by Midhun HP News | Jul 5, 2025 | Latest News, കേരളം
കൊച്ചി: തിരുവനന്തപുരം നഗരത്തില്‍ ഹിറ്റായ ‘നഗരക്കാഴ്ചകള്‍’ ഡബിള്‍ ഡക്കര്‍ ബസ് ഇനി കൊച്ചിയിലും. നഗരത്തിന്റെ മനോഹാരിതയും കൊച്ചിയുടെ കായല്‍കാറ്റും ആസ്വദിച്ച് യാത്ര ചെയ്യാനുള്ള ഡബിള്‍ ഡക്കര്‍ ബസ് സര്‍വീസ് ഈ മാസം 13 മുതല്‍ ആരംഭിക്കും. ബജറ്റ് ടൂറിസത്തിന്റെ ഭാഗമായാണ് പദ്ധതിക്ക് തുടക്കമാകുന്നത്.
വൈകിട്ട് ആറിന് ബോട്ട് ജെട്ടി കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ മന്ത്രിമാര്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന ചടങ്ങിലാണ് യാത്രയ്ക്ക് തുടക്കമാകുക. ഓപ്പണ്‍ ഡബിള്‍ ഡെക്കര്‍ ബസാണ് സര്‍വീസ് നടത്തുന്നത്. ബസിന്റെ ട്രെയല്‍ റണ്‍ നേരത്തെ നടത്തിയിരുന്നു.
മേല്‍ഭാഗം തുറന്ന ബസില്‍ ഇരുന്ന് കാഴ്ചകള്‍ കാണാന്‍ പറ്റുന്ന നഗരത്തിന്റെ റൂട്ടുകളാണ് പരിഗണിച്ചത്. ബോട്ട് ജെട്ടി സ്റ്റാന്‍ഡില്‍ തുടങ്ങുന്ന യാത്ര തേവര, കൊച്ചിന്‍ പോര്‍ട്ട് ട്രെസ്റ്റ് അവന്യൂ വഴി വോക്ക് വെയില്‍ എത്തി തിരിച്ച് മഹാരാജാസ് കോളജിന്റെ മുന്നിലൂടെ ഹൈക്കോടതി ജംങ്്ഷന്‍ ഗോശ്രീ പാലം വഴി കാളമുക്ക് ജംങ്ഷന്‍ വരെ സര്‍വീസ് നടത്തുന്ന രീതിയിലാണ് ആദ്യ റൂട്ട്.
യാത്രാ നിരക്ക് എത്രയാണെന്ന് തീരുമാനിച്ചിട്ടില്ല. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകും. വൈകിട്ട് അഞ്ച് മുതല്‍ 8.30 വരെയാകും യാത്ര.
by Midhun HP News | Jul 5, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്‌കൂള്‍ കുട്ടികളും യുവാക്കളും ഉള്‍പ്പെട്ട മയക്കുമരുന്ന് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് എറണാകുളം ജില്ലയിലാണെന്ന് ഹൈക്കോടതി. സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ വര്‍ധിച്ചു വരുന്ന മയക്കുമരുന്ന് ദുരുപയോഗ ഭീഷണി തടയുന്നതിനുള്ള സംസ്ഥാനത്തിന്റെ നടപടികള്‍ ഫലപ്രദമല്ലെന്ന് ചീഫ് ജസ്റ്റിസ് നിതിന്‍ ജംദാര്‍, ജസിറ്റിസ് സി ജയചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. കേരള സ്റ്റേറ്റ് ലീഗസ് സര്‍വീസസ് അതോറിറ്റി(കെല്‍സ)യും രണ്ട് കുട്ടികളുടെ അമ്മമാര്‍ സമര്‍പ്പിച്ച രണ്ട് ഹര്‍ജികളും പരിഗണിക്കുകയായിരുന്നു കോടതി.
പ്രശ്‌നം പരിഹരിക്കുന്നതിനുള്ള കര്‍മ പദ്ധതി തയ്യാറാക്കണമെന്നും കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കി. 2015 മുതല്‍ 2024 വരെ 18 വസയില്‍ താഴെയുള്ള കുട്ടികള്‍ ഉള്‍പ്പെട്ട ഏറ്റവും കൂടുതല്‍ മയക്കുമരുന്ന് കേസുകള്‍ എറണാകുളം സിറ്റിയിലാണ് രേഖപ്പെടുത്തിയതെന്ന് ആഭ്യന്തര വകുപ്പ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. ആകെ 53 കേസുകളാണ് നഗരത്തില്‍ മാത്രം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എന്നാല്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച ഡേറ്റയില്‍ നിന്നും പ്രാദേശിക പ്രവണതകള്‍, പ്രായത്തിനനുസരിച്ച് ഉണ്ടാകുന്ന ദൗര്‍ബല്യം തുടങ്ങി മയക്കുമരുന്നുപയോഗത്തിന്റെ കാരണങ്ങള്‍ എന്നിവ മനസിലാക്കാന്‍ കഴിയുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. ഇതിനായി ഒരു കേന്ദ്രീകൃത പഠനം ആവശ്യമാണ്. അതിന് ശേഷം മാത്രമേ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാന്‍ കഴിയൂ എന്നും കോടതി കൂട്ടിച്ചേര്‍ത്തു.
