അമ്മയുടെ കണ്‍മുന്നില്‍ വെച്ച് സ്‌കൂള്‍ ബസ് ഇടിച്ചു; ആറു വയസ്സുകാരന് ദാരുണാന്ത്യം

അമ്മയുടെ കണ്‍മുന്നില്‍ വെച്ച് സ്‌കൂള്‍ ബസ് ഇടിച്ചു; ആറു വയസ്സുകാരന് ദാരുണാന്ത്യം

പാലക്കാട്: പാലക്കാട് പട്ടാമ്പിയില്‍ സ്‌കൂള്‍ ബസ് ഇടിച്ച് ആറു വയസ്സുകാരന്‍ മരിച്ചു. പട്ടാമ്പി കുലശ്ശേരിക്കര സ്വദേശി കൃഷ്ണകുമാറിന്റെ മകന്‍ ആരവ് ആണ് മരിച്ചത്. അമ്മയുടെ മുമ്പില്‍ വെച്ചാണ് കുട്ടിയെ സ്‌കൂള്‍ ബസ് ഇടിച്ചത്. പട്ടാമ്പിക്ക് സമീപം ഓങ്ങശ്ശേരിയില്‍ ഇന്നലെ വൈകീട്ടായിരുന്നു അപകടമുണ്ടായത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് പെരിന്തല്‍മണ്ണയില്‍ ചികിത്സയിലായിരുന്ന കുട്ടി ഇന്ന് മരണമടഞ്ഞു.

ഒരു സ്‌കൂള്‍ ബസില്‍ നിന്നും ഇറങ്ങിയ കുട്ടി അമ്മയോടൊപ്പം വരികയായിരുന്നു. ഇതിനിടെ അമ്മയുടെ കൈ വിടുവിച്ച് ഓടിയപ്പോള്‍ എതിര്‍ദിശയില്‍ നിന്നും വന്ന സ്‌കൂള്‍ ബസ് ഇടിക്കുകയായിരുന്നു.

സൂംബക്കെതിരെ വിമര്‍ശനം: ടി കെ അഷ്‌റഫിനെ 24 മണിക്കൂറിനകം സസ്‌പെന്‍ഡ് ചെയ്യണം; നടപടി ആവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പ്

സൂംബക്കെതിരെ വിമര്‍ശനം: ടി കെ അഷ്‌റഫിനെ 24 മണിക്കൂറിനകം സസ്‌പെന്‍ഡ് ചെയ്യണം; നടപടി ആവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പ്

കോഴിക്കോട്: സംസ്ഥാനത്തെ സ്‌കൂളുകളില്‍ നടപ്പാക്കുന്ന സൂംബാ ഡാന്‍സ് പദ്ധതിയെ വിമര്‍ശിച്ച വിസ്ഡം ജനറല്‍ സെക്രട്ടറിയും അധ്യാപകനുമായ ടി കെ അഷ്‌റഫിനെതിരെ നടപടിയെടുക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടറാണ്, അഷ്‌റഫ് ജോലി ചെയ്യുന്ന സ്‌കൂള്‍ മാനേജര്‍ക്ക് നടപടി എടുക്കാന്‍ ആവശ്യപ്പെട്ട് കത്തു നല്‍കിയത്.

അഷ്‌റഫിനെതിരെ സസ്‌പെന്‍ഷന്‍ അടക്കമുള്ള അച്ചടക്ക നടപടി 24 മണിക്കൂറിനകം സ്വീകരിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സര്‍ക്കാരിനെയും പൊതുവിദ്യാഭ്യാസ വകുപ്പിനെയും അപകീര്‍ത്തിപ്പെടുത്തും വിധം ടി കെ അഷ്‌റഫ് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിട്ടുവെന്ന് കത്തില്‍ പറയുന്നു. അഷ്‌റിന്റെ എഫ്ബി പോസ്റ്റും കത്തിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

