by Midhun HP News | Jul 28, 2025 | Latest News, കേരളം
പാലക്കാട്: ലഹരിമരുന്നുമായി രണ്ടു യുവതികളടക്കം മൂന്നു പേര്‍ പാലക്കാട് അറസ്റ്റില്‍. കോഴിക്കോട് ഒഞ്ചിയം സ്വദേശി കെ വി ആന്‍സി (30), മലപ്പുറം സ്വദേശികളായ നൂറാ തസ്‌നി (23), സുഹൃത്ത് മുഹമ്മദ് സ്വാലിഹ് (29) എന്നിവരാണ് അറസ്റ്റിലായത്.
53.950 ഗ്രാം മെത്താംഫെറ്റമിനാണ് ഇവരില്‍ നിന്നും കണ്ടെടുത്തത്. ബംഗളൂരുവില്‍ നിന്ന് ആന്‍സിയാണ് ലഹരിമരുന്ന് എത്തിച്ചത്. ആന്‍സിയില്‍ നിന്നും മെത്താംഫെറ്റമിന്‍ വാങ്ങാനെത്തിയതായിരുന്നു മറ്റു രണ്ടു പേര്‍. മലപ്പുറം സ്വദേശികള്‍ യാത്ര ചെയ്ത കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.
ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി മുണ്ടൂര്‍ പൊരിയാനിയില്‍ ജില്ലാ പൊലീസ് ലഹരിവിരുദ്ധ സ്‌ക്വാഡും കോങ്ങാട് പൊലീസും ചേര്‍ന്നു നടത്തിയ പരിശോധനയിലാണ് മൂവരും പിടിയിലായത്. 2024 ല്‍ ആന്‍സിയെ എംഡിഎംഎയുമായി പൊലീസ് പിടികൂടിയിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷവും ലഹരിക്കടത്ത് തുടരുകയായിരുന്നു.
by Midhun HP News | Jul 28, 2025 | Latest News, കേരളം
തിരുവനന്തപുരം: ശരീരത്തിലെ അമിത വണ്ണം നിയന്ത്രിക്കാന്‍ യൂട്യൂബിലെ വീഡിയോകള്‍ അടിസ്ഥാനമാക്കി ഭക്ഷണം നിയന്ത്രിച്ച പതിനേഴുകാരന്‍ മരിച്ചു. കുളച്ചലിനു സമീപം പര്‍നട്ടിവിള സ്വദേശി നാഗരാജന്റെ മകന്‍ ശക്തീശ്വര്‍ (17) ആണ് മരിച്ചത്. വെള്ളിയാഴ്ചയായിരുന്നു മരണം.
പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയ ശേഷം എഞ്ചിനീയറിങ് പഠിക്കാന്‍ കോളജില്‍ ചേരാനിരിക്കെയാണ് മരണം സംഭവിച്ചത്. തിരുച്ചിറപ്പള്ളിയിലെ കോളജില്‍ അഡ്മിഷന്‍ ശരിയായിരുന്നു. കോളജില്‍ ചേരുന്നതിന് മുന്‍പ് തടി കുറയ്ക്കാനായിരുന്നു ശ്രമം. ഇതിനായി യൂട്യൂബിലെ വീഡിയോകള്‍ നോക്കി ഭക്ഷണ ക്രമത്തില്‍ മാറ്റം വരുത്തിയിരുന്നു.
കഴിഞ്ഞ മൂന്ന് മാസമായി ഭക്ഷണം നിയന്ത്രിച്ചുവരികയായിരുന്നു ശക്തീശ്വര്‍ എന്നാണ് വിവരം. വിവിധ തരത്തിലുള്ള ജ്യൂസുകള്‍ മാത്രമാണ് ഈ കാലത്ത് കഴിച്ചത്. ആരോഗ്യം ക്ഷയിച്ചതോടെ കുട്ടി കഴിഞ്ഞ ആഴ്ചയോടെ രോഗബാധിതനായി. കഴിഞ്ഞ ദിവസം ശ്വാസ തടസം അനുഭവപ്പെട്ടു. മാതാപിതാക്കള്‍ കുളച്ചലിലുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
തണുത്ത ജ്യൂസ് പതിവായി കഴിച്ചതിനെത്തുടര്‍ന്ന് ശ്വാസകോശത്തിലുണ്ടായ അണുബാധയാകാം മരണത്തിലേക്ക് നയിച്ചതെന്നാണ് സംശയം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ മരണ കാര്യത്തില്‍ വ്യക്തയുണ്ടാവൂ.