പ്രത്യേക പദ്ധതി രൂപീകരിക്കാന്‍ എറണാകുളം സിറ്റി പൊലീസ് കമ്മീഷണര്‍ക്കും നിര്‍ദേശം നല്‍കി. ഫൊറന്‍സിക് ലാബുകളില്‍ ആവശ്യത്തിന് സ്റ്റാഫുകള്‍ ഇല്ലാത്തത് മയക്കുമരുന്ന് കേസുകളുടെ നടത്തിപ്പിനെ ബാധിക്കുന്നു്ട്. ഫൊറന്‍സിക് റിപ്പോര്‍ട്ട് കിട്ടാത്തതിനാല്‍ കോടതികളില്‍ തീര്‍പ്പാകാതെ കിടക്കുന്ന എത്ര കേസുകളുണ്ടെന്ന് അറിയിക്കാന്‍ ഹൈക്കോടതി രജിസ്ട്രിയോട് നിര്‍ദേശിച്ചു. സര്‍ക്കാരും വിശദീകരണം നല്‍കണം. പോക്‌സോ കേസുകളില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ നിയമിക്കാത്തത് കേസുകളുടെ നടത്തിപ്പിനെ ബാധിക്കുന്നതായും കോടതി നിരീക്ഷിച്ചു.
by Midhun HP News | Jul 5, 2025 | Latest News, കേരളം
കണ്ണൂർ: ആറാം വയസ്സിൽ കണ്ണൂരിലെ ബോംബേറിൽ കാൽ നഷ്ടമായ ഡോ. അസ്ന വിവാഹിതയായി. ആലക്കോട് സ്വദേശിയും ഷാർജയിൽ എഞ്ചിനീയറുമായ നിഖിലാണ് വരൻ. ചെറുവാഞ്ചേരി പൂവത്തൂരിലെ തരശിപറമ്പത്ത് വീട്ടിൽ അസ്ന കണ്ണൂരിലെ അക്രമ രാഷ്ട്രീയത്തിൻ്റെ ഇരയാണ്. 2000 സെപ്തംബർ 27ന് നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെയുണ്ടായ രാഷ്ട്രീയ സംഘർഷത്തിനിടെ എറിഞ്ഞ ബോംബുകളിൽ ഒന്ന് വന്ന് പതിച്ചത് വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന അസ്നക്ക് നേരെയായിരുന്നു. അന്നുണ്ടായ അപകടത്തിൽ അസ്നയുടെ മാതാവ് ശാന്തയ്ക്കും സഹോദരനും പരിക്കേറ്റിരുന്നു.അന്ന് അസ്നക്ക് ആറ് വയസ് മാത്രമാണ് പ്രായമുണ്ടായത്. ബോംബേറിൽ അസ്നയുടെ വലത് കാലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ചികിത്സയ്ക്കിടെ മുട്ടിനു കീഴെ വെച്ച് കാൽ മുറിച്ചുമാറ്റുകയും ചെയ്തു. പിന്നീട് കൃത്രിമ കാലുമായി വിധിക്ക് മുന്നിൽ പകച്ച് നിൽക്കാതെ നിശ്ചയദാർഡ്യത്തോടെ അസ്ന വിജയത്തിൻ്റെ പടികൾ ഓരോന്നായി ചവിട്ടിക്കയറി. കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നും 2013ൽ എംബിബിഎസ് നേടി. ഇതിനിടെ സ്വന്തം പഞ്ചായത്തിലെ ആരോഗ്യ കേന്ദ്രത്തിലും ഡോക്ടറായി സേവനം അനുഷ്ഠിച്ചു. നിലവിൽ വടകരയിലെ ക്ലിനിക്കിൽ ഡോക്ടറാണ്അസ്‌ന
by Midhun HP News | Jul 5, 2025 | Latest News, കേരളം
കല്‍പ്പറ്റ: വയനാട് ജില്ലയിലെ ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതര്‍ക്കായി സര്‍ക്കാര്‍ ഇതുവരെ ചെലവഴിച്ചത് 108.21 കോടി രൂപയെന്ന് കണക്കുകള്‍. ഉരുള്‍പ്പൊട്ടലില്‍ മരിച്ചവരുടെ ശവസംസ്‌കാരം മുതല്‍ പുനരധിവാസത്തിനുള്ള ഭൂമി ഏറ്റെടുത്തത് വരെയുള്ള കണക്കുകളാണ് സര്‍ക്കാര്‍ പുറത്തുവിട്ടത്. ഉരുള്‍പ്പൊട്ടല്‍ പുനരധിവാസവുമായി ബന്ധപ്പെട്ട് വയനാട് കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ റവന്യൂമന്ത്രി കെ രാജനാണ് സര്‍ക്കാര്‍ ചെലവിട്ട തുക സംബന്ധിച്ച് പ്രതികരിച്ചത്.
