by Midhun HP News | Jul 7, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. പവന് 400 രൂപയാണ് കുറഞ്ഞത്. 72,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 50 രൂപയാണ് കുറഞ്ഞത്. 9010 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
രണ്ടാഴ്ചയ്ക്കിടെ 3000 രൂപയിലധികം കുറഞ്ഞ ശേഷം മാസാദ്യം മുതല്‍ സ്വര്‍ണവില തിരിച്ചുകയറാന്‍ തുടങ്ങി. ദിവസങ്ങളുടെ വ്യത്യാസത്തില്‍ 1500 രൂപയാണ് വര്‍ധിച്ചത്. തുടര്‍ന്ന് സ്വര്‍ണവില കുറയുന്നതാണ് ദൃശ്യമായത്. നാലുദിവസത്തിനിടെ 800 രൂപയാണ് കുറഞ്ഞത്.
ജൂണ്‍ 13ന് ഏപ്രില്‍ 22ലെ റെക്കോര്‍ഡ് സ്വര്‍ണവില ഭേദിച്ചിരുന്നു. ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ 74,320 രൂപ എന്ന റെക്കോര്‍ഡ് ആണ് തിരുത്തിയത്. തൊട്ടടുത്ത ദിവസവും വില വര്‍ധിച്ച് സ്വര്‍ണവില പുതിയ ഉയരം കുറിക്കുന്നതാണ് കണ്ടത്. 75,000 കടന്നും കുതിക്കുമെന്ന സൂചനയ്ക്കിടെ പിന്നിടുള്ള ദിവസങ്ങളില്‍ സ്വര്‍ണവില കുറയുന്ന കാഴ്ചയാണ് ദൃശ്യമായത്. തുടര്‍ന്ന് ഈ മാസം ഒന്നുമുതലാണ് വീണ്ടും വില ഉയരാന്‍ തുടങ്ങിയത്.
by Midhun HP News | Jul 7, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്. ബസ് ഉടമകളുമായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് നാളെ സമരം. തങ്ങളുന്നയിച്ച ആവശ്യങ്ങളില്‍ സര്‍ക്കാര്‍ തീരുമാനം ഉടന്‍ ഉണ്ടായില്ലെങ്കില്‍ അനിശ്ചിതകാല പണിമുടക്കില്‍ തീരുമാനമെടുക്കുമെന്നും ബസ് ഉടമകളുടെ സംയുക്ത സമരസമിതി വ്യക്തമാക്കി.
വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ ചാര്‍ജ് വര്‍ധന അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് ബസ് ഉടമകള്‍ സമരം പ്രഖ്യാപിച്ചതോടെയാണ്, സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ചത്. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ കാലോചിതമായി വര്‍ധിപ്പിക്കുക, ബസ് ഉടമകളില്‍ നിന്നും അനധികൃതമായി പിഴ ഈടാക്കുന്ന നടപടി അവസാനിപ്പിക്കുക, പെര്‍മിറ്റ് പുതുക്കി നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം പ്രഖ്യാപിച്ചിട്ടുള്ളത്.
ബസ് ഉടമകള്‍ ഉന്നയിച്ച വിഷയങ്ങളിലൊന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെയും സര്‍ക്കാരിന്റെയും ഭാഗത്തുനിന്നും അനുകൂല സമീപനം ഇല്ലാത്തതിനാല്‍ സമരവുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്ന് സംയുക്ത സമരസമിതി അറിയിച്ചു. നാളെ (ചൊവ്വാഴ്ച) സൂചനാ പണിമുടക്ക് നടത്തും. ഉടന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തില്ലെങ്കില്‍ 22 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുന്നതില്‍ തീരുമാനമെടുക്കുമെന്നും ടി ഗോപിനാഥന്‍ അറിയിച്ചു.