by Midhun HP News | Jul 28, 2025 | Latest News, കേരളം
ആറ്റിങ്ങൽ: ഊരൂപൊയ്ക സുധാമന്ദിരത്തിൽ പരേതനായ കെ.ജി ശക്തിധരൻ നായരുടെ (റിട്ടയേർഡ് പൊതുമരാമത്ത് വകുപ്പ്) സഹധർമ്മിണി ബി സുകുമാരി അമ്മ (89) (റിട്ടയേർഡ് പോസ്റ്റ് മിസ്ട്രസ് ,ഊരൂപൊയ്ക) അന്തരിച്ചു. മക്കൾ; കെ . എസ് സുധാദേവി, കെ.എസ് സതീദേവി(റിട്ടയേർഡ്, ഇടയ്ക്കോട് സർവീസ് സഹകരണ ബാങ്ക്), പരേതരായ കെ.എസ് അജയകുമാർ (മൻ ഫാം സൂപ്പർ വൈസർ, വെള്ളായണി കാർഷിക കോളേജ്),കെ.എസ് അനിൽ കുമാർ (മുൻ ഹെഡ്മാസ്റ്റർ, ഗവ:ഠൗൺ യു.പി.എസ് ആറ്റിങ്ങൽ). മരുമക്കൾ: ബി പ്രസന്ന കുമാരി (ഹെഡ്മിസ്ട്രസ്സ്,ഇ.വി യു.പി.എസ് കൊയ്ത്തൂർകോണം), സി.വി മിനി(റിട്ടയേർഡ് ഹെഡ്മിസ്ട്രസ്സ്, കെ.വി യു.പി.എസ് വെള്ളുമണ്ണടി), ആർ പപ്പു പിള്ള (ബിസിനസ്), ആർ ഉണ്ണികൃഷ്ണൻ നായർ (പങ്കജകസ്തൂരി).
by Midhun HP News | Jul 28, 2025 | Latest News, കേരളം
കൊടുംകുറ്റവാളി ഗോവിന്ദച്ചാമി ജയില്‍ ചാടിയ സംഭവത്തില്‍ ജയില്‍ ഡിഐജിയുടെ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ജയില്‍ മേധാവിക്ക് സമര്‍പ്പിക്കും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ നടപടികള്‍. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഗുരുതര സുരക്ഷാ വീഴ്ച്ചയുണ്ടായി എന്നായിരുന്നു ഡിഐജിയുടെ പ്രാഥമിക റിപ്പോര്‍ട്ട്. ജയിലിലെ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകാനാണ് സാധ്യത. ഗോവിന്ദച്ചാമിയുമായി ബന്ധപ്പെട്ടിരുന്ന സഹതടവുകാരുടെയും, സസ്‌പെന്‍ഷനിലായ ജയില്‍ ഉദ്യോഗസ്ഥരുടെയും മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തിയേക്കും.
അതേസമയം, ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടവുമായി ബന്ധപ്പെട്ട് ഒരു ഉദ്യോഗസ്ഥന്‍ കൂടി സസ്‌പെന്‍ഷനിലാരുന്നു. കൊട്ടാരക്കര സ്‌പെഷ്യല്‍ സബ് ജയിലിലെ ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ അബ്ദുല്‍ സത്താറിനെയാണ് സസ്‌പെന്റ് ചെയ്തത്. ഗോവിന്ദച്ചാമി ജയില്‍ ചാടിയതിനെ തുടര്‍ന്ന് അബ്ദുല്‍ സത്താര്‍ മാധ്യമങ്ങളിലൂടെ ചില വിവരങ്ങള്‍ പങ്കുവെച്ചിരുന്നു. തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്. മാധ്യമങ്ങളിലൂടെ വിവരങ്ങള്‍ പങ്കുവെച്ചത് വകുപ്പിന് മാനക്കേട് ഉണ്ടാക്കിയെന്നും മറ്റ് ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ത്തുവെന്നുമാണ് ജയില്‍ വകുപ്പിന്റെ കണ്ടെത്തല്‍. തുടര്‍ന്നാണ് അബ്ദുല്‍ സത്താറിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. അബ്ദുല്‍ സത്താര്‍ നേരത്തെ കണ്ണൂര്‍ ജയിലില്‍ ജോലി നോക്കവേ ഉണ്ടായ ചില കാര്യങ്ങളാണ് മാധ്യമത്തോട് പങ്കുവെച്ചത്.
