by Midhun HP News | Jul 7, 2025 | Latest News, കേരളം
തൊടുപുഴ: ഇടുക്കി ജില്ലയിലെ ജീപ്പ് സവാരികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍. ജീപ്പ് സവാരി , ഓഫ് റോഡ് സവാരി ഉള്‍പ്പെടെയുള്ളവയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്കും നിരോധനം ബാധകമാണെന്ന് ഉത്തരവില്‍ പറയുന്നു.
സുരക്ഷാ സംവിധാനങ്ങളും മതിയായ രേഖകളും ഉടന്‍ ഒരുക്കണമെന്നാണ് ജില്ലാ കലക്ടറുടെ ഉത്തരവ്. പൊലീസും പഞ്ചായത്തുകളും മോട്ടര്‍ വാഹന വകുപ്പും വനവകുപ്പും ഉള്‍പ്പെടെ ഉത്തരവ് ഉറപ്പുവരുത്തണമെന്നാണ് നിര്‍ദേശം. തുടരെയുണ്ടാകുന്ന അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് നിരോധനം ഏര്‍പ്പെടുത്തിയത്.
ജൂലൈ 10ന് മുന്‍പ് രേഖകള്‍ സമര്‍പ്പിച്ച് പരിശോധനകള്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ ജീപ്പ് സവാരി അനുവദിക്കൂ. തുടരെയുണ്ടാകുന്ന അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് നിരോധനമെങ്കിലും വിനോദസഞ്ചാരത്തിന് അല്ലാതെ യാത്രക്കായുള്ള ജീപ്പുകള്‍ക്ക് നിരോധനം ബാധകമാണോയെന്ന് ഉത്തരവില്‍ വ്യക്തമായി പറയുന്നില്ല.
കഴിഞ്ഞ ദിവസം വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ജീപ്പ് മറിഞ്ഞ് തമിഴ്‌നാട് സ്വദേശി മരിച്ചിരുന്നു. മൂന്നാറില്‍ 50 അടി താഴ്ചയിലേക്കാണ് ജീപ്പ് മറിഞ്ഞത്. ഒരു കുട്ടി ഉള്‍പ്പെടെ എട്ട് പേരാണ് ജീപ്പില്‍ ഉണ്ടായിരുന്നത്. ഈ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് നീക്കം.
by Midhun HP News | Jul 7, 2025 | Latest News, കേരളം
തിരുവനന്തപുരം: മെറ്റാ ഗ്ലാസ് ധരിച്ച് പത്മനാഭസ്വാമി ക്ഷേത്രത്തിലെത്തിയ ആൾ കസ്റ്റഡിയിൽ. ഗുജുറാത്ത് സ്വദേശി സുരേന്ദ്ര ഷാ ആണ് കസ്റ്റഡിലായത്. സുരക്ഷ ഉദ്യോഗസ്ഥരാണ് ക്യാമറ ശ്രദ്ധയിൽപ്പെട്ട് സുരേന്ദ്ര ഷായെ കസ്റ്റഡിയിലെടുത്തത്.
by Midhun HP News | Jul 7, 2025 | Latest News, കേരളം
കൊച്ചി: സർക്കാർ ആശുപത്രിയിൽ ഒപി ടിക്കറ്റിനായി ഏറെ നേരെ ക്യൂ നിന്നു മടുത്തവരായിരിക്കും നാം ഓരോരുത്തരും. എന്നാൽ ടിക്കറ്റ് വീട്ടിലിരുന്നു തന്നെ ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ടെന്നു എത്ര പേർക്കറിയാം. ഇ ഹെൽത്ത് കേരളയുടെ വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്ത് സ്വന്തമായി ഒരു ഐഡി ഉണ്ടാക്കുക മാത്രമാണ് ഇതിനായി ചെയ്യേണ്ടത്. ഇക്കാര്യങ്ങൾ വിശദമാക്കി ഡോക്ടറായ ദീപു സദാശിവൻ പങ്കിട്ട ഫെയ്സ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു.