സ്‌കൂളുകളില്‍ ലഹരി വിരുദ്ധ ക്യാംപെയിനിന്റെ ഭാഗമായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന സൂംബ ഡാന്‍സ് പദ്ധതിക്കെതിരെ ടി കെ അഷ്‌റഫ് ആയിരുന്നു ആദ്യം പരസ്യമായി വിമര്‍ശനം ഉന്നയിച്ചത്. പൊതുവിദ്യാലയത്തിലേക്ക് കുട്ടിയെ അയക്കുന്നത് ഗുണമേന്മയുള്ള വിദ്യാഭ്യാസം ലക്ഷ്യംവെച്ചാണ്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും കൂടിക്കലര്‍ന്ന് അല്‍പ്പവസ്ത്രം ധരിച്ച് സംഗീതത്തിന്റെ താളത്തില്‍ തുള്ളുന്ന സംസ്‌കാരം പഠിക്കാന്‍ വേണ്ടിയല്ല. ഇത് പുരോഗമനമായി കാണുന്നവര്‍ ഉണ്ടായേക്കാം. താന്‍ ഈ കാര്യത്തില്‍ പ്രാകൃതനാണെന്നും അഷ്‌റഫ് അഭിപ്രായപ്പെട്ടിരുന്നു.

സൂംബ പദ്ധതിയെ വിമര്‍ശിച്ചതിന് ടി അഷ്‌റഫിനെതിരെ നടപടി സ്വീകരിക്കാനുള്ള പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നടപടിയെ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ വിമര്‍ശിച്ചു. ജെന്‍ഡര്‍ സാമൂഹ്യ നിര്‍മ്മിതിയാണ്’ എന്ന ആശയം ലൈംഗിക അരാജകത്വങ്ങള്‍ക്കുള്ള ഒരു തുറന്ന വാതിലാണ് എന്നും സംഘടന കുറ്റപ്പെടുത്തി.

‘ഇത്രയും അവാര്‍ഡുകള്‍ക്ക് ഞാൻ അര്‍ഹനാണോ?’; പുരസ്കാരത്തുക വായനശാലയ്ക്ക് തിരികെ നൽകി വേടൻ

‘ഇത്രയും അവാര്‍ഡുകള്‍ക്ക് ഞാൻ അര്‍ഹനാണോ?’; പുരസ്കാരത്തുക വായനശാലയ്ക്ക് തിരികെ നൽകി വേടൻ

തൃശൂർ: പുരസ്‌കാരം ലഭിച്ച തുക തിരികെ കൈമാറി റാപ്പര്‍ വേടന്‍ (ഹിരൺദാസ് മുരളി). തൃശൂര്‍ തളിക്കുളത്തെ പ്രിയദര്‍ശിനി വായനശാലയുടെ പ്രഥമ പ്രിയദര്‍ശിനി വായനശാല പുരസ്‌കാരം ആണ് സ്വീകരിച്ച ശേഷം പുരസ്‌കാരത്തുകയായ ഒരു ലക്ഷം രൂപ വായനശാലയ്ക്കു വേടന്‍ തിരികെ നൽകിയത്. ചടങ്ങില്‍ ഷാഫി പറമ്പില്‍ എംപിയാണ് പുരസ്‌കാരം സമ്മാനിച്ചത്.

പുരസ്‌കാര തുക ലൈബ്രറി പ്രസിഡന്റ് ടിഎന്‍ പ്രതാപന് തിരികെ നല്‍കുന്നതായി വേടന്‍ പ്രഖ്യാപിച്ചു. “ഇത്രയും അവാര്‍ഡുകള്‍ക്ക് ഞാന്‍ അര്‍ഹനാണോ എന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്. ഒരു ലക്ഷം രൂപയും എനിക്ക് സമ്മാനമായി നല്‍കിയിട്ടുണ്ട്. ദയവ് ചെയ്ത് ആ കാശും വായനശാലയിലേക്ക് പുസ്തകങ്ങള്‍ വാങ്ങാന്‍ ഉപയോഗിക്കണം” എന്നാണ് വേടന്‍ പ്രതികരിച്ചത്.

