by Midhun HP News | Dec 21, 2024 | Latest News, കേരളം
പത്തനംതിട്ട: ശബരിമലയില്‍ തീര്‍ഥാടകരുടെ വലിയ തിരക്ക് കണക്കിലെടുത്ത് മണ്ഡല പൂജയുടെ പ്രധാന ദിവസങ്ങളായ 25നും 26നും വെര്‍ച്വല്‍ ക്യൂവിന്റെ എണ്ണം കുറച്ചു. ഈ ദിവസങ്ങളില്‍ സ്‌പോട് ബുക്കിങും ഒഴിവാക്കിയേക്കും.തങ്ക അങ്കി ഘോഷയാത്ര സന്നിധാനത്ത് എത്തി ദീപാരാധന നടക്കുന്ന 25ന് വെര്‍ച്വല്‍ ക്യൂ 54,444 പേര്‍ക്കു മാത്രമായാണ് കുറച്ചത്. മണ്ഡല പൂജ നടക്കുന്ന 26ന് 60,000 പേര്‍ക്കാണ് ദര്‍ശനത്തിന് അവസരം ഉള്ളത്.
സാധാരണ ദിവസങ്ങളില്‍ വെര്‍ച്വല്‍ ക്യൂ 70,000 ആയിരുന്നു. 25നും 26നും സ്‌പോട് ബുക്കിങ് നടത്തി ദര്‍ശനത്തിന് കടത്തിവിടില്ല. 26ന് ഉച്ചയ്ക്ക് 12നും 12.30യ്ക്കും മധ്യേയാണ് മണ്ഡലപൂജ. രണ്ടു ദിവസമായി 20,000 ത്തിനു മുകളിലാണ് സ്‌പോട് ബുക്കിങ്. ജനുവരി 12ന് 60,000ഉം 13ന് 50,000ഉം 14ന് 40,000ഉം പേര്‍ക്ക് മാത്രമായിരിക്കും ദര്‍ശനം. സന്നിധാനത്ത് ഈ സീസണില്‍ ഏറ്റവും കൂടുതല്‍ ഭക്തരെത്തിയത് ഇന്നലെയാണ്. 96,007 പേരാണ് ഇന്നലെ ദര്‍ശനം നടത്തിയത്. ഈ സീസണിലാകെ വന്‍ തിരക്കാണ് ശബരിമലയില്‍ അനുഭവപ്പെട്ടത്. ഇത് പരിഗണിച്ച് മണ്ഡല പൂജയ്ക്കും മകര വിളക്കിനും കൂടുതല്‍ ഭക്തരെത്താനുള്ള സാധ്യത മുന്നില്‍ കണ്ടുമാണ് നിയന്ത്രണം.
by Midhun HP News | Dec 21, 2024 | Latest News, കേരളം
കൊച്ചി: ആശുപത്രികൾക്ക് നേർക്കുള്ള ആക്രമണങ്ങളെ ഉരുക്കുമുഷ്ടി കൊണ്ട് നേരിടണമെന്ന് ഹൈക്കോടതി. ആശുപത്രികൾ ആധുനിക കാലത്തെ ക്ഷേത്രങ്ങളാണെന്നും ആരോഗ്യത്തിന്റെ ദൈവങ്ങളെ ആരാധിക്കാനാണ് അവിടേക്ക് ജനങ്ങൾ പോകുന്നതെന്നും ജസ്റ്റിസ് പിവി കുഞ്ഞി കൃഷ്ണൻ പറഞ്ഞു. ആക്രമണം നടത്തുന്ന പ്രതികൾക്ക് ജാമ്യമനുവദിക്കുമ്പോൾ നാശനഷ്ടത്തിന്റെ തുകയീടാക്കാനുള്ള വ്യവസ്ഥ ആരോഗ്യപ്രവർത്തകർക്കും ആശുപത്രികൾക്കും സംരക്ഷണം നൽകുന്ന 2012 ലെ നിയമത്തിൽ ഉൾപ്പെടുത്തുന്നത് സർക്കാർ പരിഗണിക്കണമെന്നും കോടതി നിർദേശിച്ചു.
തിരുവനന്തപുരത്തെ ആയുർവേദ ആശുപത്രിക്കു നേരെ ആക്രമണം നടത്തിയ കേസിലെ പ്രതി നിതിൻ ഗോപിയോട് ആശുപത്രിക്കുണ്ടായ നഷ്ടം 10000 രൂപ കെട്ടിവയ്ക്കാൻ ഉത്തരവിട്ടു കൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ആശുപത്രികൾക്ക് നേരെ ആക്രമണം നടത്തുന്നത് വലിയ പ്രശ്നമാണ്. ഡോക്ടർ, നഴ്സ്, ജീവനക്കാർ തുടങ്ങിയവരുടെ മോശം പ്രവൃത്തികൾ ഇതിനു കാരണമായേക്കാം.