ഗോവിന്ദച്ചാമി ജയില്‍ ചാടുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ജയിലിലെ സമ്പൂര്‍ണ സുരക്ഷ വീഴ്ച്ച തെളിയിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ജയില്‍ ചാടാന്‍ പുറമേനിന്ന് സഹായങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. സഹ തടവുകാരെയും ജയില്‍ ഉദ്യോഗസ്ഥരെയും വീണ്ടും ചോദ്യം ചെയ്യും.
by Midhun HP News | Jul 28, 2025 | Latest News, കേരളം
പാലോട് രവിയുടെ വിവാദ ഫോണ്‍ സംഭാഷണം അന്വേഷിക്കാന്‍ കെപിസിസി അച്ചടക്ക സമിതി. അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വിവാദം അന്വേഷിക്കും. ഫോണ്‍ ചോര്‍ത്തലിന് പിന്നില്‍ പ്രാദേശിക തലത്തിലെ വിഭാഗീയതയാണെന്ന ആരോപണത്തിനിടെ ആണ് അന്വേഷണം. വേഗത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദ്ദേശം.
ഫോണ്‍ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ കെപിസിസി തിടുക്കപ്പെട്ട് പാലോട് രവിയുടെ രാജി ആവശ്യപ്പെടുകയായിരുന്നു. അതിന് പിന്നാലെയാണ് വിഷയം വീണ്ടും ഗൗരവത്തിലെടുക്കുന്നത്. ഫോണ്‍ സംഭാഷണം സുഹൃത്തിന് അയച്ചു കൊടുത്തതാണെന്നും വീഴ്ച ഉണ്ടായെന്നും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ എ ജലീല്‍ ട്വന്റിഫോറിനോട് പറഞ്ഞിരുന്നു.
അതേസമയം, തിരുവനന്തപുരം ഡിസിസി അധ്യക്ഷനായി എന്‍ ശക്തന്‍ ഇന്ന് ചുമതലയേല്‍ക്കും. ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരം ഡിസിസി ഓഫീസില്‍ എത്തിയാകും ചുമതല ഏറ്റെടുക്കുക. വിവാദ ഫോണ്‍ സംഭാഷണത്തില്‍ കുരുങ്ങി പാലോട് രവി രാജിവച്ച പശ്ചാത്തലത്തിലാണ് എന്‍ ശക്തന് താല്‍ക്കാലിക ചുമതല നല്‍കിയത്. ഒരു മാസത്തിനുള്ളില്‍ പുനഃസംഘടന നടത്തി സ്ഥിരം ഡിസിസി അധ്യക്ഷനെ നിയമിക്കാനാണ് കെപിസിസിയുടെ ലക്ഷ്യം. പാലോട് രവി തെറ്റ് ചെയ്യാതെ ശിക്ഷ അനുഭവിക്കേണ്ടിവന്നു എന്നായിരുന്നു എന്‍ ശക്തന്റെ ആദ്യ പ്രതികരണം. രാജിക്ക് പിന്നാലെ പാലോട് രവി ഇതുവരെ മാധ്യമങ്ങളുമായി സംസാരിച്ചിട്ടില്ല.
by Midhun HP News | Jul 28, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാഴ്ചയായി തുടരുന്ന ശക്തമായ മഴയ്ക്ക് ശമനം. മഴ മുന്നറിയിപ്പ് നാല് ജില്ലകളിലേക്ക് ചുരുങ്ങി. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നിലവിലുണ്ട്.
തൃശൂര്‍, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. ആലപ്പുഴ, എറണാകുളം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം, ഗുജറാത്ത് തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ തീരത്തോട് ചേര്‍ന്നുള്ള ന്യൂന മര്‍ദപാത്തി, വടക്കു പടിഞ്ഞാറന്‍ മധ്യ പ്രദേശിന് മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദം എന്നിവയുടെ സ്വാധീനത്തില്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയിയിലും ജുലൈ 28 മുതല്‍ 30 വരെ 40 മുതല്‍ 50 വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വടക്കു പടിഞ്ഞാറന്‍ മധ്യ പ്രദേശിന് മുകളിലായി സ്ഥിതി ചെയ്യുന്ന ന്യുനമര്‍ദം അടുത്ത 12 മണിക്കൂറില്‍ ശക്തി കുറയുമെന്നാണ് വിലയിരുത്തല്‍.
അതേസമയം, മഴക്കെടുതികളുടെ പശ്ചാത്തലത്തില്‍ കോട്ടയം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കുട്ടനാട് താലൂക്കിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും അവധി നല്‍കി ജില്ലാ കലക്ടര്‍ ഉത്തരവിറക്കി. മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല.
Recent Comments