by Midhun HP News | Jul 11, 2025 | Latest News, കേരളം
ആലപ്പുഴ: ചേര്‍ത്തലയില്‍ അഞ്ചുവയസുകാരനെ ഉപദ്രവിച്ചു പരിക്കേല്‍പ്പിച്ചതായി പരാതി. അമ്മയ്ക്കും അമ്മൂമ്മയ്ക്കും എതിരെയാണ് കേസ്. മുഖത്തും കഴുത്തിലുമാണ് മുറിവ്. അമ്മ സ്‌കെയിലുകൊണ്ട് അടിച്ചതാണെന്നും അമ്മൂമ്മയും ഉപദ്രവിക്കാറുണ്ടെന്നും കുട്ടി പറയുന്നു.
കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇടപെടുകയായിരുന്നു. യുകെജി വിദ്യാര്‍ഥിയായ അഞ്ചു വയസുകാരനെ മുഖത്തും കഴുത്തിനും മുറിവേറ്റ നിലയില്‍ ചായക്കടയിലാണ് കണ്ടെത്തിയത്.പിടിഎ പ്രസിഡന്റ് അഡ്വ ദിനൂപിന്റെ ശ്രദ്ധയില്‍ പെട്ടതോടെയാണ് വിവരം പുറത്തറിഞ്ഞത്. കുട്ടിയെ ചായക്കടയില്‍ ഇരുത്തിയ ശേഷമാണ് മാതാവ് ലോട്ടറിവില്‍പ്പനയ്ക്ക് പോകുന്നത്. ഇക്കഴിഞ്ഞ മേയ് 24ന് അമ്മയുടെ ആൺ സുഹൃത്ത് കുട്ടിയെ ഉപദ്രവിച്ച കേസിൽ അറസ്റ്റിലായിരുന്നു. പിന്നീട് ഇയാൾ മരിച്ചിരുന്നു. കുട്ടിക്ക് പരിക്കേറ്റ സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണമുണ്ടാകുമെന്നാണ് പൊലീസ് നൽകുന്ന സൂചന.
by Midhun HP News | Jul 11, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് ഒരു ജില്ലകളിലും പ്രത്യേക ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല.
നാളെ മുതൽ മഴ വീണ്ടും ശക്തമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. നാളെ വടക്കൻ കേരളത്തിലെ നാലു ജില്ലകളിൽ അതിശക്ത മഴ മുന്നറിയിപ്പ് ആണുള്ളത്. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഞായറാഴ്ച എട്ടു ജില്ലകളിലും യെല്ലോ അലർട്ടുണ്ട്. തിങ്കളാഴ്ച അഞ്ചു ജില്ലകളിലും യെല്ലോ ജാഗ്രതാ നിർദേശമുണ്ട്.
കള്ളക്കടൽ ജാഗ്രത നിർദേശം
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ തീരങ്ങളിൽ (കാപ്പിൽ മുതൽ പൊഴിയൂർ വരെ) ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.
ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക. തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തുക.
by Midhun HP News | Jul 10, 2025 | Latest News, കേരളം
ചെവിയുടെ ബാലന്‍സിങ് നഷ്ടമാവുന്ന (ഇയർ ബാലൻസ്) രോഗാവസ്ഥയുമായി ബുദ്ധിമുട്ട് നിരവധിയാളുകളുണ്ട് നമുക്കിടയിൽ. തന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ ഇയർ ബാലൻസ് പ്രശ്നം നിസാരമായി പരിഹരിച്ച ഡോക്ടറെ അഭിനന്ദിക്കുകയും ഒപ്പം ആരാധകർക്ക് പരിചയപ്പെടുത്തുകയും ചെയ്തിരിക്കുകയാണ് നടൻ മോഹൻലാൽ.
ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ഡോക്ടർ രവിയെ മോഹൻലാൽ പരിചയപ്പെടുത്തിയിരിക്കുന്നത്. “നിസ്വാര്‍ഥതയുടെ പ്രതീകമെന്നാണ് അദ്ദേഹത്തിന്റെ സംഭാവനകള്‍ തിരിച്ചറിഞ്ഞപ്പോള്‍ തോന്നിയത്. സമൂഹത്തില്‍ ഇത്തരം മനുഷ്യരാണ് യഥാര്‍ഥ ഹീറോകള്‍.
