by Midhun HP News | Jul 8, 2025 | Latest News, കേരളം
ആലപ്പുഴ: ആലപ്പുഴ അമ്പലപ്പുഴയില്‍ മകന്റെ മര്‍ദ്ദനമേറ്റ് അമ്മ മരിച്ചു. കഞ്ഞിപ്പാടം ആശാരിപറമ്പില്‍ ആനി (55) ആണ് മരിച്ചത്. മദ്യപിച്ചെത്തിയ മകന്‍ ജോണ്‍സണ്‍ ജോയി ക്രൂരമായി അമ്മയെ മര്‍ദ്ദിക്കുകയായിരുന്നു. പിടിച്ചു മാറ്റാനെത്തിയ പിതാവ് ജോയിച്ചനും മര്‍ദ്ദനമേറ്റിരുന്നു.
കഴിഞ്ഞ ഞായറാഴ്ചായിരുന്നു സംഭവം. മദ്യപിച്ചെത്തിയ ജോണ്‍സണ്‍ മാതാപിതാക്കളെ ക്രുരമായി മര്‍ദിച്ചു. ഇന്ന് രാവിലെയാണ് ചികിത്സയിലിരിക്കെ ആനി മരിച്ചത്. പിതാവിന്റെ പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്ത ജോണ്‍സണ്‍ റിമാന്‍ഡിലാണ്.
പരിക്കേറ്റ ഇരുവരും സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയെങ്കിലും പിന്നീട് ആനിയെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ജോണ്‍സണ്‍ മദ്യപിച്ചെത്തി സ്ഥിരം വഴക്കുണ്ടാക്കുന്ന ആളാണന്ന് സമീപവാസികള്‍ പറഞ്ഞു. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.
by Midhun HP News | Jul 8, 2025 | Latest News, കേരളം
പത്തനംതിട്ട: കോന്നി പാറമട അപകടത്തില്‍ കാണാതായ തൊഴിലാളിക്കായി തിരച്ചില്‍ ഇന്നും തുടരും. അജയ് കുമാര്‍ റായ് (38) എന്ന ബിഹാര്‍ സ്വദേശിയെയാണ് കാണാതായത്. അപകടത്തില്‍ മരിച്ച മഹാദേവ് പ്രധാന്‍ (51) എന്ന ഒഡീഷ സ്വദേശിയുടെ മൃതദേഹം ഇന്നലെ കണ്ടെടുത്തിരുന്നു.
പാറമട വീണ്ടും ഇടിയുന്നത് വെല്ലുവിളി ആയതോടെയാണ് ഇന്നലെ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെച്ചത്. തിരച്ചിലിനായി എന്‍ഡിആര്‍എഫ് സംഘവുമെത്തും. പാറയിടിഞ്ഞ് വീണുണ്ടായ അപകടത്തില്‍ രണ്ട് പേരാണ് ഹിറ്റാച്ചിക്കുള്ളില്‍ കുടുങ്ങിയത്. വഴിവെട്ടുന്നതിനിടെ പാറയിടിഞ്ഞ് ഹിറ്റാച്ചിക്ക് മുകളില്‍ പതിക്കുകയായിരുന്നു.
പാറമട അപകടം അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ അന്വേഷിക്കുമെന്ന് തൊഴില്‍ വകുപ്പ് അറിയിച്ചു. ക്വാറിയുടെ പ്രവര്‍ത്തനം സംബന്ധിച്ച് നേരത്തെയും പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഇതേക്കുറിച്ചും അന്വേഷിക്കും. മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് ധനസഹായം നല്‍കും. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും തൊഴില്‍ വകുപ്പ് അറിയിച്ചിട്ടുണ്ട്.
by Midhun HP News | Jul 7, 2025 | Latest News, കേരളം
കണ്ണൂര്‍: നഷ്ടപ്പെട്ടതും മോഷണം പോയതുമായ മൊബൈല്‍ ഫോണുകള്‍ വീണ്ടെടുക്കുന്നതില്‍ മികവ് തുടര്‍ന്ന് കേരള പൊലീസ്. നഷ്ടപ്പെട്ട 33 മൊബൈല്‍ ഫോണുകളാണ് കണ്ണൂര്‍ സിറ്റി സൈബര്‍ സെല്‍ കണ്ടെത്തി ഉടമസ്ഥര്‍ക്ക് കൈമാറി.
