കെപിഒഎ തിരുവനന്തപുരം റൂറൽ ജില്ലാ ഭാരവാഹികൾ

കെപിഒഎ തിരുവനന്തപുരം റൂറൽ ജില്ലാ ഭാരവാഹികൾ

കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ല കമ്മിറ്റി പ്രസിഡണ്ടായി നിഷാന്ത് കെ എൽ നെയും( ഇൻസ്പെക്ടർ ഓഫ് പോലീസ്, എസ് എസ് ബി) വൈസ് പ്രസിഡണ്ടായി ഗോപകുമാർ ഡി ആർ (എ എസ് ഐ, പൊന്മുടി സ്റ്റേഷൻ )നെയും സെക്രട്ടറിയായി ജ്യോതിഷ് ആർ കെ യേയും(എസ് ഐ, ഡിസിപി എച്ച് ക്യു )ജോയിന്റ് സെക്രട്ടറിയായി അനിൽ മുഹമ്മദിനെയും (എസ് ഐ, ഡി എച്ച് ക്യു ) ട്രഷററായി വിജു റ്റി യെയും (എ എസ് ഐ, ഡിസ്ട്രിക്ട് സ്പെഷ്യൽ ബ്രാഞ്ച്),എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി രമേഷ് കുമാർഎസ് ആർ, വിനോദ് കുമാർ കെ,ഷമീർ എസ്,കിഷോർ കുമാർ ജി, ഹരിലാൽ ബി ,ബിനു ആന്റണി, ഷിമി ജി, ഷിജു റോബർട്ട് എന്നിവരെയും അഞ്ചംഗ സ്റ്റാഫ് കൗൺസിലും മൂന്നംഗ ഓഡിറ്റ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു

ജ​ഗദീഷ് പിന്മാറി; ശ്വേത പ്രസിഡന്റാകുമോ? അമ്മയിൽ ഇന്ന് മത്സര ചിത്രം തെളിയും

ജ​ഗദീഷ് പിന്മാറി; ശ്വേത പ്രസിഡന്റാകുമോ? അമ്മയിൽ ഇന്ന് മത്സര ചിത്രം തെളിയും

കൊച്ചി: താരസംഘടനയായ അമ്മയുടെ തെരഞ്ഞെടുപ്പിൽ നിന്ന് നടൻ ജ​ഗദീഷ് പിന്മാറി. വനിതകൾ നേതൃത്വത്തിൽ വരുമെന്ന ഉറപ്പിനെ തുടർന്നാണ് ജ​ഗദീഷിന്റെ പിന്മാറ്റം. ഇന്ന് പ്രത്യേക ദൂതൻ വഴി നാമനിർദേശ പത്രിക പിൻവലിക്കുന്നതിനുള്ള അപേക്ഷ അമ്മയുടെ ആസ്ഥാനത്ത് ജ​ഗദീഷ് എത്തിക്കും. ഇന്നാണ് നാമനിർദേശ പത്രിക പിൻവലിക്കുന്നതിനുള്ള അവസാന ദിവസം.

മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ​ഗോപി എന്നിവരുമായി ഇത് സംബന്ധിച്ച് ജ​ഗദീഷ് നേരത്തെ സംസാരിച്ചിരുന്നു. ജ​ഗദീഷ് പത്രിക പിൻവലിച്ചതോടെ അമ്മ അധ്യക്ഷപദവിയിലെത്താൻ മത്സരം ശ്വേത മേനോനും ദേവനും തമ്മിലായി. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജും കുക്കു പരമേശ്വരനും രവീന്ദ്രനും മത്സരിക്കും.

നടൻ അനൂപ് ചന്ദ്രൻ പ്രസിഡന്റ്, ജനറൽ സെക്രട്ടറി സ്ഥാനങ്ങളിലേക്ക് പത്രിക നൽകിയിട്ടുണ്ട്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജയൻ ചേർത്തല, നവ്യ നായർ, നാസർ ലത്തീഫ്, ലക്ഷ്മിപ്രിയ എന്നിവരും ജോയിന്റ് സെക്രട്ടറിസ്ഥാനത്തേക്ക് അൻസിബ ഹസ്സനും മത്സരിക്കുന്നുണ്ട്.

വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ടു പേരെയാണ് തെരഞ്ഞെടുക്കേണ്ടത്. ട്രഷറർ സ്ഥാനത്തേക്ക് നൽകിയിരുന്ന പത്രിക പിൻവലിച്ച് ജോയിന്റ് സെക്രട്ടറി പദവിയിലേക്ക് നടൻ വിനു മോഹൻ മത്സരിക്കാൻ സാധ്യതയുണ്ട്. ട്രഷറർ സ്ഥാനത്തേക്ക് സുരേഷ് കൃഷ്ണയും ഉണ്ണി ശിവപാലും തമ്മിലാകും പ്രധാനമത്സരം.

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 9,170 രൂപയാണ് വില. ഒരു പവന് 73,360 രൂപയായി കുറഞ്ഞു. ഇന്നലെ ഒരു പവന് 73,680 രൂപയായിരുന്നു. പവന് 320 രൂപയുടെ കുറവാണുണ്ടായത്. രണ്ട് ദിവസമായി ഇടിഞ്ഞ സ്വര്‍ണവില ഇന്നലെ ഉയര്‍ന്നിരുന്നു. ഇതാണ് വീണ്ടും താഴേക്ക് പോയിരിക്കുന്നത്.

ഈ മാസത്തിന്റെ തുടക്കത്തില്‍ 72,160 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 9ന് 72000 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയിരുന്നു. പിന്നീട് വില ഉയര്‍ന്ന് റെക്കോര്‍ഡ് നിലവാരത്തില്‍ എത്തിയ ശേഷമാണ് വില കുറയാന്‍ തുടങ്ങിയത്.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

ജയില്‍ വകുപ്പില്‍ വന്‍ അഴിച്ചുപണി, എട്ട് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റം മാറ്റി, കണ്ണൂർ ജയിൽ ജോയിന്‍റ് സൂപ്രണ്ടിനെയും മാറ്റി

ജയില്‍ വകുപ്പില്‍ വന്‍ അഴിച്ചുപണി, എട്ട് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റം മാറ്റി, കണ്ണൂർ ജയിൽ ജോയിന്‍റ് സൂപ്രണ്ടിനെയും മാറ്റി

തിരുവനന്തപുരം: കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടത്തിനു പിന്നാലെ ജയില്‍ വകുപ്പില്‍ വന്‍ അഴിച്ചുപണി. വിവിധ ജയിലുകളിലെ എട്ട് ഉദ്യോഗസ്ഥരെയാണ് സ്ഥലംമാറ്റിയത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ജോയിന്റ് സൂപ്രണ്ടിനെ അടക്കം സ്ഥലംമാറ്റി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ജോയിന്റ് സൂപ്രണ്ട് ​ഗിരീഷ് കുമാർ എൻ നെ കാസര്‍കോട് ജില്ലാ ജയിൽ സൂപ്രണ്ടായി മാറ്റി നിയമിച്ചു.

കണ്ണൂർ ജില്ലാ ജയിൽ സൂപ്രണ്ട് കെ കെ റിനിലിനെ കണ്ണൂർ സെൻട്രൽ ജയിലിലേക്കും സ്ഥലംമാറ്റി. പൂജപ്പുര സെൻട്രൽ ജയിൽ ജോയിന്റ് സൂപ്രണ്ട് എ അൽഷാനെ തിരുവനന്തപുരം ജില്ലാ ജയിൽ സൂപ്രണ്ടാക്കി. വിയ്യൂർ സെൻട്രൽ ജയിൽ ജോയിന്റ് സൂപ്രണ്ടായിരുന്ന അഖിൽരാജിനെ കോഴിക്കോട് ജില്ലാ ജയിൽ സൂപ്രണ്ടായി നിയമിച്ചു. കണ്ണൂർ സ്പെഷ്യൽ സബ് ജയിൽ സൂപ്രണ്ട് ഇ വി ജിജേഷിന് സ്ഥാനക്കയറ്റം നൽകി തവനൂർ സെൻട്രൽ ജയിലിൽ നിയമിച്ചു.