ആരോഗ്യ മേഖലയിൽ പോസിറ്റീവ് കാര്യങ്ങളും സംഭവിക്കുന്നുണ്ടെന്നും ഇക്കാര്യങ്ങൾ വിശദമാക്കി ഡോക്ടർ കുറിപ്പിൽ പറയുന്നുണ്ട്. കോട്ടയം മെഡിക്കൽ കോളജിലാണ് ദീപു സദാശിവൻ മെഡിക്കൽ പഠനം നടത്തിയിട്ടുള്ളത്. സംസ്ഥാനത്തെ ആരോഗ്യ മേഖലയിൽ പോരായ്മകളുണ്ടെങ്കിൽ ഈ മേഖലയിൽ ഏറെദൂരം സംസ്ഥാനം മുന്നോട്ടു പോയതായും അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കുന്നു.
കുറിപ്പിന്റെ പൂർണ രൂപം
സർക്കാർ ആശുപത്രിയിൽ പോയി ക്യൂ നിന്ന് മടുത്തവരോ ആ മടുപ്പ് വിചാരിച്ചു പോവാൻ മടിക്കുന്നവരോ ആണ് നിങ്ങൾ എങ്കിൽ. ഈ പോസ്റ്റ് നിങ്ങൾ വായിക്കണമെന്ന് അപേക്ഷ.
സർക്കാർ ആശുപത്രികളിൽ ഒ പി ടിക്കറ്റിന് ക്യൂ നിൽക്കാതെ വീട്ടിലിരുന്ന് ഓൺലൈനായി ഒപി ടിക്കറ്റ് എടുക്കാനുള്ള സംവിധാനം ഇന്നുണ്ട്.
ഇതിനായി നിങ്ങൾ ചെയ്യേണ്ടുന്നത് eHealth kerala യുടെ വെബ്സൈറ്റ് മുഖാന്തരം രജിസ്റ്റർ ചെയ്ത് ഒരു പെർമനന്റ് (UHID, C Universal health ID) ഉണ്ടാക്കുക എന്നതാണ്.
ആധാർ ഐഡി കൊടുത്ത് ഒ ടി പി എൻറർ ചെയ്തു ഇത് ഉണ്ടാക്കിയെടുക്കാൻ കുറച്ച് മിനിറ്റുകൾ മാത്രമേ എടുക്കൂ. ഇത് ഒരിക്കൽ മാത്രം ചെയ്യേണ്ടുന്ന ഒരു പ്രക്രിയയാണ്. ആശുപത്രികളിൽ ഇത് ചെയ്തു കൊടുക്കുന്ന കൗണ്ടറുകൾ ഉണ്ട്.
ഇതിനുശേഷം വെബ്സൈറ്റിലൂടെ ലോഗിൻ ചെയ്തു നിങ്ങൾക്ക് മുൻ പേറായി, ലിസ്റ്റ് ചെയ്തിരിക്കുന്ന സ്ഥാപനങ്ങളിലെ അതാത് വിഭാഗങ്ങളിലെ ഒ പി തിരഞ്ഞെടുത്തു ഡോക്ടറുടെ അപ്പോയിൻമെന്റ് ടോക്കൺ എടുക്കാവുന്നതാണ്.
പെർമനന്റ് ഐഡി ഉണ്ടാവുന്നതിന്റെ ഗുണം അത് മാത്രമല്ല നിങ്ങളുടെ മുൻപുള്ള ചികിത്സ വിവരങ്ങളും ലാബ് റിസൾട്ടുകളും മറ്റു മെഡിക്കൽ രേഖകളും എല്ലാം ഇതിലൂടെ ഏത് സമയവും കാണാനും എടുക്കാനും കഴിയും.
പ്രാരംഭ ദശയിലുള്ള ഒരു കാര്യമായത് കൊണ്ട് ചില പരിമിതികൾ ഒക്കെ ഉണ്ടാകുമെങ്കിലും വലിയൊരു വിപ്ലവകരമായ കാൽച്ചുവടാണിത്.