വായനശാലയിലേക്ക് പുസ്തകങ്ങള്‍ വാങ്ങാനാണ് പുരസ്‌കാര തുകയായ ഒരു ലക്ഷം രൂപ തിരികെ നല്‍കിയതെന്നും വേടന്‍ പറഞ്ഞു. വായനശാലയിലേക്ക് സംഭാവന ചെയ്യാന്‍ കൊണ്ടുവന്ന പുസ്തകങ്ങളും തുകയോടൊപ്പം വേടന്‍ കൈമാറി. തുടര്‍ന്ന് താന്‍ പറയുന്ന ആളല്ല പാടുന്ന ആളാണെന്ന് പറഞ്ഞ വേടന്‍ മൂന്ന് റാപ്പ് ഗാനങ്ങളും പാടി.

കുസൃതിക്കളിക്ക് ഇനി അവനില്ല; കോന്നി ആനക്കൊട്ടിലിലെ കൊച്ചയ്യപ്പൻ ചരിഞ്ഞു

കുസൃതിക്കളിക്ക് ഇനി അവനില്ല; കോന്നി ആനക്കൊട്ടിലിലെ കൊച്ചയ്യപ്പൻ ചരിഞ്ഞു

കോന്നി ആനക്കൊട്ടിലിലെ ആന ചരിഞ്ഞു. ആനക്കൊട്ടിലിലെ കൊച്ചയ്യപ്പൻ എന്ന ആനയാണ് ചരിഞ്ഞത്. ഇന്ന് രാവിലെ ആറരയോടെ പാപ്പാനാണ് ആനയെ ചരിഞ്ഞ നിലയിൽ കണ്ടത്. അഞ്ച് വയസായിരുന്നു കുട്ടിയാനയുടെ പ്രായം. അസുഖബാധിതനായിരുന്നില്ലെന്നും പോസ്റ്റ്മോർട്ടം നടപടികൾ ഇന്ന് നടക്കുമെന്നും കോന്നി ഡിഎഫ്ഒ ആയുഷ് കുമാർ കോറി അറിയിച്ചു. രാവിലെ ആനയെ താമസിപ്പിച്ചിരുന്ന സ്ഥലത്ത് തന്നെ ചരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു.2021 ആ​ഗസ്ത് 19ന് റാന്നി ഡിവിഷൻ ​ഗൂഡ്രിക്കൽ റെയ്ഞ്ച് കൊച്ചാണ്ടി കിളിയെറിഞ്ഞാൻകല്ല് ഭാ​ഗത്തുനിന്നുമാണ് കൊച്ചയപ്പനെ ലഭിച്ചത്. അപ്പോൾ കൊച്ചയ്യപ്പന് ഡോക്ടർ കണക്കാക്കിയ ഏകദേശ പ്രായം ഒരു വയസായിരുന്നു. 2021 സെപ്തംബറിലാണ് കോന്നി ആനക്കൊട്ടിലിലേക്ക് കൊച്ചയ്യപ്പനെ എത്തിച്ചത്. വൈറസ് ബാധയാണ് മരണ കാരണമെന്നാണ് സംശയം.

