചത്. കോച്ച് 24 മണിക്കൂറും തങ്ങളുടെ വ്യക്തി ജീവിതത്തില്‍ തെറ്റായ രീതിയില്‍ ഇടപെട്ടിരുന്നുവെന്നും പെണ്‍കുട്ടികളുടെ പരാതിയിലുണ്ട്.

ഇയാള്‍ക്കെതിരെ ജൂണ്‍ ആദ്യം മൂന്ന് പെണ്‍കുട്ടികള്‍ വെയ്റ്റ്‌ലിഫ്റ്റിങ് അസോസിയേഷനു പരാതി നല്‍കിയിരുന്നു. അസോസിയേഷന്‍ പരാതി സിഡബ്ല്യുസിക്ക് കൈമാറി. വിഷയത്തില്‍ സിഡബ്ല്യുസി കോട്ടക്കല്‍ പൊലീസിനോട് റിപ്പോര്‍ട്ടും തേടി.

എന്നാല്‍ കോട്ടക്കല്‍ പൊലീസ് വിഷയത്തില്‍ വേണ്ടവിധം നടപടികള്‍ എടുത്തില്ലെന്ന പരാതിയുയര്‍ന്നു. പിന്നീട് താരങ്ങളുടെ മൊഴി വീണ്ടുമെടുത്തു. അവര്‍ മൊഴിയില്‍ ഉറച്ചു നില്‍ക്കുകയും ചെയ്തതോടെയാണ് ഇപ്പോള്‍ പോക്‌സോ വകുപ്പനുസരിച്ച് കേസെടുത്തിരിക്കുന്നത്. കോട്ടക്കല്‍ പൊലീസ് കേസെടുത്ത് തേഞ്ഞിപ്പലം പൊലീസിനു കൈമാറുകയായിരുന്നു.

ഖുശ്ബു ബിജെപി ഉപാധ്യക്ഷ; നടന്‍ വിജയിന് സഖ്യത്തിലേക്ക് ക്ഷണം

ഖുശ്ബു ബിജെപി ഉപാധ്യക്ഷ; നടന്‍ വിജയിന് സഖ്യത്തിലേക്ക് ക്ഷണം

ചെന്നൈ: തമിഴ്‌നാട് ബിജെപി വൈസ് പ്രസിഡന്റായി നടി ഖുശ്ബു സുന്ദറിനെ നിയമിച്ചു. നൈനാര്‍ നാഗേന്ദ്രന്‍ പ്രസിഡന്റായി ചുമതലയേറ്റതിനു ശേഷം നടത്തിയ ആദ്യ പുനഃസംഘടനയിലാണു ഖുശ്ബുവിനു പ്രധാനപ്പെട്ട പദവി നല്‍കിയത്.

നിയമനത്തില്‍ ബിജെപി നേതാക്കളോട് ഖുശ്ബു നന്ദി അറിയിച്ചു. ബുത്ത് കമ്മിറ്റികള്‍ ശക്തിപ്പെടുത്തുകയെന്നതിനാണ് അടിയന്തര മുന്‍ഗണന നല്‍കുകയെന്ന് ഖുശ്ബു പറഞ്ഞു. ‘നമ്മള്‍ കഴിയുന്നത്ര ജനങ്ങളിലേക്ക് എത്തിച്ചേരണം, വീടും തോറും പ്രചാരണം നടത്തുകയും വോട്ടര്‍മാരെ നേരിട്ട് കാണുകയും വേണം, പ്രധാനമന്ത്രിയുടെയും ബിജെപിയുടെയും നന്മയെക്കുറിച്ച് അവരോട് സംസാരിക്കണം, അവര്‍ രാജ്യത്തിന് ചെയ്ത കാര്യങ്ങള്‍ അവരെ അറിയിക്കണം.’- ഖുശ്ബു പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ എഐഎഡിഎംകെ പോലുള്ള പാര്‍ട്ടി ഞങ്ങളോടൊപ്പം ഉള്ളതില്‍ സന്തോഷമുണ്ടെന്ന് ഖുശ്ബു പറഞ്ഞു. പാര്‍ട്ടിയുടെ അനുമതിയില്ലാതെ സഖ്യ തീരുമാനങ്ങളെക്കുറിച്ച് അഭിപ്രായം പറയാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ ഖുഷ്ബു, വിജയിനോട് എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമാകാനും അഭ്യര്‍ഥിച്ചു. ‘ഇളയെ സഹോദരനെ പോലയാണ് എനിക്ക് വിജയ്. ഡിഎംകെയെ പരാജയപ്പെടുത്താന്‍ നിങ്ങള്‍ ആഗ്രഹിക്കുമ്പോള്‍, നാമെല്ലാവരും ഒന്നിക്കണമെന്ന് ഞാന്‍ കരുതുന്നു. തമിഴ്നാട്ടിലെ ഡിഎംകെ സര്‍ക്കാരിന്റെ തെറ്റുകള്‍ നിരന്തരം ഉന്നയിക്കുന്നു, അതിനാല്‍ ടിവികെ ബിജെപിയുമായും എഐഎഡിഎംകെയുമായും കൈകോര്‍ക്കുന്നത് വളരെ ബുദ്ധിപരമായ തീരുമാനമാണെന്ന് ഞാന്‍ കരുതുന്നു.’ ഖുശ്ബു പറഞ്ഞു.

ഡിഎംകെയിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച ഖുശ്ബു, പിന്നീട് കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ച ശേഷം 2020ലാണു ബിജെപിയില്‍ ചേര്‍ന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നഗര മണ്ഡലത്തില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.