ഈ കാര്യം എത്രപേർക്ക് അറിയാമായിരുന്നു ? പൊതുജനം വേണ്ടവിധത്തിൽ അറിയാതെ ഇത്തരം അനേകം പോസിറ്റീവ് കാര്യങ്ങൾ ആരോഗ്യമേഖലയിൽ കഴിഞ്ഞ കുറെ വർഷങ്ങളായി നടക്കുന്നുണ്ട്.
സർക്കാർ ആരോഗ്യ സ്ഥാപനങ്ങളെ ചിലർ പൊതുവൽക്കരിച്ച് താറടിക്കുന്നതും കഴിഞ്ഞ ദിവസങ്ങളിൽ കണ്ടു. പ്രത്യേകിച്ചും ഞാൻ പഠിച്ച കോളേജിനെ പറ്റി. പോരായ്മകൾ ഉണ്ടെങ്കിലും അതോടൊപ്പം തന്നെ പല മേഖലകളിലും വലിയ മുന്നേറ്റം നാം നടത്തിയിട്ടുണ്ട്. ഇതിനെക്കുറിച്ച് ഒന്നും യാതൊരു ധാരണയുമില്ലാത്തവരാണ് വളരെ ബയസ്ഡ് ആയിട്ട്, സ്ഥാപിത താല്പര്യങ്ങൾ വച്ച് മരുന്നില്ല, സൂചി ഇല്ല, പഞ്ഞിയില്ല എന്നൊക്കെ വസ്തുതകൾ ഒന്നും പരിശോധിക്കാതെ അടച്ച് ആക്ഷേപിക്കുന്നത്. 1980 മുതൽ കോട്ടയം മെഡിക്കൽ കോളേജ് ക്യാമ്പസിൽ , ക്വാർട്ടേഴ്സിൽ ജീവിക്കുകയും, ജീവിതം ഇഴ ചേരുകയും ചെയ്ത ആളാണ് ഞാൻ.
ഉറപ്പിച്ചു പറയാൻ പറ്റും 1980 തൊട്ട് 30 വർഷത്തിൽ ഉണ്ടായ പുരോഗതിയെക്കാൾ എത്രയോ പതിന്മടങ്ങ് മുന്നോട്ടുള്ള മാറ്റങ്ങളാണ് കഴിഞ്ഞ കുറച്ചു വർഷങ്ങളായി മാത്രം അവിടെ ഉണ്ടായിട്ടുള്ളതും ഉണ്ടായിക്കൊണ്ടിരിക്കുന്നതും. ഇതിനെയൊക്കെ പൂർണമായും തമസ്കരിച്ച് ചിലർ നടത്തുന്ന പ്രതികരണങ്ങൾ കണ്ടതുകൊണ്ട് പറഞ്ഞുപോയതാണ്.
ഒരു ജനറൽ ആശുപത്രിയിൽ ദിവസേന അമ്പതോളം രോഗികളെയൊക്കെ പരിശോധിക്കുന്ന ഒരു ഡോക്ടർ ആണ് ഞാൻ. അവരിൽ ഒരു ശതമാനം ഒക്കെ മാത്രം ആളുകൾക്ക് ആയിരിക്കും പുറത്തേക്ക് മരുന്നു കുറച്ചു കൊടുക്കേണ്ടി വരിക. അൾട്രാസൗണ്ട് സ്കാനോ സിറ്റി സ്കാനോ എമർജൻസി ആയി ചെയ്യാൻ എഴുതിയാൽ അന്ന് തന്നെ ചെയ്തു കിട്ടും. ബിപിഎൽ രോഗികൾക്ക് വളരെ കുറഞ്ഞ തുകയിലും അഥവാ വളരെ പാവപ്പെട്ട രോഗിയാണെങ്കിൽ അത് പരിഗണിച്ച് പൈസയൊന്നും ചിലവാക്കാതെയും പല പരിശോധനകളും ദിനേന ചെയ്തു കൊടുക്കപ്പെടുന്നുണ്ട്.