അതുകൊണ്ടുതന്നെ ഈ ഹീറോയെപ്പറ്റി, അദ്ദേഹത്തിന്റെ പിന്തുണയും സഹായവും രക്ഷയായേക്കാവുന്ന ലക്ഷണക്കണക്കിനാളുകള്‍ക്കു വേണ്ടി പറയണമെന്നെനിക്കു തോന്നി”.- എന്നാണ് ഡോ രവിയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് മോഹൻലാൽ കുറിച്ചിരിക്കുന്നത്.
മോഹൻലാലിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ജീവിതയാത്രയില്‍ അവിചാരിതമായി നമ്മള്‍ ചില അനുഗ്രഹീതരെ കണ്ടുമുട്ടാറുണ്ട്. ഏറ്റവുമടുത്ത ഒരു സുഹൃത്തുവഴി അങ്ങനെ കണ്ടുമുട്ടിയ ഒരാളാണ് ചെന്ത്രാപ്പിന്നിയിലെ ഡോക്ടര്‍ രവി. ചെവിയുടെ ബാലന്‍സിങ് നഷ്ടമാവുന്ന രോഗാവസ്ഥയില്‍ നിന്ന് (ഇയർ ബാലൻസ്, BPPV) എന്റെ ഒരടുത്ത ചങ്ങാതിയെ നിസ്സാരമായി തോന്നുംവിധം ഭേദമാക്കിയ ആളാണ്.
ഡോക്ടറെ നേരില്‍ക്കാണണമെന്ന് ആഗ്രഹം തോന്നി, ഇതേ ചങ്ങാതിക്കൊപ്പം ഈയിടെ തൃപ്രയാര്‍ ക്ഷേത്രത്തില്‍ പോയ കൂട്ടത്തില്‍ ഞാനും അദ്ദേഹത്തിന്റെ വീട്ടില്‍ പോയി. കണ്ടുമുട്ടിയപ്പോഴാണ്, ഇയര്‍ ബാലന്‍സിന്റെ ദുരിതമനുഭവിക്കുന്ന പതിനായിരങ്ങള്‍ക്ക് വിദൂരത്തിരുന്ന്, ഓണ്‍ലൈനിലൂടെ രോഗത്തിന്റെ അടിവേരടക്കം പറിച്ചെടുത്തിട്ടുള്ള ഡോക്ടര്‍ രവിയുടെ മഹത്വം നേരിട്ടറിയാനായത്.
തന്നെ ഈ രോഗാവസ്ഥ ബാധിച്ചപ്പോള്‍ സ്വയം കണ്ടെത്തിയ പ്രതിവിധിയുടെ കൈപ്പുണ്യമാണ് ദൈവസിദ്ധമെന്ന നിലയ്ക്ക് അനേകര്‍ക്കാശ്വാസമായി അദ്ദേഹം കൈമാറുന്നത്. നിസ്വാര്‍ത്ഥതയുടെ പ്രതീകമെന്നാണ് അദ്ദേഹത്തിന്റെ സംഭാവനകള്‍ തിരിച്ചറിഞ്ഞപ്പോള്‍ തോന്നിയത്. സമൂഹത്തില്‍ ഇത്തരം മനുഷ്യരാണ് യഥാര്‍ത്ഥ ഹീറോകള്‍.
അതുകൊണ്ടുതന്നെ ഈ ഹീറോയെപ്പറ്റി, അദ്ദേഹത്തിന്റെ പിന്തുണയും സഹായവും രക്ഷയായേക്കാവുന്ന ലക്ഷണക്കണക്കിനാളുകള്‍ക്കുവേണ്ടി പറയണമെന്നെനിക്കു തോന്നി. അദ്ദേഹത്തിന് ജഗദീശ്വരന്‍ ദീര്‍ഘായുസ്സും മംഗളങ്ങളും നല്‍കി അനുഗ്രഹിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.
by Midhun HP News | Jul 10, 2025 | Latest News, കേരളം
കൊല്ലം: കൊല്ലത്ത് മൂന്ന് വയസുകാരിയെ തെരുവ് നായ കടിച്ച സംഭവത്തിൽ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. കടയ്ക്കൽ മടത്തറ വളവുപച്ചയിൽ ഇശലിനാണ് തെരുവ് നായ ആക്രമണത്തിൽ നേരത്തെ ഗുരുതരമായ പരിക്കേറ്റിരുന്നു. മുഖത്ത് കടിയേറ്റ കുട്ടി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരുന്ന കുട്ടിയെയാണ് തെരുവ് നായ ആക്രമിച്ചത്. പിന്നാലെ തെരുവ് നായയെ നാട്ടുകാർ തല്ലിക്കൊന്നിരുന്നു. പ്രദേശത്ത് ജാഗ്രത പാലിക്കണമെന്ന് ചിതറ പഞ്ചായത്ത് അറിയിച്ചിട്ടുണ്ട്.