പാലക്കാട് ജില്ലാ ജയിൽ ഡെപ്യൂട്ടി സൂപ്രണ്ട് സിഎസ് അനീഷിന് സ്ഥാനക്കയറ്റം നൽകി കോട്ടയം ജില്ലാ ജയിൽ സൂപ്രണ്ടാക്കി. തവനൂർ സെൻട്രൽ ജയിൽ ജോയിന്റ് സൂപ്രണ്ട് അൻജുൻ അരവിന്ദിനെ വിയ്യൂർ സെൻട്രൽ ജയിലിൽ നിയമിച്ചു. കോട്ടയം ജില്ലാ ജയിൽ സൂപ്രണ്ട് വി ആർ ശരതിനെ കൊല്ലം ജില്ലാ ജയിൽ സൂപ്രണ്ടാക്കി. കൊല്ലം ജയിൽ സൂപ്രണ്ട് വി എസ് ഉണ്ണികൃഷ്ണനെ തിരുവനന്തപുരം നെട്ടുകാൽത്തേരി തുറന്ന ജയിലിലും നിയമിച്ചു.

ഒഴിഞ്ഞുകിടന്ന തസ്തികകളില്‍ നിയമനങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. തിരുവനന്തപുരം, കോഴിക്കോട് ജില്ലാ ജയിലുകളില്‍ സൂപ്രണ്ടുമാരെ നിയമിച്ചു. തിരുവനന്തപുരം സെൻട്രൽ ജയിൽ ജോയിന്റ് സൂപ്രണ്ട് എ.അൽഷാൻ ആണ് തിരുവനന്തപുരം ജില്ലാ ജയിലിന്റെ പുതിയ സൂപ്രണ്ട്. ഈ രണ്ട് തസ്തികകളും ആഴ്ചകളായി ഒഴിഞ്ഞുകിടക്കുകയായിരുന്നു.

ബോട്ട് ജെട്ടി പുനസ്ഥാപിക്കാൻ നടപടികൾ സ്വീകരിക്കും

ബോട്ട് ജെട്ടി പുനസ്ഥാപിക്കാൻ നടപടികൾ സ്വീകരിക്കും

ദേശീയ ജലപാതയിൽ പുരാതന കാലം മുതലേ നെടുംങ്ങണ്ടയിൽ ഉണ്ടായിരുന്ന ബോട്ട് ജെട്ടി പുനസ്ഥാപിക്കാൻ നടപടി കൾ സ്വീകരിക്കുമെന്ന് വി. ശശി എം എൽ എ അറിയിച്ചു. ജലപാത സജീവമായിരുന്ന കാലങ്ങളിൽ ഇവിടെയുണ്ടായിരുന്ന കടവിൽ കെട്ടുവള്ളങ്ങളിൽ കയറുൾപ്പടെയുള്ള സാധനങ്ങൾ ഇറക്കുകയും, കയറ്റുകയും ചെയ്തിരുന്നു.

ആ കടവ് ഇപ്പോഴും ആ ഭാഗത്ത് നിലനിൽക്കുന്നുണ്ട്. ദേശീയ ജലപാതയുടെ പുനരുദ്ധാരണത്തോട് അനുബന്ധിച്ച് കായിക്കര കടവ് കഴിഞ്ഞാൽ പിന്നെ വെട്ടൂർ ഭാഗത്ത് മാത്രമാണ് ബോട്ട് ജെട്ടി ഉള്ളത്. പ്രകൃതിരമണീയമായ പൊന്നുംതുരുത്ത് മഹാകവി കുമാരനാശാൻ കവിത എഴുതിയ ചെമ്പകത്തറയും ഈ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. നിരവധി വിനോദ സഞ്ചാരികൾ എല്ലാ ദിവസങ്ങളിലും ഈ പ്രദേശങ്ങൾ സന്ദർശിക്കാൻ എത്തിച്ചേരുന്നത്. ഇവിടെ ഒരു ബോട്ട് ജെട്ടി സ്ഥാപിക്കുകയാണെങ്കിൽ വിനോദസഞ്ചാരികൾക്ക് കൂടുതൽ എളുപ്പത്തിൽ ഇവിടെ എത്തിച്ചേരാൻ സാധിക്കും. അതുവഴി ഈ പ്രദേശത്ത് കൂടുതൽ വികസനം വരികയും ചെയ്യും.