മുന്നിലേക്ക് തന്നെ! കുതിപ്പ് തുടർന്ന് സംസ്ഥാനത്തെ സ്വർണവില

മുന്നിലേക്ക് തന്നെ! കുതിപ്പ് തുടർന്ന് സംസ്ഥാനത്തെ സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ (Gold Rate) ഇന്ന് വർധനവ്. പവന് 360 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ , ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 72,520 രൂപയാണ്. സ്വർണവില കഴിഞ്ഞ ദിവസവും വർധിച്ചിരുന്നു. ആഭരണപ്രേമികൾക്ക് ആശങ്ക ജനിപ്പിക്കുന്ന കാഴ്ച്ചയാണ് വിപണിയിൽ കാണാൻ സാധിക്കുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 45 രൂപ ഉയർന്ന് 9065 രൂപയിലെത്തി.
ഇന്ന് 24 കാരറ്റ് സ്വർണവില 9,841 രൂപയിലെത്തി. 18 കാരറ്റിന് ഒരു ഗ്രാമിന് 7,381 രൂപയും പവന് 59,048 രൂപയുമാണ് നിരക്ക്. ഒരു ഗ്രാം വെള്ളിവില 120 രൂപയിലെത്തി. ഇന്നത്തെ നിരക്കനുസരിച്ച് 10 ഗ്രാം സ്വർണം വാങ്ങണമെങ്കിൽ 90,210 രൂപ വരെ ചിലവ് വരും. അഞ്ച് പവന്‍ വാങ്ങണമെങ്കില്‍ കുറഞ്ഞത് 4.450 ലക്ഷം രൂപ വേണം.
രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്കു തിരിഞ്ഞതാണ് ഉയര്‍ന്ന നിലവാരത്തില്‍ നില്‍ക്കാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.

ആറ്റിങ്ങൽ ക്ഷേത്ര കലാപീഠത്തിൽ സീറ്റൊഴിവ്

ആറ്റിങ്ങൽ ക്ഷേത്ര കലാപീഠത്തിൽ സീറ്റൊഴിവ്

തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ കീഴിലുള്ള ആറ്റിങ്ങൽ ക്ഷേത്ര കലാപീഠത്തിൽ പഞ്ചവാദ്യം, തകിൽ, നാഗസ്വരം ത്രിവത്സര കോഴ്‌സിലേക്ക് സീറ്റൊഴിവുണ്ട്. താല്പ്‌പര്യമുള്ളവർ ആറ്റിങ്ങൽ കൊല്ലമ്പുഴ കോയിക്കൽ കൊട്ടാരത്തിൽ പ്രവർത്തിക്കുന്ന ക്ഷേത്ര കലാപീഠത്തിൽ നിന്ന് അപേക്ഷ ഫാറം വാങ്ങുകയോ ബോർഡിൻറെ വെബ് സൈറ്റായ www.travancoredevaswamboard.org-ൽ നിന്നും ഡൗൺലോഡ് ചെയ്ത് അപേക്ഷ ഫാറം എടുക്കുകയോ ചെയ്യാം.

അപേക്ഷകർ 15 നും 20നും മദ്ധ്യേ പ്രായമുള്ള വരും പത്താം ക്ലാസ് പാസായിട്ടുള്ളവരും (പ്ലസ്‌ ടു പാസായവർക്ക് മുൻഗണന) ഹിന്ദു സമുദായത്തിൽപ്പെട്ട ആൺകുട്ടികളും ആയിരിക്കണം. അഡ്‌മിഷൻ ലഭിക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ദേവസ്വം ബോർഡ് നൽകുന്നതാണ്. ഇവിടെ പഠിച്ച കുട്ടികൾക്ക് എല്ലാ ക്ഷേത്രങ്ങളിലും അവസരമുണ്ട്. ഒരിക്കലും വെറുതെ നിൽക്കേണ്ടി വരില്ല. പാസ്സാകുന്ന കുട്ടികൾക്ക് ദേവസ്വം ബോർഡിൻ്റെ ക്ഷേത്രങ്ങളിൽ 80% സംവരണം ഉണ്ട്. ഇത്രയും ജോലി കിട്ടുമെന്ന് ഉറപ്പുള്ള മറ്റൊരു കോഴ്‌സും കേരളത്തിലില്ല.

വിശദവിവരങ്ങൾക്ക്: 9633947970, 7591969060, 6282943725

അപേക്ഷ അയക്കേണ്ട മേൽവിലാസം:

മാനേജർ, കോയിക്കൽ ക്ഷേത്രകലാപീഠം, കൊല്ലമ്പുഴ, ആറ്റിങ്ങൽ പി.ഒ