എന്നാൽ അതിന്റെ പേരിൽ അതിക്രമം നടത്താനാകില്ലെന്നും കോടതി പറഞ്ഞു. പ്രതി കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയാൽ കോടതിയിൽ കെട്ടിവയ്ക്കുന്ന തുക തിരികെ നൽകാമെന്നും ഉത്തരവ് വ്യക്തമാക്കുന്നു. പ്രതിക്ക് 50,000 രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആൾ ജാമ്യവും വ്യവസ്ഥ ചെയ്ത് ജാമ്യമനുവദിക്കുകയും ചെയ്തു. പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ പിഴയായി ഈടാക്കുന്ന തുക ആശുപത്രിക്ക് കൈമാറാനും നിർദേശിച്ചു.
by Midhun HP News | Dec 21, 2024 | Latest News, കേരളം
കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ സഹോദരനെയും മാതൃസഹോദരനെയും വെടിവച്ചുകൊന്ന കേസില്‍ പ്രതിക്ക് ഇന്ന് ശിക്ഷ വിധിക്കും. കാഞ്ഞിരപ്പള്ളി കരിമ്പാനയില്‍ ജോര്‍ജ് കുര്യനെയാണ് കോട്ടയം സെഷന്‍സ് കോടതി ഇന്നലെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്.
സഹോദരന്‍ രഞ്ജു കുര്യന്‍, മാതൃസഹോദരന്‍ മാത്യു സ്‌കറിയ എന്നിവരെയാണ് ഇയാള്‍ വെടിവെച്ച് കൊന്നത്. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നായിരുന്നു അരും കൊല. 2022 മാര്‍ച്ച് ഏഴിനായിരുന്നു സംഭവം. കാഞ്ഞിരപ്പള്ളി കരിമ്പനാല്‍ വീട്ടില്‍ രഞ്ജു കുര്യന്‍ (50), മാതൃസഹോദരനും പ്ലാന്ററുമായ കാഞ്ഞിരപ്പള്ളി പൊട്ടംകുളം മാത്യു സ്‌കറിയ (78) എന്നിവരാണ് കൊല്ലപ്പെട്ടത്. അന്വേഷണത്തിന്റെ തുടക്കത്തില്‍ തന്നെ ജോര്‍ജ് കുര്യനാണ് പ്രതി എന്ന് കണ്ടെത്തുകയായിരുന്നു. സുപ്രീംകോടതിയടക്കം വിവിധ കോടതികളില്‍ ജാമ്യഹര്‍ജികള്‍ നല്‍കിയെങ്കിലും ജാമ്യം ലഭിച്ചിരുന്നില്ല.
തുടര്‍ന്ന് വിചാരണ തടവുകാരനായി ഇയാള്‍ കോട്ടയം സബ് ജയിലില്‍ കഴിഞ്ഞുവരികയാണ്. കാഞ്ഞിരപ്പള്ളി പൊലീസാണ് കേസ് അന്വേഷിച്ച് കോടതില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. അടുത്ത ബന്ധുക്കള്‍ അടക്കം കൂറ് മാറിയ കേസില്‍ പ്രൊസിക്യൂഷന്‍ ഏറെ ശ്രമപ്പെട്ടാണ് വാദം പൂര്‍ത്തിയാക്കി പ്രതിയ്ക്ക് ശിക്ഷ ഉറപ്പാക്കിയത്.
ദൃക്സാക്ഷികളായി പ്രോസിക്യൂഷന്‍ അവതരിപ്പിച്ച ഭൂരിഭാഗം ആളുകളും കൂറുമാറുന്ന സാഹചര്യം ഉണ്ടായി. എന്നാല്‍ ശാസ്ത്രീയ തെളിവുകള്‍ കേസില്‍ നിര്‍ണായകമാകുകയായിരുന്നു. വെടിവെയ്ക്കാന്‍ ഉപയോഗിച്ച തോക്ക് കണ്ടെത്തി കോടതിയില്‍ ഹാജരാക്കാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞത് കേസില്‍ വഴിത്തിരിവായി.
by Midhun HP News | Dec 20, 2024 | Latest News, കേരളം
വാഹനങ്ങള്‍ വാടകയ്ക്കു നല്‍കുന്നതില്‍ പുതിയ മാര്‍ഗനിര്‍ദേശവുമായി ഗതാഗത വകുപ്പ്. സ്വകാര്യ വാഹനങ്ങള്‍ അനധികൃതമായി വാടകയ്ക്ക് നല്‍കരുതെന്നും നല്‍കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മാര്‍ഗനിര്‍ദേശത്തിലുണ്ട്. എട്ടില്‍ കൂടുതല്‍ സീറ്റുള്ള വാഹനങ്ങള്‍ വാടകയ്ക്കു നല്‍കാന്‍ പാടില്ലെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
റെന്റ് എ ക്യാബ് ലൈസന്‍സിന് അപേക്ഷിക്കുമ്പോള്‍ കുറഞ്ഞത് 50 വാഹനങ്ങള്‍ക്ക് ഓള്‍ ഇന്ത്യാ പെര്‍മിറ്റ് വാങ്ങണം. കുറഞ്ഞത് അഞ്ച് ബൈക്കുകള്‍ ട്രാന്‍സ്പോര്‍ട്ട് വാഹനമായി രജിസ്റ്റര്‍ ചെയ്താലേ വാടകയ്ക്കു നല്‍കാന്‍ പറ്റൂ. എട്ടില്‍ കൂടുതല്‍ സീറ്റുള്ള വാഹനങ്ങള്‍ ഉടമയ്ക്കും കുടുംബാംഗങ്ങള്‍ക്കും മാത്രമേ ഉപയോഗിക്കാവൂവെന്നും വ്യക്തമാക്കിയിട്ടുണ്ട്.