നഷ്ടപ്പെട്ടെന്ന് പരാതി ലഭിച്ച ഫോണുകള്‍ കേരളത്തിലെ വിവിധ ജില്ലകള്‍ക്ക് പുറമെ തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, ഡല്‍ഹി, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുമാണ് കണ്ടെത്തിയത്. ഇത്തരത്തില്‍ കണ്ടെത്തിയ ഫോണുകളില്‍ ചിലത് കൈവശമുണ്ടായിരുന്നവര്‍ നേരിട്ട് എത്തിച്ചു നല്‍കി. മറ്റുള്ളവ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷന്‍ വഴിയും കൊറിയര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചുമാണ് തിരിച്ചെത്തിച്ചത്. കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ നിധിന്‍രാജ്. പി ഐപിഎസ് ഫോണുകള്‍ യഥാര്‍ഥ ഉടമസ്ഥര്‍ക്ക് കൈമാറി. ലഭിച്ച ഫോണുകള്‍ സൈബര്‍ സെല്‍ ഉടമസ്ഥര്‍ക്ക് അണ്‍ബ്ലോക്ക് ചെയ്തു നല്‍കി.
സിഇഐആര്‍ പോര്‍ട്ടലിന്റെ സഹായത്തോടെയാണ് നഷ്ടപ്പെട്ട ഫോണുകള്‍ കണ്ടെത്തിയത്. ഇതിന്റെ നടപടി ക്രമങ്ങളും കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ വിശദീകരിച്ചു. സൈബര്‍ സെല്‍ എഎസ്‌ഐ എം ശ്രീജിത്ത് സിപിഒ ദിജിന്‍ രാജ് പികെ, എന്നിവരുടെ നേതൃത്വത്തിലാണ് ഫോണുകള്‍ കണ്ടെത്താന്‍ പ്രവര്‍ത്തിച്ചത്. കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ സൈബര്‍ സെല്‍ 300 ഓളം മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി ഉടമസ്ഥര്‍ക്ക് തിരിച്ച് നല്‍കിയിട്ടുണ്ട്.
by Midhun HP News | Jul 7, 2025 | Latest News, കേരളം
കോഴിക്കോട്: നിപ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന പാലക്കാട് സ്വദേശിയുടെ നില ഗുരുതരാവസ്ഥയില്‍ തന്നെ തുടരുന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പ്രോട്ടോക്കോള്‍ പ്രകാരമുള്ള മോണോ ക്ലോണല്‍ ആന്റിബോഡി നല്‍കുന്നതിനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. ഈ ഘട്ടത്തില്‍ വ്യാപനം തടയുക എന്നതിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. അതിനാല്‍ ഈ ദിവസങ്ങള്‍ നിര്‍ണായകമാണെന്നും വീണാ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.