ദുരിത ബാധിതരുടെ പുനരധിവാസത്തിനായി എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ ഭൂമി ഏറ്റെടുത്തതിന് 43.77 കോടി രൂപയും മരണപ്പെട്ടവരുടെ കടുംബാംഗങ്ങള്‍ക്കായി (220) 13.3 കോടിയും നല്‍കി. വീടിന് പകരം 15 ലക്ഷം രൂപ വീതം 104 പേര്‍ക്ക് 15.6 കോടി രൂപ ധനസഹായം നല്‍കി. ജീവിതോപാധിയായി 1133 പേര്‍ക്ക് 10.1 കോടിയും ടൗണ്‍ഷിപ്പ് സ്പെഷ്യല്‍ ഓഫീസ് പ്രവര്‍ത്തനത്തിന് 20 കോടിയും അനുവദിച്ചു. അടിയന്തര ധനസഹായമായി 1.3 കോടിയും വാടകയിനത്തില്‍ 4.3 കോടിയും നല്‍കി. പരിക്ക് പറ്റിയവര്‍ക്ക് 18.86 ലക്ഷവും ശവസംസ്‌കാര ചടങ്ങുകള്‍ക്കായി 17.4 ലക്ഷവും നല്‍കിയെന്നും മന്ത്രി അറിയിച്ചു.
ടൗണ്‍ഷിപ്പ് നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാനും ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. പുന്നപ്പുഴയിലെ ഉരുള്‍പൊട്ടല്‍ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിന് കൂടുതല്‍ യന്ത്രങ്ങള്‍ ഉപയോഗിക്കാനും മന്ത്രി നിര്‍ദേശം നല്‍കി. സര്‍ക്കാര്‍ ദുരന്ത ബാധിതരോട് അനുഭാവ പൂര്‍ണ്ണമായ സമീപനമാണ് സ്വീകരിക്കുന്നത്. കുടുംബശ്രീയുടെ മൈക്രോ പ്ലാന്‍ നടപ്പാക്കുന്നതിന് 3.6 കോടി രൂപ അനുവദിച്ചതായും മന്ത്രി യോഗത്തില്‍ വ്യക്തമാക്കി.
യോഗത്തില്‍ ജില്ലാ കലക്റ്റര്‍ ഡി ആര്‍ മേഘശ്രീ, എ.ഡി. എം കെ. ദേവകി, സബ് കളക്റ്റര്‍ മിസാല്‍ സാഗര്‍ ഭരത്, അസിസ്റ്റന്റ് കളക്റ്റര്‍ അര്‍ച്ചന പി പി, ചൂരല്‍മല പുനരധിവാസ സ്പെഷ്യല്‍ ഓഫീസര്‍ മന്‍മോഹന്‍ സി വി, ഡി ഡി എം എ സ്പെഷ്യല്‍ ഓഫീസര്‍ അശ്വിന്‍ പി കുമാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
by Midhun HP News | Jul 5, 2025 | Latest News, കേരളം
തൊടുപുഴ: ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന വിഷം ഉള്ളില്‍ചെന്ന് യുവതി മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. ഭര്‍ത്താവിനെതിരെ പൊലീസ് കൊലക്കുറ്റം ചമുത്തി. പുല്ലാരിമംഗലം അടിവാട് കുന്നക്കാട്ട് ജോണിന്റെ മകള്‍ ജോര്‍ളി(34)യാണ് വ്യാഴാഴ്ച വൈകീട്ടോടെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഭര്‍ത്താവ് പുറപ്പുഴ ആനിമൂട്ടില്‍ ടോണി മാത്യു(43)വിനെതിരേയാണ് കൊലക്കുറ്റം ചുമത്തിയത്.