നെടുങ്ങണ്ട പ്രദേശത്തിന്റെ വികസനത്തിനും,വിനോദ സഞ്ചാരികളുടെ യാത്രയ്ക്കും സൗകര്യപ്രദം ആകുന്ന രീതിയിൽ ഒന്നാം പാലത്തിനും പുതിയ പാലത്തിനു ഇടയ്ക്ക് ബോട്ട് ജെട്ടി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട്
സിപിഎം നെടുംങ്ങണ്ട ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറി വിജയ് വിമല്‍ ജലഗതാഗത വകുപ്പ് മന്ത്രിക്കും, വി.ശശി എം എൽ എ ക്കും നിവേദനം നൽകിയിരുന്നു. ഇതേ തുടർന്നാണ് എം എൽ എ സ്ഥലം സന്ദർ ശിച്ചതും നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചതും. സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്. പ്രവീൺ ചന്ദ്ര ലോക്കൽ കമ്മിറ്റി അംഗങ്ങളായ പി വിമൽരാജ്,വിജയ് വിമൽ വിഷ്ണു മോഹൻ എന്നിവർ എംഎൽഎയ്ക്കൊപ്പം ഉണ്ടായിരുന്നു

എന്നെ വേട്ടയാടുന്നു, ബലാത്സംഗക്കേസ് ആസൂത്രിതം; തെളിവ് പുറത്തുവിടും; ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുമെന്ന് വേടന്‍

എന്നെ വേട്ടയാടുന്നു, ബലാത്സംഗക്കേസ് ആസൂത്രിതം; തെളിവ് പുറത്തുവിടും; ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുമെന്ന് വേടന്‍

കൊച്ചി: തനിക്കെതിരായ ബലാത്സംഗക്കേസ് നിയമപരമായി നേരിടുമെന്ന് റാപ്പര്‍ വേടന്‍. ഹൈക്കോടതിയില്‍ വേടന്‍ ഇന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കും. തന്നെ വേട്ടയാടുന്നുവെന്നും ബലാത്സംഗക്കേസ് ആസൂത്രിതമാണെന്നും വേടന്‍ പറഞ്ഞു. ആസൂത്രിത നീക്കത്തിന് തെളിവുണ്ടെന്നും അത് പുറത്തുവിടുമെന്നും വേടന്‍ പറഞ്ഞു. കോഴിക്കോട് സ്വദേശിയായ യുവ വനിതാ ഡോക്ടര്‍ നല്‍കിയ പരാതിയിലാണ് റാപ്പര്‍ വേടനെതിരെ തൃക്കാക്കര പൊലീസ് കേസ് എടുത്തത്.

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് കേസ്. 2021 ഓഗസ്റ്റ് മുതല്‍ 2023 മാര്‍ച്ചുവരെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. ഇന്നലെയാണ് യുവതിയുടെ പരാതി ലഭിച്ചതെന്നും കേസെടുത്ത് അന്വേഷണം നടക്കുകയാണെന്നു തൃക്കാക്കര പൊലീസ് പറഞ്ഞു.

സാമൂഹിക മാധ്യമത്തിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. ഡോക്ടറുടെ കോഴിക്കോട്ടെ ഫ്‌ലാറ്റിലെത്തി ആദ്യം പീഡിപ്പിച്ചെന്നാണ് പരാതി. തുടര്‍ന്ന് വിവാഹവാഗ്ദാനം നല്‍കി വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് പീഡിപ്പിച്ചു. ബന്ധത്തില്‍നിന്ന് അകന്നതോടെയാണ് യുവതി പരാതി നല്‍കിയത്. മൊഴി പരിശോധിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. അതിനുശേഷം നടപടിയുണ്ടാകുമെന്നും പൊലീസ് പറഞ്ഞു.

ഐപിസി 376 (2) വകുപ്പ് അനുസരിച്ചാണ് കേസ്. ഭാരതീയ ന്യായ് സംഹിത വരുന്നതിനു മുന്‍പുള്ള സംഭവമായതിനാലാണ് ഈ വകുപ്പ് അനുസരിച്ച് കേസെടുത്തത്. തൃക്കാക്കര സ്റ്റേഷന്‍ പരിധിയില്‍വച്ച് ബലാത്സംഗം നടന്നതിനാലാണ് കൊച്ചിയില്‍ കേസെടുത്തത്. തന്നെ പ്രണയം നടിച്ച് ബലാത്സംഗം ചെയ്തശേഷം പിന്നീട് ഒഴിവാക്കിയെന്ന് യുവതിയുടെ മൊഴിയില്‍ പറയുന്നു. യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയശേഷമാണ് പൊലീസ് പുലര്‍ച്ചെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്.