എൻറെ ആശുപത്രിയിലെ പബ്ലിക് ടോയ്ലറ്റ് ആണ് ഞാൻ മിക്കപ്പോഴും ഉപയോഗിക്കാറുള്ളത്. പണ്ടൊന്നും ഇങ്ങനെ ആയിരുന്നില്ല കാര്യങ്ങൾ എന്നും എനിക്ക് ഉറപ്പിച്ചു പറയാം. ഞാൻ സർവീസിൽ ചേർന്നിട്ട് 20 വർഷമായി.
പരിമിതികളും പരാധീനതകളും ഉണ്ടെങ്കിൽ കൂടി നാം മുന്നോട്ട് തന്നെയാണ് പോകുന്നത് ഏവർക്കും രാഷ്ട്രീയ ഭേദമന്യേ അഭിമാനിക്കാവുന്ന ഒരു സംവിധാനത്തിന് നാടിൻറെ ഭാഗം തന്നെയാണ് നാമെല്ലാം. അതിൽ ചില ദോഷൈക ദൃക്കുകൾക്ക് ഒഴിച്ച് എല്ലാ മനുഷ്യർക്കും പങ്കുണ്ട് എന്നതാണ് സത്യം.
by Midhun HP News | Jul 7, 2025 | Latest News, കേരളം
തിരുവനന്തപുരം: പശ്ചിമ ബംഗാളിലെ ഗംഗാതടത്തിന് മുകളിലായി സ്ഥിതി ചെയ്യുന്ന ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് വരുംദിവസങ്ങളിലും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കൻ ഗുജറാത്ത് തീരം മുതൽ തെക്കൻ കർണാടക തീരം വരെ ന്യൂനമർദ്ദപാത്തിയും സ്ഥിതിചെയ്യുന്നുണ്ട്. ഇതും മഴയെ സ്വാധീനിക്കുന്നതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഗംഗാതടത്തിന് മുകളിലായി സ്ഥിതി ചെയ്യുന്ന ന്യൂനമർദ്ദം അടുത്ത 2-3 ദിവസം ഝാർഖണ്ഡ്, ഛത്തീസ്ഗഡ് മേഖലയിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്. ന്യൂനമർദ്ദത്തിന്റെയും ന്യൂനമർദ്ദപാത്തിയുടെയും സ്വാധീനഫലമായി വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
വടക്കൻ ജില്ലകളിൽ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത രണ്ട് ദിവസം മഴയുടെ ശക്തി കുറയുമെങ്കിലും പിന്നീട് മഴ ശക്തി പ്രാപിക്കും. ബുധൻ, വ്യാഴം ദിവസങ്ങളിൽ കണ്ണൂരും കാസർകോടും യെല്ലോ മുന്നറിയിപ്പാണുള്ളത്.
by Midhun HP News | Jul 6, 2025 | Latest News, കേരളം
കൊല്ലം: ന്യൂസിലാന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സംഘത്തിലെ യുവതി പിടിയില്‍. ഈസ്റ്റ് കല്ലട മണിവീണ വീട്ടില്‍ എറണാകുളം സൗത്ത് പാലാരിവട്ടത്ത് താമസിക്കുന്ന ചിഞ്ചു അനീഷിനെ പുനലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.പുനലൂര്‍ സ്വദേശിയുടെ പരാതിയിലാണ് നടപടി.
കേസിലെ നാലാം പ്രതിയാണ് ചിഞ്ചു. കേസില്‍ മറ്റ് രണ്ടു പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.പുന്നല കറവൂര്‍ ചരുവിള പുത്തന്‍ വീട്ടില്‍ ജി.നിഷാദില്‍ നിന്ന് 2023ലാണ് നാലംഗ സംഘം പണം തട്ടിയെടുത്തത്. മാസം രണ്ട് ലക്ഷം ശമ്പളം ലഭിക്കുന്ന ജോലിയാണ് ഉറപ്പ് നല്‍കിയത്. ന്യൂസിലാന്‍ഡില്‍ 45 ദിവസത്തിനകം കപ്പലില്‍ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. പല തവണയായി 11.5 ലക്ഷം രൂപ പ്രതികള്‍ തട്ടിയെടുത്തു. ഒറിജിനലിലെ വെല്ലുന്ന വ്യാജ രേഖകള്‍ ചമച്ചായിരുന്നു നിഷാദിനെ വിശ്വസിപ്പിച്ചത്.