സ്വകാര്യ വാഹനങ്ങള്‍ മറ്റുള്ള വ്യക്തികള്‍ക്ക് പണം വാങ്ങി വാടകയ്ക്കു നല്‍കുന്നത് മോട്ടോര്‍ വാഹന നിയമപ്രകാരം ശിക്ഷാര്‍ഹമാണെന്നും ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ അത്യാവശ്യഘട്ടങ്ങളില്‍ സൗജന്യമായി ഉപയോഗിക്കാന്‍ നല്‍കുന്നതില്‍ തെറ്റില്ലെന്നും പറയുന്നു. അനധികൃതമായി വാടകയ്ക്കു നല്‍കുന്ന സ്വകാര്യ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഗതാഗത വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷുറന്‍സ് തുടങ്ങിയവ ഉണ്ടായിരിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
by Midhun HP News | Dec 20, 2024 | Latest News, കേരളം
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR 411 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. NT 654969 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ. രണ്ടാം സമ്മാനമായ പത്തുലക്ഷം രൂപ NX 168030 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.
ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപനം നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://statelottery.kerala.gov.inൽ ഫലം ലഭ്യമാകും. എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാഗ്യക്കുറിയുടെ വില 40രൂപയാണ്.
by Midhun HP News | Dec 20, 2024 | Latest News, കേരളം
തൊടുപുഴ: ഇടുക്കി കുമളിയില്‍ അഞ്ചു വയസ്സുകാരന്‍ ഷെഫീക്കിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികളായ അച്ഛനും രണ്ടാനമ്മയ്ക്കും തടവ് ശിക്ഷ. പിതാവ് ഷെരീഫിന് ഏഴുവര്‍ഷം തടവും രണ്ടാനമ്മ അനീഷയ്ക്ക് പത്തുവര്‍ഷം തടവും ശിക്ഷ വിധിച്ചു. ഇടുക്കി ഒന്നാം ക്ലാസ് അഡീഷണല്‍ മജിസ്ട്രേറ്റ് കോടതിയാണ് വിധി പ്രസ്താവിച്ചത്. അച്ഛന് 50,000 രൂപ പിഴയും ചുമത്തി.
സംഭവം നടന്ന് 11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കുറ്റകൃത്യത്തില്‍ വിധി പ്രസ്താവം. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. പട്ടിണിക്കിട്ടും ക്രൂരമായി മര്‍ദ്ദിച്ചും കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്നാണ് കേസ്. 2013 ജൂലൈ 15 നാണ് ക്രൂരമര്‍ദ്ദനമേറ്റ കുട്ടിയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 150 ലേറെ മുറിവുകളാണ് ആ കുഞ്ഞു ശരീരത്തില്‍ ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നത്.
ദൃക്സാക്ഷികളില്ലാത്ത കേസില്‍ മെഡിക്കല്‍ തെളിവുകളുടേയും സാഹചര്യ തെളിവുകളുടേയും സഹായത്തോടെയാണ് പൊലീസ് വാദം പൂര്‍ത്തിയാക്കിയത്. വര്‍ഷങ്ങള്‍ നീണ്ട ചികിത്സയിലൂടെയാണ് കുട്ടി ജീവിതത്തിലേക്ക് തിരികെയെത്തിയത്. എന്നാല്‍ തലച്ചോറിനേറ്റ ക്ഷതം കുട്ടിയുടെ മാനസിക വളര്‍ച്ചയെ ബാധിച്ചിട്ടുണ്ട്.
സംഭവത്തിനുശേഷം ഷെഫീഖ് വർഷങ്ങളായി അൽ-അസ്ഹർ മെഡിക്കൽ കോളജ് അധികൃതരുടെ സംരക്ഷണയിലാണ്. രാഗിണി എന്ന ആയയാണ് പരിചരിക്കുന്നത്. ഓഗസ്റ്റിൽ ജഡ്ജി ആഷ് കെ.ബാൽ ഷെഫീഖിനെ ആശുപത്രിയിലെത്തി കണ്ടിരുന്നു.
Recent Comments