by Midhun HP News | Jul 7, 2025 | Latest News, കേരളം
സംസ്ഥാനത്തെ സ്കൂളിൽ ഓണപ്പരീക്ഷ ഓഗസ്റ്റ് 20 മുതൽ 27 വരെ നടത്താൻ തീരുമാനം. ഒന്നാം പാദവാർഷിക പരീക്ഷ പൂർത്തിയാക്കി ഓഗസ്റ്റ് 29-ന് സ്കൂൾ അടയ്ക്കും. സെപ്റ്റംബർ എട്ടിന് സ്കൂൾ തുറക്കും. ഡിസംബർ 11 മുതൽ 18 വരെയാണ് ക്രിസ്മസ് പരീക്ഷ നടക്കുക. ക്രിസ്മസ് അവധിക്ക് ഡിസംബർ 19-ന് സ്കൂളടച്ച് 29-ന് തുറക്കും.ഈ അധ്യയന വർഷത്തിലെ പ്ലസ്ടു പ്രാക്ടിക്കൽ പരീക്ഷ 2026 ജനുവരി 22-നും, പ്ലസ് വൺ, പ്ലസ്ടു മോഡൽ പരീക്ഷ ഫെബ്രുവരി 16 മുതൽ 23 വരെയും നടക്കും. വാർഷിക പരീക്ഷ മാർച്ച് രണ്ടു മുതൽ 30 വരെയായിരിക്കും നടക്കുക. മധ്യവേനലവധിക്കായി മാർച്ച് 31-ന് സ്കൂളുകൾ അടയ്ക്കും.ശനിയാഴ്ച പ്രസിദ്ധീകരിച്ച വിദ്യാഭ്യാസ കലണ്ടർ പ്രകാരം പൊതുവിദ്യാലയങ്ങളിൽ യുപി വിഭാഗത്തിൽ 200 അധ്യയന ദിനങ്ങളും ഹൈസ്കൂൾ വിഭാഗത്തിൽ 204 അധ്യയന ദിനങ്ങളുമാണ് ഉള്ളത്. എൽ പിയിൽ 198 അധ്യയന ദിവസങ്ങളും നിശ്ചയിച്ചു.
by Midhun HP News | Jul 7, 2025 | Latest News, കേരളം
തൃശൂര്‍ : കനത്ത മഴയെത്തുടര്‍ന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറുടെ ഗുരുവായൂര്‍ യാത്ര മുടങ്ങി. പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് ഹെലികോപ്റ്റര്‍ ഇറക്കാന്‍ സാധിക്കാതിരുന്നതാണ് യാത്ര മുടങ്ങാന്‍ കാരണം. ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിലാണ് ഹെലികോപ്റ്റര്‍ ഇറക്കാന്‍ നിശ്ചയിച്ചിരുന്നത്. ഹെലികോപ്റ്റര്‍ ഇറക്കാന്‍ സാധിക്കാതിരുന്നതിനെത്തുടര്‍ന്ന് ഉപരാഷ്ട്രപതി കൊച്ചിയിലേക്ക് തിരിച്ചു പോയി.
ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍, ഭാര്യ ഡോ. സുദേഷ് ധന്‍കര്‍, കുടുംബാംഗങ്ങള്‍ എന്നിവരാണ് ഗുരുവായൂര്‍ സന്ദര്‍ശനത്തിന് പോയത്. ഇന്നലെയാണ് രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ കൊച്ചിയിലെത്തിയത്. കൊച്ചി കളമശ്ശേരിയില്‍ ഉപരാഷ്ട്രപതിക്ക് രാവിലെ പൊതുപരിപാടിയുണ്ട്.
നാഷനല്‍ യൂണിവേഴ്സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസില്‍ (നുവാല്‍സ്) രാവിലെ 10.40 ന് വിദ്യാര്‍ഥികളും അധ്യാപകരുമായി ഉപരാഷ്ട്രപതി സംവാദം നടത്തും. ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് കൊച്ചിയില്‍ ഇന്നും ഗതാഗത നിയന്ത്രണമുണ്ട്. രാവിലെ ഒമ്പതുമുതല്‍ പകല്‍ ഒന്നുവരെ ദേശീയപാത 544, കളമശേരി എസ്സിഎംഎസ് മുതല്‍ കളമശേരി എച്ച്എംടി, സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡ് തോഷിബ ജങ്ഷന്‍, മെഡിക്കല്‍ കോളേജ് റോഡ്,കളമശേരി നുവാല്‍സ് വരെ കര്‍ശന ഗതാഗതനിയന്ത്രണം ഉണ്ടായിരിക്കും.
by Midhun HP News | Jul 7, 2025 | Latest News, കേരളം
ന്യൂഡല്‍ഹി: രജിസ്ട്രേഡ് തപാലും സ്പീഡ് പോസ്റ്റും പാഴ്സലും ഇനി മുതല്‍ വീട്ടില്‍ ഇരുന്ന് അയക്കാം. തപാല്‍വകുപ്പിന്റെ ആപ്പ് ഉപയോഗിച്ച് പണമടയ്ക്കുതോടെ അതാത് പോസ്റ്റ്മാന്‍ വീട്ടിലെത്തി തപാല്‍ ഉരുപ്പടി ശേഖരിക്കും
നിലവില്‍ ഉപയോഗിക്കുന്ന ടിസിഎസിന്റെ സോഫ്റ്റ്‌വെയര്‍ മാറ്റി തപാല്‍വകുപ്പുതന്നെ വികസിപ്പിച്ച സോഫ്റ്റ്‌വെയര്‍ വരുന്നതോടെയാണിത് നടപ്പിലാവുക.