തട്ടിപ്പ് സംഘത്തിലെ ഒന്നാം പ്രതി ബിനില്‍കുമാര്‍ എം.ഡിയായി പെരുമ്പാവൂര്‍ ആസ്ഥാനമായുള്ള ഫ്‌ലൈ വില്ലോ ട്രീ ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പ്. 2023 മേയില്‍ ഫേസ് ബുക്കിലൂടെയുള്ള പരസ്യം കണ്ടാണ് നിഷാദ് സ്ഥാപനവുമായി ബന്ധപ്പെട്ട് പണം നല്‍കിയത്.ഗൂഗിള്‍ മീറ്റിലൂടെ ഇന്റര്‍വ്യൂ നടത്തി വ്യാജ ഓഫറിംഗ് ലെറ്ററും നല്‍കി. മാസങ്ങള്‍ കഴിഞ്ഞിട്ടും പോകാന്‍ കഴിയാതായപ്പോഴാണ് തട്ടിപ്പാണെന്ന് അറിഞ്ഞത്. നിഷാദിന്റെ പരാതിയില്‍ ഒന്നാം പ്രതി ബിനില്‍ കുമാറിനെ നേരത്തെ പുനലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇന്റര്‍വ്യൂ നടത്തിയതും വ്യാജ ഓഫര്‍ ലെറ്റര്‍ നല്‍കിയതും ചിഞ്ചുവാണെന്ന് പൊലീസ് പറഞ്ഞു. ചിഞ്ചുവും ഭര്‍ത്താവ് അനീഷും സമാനമായ മറ്റൊരു കേസില്‍ 2023ല്‍ കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സോഷ്യല്‍ മീഡിയ വഴി പരസ്യം നല്‍കി ഇരകളെ കണ്ടെത്തുന്നതായിരുന്നു പ്രതികളുടെ രീതി.
by Midhun HP News | Jul 6, 2025 | Latest News, കേരളം
ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ ഗവ. ടൗൺ യു .പി. സ്കൂളിൻ്റെ സ്കൂൾ കായികോത്സവം സ്‌പ്രിൻ്റ 2K25 ശനിയാഴ്ച സംഘടിപ്പിച്ചു. ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയുടെ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഗിരിജ കായികമേള ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡൻ്റ് ആശ എസ് എസ് അധ്യക്ഷയായ ചടങ്ങിൽ ഹെഡ്മാസ്റ്റർ ആർ അജികുമാർ സ്വാഗതം ആശംസിച്ചു. അണ്ടർ 16 കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റനും ആറ്റിങ്ങൽ സ്വദേശിയുമായ ഇഷാൻ. എം. രാജ് മുഖ്യാതിഥി ആയി. ആറ്റിങ്ങൽ വിദ്യാഭ്യാസ ഉപജില്ല ഓഫീസർ സന്തോഷ് കുമാർ. പി കായികമേളയ്ക്ക് ആശംസ അറിയിച്ചു. സ്പോർട്സ് കൺവീനർ പ്രിയദർശിനി ചടങ്ങിൽ കൃതജ്ഞത രേഖപ്പെടുത്തി.
സ്കൂളിലെ മുഴുവൻ കുട്ടികളെയും അധ്യാപകരെയും നാല് ഹൗസുകളായി തിരിച്ചാണ് കായിക മത്സരങ്ങൾ നടത്തിയത്. വർണ്ണാഭമായ മാർച്ച് പാസ്റ്റും സൂംബാ നൃത്താവതരണവും കായികമേളയ്ക്ക് മാറ്റുകൂട്ടി. വ്യക്തിഗത ഇനങ്ങളിൽ മെഡലും റിലേ മത്സരങ്ങളിൽ ടീമിന് എവറോളിംഗ് ട്രോഫിയും സമ്മാനിച്ചു. അധ്യാപകരുടെയും രക്ഷിതാക്കളുടെയും കായിക മത്സരങ്ങളും ഇതോടൊപ്പം നടത്തി.
Recent Comments