ഭര്‍ത്താവ് ബലമായി വിഷം കുടിപ്പിക്കുകയായിരുന്നുവെന്ന് യുവതി മജിസ്‌ട്രേറ്റിന് മരണമൊഴി നല്‍കിയിട്ടുണ്ട്. ടോണി ഇപ്പോള്‍ റിമാന്‍ഡിലാണ്. ഇയാളെ കസ്റ്റഡിയില്‍ വാങ്ങുന്നതിന് പൊലീസ് അപേക്ഷ നല്‍കും.ജൂണ്‍ 26-നാണ് വിഷം ഉള്ളില്‍ച്ചെന്നനിലയില്‍ ജോര്‍ളിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ടോണിയുടെ പീഡനത്തെത്തുര്‍ന്ന് മകള്‍ വിഷം കഴിക്കുകയായിരുന്നുവെന്ന് ആരോപിച്ച് യുവതിയുടെ അച്ഛന്‍ ജോണ്‍ കരിങ്കുന്നം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഭര്‍ത്താവും ബന്ധുക്കളും ജോര്‍ലിയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായി പിതാവിന്റെ പരാതിയിലുണ്ട്. 20 പവന്റെ സ്വര്‍ണാഭരണങ്ങളും 2 ലക്ഷം രൂപയും വിവാഹസമയത്ത് ജോണ്‍ ആദ്യം നല്‍കി. പിന്നീടു പലപ്പോഴായി 4 ലക്ഷം രൂപയും നല്‍കി. ഇതെല്ലാം തടിപ്പണിക്കാരനായ ടോണി മദ്യപാനത്തിലൂടെയും ധൂര്‍ത്തിലൂടെയും ചെലവഴിച്ചു.
28-നാണ് യുവതി മജിസ്ട്രേറ്റിന് മൊഴി നല്‍കിയത്. യുവതിയും ഭര്‍ത്താവും മകളും പുറപ്പുഴയിലെ വാടകവീട്ടിലാണ് താമസിച്ചിരുന്നത്. ഈ വീടിന് പിന്നിലെ ചായ്പില്‍വെച്ചാണ് സംഭവം. ‘നിന്നെ ഞാന്‍ കൊല്ലുമെന്ന് പറഞ്ഞ് ടോണി തന്റെ കവിളുകളില്‍ കുത്തിപ്പിടിച്ച് ബലമായി വിഷം കുടിപ്പിച്ചെന്നാണ്’ ജോര്‍ളിയുടെ മൊഴി. വിഷം വാങ്ങി കൊണ്ടുവന്നതും ടോണിയാണെന്ന് മൊഴിയിലുണ്ട്.
by Midhun HP News | Jul 5, 2025 | Latest News, കേരളം
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് കെട്ടിടം തകര്‍ന്ന് വീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം നല്‍കുന്നത് സംബന്ധിച്ച റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ ഇന്ന സംസ്ഥാന സര്‍ക്കാരിന് കൈമാറും. ജില്ലാ കലക്ടര്‍ ജോണ്‍ വി സാമുവല്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടാവും സമര്‍പ്പിക്കുക. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും ധനസഹായം പ്രഖ്യാപിക്കുക. അടുത്ത വെള്ളിയാഴ്ച ചേരുന്ന യോഗത്തിലാകും ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുക.
മരിച്ച ബിന്ദുവിന്റെ വീട് ഇന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്ന് സന്ദര്‍ശിച്ചേക്കുമെന്നാണ് വിവരം. ബിന്ദു മരിച്ച സംഭവം ഏറെ വേദനിപ്പിക്കുന്നതാണെന്ന് ആരോഗ്യമന്ത്രി സാമൂഹിക മാധ്യമത്തില്‍ കുറിച്ചിരുന്നു. ‘ആ കുടുംബത്തിന്റെ ദു:ഖം എന്റേയും ദു:ഖമാണ്. കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്ക് ചേരുകയും ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്യുന്നു. സര്‍ക്കാര്‍ ‘ബിന്ദുവിന്റെ കുടുംബത്തിന് ഒപ്പമുണ്ടാകും’- കുറിപ്പില്‍ പറയുന്നു.
അതേസമയം, സംഭവത്തില്‍ ഇന്നും സംസ്ഥാന വ്യാപകമായി പ്രതിപക്ഷ സംഘടനകള്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസും യുവമോര്‍ച്ചയും ആരോഗ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് മാര്‍ച്ചിന് ആഹ്വാനം ചെയ്തിട്ടുണ്ട്. എന്നാല്‍ മന്ത്രിയുടെ രാജി ആവശ്യം സിപിഎം തള്ളി. മന്ത്രി രാജിവയ്ക്കുംവരെ പ്രതിഷേധം തുടരാനാണ് പ്രതിപക്ഷ സംഘടനകളുടെ തീരുമാനം.
Recent Comments