by Midhun HP News | Jul 10, 2025 | Latest News, കേരളം
കൊച്ചി: കേരള തീരത്തുണ്ടായ കപ്പല്‍ അപകടത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ചോദിച്ച നഷ്ടപരിഹാരത്തുക കെട്ടിവെയ്ക്കാനാകില്ലെന്ന് എംഎസ് സി കപ്പല്‍ കമ്പനി. കേരള ഹൈക്കോടതിയെയാണ് എംഎസ് സി കപ്പല്‍ കമ്പനി നിലപാട് അറിയിച്ചത്. 9531 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. എത്ര തുക കെട്ടിവെക്കാനാകുമെന്ന് അറിയിക്കണമെന്ന് കപ്പല്‍ കമ്പനിയോട് കോടതി ചോദിച്ചു.
കപ്പല്‍ അപകടത്തെത്തുടര്‍ന്നുണ്ടായ പാരിസ്ഥിതികാഘാതം അടക്കം ചൂണ്ടിക്കാട്ടി അഡിമിറാലിറ്റി സ്യൂട്ടാണ് കേരളം ഫയല്‍ ചെയ്തിട്ടുള്ളത്. തീരത്തിനും, മത്സ്യത്തൊഴിലാളികള്‍ക്കും, മത്സ്യസമ്പത്തിനും അടക്കം അത്രയും കോടി രൂപയുടെ നഷ്ടം കപ്പല്‍ മുങ്ങിയതു വഴി ഉണ്ടായിട്ടുണ്ട്. ഉള്‍ക്കടലിന്റെ ആവാസ വ്യവസ്ഥയെ അടക്കം ബാധിച്ചിട്ടുണ്ട്. ഇതിന്റെ പ്രത്യാഘാതം വരുംനാളുകളില്‍ കേരളം അനുഭവിക്കാൻ ഇരിക്കുന്നതേയുള്ളൂവെന്നും സര്‍ക്കാര്‍ ഫയല്‍ ചെയ്ത സ്യൂട്ടില്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ട തുക കപ്പല്‍ കമ്പനിക്ക് താങ്ങാവുന്നതിനും അപ്പുറത്തുള്ളതാണെന്ന് കമ്പനി അറിയിച്ചു. ഇതേത്തുടര്‍ന്ന് കെട്ടിവെക്കാനാകുന്ന തുകയെപ്പറ്റി അറിയിക്കാന്‍ കോടതി നിര്‍ദേശിച്ചു. ഹര്‍ജി ഓഗസ്റ്റ് 6 ലേക്ക് മാറ്റിയിട്ടുണ്ട്. അടുത്തിടെ വിഴിഞ്ഞത്തെത്തിയ എംഎസ് സി കമ്പനിയുടെ അക്വിറ്റേറ്റ എന്ന കപ്പല്‍ അറസ്റ്റ് ചെയ്തു സൂക്ഷിക്കാന്‍ നേരത്തെ കോടതി ഉത്തരവിട്ടിരുന്നു. ഹര്‍ജി അടുത്ത തവണ പരിഗണിക്കുന്നതു വരെ കപ്പലിന്റെ അറസ്റ്റ് നീട്ടിക്കൊണ്ട് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
by Midhun HP News | Jul 10, 2025 | Latest News, കേരളം
ആലപ്പുഴ: ചെന്നിത്തല നവോദയ സ്‌കൂളില്‍ വിദ്യാര്‍ഥിനി മരിച്ച നിലയില്‍. ഹരിപ്പാട് ആറാട്ടുപുഴ സ്വദേശിയായ പത്താം ക്ലാസുകാരി എസ്. നേഹയാണ് മരിച്ചത്. ആറാട്ടുപുഴ മംഗലം തൈവേലിക്കകത്തു ഷിജു, അനില ദമ്പതികളുടെ മകളാണ്.
ഹോസ്റ്റലിന്റെ ശുചിമുറിയിലേക്ക് പോകുന്ന ഇടനാഴിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. വിശദവിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Recent Comments