ആപ്പ് വരുന്നതോടെ വലിയ മാറ്റങ്ങളാണ് നടപ്പിലാകുക. രജിസ്ട്രേഡ് തപാല്‍ ഉരുപ്പടികള്‍ മേല്‍വിലാസക്കാരന്‍ കൈപ്പറ്റിയെന്നതിന്റെ തെളിവായ അക്നോളഡ്ജ്മെന്റ് കാര്‍ഡിന് പകരം 10 രൂപ വിലയുള്ള പ്രൂഫ് ഓഫ് ഡെലിവറി (പിഒഡി) നടപ്പാക്കും.
തപാല്‍ ഉരുപ്പടികള്‍ എത്തിയതായുള്ള സന്ദേശം മേല്‍വിലാസക്കാരനും കൈമാറിയതായുള്ള സന്ദേശം അയച്ചയാള്‍ക്കും കൃത്യമായി കൈമാറാനുള്ള സംവിധാനവുമുണ്ട്. ഇതിനായി രണ്ടുപേരുടെയും മൊബൈല്‍ നമ്പര്‍ ഇനിമുതല്‍ നിര്‍ബന്ധമാക്കും. തപാല്‍ ഉരുപ്പടികള്‍ വിതരണം ചെയ്തില്ലെങ്കില്‍ ‘വീട്, ഗേറ്റ് അടച്ചിട്ടിരിക്കുന്നു’ തുടങ്ങിയ കാരണങ്ങള്‍ കാണിച്ചാല്‍ അതിന് തെളിവായി മേല്‍വിലാസക്കാരന്റെ അടഞ്ഞ വീടിന്റെ ഫോട്ടോ ഡെലിവറി സ്റ്റാഫ് അപ്ലോഡ് ചെയ്യണം. കടലാസില്‍ ഒപ്പിട്ട് ഉരുപ്പടി കൈപ്പറ്റുന്ന രീതി ഡിജിറ്റില്‍ സിഗ്നേച്ചര്‍ സംവിധാനത്തിലേക്കും മാറും.
മേല്‍വിലാസക്കാരന്‍ ചുമതലപ്പെടുത്തിയ ആളാണ് ഉരുപ്പടി കൈപ്പറ്റുന്നതെങ്കില്‍ ആ ആളിന്റെ ഫോട്ടോയെടുക്കുന്ന രീതിയും വൈകാതെ നടപ്പില്‍ വരും. ബാര്‍കോഡ് അടിസ്ഥാനമാക്കി സാധാരണ കത്തുകളുടെ സഞ്ചാരപാത കണ്ടെത്താനുള്ള (ട്രാക്കിങ്) സംവിധാനവും ലഭ്യമാക്കും.
by Midhun HP News | Jul 7, 2025 | Latest News, കേരളം
കോട്ടയം: നീര്‍നായയുടെ കടിയേറ്റു ചികിത്സ തേടിയ ശേഷം വീട്ടിലേക്ക് മടങ്ങിയ ഗൃഹനാഥ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്നു കുഴഞ്ഞുവീണു മരിച്ചു. വേളൂര്‍ പാണംപടി കലയംകേരില്‍ ഇബ്രാഹിംകുട്ടിയുടെ ഭാര്യ നിസാനി (53) ആണു മരിച്ചത്.
ഇന്നലെ രാവിലെ 10.30നു പാണംപടി പള്ളിക്കു സമീപം മീനച്ചിലാറ്റില്‍ തുണി കഴുകുന്നതിനിടെയാണ് നീര്‍നായ കടിച്ചത്. തുടര്‍ന്നു ജനറല്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടിയ ശേഷം വീട്ടിലേക്കു മടങ്ങി. വൈകീട്ടു കുഴഞ്ഞുവീണ നിസാനിയെ ബന്ധുക്കള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഹൃദയാഘാതമാകാം മരണകാരണമെന്നാണു പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ വ്യക്തത ലഭിക്കുകയുളളൂവെന്നു വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Recent Comments