പാലക്കാട് ജില്ലയില്‍ ആദ്യമായാണ് നിപ റിപ്പോര്‍ട്ട് ചെയ്യുന്നത്. രോഗിക്ക് ആദ്യ ഡോസ് മോണോ ക്ലോണല്‍ ആന്റിബോഡി നല്‍കി കഴിഞ്ഞു. രണ്ടാമത്തെ ഡോസ് ഇന്ന് രാവിലെ ഏഴരയ്ക്ക് നല്‍കി. ഈ ഘട്ടത്തില്‍ രോഗിക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും നല്ല ചികിത്സയാണ് മോണോ ക്ലോണല്‍ ആന്റിബോഡി. ഇതോടൊപ്പം അണുബാധ കുറയ്ക്കുന്നതിനുള്ള ചികിത്സാനടപടികളും സ്വീകരിക്കുന്നുണ്ട്. രോഗിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ 173 പേരാണ് ഉള്ളത്. ഇതില്‍ 100 പേര്‍ പ്രൈമറി കോണ്‍ടാക്ട് ആണ്. 52 പേര്‍ ഹൈറിസ്‌ക് കോണ്‍ടാക്ടില്‍ ഉള്‍പ്പെടും.കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ നേരിട്ട് രോഗിയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരാണിവര്‍. 48 പേര്‍ ലോ റിസ്‌ക് കോണ്‍ടാക്ട് കാറ്റഗറിയില്‍ വരുന്നവരാണ്. 73 പേരാണ് സെക്കന്‍ഡറി കോണ്‍ടാക്ടില്‍ വരുന്നത്. പരിശോധനയില്‍ അഞ്ചു സാമ്പിളുകള്‍ നെഗറ്റീവ് ആണ് എന്നത് ആശ്വാസം നല്‍കുന്നതാണ്. നിലവില്‍ 12 പേരാണ് ഐസൊലേഷനില്‍ ഉള്ളത്.
അമ്മയ്‌ക്കൊപ്പം മകനും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഐസൊലേഷനിലാണ്. മലപ്പുറത്തെ മൗലാന ആശുപത്രിയിലായിരുന്ന രോഗിയെ ആദ്യ ഡോസ് മോണോ ക്ലോണല്‍ ആന്റിബോഡി നല്‍കിയ ശേഷമാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുവന്നത്. ഷിഫ്റ്റ് ചെയ്യണമെന്ന ആശുപത്രിയുടെ ആവശ്യത്തെ തുടര്‍ന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുവന്നത്. രണ്ടാമത്തെ ഡോസ് മോണോ ക്ലോണല്‍ ആന്റിബോഡി നല്‍കിയത് കോഴിക്കോട് മെഡിക്കല്‍ കോളജിലാണെന്നും വീണാ ജോര്‍ജ് പറഞ്ഞു.
രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചത്. ജില്ലാ കലക്ടറുടെ നേതൃത്വത്തിലാണ് നടപടികള്‍ സ്വീകരിച്ചുവരുന്നത്. ഇതുവരെയുള്ള അനുഭവത്തിന്റെ വെളിച്ചത്തില്‍ നിപ ലക്ഷണങ്ങള്‍ ഏറ്റവും തീവ്രമാകുന്ന സമയത്താണ് രോഗം പകരുന്നത്. ഒന്നാംതീയതിയോട് അടുപ്പിച്ചാണ് രോഗി ഏറ്റവുമധികം രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചത്. അതുകൊണ്ട് തന്നെ ഈ ദിവസങ്ങള്‍ നിര്‍ണായകമാണ്. വ്യാപനം ഉണ്ടായിട്ടുണ്ടെങ്കില്‍ ഈ ദിവസങ്ങളിലെ പരിശോധനയില്‍ അറിയാന്‍ സാധിക്കും. രോഗിയുടെ പ്രദേശത്ത് ഫീല്‍ഡ് സര്‍വലന്‍സ് നടത്തുന്നുണ്ട്. ഫീവര്‍ പരിശോധനയും നടത്തുന്നുണ്ട്. പ്രദേശത്ത് പനി ബാധിച്ച ആരെങ്കിലും ഉണ്ടോ എന്നതുള്‍പ്പെടെ അന്വേഷിച്ച് കണ്ടെത്തി വ്യാപനം തടയാനുള്ള ശ്രമത്തിലാണ്. വവ്വാലുകളുടെ സാമ്പിള്‍ എടുക്കുന്നതിന് മൃഗസംരക്ഷണ വകുപ്പ് കേന്ദ്രസര്‍ക്കാരിന്റെ സഹായം തേടിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
by Midhun HP News | Jul 7, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. പവന് 400 രൂപയാണ് കുറഞ്ഞത്. 72,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 50 രൂപയാണ് കുറഞ്ഞത്. 9010 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
രണ്ടാഴ്ചയ്ക്കിടെ 3000 രൂപയിലധികം കുറഞ്ഞ ശേഷം മാസാദ്യം മുതല്‍ സ്വര്‍ണവില തിരിച്ചുകയറാന്‍ തുടങ്ങി. ദിവസങ്ങളുടെ വ്യത്യാസത്തില്‍ 1500 രൂപയാണ് വര്‍ധിച്ചത്. തുടര്‍ന്ന് സ്വര്‍ണവില കുറയുന്നതാണ് ദൃശ്യമായത്. നാലുദിവസത്തിനിടെ 800 രൂപയാണ് കുറഞ്ഞത്.
ജൂണ്‍ 13ന് ഏപ്രില്‍ 22ലെ റെക്കോര്‍ഡ് സ്വര്‍ണവില ഭേദിച്ചിരുന്നു. ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ 74,320 രൂപ എന്ന റെക്കോര്‍ഡ് ആണ് തിരുത്തിയത്. തൊട്ടടുത്ത ദിവസവും വില വര്‍ധിച്ച് സ്വര്‍ണവില പുതിയ ഉയരം കുറിക്കുന്നതാണ് കണ്ടത്. 75,000 കടന്നും കുതിക്കുമെന്ന സൂചനയ്ക്കിടെ പിന്നിടുള്ള ദിവസങ്ങളില്‍ സ്വര്‍ണവില കുറയുന്ന കാഴ്ചയാണ് ദൃശ്യമായത്. തുടര്‍ന്ന് ഈ മാസം ഒന്നുമുതലാണ് വീണ്ടും വില ഉയരാന്‍ തുടങ്ങിയത്.
by Midhun HP News | Jul 7, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്. ബസ് ഉടമകളുമായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് നാളെ സമരം. തങ്ങളുന്നയിച്ച ആവശ്യങ്ങളില്‍ സര്‍ക്കാര്‍ തീരുമാനം ഉടന്‍ ഉണ്ടായില്ലെങ്കില്‍ അനിശ്ചിതകാല പണിമുടക്കില്‍ തീരുമാനമെടുക്കുമെന്നും ബസ് ഉടമകളുടെ സംയുക്ത സമരസമിതി വ്യക്തമാക്കി.
വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ ചാര്‍ജ് വര്‍ധന അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് ബസ് ഉടമകള്‍ സമരം പ്രഖ്യാപിച്ചതോടെയാണ്, സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ചത്. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ കാലോചിതമായി വര്‍ധിപ്പിക്കുക, ബസ് ഉടമകളില്‍ നിന്നും അനധികൃതമായി പിഴ ഈടാക്കുന്ന നടപടി അവസാനിപ്പിക്കുക, പെര്‍മിറ്റ് പുതുക്കി നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം പ്രഖ്യാപിച്ചിട്ടുള്ളത്.
ബസ് ഉടമകള്‍ ഉന്നയിച്ച വിഷയങ്ങളിലൊന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെയും സര്‍ക്കാരിന്റെയും ഭാഗത്തുനിന്നും അനുകൂല സമീപനം ഇല്ലാത്തതിനാല്‍ സമരവുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്ന് സംയുക്ത സമരസമിതി അറിയിച്ചു. നാളെ (ചൊവ്വാഴ്ച) സൂചനാ പണിമുടക്ക് നടത്തും. ഉടന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തില്ലെങ്കില്‍ 22 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുന്നതില്‍ തീരുമാനമെടുക്കുമെന്നും ടി ഗോപിനാഥന്‍ അറിയിച്ചു.
Recent Comments